വിദ്യാലയ പഠനകാലം നല്‍കിയ യോഗ്യതാപത്രങ്ങള്‍ തീക്കിരയാക്കിയിട്ടാണ് വിനായക് നരഹരി ഭാവെ എന്ന ചെറുപ്പക്കാരന്‍ ഗുജറാത്തിലെ ആശ്രമത്തിലെത്തിയത്. മുന്നിലെത്തിയ ഇരുപത്തിയൊന്നുകാരനെ ഗാന്ധിജി ആദ്യം കൊണ്ടുപോയത് അടുക്കളയിലേക്കായിരുന്നു. പച്ചക്കറി നുറുക്കുന്നതിനും പാചകം ചെയ്യുന്നതിനുമിടയില്‍ യുവാവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു. യുവാവിന് ലളിതജീവിതസങ്കല്പം പകരുകയായിരുന്നു ഗാന്ധിജി. ഇവിടെ താമസിക്കാന്‍ ഇനിയും താത്പര്യമുണ്ടെങ്കില്‍ അങ്ങനെയാകാമെന്ന നിശ്ശബ്ദസന്ദേശം.

യുവാവ് മടങ്ങിയില്ല. ആശ്രമജീവിതം തുടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഗാന്ധിജി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പത്രത്തില്‍ വായിച്ച് ആവേശംപൂണ്ടിറങ്ങിയ വിനായക് നരഹരി, വിനോബാ ഭാവെയായും ആചാര്യ വിനോബാ ഭാവെയായും പരിണമിച്ചതിന്റെ തുടക്കം അങ്ങനെയായിരുന്നു. നിരന്തരം നടത്തിയ കത്തിടപാടുകള്‍ക്കൊടുവില്‍ നേരില്‍ വരാന്‍ ഗാന്ധിജി നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു വിനായക് അഹമ്മദാബാദ് നഗരത്തിലെ ആശ്രമത്തില്‍ 1916 ജൂണ്‍ ഏഴിന് എത്തിയത്. എന്നാല്‍, തന്റെ കാല്‍പ്പാടുകളിലേക്ക് മടങ്ങിപ്പോകാതെ, ഗാന്ധിജിയുടെ കാലടിപ്പാതകളിലൂടെയായി പിന്നീട് സഞ്ചാരം.

മൂല്യമളക്കാനാവാത്ത വ്യക്തിത്വം

സഹനങ്ങളുടെ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഗാന്ധിജി, വിനായക് എന്ന വിനോബായ്ക്ക് എഴുതി: 'എങ്ങനെയാണ് താങ്കളെ പുകഴ്ത്തേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ മൂല്യം അളക്കാന്‍ ഞാന്‍ യോഗ്യനല്ല. താങ്കളുടെ നേട്ടങ്ങളൊന്നും ഞാന്‍മൂലമാണെന്ന് കരുതുന്നില്ല. മൂല്യങ്ങള്‍കൊണ്ട് ഒരു മകന്‍ തന്നെ മറികടക്കുമ്പോഴാണ് ഒരു അച്ഛന്‍ അച്ഛനാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഒരു അച്ഛന്‍ ചെയ്തതിനെ കൂടുതല്‍ മൂല്യവത്താക്കുമ്പോഴാണ് ഒരു മകന്‍ മകനാകുന്നതെന്നും ഞാന്‍ കരുതുന്നു. അച്ഛന്‍ സത്യസന്ധനും ദൃഢമനസ്‌കനും അനുതാപമുള്ളവനും ആണെങ്കില്‍, മകന്‍ അതിന്റെ വര്‍ധിതതലത്തിലായിരിക്കണം. അതാണ് താങ്കള്‍ സ്വയം ചെയ്തത്.'

ഒരു വര്‍ഷമായി ആശ്രമം വിട്ടുനിന്ന തനിക്ക് വിനോബാ എഴുതിയ കത്തിനുള്ള മറുപടിയിലാണ് ഗാന്ധിജി ഇങ്ങനെ കുറിച്ചത്. കത്തെഴുത്ത് ചരിത്രം അവിടെ തീരുന്നില്ല. മറുപടിക്കത്തിന്റെ ഉള്ളടക്കം പറഞ്ഞുകൊടുത്തശേഷം പഴ്സണല്‍ സെക്രട്ടറി മഹാദേവ് ദേശായിയോട് മഹാത്മാവ് പറഞ്ഞു: ''വിനോബാ ഒരു വലിയ മനുഷ്യനാണ്.''

ആചാര്യ വിനോബാ ഭാവെയുടെ ജീവചരിത്രം തുടങ്ങുന്നത് അവിടെയാണ്. പണ്ഡിതനും ചിന്തകനും സ്വാതന്ത്ര്യസമര സേനാനിയും ഭൂദാനപ്രസ്ഥാനത്തിന്റെ പ്രയോക്താവുമായി പരിണമിച്ച വിനോബായുടെ പില്‍ക്കാലജീവിതത്തിന്റെ അടിത്തറ നിര്‍മിച്ചത് ഗാന്ധിജിയുടെ ആശയത്തണലിലാണ്. ഗാന്ധിജിക്കൊപ്പം വിനോബാ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് സ്വാഭാവികമായും നടന്നുകയറി. അഹിംസാസന്ദേശവുമായി സമരമുഖത്ത് നിറഞ്ഞു. 1920-നും 1930-നും ഇടയില്‍ ഒട്ടേറെതവണ അറസ്റ്റുചെയ്യപ്പെട്ടു. 1921 ഏപ്രില്‍ എട്ടിന് വാര്‍ധയിലെ ആശ്രമത്തിന്റെ ചുമതലയേറ്റു. 1925-ല്‍ ഗാന്ധിജി നിയോഗിച്ചതിനെത്തുടര്‍ന്ന് വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തു.

ജയില്‍ജീവിതകാലത്താണ് വിനോബായുടെ വിജ്ഞാനലോകം വിശാലമായത്. മറാത്തി, കന്നഡ, ഗുജറാത്തി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. പണ്ഡിതനും ചിന്തകനുമായി രൂപപ്പെടാന്‍ ഇക്കാലം സഹായിച്ചു. 'സ്ഥിതപ്രജ്ഞദര്‍ശന്‍'പോലെയുള്ള രചനകള്‍ ജയില്‍ജീവിതത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ്. നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആദ്യ സത്യാഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്തതോടെ ദേശീയശ്രദ്ധയിലുമെത്തി.

ഭൂദാനപ്രസ്ഥാനമെന്ന അദ്ഭുതം

എന്നാല്‍, സ്വാതന്ത്ര്യസമരചരിത്രത്തിനപ്പുറം വിനോബാ ഭാവെയെ പ്രസക്തനാക്കിയത് ഭൂദാനപ്രസ്ഥാനമായിരുന്നു. 'പഴയ ആയുധം ഉപയോഗിച്ച് പുതിയ യുദ്ധം ജയിക്കാനാവില്ലെന്നു കണ്ടെത്തി' പുതിയ സമരമുഖങ്ങള്‍ അദ്ദേഹം തുറക്കുകയായിരുന്നു. മണ്ണും ആകാശവും സ്വന്തമായില്ലാത്തവരുടെ ദുരിതങ്ങളായിരുന്നു വിനോബാ ഭാവെയെ എക്കാലത്തും നോവിച്ചിരുന്നത്. അവര്‍ക്കിടയിലൂടെ നിരന്തരം സഞ്ചരിച്ച് സങ്കടങ്ങളുടെ ആഴമളന്നു. ഭൂദാനപ്രസ്ഥാനത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുകയെന്ന സാമൂഹിക സങ്കല്പമായിരുന്നു അടിസ്ഥാനം. ഭൂദാനം തേടി നാല്‍പ്പത്തിനാലായിരം കിലോമീറ്ററോളം സഞ്ചരിച്ചു. ഏറെയും കാല്‍നടയാത്ര. 1951 ഏപ്രില്‍ 18-ന് തെലങ്കാനയില്‍ നല്‍ഗോണ്ട ജില്ലയിലെ പോച്ചംപള്ളി ഗ്രാമത്തിലായിരുന്നു തുടക്കം. ജന്മികളില്‍നിന്ന് ഭൂമി ദാനം വാങ്ങിയശേഷം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കാന്‍ തുടങ്ങി. 1951 മുതല്‍ 1969 വരെ നിരന്തരസഞ്ചാരം. നാല്‍പ്പത് ലക്ഷത്തോളം ഏക്കര്‍ ഭൂമി ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. പല സര്‍ക്കാരുകളും ഭൂദാന്‍നിയമങ്ങള്‍ ആവിഷ്‌കരിച്ചു. ഭൂമി അമിതമായി കൈവശംവെച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിച്ചു. 1976-ല്‍ ലാന്‍ഡ് സീലിങ് നിയമം നിലവില്‍വന്നത് ഇതിന്റെ തുടര്‍ച്ചയായാണ്.

ഭൂദാനപ്രസ്ഥാനത്തില്‍ ഒതുങ്ങുന്നില്ല ആചാര്യ വിനോബാ ഭാവെയുടെ കര്‍മരംഗം. ഗ്രാമദാനം പദ്ധതി, ഗോവധ നിരോധനത്തിനായുള്ള സത്യാഗ്രഹം ഉള്‍പ്പെടെയുള്ള സാമൂഹിക ഇടപെടലുകള്‍, തത്ത്വചിന്തകളുടെ വ്യാഖ്യാനങ്ങള്‍, ലോകനാഗരി അക്ഷരമാല, ബ്രഹ്മവിദ്യാ മന്ദിര്‍ പ്രസ്ഥാനം, പുസ്തകരചനകള്‍, പ്രഭാഷണങ്ങള്‍... വിനോബാ ഭാവെയുടെ സംഭാവനകള്‍ കാലം കടന്നുനില്‍ക്കുന്നു. വാഴ്ത്തുകള്‍ മാത്രമല്ല, വിമര്‍ശനങ്ങളും ആചാര്യ വിനോബാ ഭാവെയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ കാലം ചൊരിഞ്ഞിട്ടുണ്ട്. ഇന്ദിരാ ഭരണത്തെ പിന്തുണച്ച എണ്‍പതുകളില്‍ എതിര്‍പക്ഷ അസ്ത്രങ്ങള്‍ വിനോബാ ഭാവെയെ വെറുതേവിട്ടില്ല. അടിയന്തരാവസ്ഥയോടുള്ള വിനോബായുടെ അനുകൂലസമീപനം എതിര്‍പ്പ് രൂക്ഷമാക്കി.

അനുതാപമാണ് ആചാര്യ വിനോബാ ഭാവെയുടെ ഭാവം. സാധാരണക്കാരുമായുള്ള സമഭാവനയാണ് സ്വഭാവം. ദശകങ്ങള്‍ പിന്നിടുമ്പോഴും ഇത്തരം ചില പ്രതീകങ്ങള്‍ അണയാതെനില്‍ക്കുന്നത് അതുകൊണ്ടാണ്.

Content Highlights: Acharya Vinoba Bhava 125th birth anniversary