ഡെസ്മണ്ട് ടുട്ടു മരിച്ച് സ്വര്‍ഗവാതില്‍ക്കലെത്തി. പക്ഷേ, അവിടുള്ളവരുടെ അബദ്ധം കാരണം നരകത്തിലേക്ക് അയയ്ക്കപ്പെട്ടു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ഗകവാടത്തില്‍ ഗംഭീര മുട്ട്. സ്വര്‍ഗത്തിന്റെ താക്കോല്‍ക്കാരനായ വിശുദ്ധ പത്രോസ് എഴുന്നേറ്റുചെന്നുനോക്കി. മുട്ടുന്നത് ചെകുത്താനാണ്. ''എന്താ കാര്യം?'' -പത്രോസ് തിരക്കി. ചെകുത്താന്‍ കാര്യം പറഞ്ഞു: ''നിങ്ങള്‍ ടുട്ടുവിനെ നരകത്തിലേക്ക് അയച്ചില്ലേ. അയാളവിടെ വലിയ കുഴപ്പമുണ്ടാക്കുന്നു. അതുകൊണ്ട് രാഷ്ട്രീയാഭയം തേടാനാണ് ഞാന്‍ ഇവിടെ വന്നത്.''

ഞായറാഴ്ച അന്തരിച്ച ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തന്റെ മരണത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞ തമാശയാണിത്.

സദാ 'പ്രശ്‌നക്കാരനാ'യിരുന്നു ടുട്ടു. ബിഷപ്പായിരുന്ന രാഷ്ട്രീയക്കാരന്‍; രാഷ്ട്രീയക്കാരനായിരുന്ന ബിഷപ്പ്. 'പ്രവൃത്തികൂടാതെയുള്ള വിശ്വാസം ചത്തതാണ്' എന്ന ബൈബിള്‍ വചനത്താല്‍ നയിക്കപ്പെട്ട പുരോഹിതന്‍. തൊലിനിറം എല്ലാം നിര്‍ണയിച്ചിരുന്ന ഒരിടത്ത് ജനിച്ച കറുത്തവനായിരുന്നു ടുട്ടു. വര്‍ണവിവേചനത്തിന്റെ പാരമ്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ക്ക് പൗരത്വംപോലും കിട്ടിയിരുന്നില്ല. വോട്ടില്ല, പഠനസാഹചര്യം മോശം, വെള്ളക്കാരുടെ പറമ്പുകളില്‍പ്പോലും കയറ്റില്ല, പ്രതിഷേധിക്കുന്നവര്‍ക്ക് ചാട്ടയടിയും മറ്റുശിക്ഷകളും. സര്‍വത്ര മനുഷ്യത്വമില്ലായ്മ. അക്കാലത്ത്, 1931-ല്‍ അന്നത്തെ ട്രാന്‍സ്വാള്‍ പ്രവിശ്യയിലെ ക്ലെര്‍ക്‌സ്‌ഡോര്‍പ്പില്‍ ഡെസ്മണ്ട് ടുട്ടു ജനിച്ചു. അമ്മ അലേറ്റ വീട്ടുവേലക്കാരി; അച്ഛന്‍ സക്കറിയ അധ്യാപകന്‍. വിവേചനത്തിന്റെ കാഴ്ചകള്‍ കണ്ടും അനുഭവിച്ചും ടുട്ടു വളര്‍ന്നു. പതിന്നാലാം വയസ്സിലെ ക്ഷയരോഗക്കാലം എല്ലാമനുഷ്യരും ഒരുപോലെ ദൈവത്തിന്റെ മക്കളാണെന്ന് അദ്ദേഹത്തെ പഠിപ്പിച്ചു. ആശുപത്രിയിലെ പതിവുസന്ദര്‍ശകനായ ആംഗ്ലിക്കന്‍ വൈദികന്‍ ട്രെവര്‍ ഹഡില്‍സ്റ്റണ്‍ പറഞ്ഞുകൊടുത്ത ആ പാഠം പില്‍ക്കാലത്ത് ടുട്ടുവിനെ വര്‍ണവിവേചനപ്പോരാളിയാക്കി. ബ്രിട്ടീഷുകാരനായ ട്രെവറിന്റെ നിര്‍ഭയമായ ജീവിതം വൈദികനാകുന്നതിന് പ്രചോദനമേകി.

ഞങ്ങളും മനുഷ്യര്‍

ലണ്ടനിലെ കിങ്സ് കോളേജില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ടുട്ടു സുവിശേഷങ്ങളില്‍ രാഷ്ട്രീയം കണ്ടു. 'മനുഷ്യപുത്രന്‍' അദ്ദേഹത്തിന് ദൈവസുതന്‍ മാത്രമായിരുന്നില്ല; പ്രവൃത്തികളുടെയും മനുഷ്യനായിരുന്നു. എങ്കിലും ടുട്ടുവിലെ രാഷ്ട്രീയക്കാരന്‍ പൂര്‍ണമായി ഉണര്‍ന്നത് 1970-കളുടെ അവസാനം സൗത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിതനായപ്പോഴാണ്. അതോടെ, 'ഞങ്ങളും മനുഷ്യരാണെന്ന് അംഗീകരിക്കൂ. അതുമാത്രമാണ് നിങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നത്' എന്ന് അദ്ദേഹം അധികാരികളോട് വിളിച്ചുപറഞ്ഞു. ണ്ടആ ഒച്ചപ്പാടിന് കണ്ണീര്‍വാതകമേറ്റു, കൈയാമം വെക്കപ്പെട്ടു, പാസ്‌പോര്‍ട്ട് ഒന്നിലേറെത്തവണ കണ്ടുകെട്ടി. വര്‍ണവിവേചനത്തിന്റെ വക്താക്കള്‍മാത്രമല്ല, അഹിംസാവിരുദ്ധരും പരിഷ്‌കരണവാദികളും അദ്ദേഹത്തെ വിമര്‍ശിച്ചു. വര്‍ണവിവേചനം ഒറ്റയടിക്ക് അവസാനിപ്പിക്കണമെന്ന ടുട്ടുവിന്റെ ആവശ്യം അവര്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. ആയുധമെടുക്കാതെ അത് സാധിക്കുമെന്ന വാദം മനസ്സിലായതുമില്ല.

ഇതാ, ആ പ്രസിഡന്റ്

പക്ഷേ, ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. അഞ്ചോ പത്തോവര്‍ഷത്തിനുള്ളില്‍ കറുത്തനേതാവ് ദക്ഷിണാഫ്രിക്ക ഭരിക്കുമെന്ന് 1980-ല്‍ അദ്ദേഹം പ്രവചിച്ചു. പത്തുകൊല്ലത്തിനുള്ളിലല്ലെങ്കിലും 14-ാം കൊല്ലം അതുസംഭവിച്ചു. 1994-ല്‍ തന്റെ 62-ാം വയസ്സില്‍ ലക്ഷക്കണക്കിന് കറുത്ത ദക്ഷിണാഫ്രിക്കക്കാര്‍ക്കൊപ്പം ടുട്ടുവും തന്റെ ആദ്യവോട്ടുചെയ്തു. 1994 മേയ് ഒമ്പതിന് നെല്‍സണ്‍ മണ്ടേലയുടെ കൈപിടിച്ച് അദ്ദേഹം നാട്ടുകാരോടും ലോകത്തോടും പറഞ്ഞു, 'ഇതാ ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡന്റ്.'

1950-കളിലാണ് മണ്ടേലയെ ടുട്ടു ആദ്യം കാണുന്നത്. ടുട്ടു പങ്കെടുത്ത പ്രസംഗമത്സരത്തിലെ വിധികര്‍ത്താവായിരുന്നു മണ്ടേല. പിന്നെ ഇരുവരും കണ്ടത് 1990-ല്‍; മണ്ടേല ജയിലില്‍നിന്ന് ഇറങ്ങിയശേഷം. പക്ഷേ, റോബന്‍ ഐലന്‍ഡിലെ തടവറയിലേക്ക് ടുട്ടുവിന്റെ കത്തുകള്‍ ചെല്ലുന്നുണ്ടായിരുന്നു. അവിടെനിന്ന് കേപ്ടൗണിലെ അരമനയിലേക്ക് മണ്ടേലയുടെ കത്തുകളും. തടവറയില്‍നിന്ന് ഇറങ്ങിയ ആദ്യദിനം മണ്ടേല ചെലവിട്ടതും ഇതേ അരമനയില്‍.

വെറുക്കപ്പെട്ടവന്‍

ദക്ഷിണാഫ്രിക്കയിലെ വെളുത്തവര്‍ ഏറ്റവുമധികം വെറുക്കുന്ന വ്യക്തിയായി മാധ്യമങ്ങള്‍ ടുട്ടുവിനെ മാറ്റി. 1984-ല്‍ അദ്ദേഹത്തിന് സമാധാന നൊബേല്‍ ലഭിച്ചപ്പോള്‍ അത് വിദേശ ഇടപെടലിലൂടെ കിട്ടിയതാണെന്ന് അവരില്‍ ചിലര്‍ ആരോപിച്ചു. കാരണം, മറ്റു വര്‍ണവിവേചനപ്പോരാളികളില്‍നിന്ന് വ്യത്യസ്തമായി, 'നാളെ നിങ്ങളുടേതല്ല' എന്ന് വെളുത്തവരുടെ മുഖത്തുനോക്കി ടുട്ടു പറഞ്ഞു. വെറുതേയല്ല, മുഴുമനസ്സോടെയും മുഴുവിശ്വാസത്തോടെയും തികഞ്ഞ ഉറപ്പോടെയുമായിരുന്നു ആ പറച്ചില്‍. ബിഷപ്പിന്റെ തൊപ്പിക്കടിയില്‍ ഒളിപ്പിച്ച കൊമ്പും കുപ്പായത്തിനടിയില്‍ ഒളിപ്പിച്ച വാലുമുള്ള ചെകുത്താനായാണ് വെള്ളക്കാര്‍ തന്നെ കാണുന്നതെന്ന് ടുട്ടു തമാശ പറഞ്ഞു.

സത്യംതേടി

കറുത്തവന്‍ പ്രസിഡന്റായതോടെ അവസാനിക്കേണ്ടതായിരുന്നു ടുട്ടുവിന്റെ രാഷ്ട്രീയജീവിതം. പക്ഷേ, രാജ്യത്തിന്റെ ഇരുണ്ട ഭൂതകാലത്തിന്റെ ക്രൂരതകളും നോവുകളും തിരഞ്ഞുകണ്ടെത്തി രേഖപ്പെടുത്താനുള്ള ട്രൂത്ത് ആന്‍ഡ് റെക്കണ്‍സിലിയേഷന്‍ കമ്മിഷന്റെ നേതൃത്വം മണ്ടേലയേല്‍പ്പിച്ചത് ടുട്ടുവിനെയായിരുന്നു. ടുട്ടു, സത്യം തിരഞ്ഞു. നീതിക്കായി വാദിച്ചു. പലരും സത്യം പറഞ്ഞു. ചിലര്‍ മറച്ചുവെച്ചു. മറ്റുചിലര്‍ കമ്മിഷന്റെ വീഴ്ചകളെ പര്‍വതീകരിച്ചു. എന്തെല്ലാം വീഴ്ചകളുണ്ടായിരുന്നെങ്കിലും പല സത്യങ്ങളും അത് പുറത്തുകൊണ്ടുവന്നു. അവയെക്കുറിച്ചുപറഞ്ഞപ്പോള്‍ ദൃഢമാനസനും തമാശക്കാരനുമായ ടുട്ടു പൊട്ടിക്കരഞ്ഞു. ടുട്ടു പറയുംപോലെ 'സത്യം വേദനിപ്പിക്കുന്നതാണ്.' പക്ഷേ, അനുരഞ്ജനത്തിലേക്കുള്ള യാത്രയ്ക്ക് അത് കൂടിയേതീരൂ. അതേക്കുറിച്ചാണ് അദ്ദേഹത്തിന്റെ 'നോ ഫ്യൂച്ചര്‍ വിത്തൗട്ട് ഫൊര്‍ഗിവ്നസ്' എന്ന പുസ്തകം.

വൈവിധ്യത്തില്‍ ആനന്ദം

മണ്ടേലയെ ആദരിച്ചിരുന്ന, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എ.എന്‍.സി.) ആദരമേറ്റുവാങ്ങിയ ടുട്ടു, പാര്‍ട്ടിയുടെ അപചയങ്ങള്‍ക്കെതിരേ ശബ്ദിച്ചു. ആ വിമര്‍ശനത്തിന് മണ്ടേലയുടെ പിന്‍ഗാമി താബോ എംബക്കി അദ്ദേത്തെ 'നുണയന്‍' എന്നുവിളിച്ചു. ദക്ഷിണാഫ്രിക്കയ്ക്കു പുറത്തും ടുട്ടുവിന്റെ ഇടപെടലുകളുണ്ടായി. റുവാണ്‍ഡയിലെ വംശഹത്യാനിലങ്ങളില്‍ അദ്ദേഹമെത്തി. ടിബറ്റന്‍ ജനതയ്ക്കും ദലൈ ലാമയ്ക്കുമൊപ്പം നിലകൊണ്ടു. സഭയിലെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി വാദിച്ചു.

കറുപ്പിലും വെളുപ്പിലുമല്ല, മാരിവില്‍ നിറത്തിലാണ് ടുട്ടു ദക്ഷിണാഫ്രിക്കയെ വിഭാവനംചെയ്തത്. എല്ലാ സംസ്‌കാരങ്ങളും എല്ലാ വംശങ്ങളും എല്ലാ ലൈംഗികാഭിമുഖ്യമുള്ളവരും സമത്വത്തോടെ കഴിയുന്ന 'റെയിന്‍ബോ നേഷന്‍'. മണ്ടേല ഒരിക്കല്‍ പറഞ്ഞതുപോലെ ദക്ഷിണാഫ്രിക്കയുടെ വൈവിധ്യമായിരുന്നു ടുട്ടുവിന്റെ ആനന്ദം.

ക്ഷമിക്കാനുള്ള മനസ്സും നീതിയോടുള്ള അഭിനിവേശവും സാധുക്കളോടുള്ള ഐക്യദാര്‍ഢ്യവുമാണ് ആ മഹാമനുഷ്യന്റെ സംഭാവന.

Content Highlights:Desmond Tutu; Father of South Africa's 'rainbow nation'