ആര്‍.കെ. ലക്ഷ്മണിന്റെ പ്രശസ്തിയാണ് കാര്‍ട്ടൂണുകള്‍ക്കുമുമ്പേ കേരളത്തിലെത്തിയത്. മുംബൈയില്‍നിന്ന് അവധിക്കുവരുന്നവരുടെ നഗരപ്പെരുമകളില്‍ ഒന്നായിരുന്നു ഈ കാര്‍ട്ടൂണിസ്റ്റ്.

ജെ.ആര്‍.ഡി. ടാറ്റാ, ലതാ മങ്കേഷ്‌കര്‍ എന്നിവരോടൊപ്പം കുടിയേറ്റക്കാരനായ ഈ പരിഹാസിയെയും താരമാക്കാന്‍ ഒരു മഹാനഗരത്തിനേ പറ്റൂ. ഗുരുദത്ത് കാര്‍ട്ടൂണിസ്റ്റായി അഭിനയിച്ച 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഫിഫ്റ്റിഫൈവ്' എന്ന സിനിമയ്ക്കുവേണ്ടി വരച്ചതും ലക്ഷ്മണാണ്. 'ആള്‍ക്കൂട്ടം' എന്ന തന്റെ മുംബൈ നോവലില്‍ ആനന്ദ് ഒരു ലക്ഷ്മണ്‍ കാര്‍ട്ടൂണ്‍ എടുത്തുപറയുന്നുണ്ട്.

അന്നൊന്നും ടൈംസ് ഓഫ് ഇന്ത്യ കേരളത്തില്‍ പ്രചാരത്തിലില്ല. അതേ ഉടമസ്ഥതയിലുള്ള ഫിലിം ഫെയറിലും സയന്‍സ് ടുഡേയിലും ഇല്ലസ്ട്രേറ്റഡ് വീക്ലി ഓഫ് ഇന്ത്യയിലുമാണ് ഇവിടെയുള്ളവര്‍ ലക്ഷ്മണിനെ കണ്ടുതുടങ്ങിയത്. ടി.എസ്. എലിയട്ടിനെയും ബെട്രന്‍ഡ് റസലിനെയും നേരിട്ടുകണ്ട് വരച്ചെഴുതിയ ലേഖനങ്ങള്‍ വരക്കാരന്റെ വലുപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടറിനുവേണ്ടി വര്‍ഷാവര്‍ഷംചെയ്ത ബാങ്കിങ്ങിനെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ ബഹുമുഖതയും വ്യക്തമാക്കി.

ഇതിനിടെ, കേരളത്തില്‍ കിട്ടുന്ന ഇംഗ്ലീഷ് പത്രങ്ങളിലെ കാര്‍ട്ടൂണ്‍രചന ഒരു പുതിയ തലമുറ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റിനെ മറികടന്നാണ് മലയാളിയുടെ കാര്‍ട്ടൂണ്‍ സംവേദനം രൂപപ്പെട്ടതെന്ന് ചുരുക്കം. എഴുപതുകള്‍ ഇവിടെ അണിനിരത്തിയത് ലക്ഷ്മണെക്കാള്‍ നവീനശൈലികളുള്ള, രാഷ്ട്രീയപ്രസരമുള്ള മൂവരെയാണ്.

R K Laxman
ഇന്ത്യന്‍ എക്‌സ്പ്രസില്‍ ആര്‍.കെ. ലക്ഷ്മണിന് ആദരാഞ്ജലികളര്‍പ്പിച്ച്
ലേഖകന്‍ വരച്ച 'കോമണ്‍മാന്‍' കഥാപാത്രം

ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ അബു എബ്രഹാം ഇന്ത്യന്‍ എക്‌സ്പ്രസില്‍. ഖസാക്കിന്റെ വെട്ടത്തില്‍ വിളങ്ങുന്ന വിജയന്‍ ദ ഹിന്ദുവിലും മാതൃഭൂമി പത്രത്തിലും. 'മനസ്സാക്ഷിയുടെ പ്രതിസന്ധി' (Crisis of Conscience) എന്ന പേരില്‍ വരച്ചെഴുതിയ തീപ്പൊരിപ്പുസ്തകവുമായി രജീന്ദര്‍പുരി എന്ന മൂന്നാമനും കയറിവന്നപ്പോള്‍ ചക്രവാളം പൂര്‍ത്തിയായി. ഇതിനപ്പുറം എന്തു കാര്‍ട്ടൂണ്‍?

ഉണ്ടെന്നുള്ള യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വിമാനത്താവളമില്ലാത്ത മലബാറില്‍നിന്ന് അങ്ങനെയൊന്നുള്ള ചെന്നൈയിലേക്ക് താമസംമാറേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 1977-ല്‍ 'ദ ഹിന്ദു'വില്‍ ജോലി തുടങ്ങുമ്പോള്‍ മുംൈബയിലും ഡല്‍ഹിയിലുംനിന്നുള്ള പത്രങ്ങള്‍ ഉച്ചയോടെ കാണാനായി. ലക്ഷ്മണും അതൊരു പുതിയ തുടക്കമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ സെന്‍സര്‍ഷിപ്പും വാര്‍ത്താവിതരണമന്ത്രി വി.സി. ശുക്ലയുടെ നേരിട്ടുള്ള ഭീഷണിയും സഹിക്കാതെ ഇന്ത്യവിട്ട കാര്‍ട്ടൂണിസ്റ്റ് പെട്ടെന്നൊന്നും തിരിച്ചുവരാന്‍ ഉദ്ദേശിച്ചി രുന്നില്ല.

അപ്രതീക്ഷിതമായി വീണുകിട്ടിയ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ തൂത്തെറിഞ്ഞ വോട്ടറെ, തന്റെ പ്രിയപ്പെട്ട സാധാരണക്കാരനെ (Commonman) മുറുകെപ്പിടിച്ചുകൊണ്ടാണ് ഈ അമ്പത്താറുകാരന്‍ തന്റെ പുനര്‍ജന്മം ആരംഭിച്ചത്.

ഈ നവോന്മേഷകാലത്തും ലക്ഷ്മണ്‍ തന്റെ അനുപാതങ്ങളില്‍ അടങ്ങിനിന്നു. രാഷ്ട്രീയതലസ്ഥാനത്തോട് എന്നും അകലംപാലിച്ചു. മുംബൈക്കാരന്റെ കണ്ണുകളിലൂടെമാത്രം വാര്‍ത്തകളെ കണ്ടു. ഇതൊരു പരിമിതിയായി തുടര്‍ന്നില്ല. മിക്ക പ്രതിഭകളുടെ കാര്യത്തിലും സംഭവിക്കുന്നപോലെ കാലം ഈ ഒറ്റയാന് അനുകൂലമായി നീങ്ങി.

1980-കളില്‍ ഡല്‍ഹിയുടെയും കോണ്‍ഗ്രസിന്റെയും കേന്ദ്രാധിപത്യം ക്ഷയിച്ചുതുടങ്ങി. ദേശീയതലസ്ഥാനത്തെ സ്ഥിരവാസംകൊണ്ട് കാര്‍ട്ടൂണിസ്റ്റിന് വിശേഷിച്ചൊരു പ്രയോജനവും ഇല്ലാതായി. തൊണ്ണൂറുകളാവുമ്പോഴേക്കും പ്രാദേശികകക്ഷികളടക്കം നാട്ടിലെ ഏതാണ്ടെല്ലാ കൊടിക്കാര്‍ക്കും പല കാലത്തായി കേന്ദ്രത്തില്‍ ഭരണപങ്കാളിത്തം കിട്ടി. ജയലളിതയും ദേവഗൗഡയും ശരദ് പവാറും ജ്യോതിബസുവും അടങ്ങുന്ന ഈ വിശാലനേതൃനിരയെ ലക്ഷ്മണ്‍ ഉല്ലാസത്തോടെ വരച്ചു. നെഹ്രൂവിയന്‍ ദശകങ്ങളില്‍ ഭരണകക്ഷിയിലും പ്രതിപക്ഷത്തും തിളങ്ങിനിന്ന എണ്ണപ്പെട്ട വ്യക്തിവൈവിധ്യങ്ങളെ പതിവായി വരച്ചെടുത്തതിന്റെ ശീലം. ഇത്തരം ഗ്രൂപ്പ് ഫോട്ടോ രാഷ്ട്രീയം കൈകാര്യംചെയ്യാന്‍ ശങ്കര്‍ കഴിഞ്ഞാല്‍ ഏറ്റവും മിടുക്കന്‍മാര്‍ ഇദ്ദേഹവും പി.കെ.എസ്. കുട്ടിയുമായിരുന്നു.

കുട്ടിയുടെ ജന്മശതാബ്ദിവര്‍ഷവുംകൂടിയാണിതെന്ന് ഓര്‍ക്കുക. പലമടങ്ങ് ആദരം ലക്ഷ്മണിനുചുറ്റുമുള്ളതിന് കാരണങ്ങള്‍ പലതാണ്. ഒന്നേതായാലും അദ്ദേഹത്തിന്റെ സാധാരണക്കാരന്‍ എന്ന സൃഷ്ടിതന്നെ. ഒരിക്കലും ഫാഷനബിളാവാന്‍ ശ്രമിക്കാത്ത ഈ പഴഞ്ചന്‍ രൂപം പൂര്‍വാധികം ശക്തിയോടെ വെബ് ലോകത്ത് തിരിച്ചുവരുന്നുണ്ട്. ഇതറിയാതെ മരണാനന്തരസ്തുതിപാടുന്ന അധികാരികള്‍ സ്വരംമാറ്റാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.


ഇറങ്ങാന്‍ പോവുന്ന, ആര്‍.കെ.യെക്കുറിച്ചുള്ള Back with a Punch എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് ലേഖകന്‍