പുറപ്പുഴ: തൊണ്ണൂറ്റൊമ്പത് വയസുള്ള അന്നക്കുട്ടി കൊച്ചുമകനൊപ്പം രാവിലെതന്നെ വയറ്റാട്ടില്‍ പാലത്തിനാല്‍ വീട്ടിലെത്തി. തൊടുപുഴയുടെ സ്വന്തം ഔസേപ്പച്ചന്‍ അവിടെയുണ്ടായിരുന്നു. ഒരു പൂച്ചെണ്ട്, നിറവോടെ ഒരു ചിരി, ആശംസ.

നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വര്‍ഷം പി.ജെ.ജോസഫ് ആഘോഷമാക്കിയത് ഇങ്ങനെയൊക്കെയാണ്. പി.ജെ.ജോസഫ് മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ കുണിഞ്ഞി സെന്റ് ആന്റണീസ് സ്‌കൂളില്‍ അദ്ദേഹത്തിന് ആദ്യ വോട്ട് ചെയ്യുന്ന ആളാണ് പേണ്ടാനത്ത് അന്നക്കുട്ടി സൈമണ്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കൊച്ചുമകന്‍ റെനീഷ് മാത്യുവിനൊപ്പമാണ് പി.ജെ.ജോസഫിനെ കാണാനെത്തിയത്.

നാട്ടുകാരും നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും ഉള്‍െപ്പടെ നിരവധി പേരാണ് പി.ജെ.ജോസഫിനെ അനുമോദിക്കാന്‍ എത്തിയത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍, പ്രിന്‍സ് ലൂക്കോസ്, മാത്യു സ്റ്റീഫന്‍, ജോസി ജേക്കബ്, എം.മോനിച്ചന്‍, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണിയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.

P.J.Jospeh
നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന പി.ജെ.ജോസഫ് എം.എൽ.എ. തൊടുപുഴയിലെ തന്റെ വസതിയിലെത്തിയ പാർട്ടി പ്രവർത്തകർക്ക് മധുരം നൽകുന്നു

ആദ്യ അങ്കം 1970-ല്‍

പുറപ്പുഴ പാലത്തിനാല്‍ പി.ഒ.ജോസഫിന്റെയും അന്നക്കുട്ടിയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി 1941 ജൂണ്‍ 28-നായിരുന്നു ജനനം. 1968-ല്‍ കേരള കോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ പി.ജെ.ജോസഫ് 1970-ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അന്ന് കേരള കോണ്‍ഗ്രസ് ഒരു മുന്നണിയുടെയും ഭാഗമല്ലായിരുന്നു. സി.പി.എം., കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയായിരുന്നു അരങ്ങേറ്റം. പിന്നെ ഇടത്-വലത് മുന്നണികളുടെ ഭാഗമായി. ഒമ്പത് തവണയായി 40 വര്‍ഷം തൊടുപുഴയില്‍നിന്ന് എം.എല്‍.എ.യായി. 2016-ല്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയാണ് ഇപ്പോള്‍ എം.എല്‍.എ. സ്ഥാനം അലങ്കരിക്കുന്നത്.

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രം പി.ജെ. പരാജയം രുചിച്ചു. 2001-ല്‍ പി.ടി.തോമസിനോട് മത്സരിച്ചാണ് പരാജയപ്പെട്ടത്.

മന്ത്രിയായത് അഞ്ചുവട്ടം

1977-ലാണ് ആദ്യമായി മന്ത്രിയാകുന്നത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ.എം.മാണി തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് രാജിവെച്ചതിനാല്‍ വകുപ്പ് പി.ജെ.ജോസഫിന് ലഭിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് നാല് പ്രാവശ്യം കൂടി മന്ത്രിയായി. റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്ട്രേഷന്‍, ഭവന നിര്‍മാണം, ജലവിഭവം എന്നീ പ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്തത്. എല്ലാ വകുപ്പുകളിലും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കി.

P.J.Joseph
പി.ജെ.ജോസഫിന് ആശംസയറിയിക്കാൻ
അന്നക്കുട്ടി പുറപ്പുഴയിലെ വീട്ടിലെത്തിയപ്പോൾ

രാഷ്ട്രീയക്കാരനായ കര്‍ഷകന്‍

രാഷ്ട്രീയത്തില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴും കൃഷിയെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പുറപ്പുഴയിലെ വീട്ടിലും വിസ്തൃതമായ പറമ്പിലും നിറയെ കൃഷിയാണ്. വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് നിറയെ സങ്കരയിനം പശുക്കള്‍. കൃഷിയും പശുവളര്‍ത്തലുമാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുതന്നെ ഊര്‍ജം പകരുന്നതെന്നും കര്‍ഷകക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഇക്കാലമൊക്കെയും പി.ജെ.യുടെ പ്രവര്‍ത്തനങ്ങളുമായി ഭാര്യ ഡോ. ശാന്ത കൂടെത്തന്നെയുണ്ട്. അപു, യമുന, ആന്റണി, ജോ എന്നിവരാണ് മക്കള്‍.

Content Highlights:50 golden years of P.J.Joseph