kesavananda bharati
കേശവാനന്ദ ഭാരതി: ഫോട്ടോ-രാമനാഥ് പൈ

പൗരന് പ്രാണവായുവിന് തുല്യമായ മൗലികാവകാശങ്ങളില്‍ ഭരണകൂടം കൈവെക്കുമെന്ന ആശങ്കകള്‍ക്ക് തെളിഞ്ഞ ചിരികൊണ്ട് മറുപടി നല്‍കിയ സന്ന്യാസിയാണ് ഞായറാഴ്ച പുലര്‍ച്ചെ സമാധിയായ കാസര്‍കോട്ടെ എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമി. വര്‍ഷങ്ങള്‍ക്കുമുമ്പ് മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തില്‍ കൈകടത്താന്‍ ഭരണകൂടം നടത്തിയ ശ്രമം പരമോന്നത കോടതിയില്‍ ചെറുത്തുതോല്‍പ്പിച്ചത് സ്വാമിജിയാണ്. രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളില്‍ ഒന്നായിരുന്നു എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമിയുടെ നേതൃത്വത്തില്‍ മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നടന്നത്. 'ദി കേശവാനന്ദ കേസ്' എന്ന പേരില്‍ ഇപ്പോഴും നിയമവൃത്തങ്ങള്‍ക്കിടയില്‍ അത് സുപരിചിതമാണ്. അദ്വൈതവാദം ഉരുവിട്ട് രാജ്യത്തെ തന്റെ പ്രതിഭയുടെ വെളിച്ചത്തിലേക്ക് ആവാഹിച്ച ആദിശങ്കരന്റെ വഴിയിലെ പിന്‍മുറക്കാരനെക്കുറിച്ച്...  

ആദിശങ്കരന്റെ കാലടികളാണ് എടനീര്‍ മഠത്തിലേക്കുള്ള വഴി. ആ പരമ്പരയുടെ പ്രഭാവവും ശക്തിയുമാണ് മഠത്തിലെ കെടാവിളക്കിലെ ഇന്ധനം. മധുവാഹിനിയുടെ തീരത്തെ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമിയാണ്. ദക്ഷിണാമൂര്‍ത്തിയും ഗോപാലകൃഷ്ണനുമാണ് പ്രധാന ആരാധനാമൂര്‍ത്തികള്‍. ധര്‍മം പുലര്‍ത്താന്‍, അധര്‍മം വേരൂന്നാതിരിക്കാന്‍ ഏറ്റവും സവിശേഷമായ വിധി രാജ്യത്തിന് സമ്മാനിച്ചത് എടനീര്‍ മഠമാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യം എന്തിന്റെ പേരിലും മാറ്റാനാകില്ലെന്ന ചരിത്രവിധി മഠത്തില്‍ പേരില്‍ ഇന്നും തിളങ്ങിനില്‍ക്കുന്നു.

ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യയുടെ പരമ്പരയില്‍പ്പെട്ടതാണ് എടനീര്‍ മഠം. തൃശ്ശൂരില്‍നിന്ന് കാശിയാത്ര തുടങ്ങിയ തോടകാചാര്യ തളിപ്പറമ്പ് തൃച്ചംബരം മഠത്തില്‍ താമസിച്ചു. അവിടന്ന് പുറപ്പെട്ട് എടനീരില്‍ എത്തിയപ്പോള്‍ ചാതുര്‍മാസ വ്രതക്കാലം തുടങ്ങി. എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ താമസിച്ച് അദ്ദേഹം വ്രതം അനുഷ്ഠിച്ചു. അത് കഴിഞ്ഞ് കാശിക്ക് പുറപ്പെടാനൊരുങ്ങിയ സ്വാമിയെ നാലുവീട്ട് തറവാട്ടുകാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. മഠത്തിന് ആവശ്യമായ സഹായവും അവര്‍ വാഗ്ദാനം ചെയ്തു. അതിനെത്തുടര്‍ന്നാണ് മഠം നിര്‍മിച്ചതെന്നാണ് വിശ്വാസം.

kesavananda bharati
കേശവാനന്ദ ഭാരതി: ഫോട്ടോ-രാമനാഥ് പൈ

സന്ന്യാസവഴിയില്‍ മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകന്‍ കേശവാനന്ദ പത്തൊന്‍പതാം വയസ്സില്‍ 1960 നവംബര്‍ 14-ന് ആണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതിസ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു അത്.

മഠത്തിനൊപ്പം വിദ്യാലയങ്ങളും കലാട്രൂപ്പും ഗോശാലയും പ്രവര്‍ത്തിക്കുന്നു. 1973 വരെ മഠത്തിന്റെ വിദ്യാലയങ്ങളില്‍ അറിവ് തേടിയെത്തുന്നവര്‍ക്കെല്ലാം സൗജന്യമായി അന്നം നല്‍കിയിരുന്നു. 30 കലാകാരന്മാരുള്ള ഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ദക്ഷിണ കര്‍ണാടകയിലും തുളുനാട്ടിലും പ്രശസ്തമാണ്. ഗോകുല്‍ ട്രസ്റ്റിന് കീഴില്‍ ഇപ്പോള്‍ 20 പശുക്കളുണ്ട്. ദിവസവും രാവിലെ ഗോപൂജയ്ക്ക് ശേഷമാണ് സ്വാമി ഭക്ഷണം കഴിക്കുന്നത്.

കീഴ്വഴക്കമനുസരിച്ച് മഠാധിപതിയുടെ സഹോദരപുത്രനാണ് പരമ്പരയില്‍ അടുത്ത സ്ഥാനം നല്‍കിയിരുന്നത്. കേശവാനന്ദ സ്വാമിക്ക് സഹോദരനില്ല. അതിനാല്‍ പദ്മാവതിയമ്മ മകള്‍ സാവിത്രിയുടെ മകന്‍ ജയറാമിനെ ദത്തുപുത്രനായി ഏറ്റെടുത്ത് വളര്‍ത്തി. പാര്‍ഥിസുബ്ബ യക്ഷഗാന കലാകേന്ദ്രം പ്രസിഡന്റാണ് ജയറാം എടനീര്‍.

മൗലികാവകാശം സംരക്ഷിക്കാന്‍

രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ പ്രാധാന്യമുള്ള കേസുകളിലൊന്നാണ് ഇത്. 'കേശവാനന്ദ കേസ്' ഇപ്പോഴും നിയമവൃത്തങ്ങള്‍ക്കിടയില്‍ സുപരിചിതമാണ്. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969- ലെ കേരള ഭൂപരിഷ്‌കരണ നിയമവും 1971-ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ പരമോന്നത കോടതിയില്‍ ചോദ്യംചെയ്തത്. ഭരണഘടന പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശം കൃഷ്ണമണിപോലെ കാക്കേണ്ടതുണ്ട്. ഭൂരിപക്ഷത്തിന്റെയോ മറ്റെന്തിന്റെയോ പേരില്‍ മൗലികാവകാശത്തില്‍ ഭരണകൂടം കൈകടത്തുന്നത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഉള്‍വിളിയില്‍നിന്നാണ് ജനാധിപത്യരീതിയില്‍ അതിനെതിരെ നീങ്ങിയതെന്ന് സ്വാമി കേശവാനന്ദ ഭാരതി പറയുന്നു. സംസ്ഥാനത്ത് ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയപ്പോള്‍ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും ഇളവുകള്‍ ലഭിച്ചിരുന്നെന്നും സ്വന്തം കാര്യത്തിനുവേണ്ടിയായിരുന്നില്ല സ്വാമി റിട്ട് നല്‍കിയത്‌

ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യ ഹര്‍ജിക്കാരനായി മാറി കേശവാനന്ദ സ്വാമി. രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങള്‍കൊണ്ട് കോടതിയിലും ഭരണകേന്ദ്രങ്ങളിലും കേസിന്റെ തുടക്കത്തില്‍ത്തന്നെ സമ്മര്‍ദമുയര്‍ന്നു. 13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വര്‍ത്തമാനപത്രങ്ങളില്‍ അന്ന് കേശവാനന്ദയുടെയും എടനീര്‍ മഠത്തിന്റെയും പേര് എല്ലാദിവസവും നിറഞ്ഞു.  

സാധാരണജനങ്ങളുടെ ഉന്നമനത്തിനും സാമൂഹികനന്മയ്ക്കും വേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തില്‍ ഭരണകൂടത്തിന് ഭേദഗതികള്‍ വരുത്താമെന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. അത് സ്ഥാപിച്ചെടുക്കാന്‍ പല വളഞ്ഞവഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരില്‍ കോടതിയിലും പുറത്തും വാദങ്ങള്‍കൊണ്ട് ഏറ്റുമുട്ടി. കേസില്‍ സര്‍ക്കാറിനെതിരായ നിലപാടെടുത്ത ന്യായാധിപന്‍മാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം പോലും നിഷേധിക്കപ്പെട്ടു. എന്നാല്‍, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാര്‍ലമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6:7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രില്‍ 24-നാണ് ആ ചരിത്രവിധിയുണ്ടായത്.

ചരിത്രം രേഖപ്പെടുത്തിയ ചൂടേറിയ വാദവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും പ്രശസ്ത നിയമജ്ഞന്‍ ടി.ആര്‍.ആന്ധ്യാരുജിന 'ദ കേശവാനന്ദ ഭാരതി കേസ്: ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സ്ട്രഗിള്‍ ഫോര്‍ സുപ്രമസി ബൈ സുപ്രീം കോര്‍ട്ട് ആന്‍ഡ് പാര്‍ലമെന്റ്' എന്ന പുസ്തകത്തില്‍ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. നിയമവിദ്യാര്‍ഥികള്‍ക്കിടയില്‍ ചൂടപ്പം പോലെയാണ് പുസ്തകം വിറ്റഴിഞ്ഞത്. ഇന്നും നിയമക്ലാസുകളില്‍ കേസ് പഠനവിഷയമാണ്.

Edneer Mutt Kesavananda Bharati
കാസര്‍കോട് എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമിജിയെ
സമാധിയിരുത്തിയപ്പോള്‍. ചിത്രം :എന്‍.രാമനാഥ് പൈ 

കൊല്ലുന്നവര്‍ക്ക് ജീവന്‍ നല്‍കാനാകുമോ?

രാഷ്ട്രീയത്തില്‍ മതവും മതത്തില്‍ രാഷ്ട്രീയവും കലര്‍ത്തരുത്. എല്ലാവരും ഇക്കാര്യം പാലിക്കണം. ഒരു നല്ലകാര്യത്തിന് മൂന്നുവഴി വേണ്ട. എല്ലാവരും ചേര്‍ന്നുള്ള ഒറ്റഴിയാണ് ഉത്തമം. മനുഷ്യത്വമാണ് എല്ലാറ്റിനും മുകളില്‍. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതിന് താഴെയാണ്. ത്വക്കിന്റെ നിറത്തിന്റെ പേരിലും പാര്‍ട്ടിയുടെ പേരിലും വിശ്വാസത്തിന്റെ പേരിലും കൊല നടക്കുകയാണ് ഇന്ന്. കൊല്ലുന്ന ആര്‍ക്കെങ്കിലും ജീവന്‍ കൊടുക്കാന്‍ കഴിയുമോ- എന്ന് അഭിമുഖത്തില്‍ സ്വാമി അഭിപ്രായപ്പെട്ടു

എല്ലാവര്‍ക്കുമുന്നിലും മഠത്തിന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കുകയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാരംഗത്തെ പല പ്രമുഖരും മഠത്തിലെ സ്ഥിരം സന്ദര്‍ശകരാണ്.

കലയും സംഗീതവും

മഠാധിപതിയാകുന്നതിനുമുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാമി യക്ഷഗാനം പഠിച്ച് അവതരിപ്പിക്കുകയും അതിനായി പാടുകയും ചെയ്യുമായിരുന്നു. കര്‍ണാടക, ഹിന്ദുസ്ഥാനിസംഗീതം സ്വയം പഠിച്ചെടുത്ത സ്വാമി കച്ചേരി നടത്താറുണ്ട്. കന്നട, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്‌കൃതം ഭാഷകളില്‍ ഭക്തിഗാനങ്ങള്‍ പാടും. പല ഭക്തിഗാനങ്ങളും സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയതും ആയിരിക്കും. മലയാളത്തിലും കന്നടയിലും ഭക്തിഗാനങ്ങളുടെ സി.ഡി. സ്വാമി പുറത്തിറക്കിയിട്ടുണ്ട്. നാടകങ്ങള്‍ സ്വയം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.


(2018 മാര്‍ച്ച് 19ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Constitution's Saviour Edneer Mutt Kesavananda Bharati