പോരാട്ടത്തിന്റെയും ചെറുത്തുനില്‍പിന്റെയും അനുസ്യൂതമായ പ്രയാണമാണ് മനുഷ്യചരിത്രം.  ചരിത്രമാകെ അത്തരം പോരാട്ടകഥകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.  നിലവിലിരുന്ന വ്യവസ്ഥിതിയെ മാറ്റാനും പുതിയൊരു ലോകം സൃഷ്ടിക്കാനും സ്വന്തം ജീവന്‍ ത്യജിച്ച അനേകം പോരാളികളുണ്ട്.  അവര്‍ പലപ്പോഴും കാലത്തിനു മുന്‍പേ നടന്നവരാണ്.  കാലമെത്ര കഴിഞ്ഞാലും അവരുടെ പോരാട്ടവീര്യവും അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും അന്തരീക്ഷത്തില്‍ പ്രകമ്പനമുണ്ടാക്കും.  അവരുടെ ഓര്‍മകള്‍ സൃഷ്ടിക്കുന്ന കരുത്തില്‍ പുതിയ തലമുറ ആവേശം കൊള്ളും.  അങ്ങനെ ആവേശം കൊള്ളിച്ച പോരാളികളുടെ തേരാളിയായിരുന്നു കേരളത്തിന്റെ വിപ്ലവസൂര്യനായ സഖാവ് പി. കൃഷ്ണപിള്ള.
 
സ്വാതന്ത്ര്യസമരചരിത്രത്തിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലും, വളര്‍ച്ചയിലും അമരക്കാരനായി നിന്ന്, സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നാടിന് നല്‍കിയത്.  അധ്വാനവര്‍ഗ്ഗത്തിന്റെ മാത്രമല്ല മനുഷ്യരുടെ മുഴുവന്‍ വിമോചനം സ്വപ്നം കണ്ടു ജീവിച്ച പി. കൃഷ്ണപിള്ളയെന്ന ധീരദേശാഭിമാനിയായ മനുഷ്യസ്‌നേഹിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ കാലം നിശ്ചലമാകും.  ഭൂരിപക്ഷം പേരും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചുപോകുന്നവരാണ്. അപൂര്‍വം ചിലരാകട്ടെ മരിച്ചതിനുശേഷവും ജീവിക്കുന്നു. ഉറങ്ങുന്നവന്റെ സൗന്ദര്യമല്ല പൊരുതുന്നവന്റെ സൗന്ദര്യം.  പൊരുതലിന്റെ സൗന്ദര്യശാസ്ത്രം മനുഷ്യസമൂഹത്തിന് പകര്‍ന്നുനല്‍കികൊണ്ട് എന്നും ജീവിക്കുന്ന വിപ്ലവത്തിന്റെ ശുക്രനക്ഷത്രമാണ് സഖാവ് പി. കൃഷ്ണപിള്ള.
 
കേരളത്തിന്റെ വിപ്ലവ നായകനായ സ.പി. കൃഷ്ണപിള്ളയുടെ ജീവിതം പ്രമേയമാക്കി പ്രശസ്ത സംവിധായകന്‍ ശ്രീ. പി.എ. ബക്കര്‍ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തില്‍ സഖാവ് പി. കൃഷ്ണപിള്ളയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു എന്റെ സിനിമാ ജീവിതം തുടങ്ങിയത്.  സ. ഇ.എം.എസ്., സ. ഇ.കെ. നായനാര്‍, സ. ടി.കെ. രാമകൃഷ്ണന്‍ തുടങ്ങി ഇരുകമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേയും സമുന്നത സാരഥികളുടെയും സാംസ്‌കാരിക നായകരുടെയുമൊക്കെ സാന്നിദ്ധ്യത്തില്‍, അവരുടെയെല്ലാം അനുഗ്രഹത്തോടെയായിരുന്നു ആ തുടക്കം. സ്വിച്ച് ഓണ്‍ ചടങ്ങില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ്. പറഞ്ഞു.  'സഖാക്കള്‍ നമുക്ക് ഒരുപാട് പേരുണ്ട്.  എന്നാല്‍ സഖാവ് എന്ന് മാത്രം പറഞ്ഞാല്‍ അത് പി. കൃഷ്ണപിള്ളയെന്നാണ് അര്‍ത്ഥം. എല്ലാ അര്‍ത്ഥത്തിലും സഖാവ് എന്നതിന്റെ മറ്റൊരു പദമാണ് പി. കൃഷ്ണപിള്ള...' സിനിമയിലെ കേന്ദ്ര കഥാപാത്രമായ 'സഖാവായി' അഭിനയിക്കുവാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി, ഭാവനാസൃഷ്ടിയല്ലാത്ത, എന്നാല്‍ ഭാവനയെപ്പോലും അതിശയിപ്പിക്കുന്ന ആ അസാധാരണ വ്യക്തിത്വത്തെ അടുത്തറിയാന്‍ ശ്രമിച്ചു.  അദ്ദേഹത്തിന്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ലേഖനങ്ങളും പല തവണ വായിച്ചു.  അടുത്തറിഞ്ഞിരുന്ന പലരോടും സഖാവിനെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.  ലഭ്യമായ വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചു.  
 
ഇങ്ങനെയൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് ഒരു പക്ഷേ വരുംതലമുറകള്‍ വിശ്വസിച്ചേയ്ക്കില്ല.  അത്രയ്ക്ക് അവിശ്വസനീയവും അസാധാരണവുമായിരുന്നു സഖാവിന്റെ യഥാര്‍ത്ഥജീവിതവും വ്യക്തിത്വവും.  ഒന്നു പരിചയപ്പെടുന്ന ആരെയും നിമിഷ നേരം കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കഴിയുന്ന മാസ്മര ശക്തിയുണ്ടായിരുന്നു സഖാവിന്.  ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും നിറഞ്ഞ അദ്ദേഹത്തിന്റെ പുഞ്ചിരിയും പെരുമാറ്റവും ആരുടെയും ഹൃദയം കവരുന്നതായിരുന്നു.  കൈകള്‍ പുറകില്‍ കെട്ടി നെഞ്ചു വിരിച്ച് തലയുയര്‍ത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെയുള്ള ആ നടത്തം ആരെയും ആരാധകരാക്കി മാറ്റുന്നതായിരുന്നു.  സ്വന്തം ജീവനെക്കുറിച്ച് പോലും ലേശവും ഭയമില്ലാതെയുള്ള ധീരമായ പ്രവര്‍ത്തനങ്ങളായിരുന്നു ആ പോരാളിയുടേത്...  വിപ്ലവവീര്യം കൊണ്ട് ആവേശോജ്ജ്വലമായിരുന്നു ആ ജീവിതം.  ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സര്‍വ്വ നന്‍മകളുടെയും ആള്‍രൂപമായിരുന്നു സഖാവ്.  സമൂഹത്തിലെ അനീതികള്‍ക്കെതിരെ, അസമത്വങ്ങള്‍ക്കെതിരെ, അക്രമങ്ങള്‍ക്കെതിരെ, എല്ലാ ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ നിര്‍ഭയമായി ആ വിപ്ലവകാരി ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു.  ദരിദ്രരെയും പാവങ്ങളെയുമൊക്കെ നിസ്വാര്‍ത്ഥമായി സ്‌നേഹിച്ചു.  
 
അടിച്ചമര്‍ത്തപ്പെട്ട നിരാശ്രയരായ മനുഷ്യര്‍ അനുഭവിക്കുന്ന കൊടിയ യാതനകള്‍ അവസാനിപ്പിക്കുവാനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു.  നീതിനിഷേധിക്കപ്പെട്ട നിസ്സഹായരായ സാധാരണ മനുഷ്യരുടെ പക്ഷം ചേര്‍ന്നുകൊണ്ട് അവര്‍ക്ക്, നിഷേധിക്കപ്പെട്ടതിലൂടെ നഷ്ടമായ നീതിയും അര്‍ഹതപ്പെട്ട അവകാശങ്ങളുമൊക്കെ തിരിച്ചു പിടിക്കാന്‍ പോരാട്ടവീര്യത്തോടെ പടപൊരുതി.  കര്‍ഷകരും തൊഴിലാളികളും മറ്റു ദുര്‍ബല വിഭാഗങ്ങളും ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ മുഴുവന്‍ സംഘടിപ്പിച്ചുകൊണ്ട് പി. കൃഷ്ണപിള്ള നടത്തിയ ധീരമായ പോരാട്ടങ്ങള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തത് അതിക്രൂരമായ മര്‍ദ്ദനങ്ങളും ദീര്‍ഘകാലത്തെ കാരാഗൃഹവാസവുമായിരുന്നു.  അതിലൊന്നും തളരാതെ ജീവിതത്തിന്റെ അവസാന നിമിഷം വരെ അദ്ധ്വാനിക്കുന്ന നിസ്വരായ ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിലകൊണ്ട് അതിശക്തമായ് അവര്‍ക്കായി പൊരുതിക്കൊണ്ടിരുന്നു.  
 
പൊതുസമൂഹത്തില്‍ അരികുപറ്റി ജീവിക്കേണ്ടി വന്നവര്‍ക്ക് പൊതുജീവിതം  സാധ്യമാക്കുന്നതിനായി സഖാവ് പ്രവര്‍ത്തിച്ചു.  സങ്കടക്കടലിലാണ്ടുപോയ മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ പുത്തന്‍ തുരുത്തുകള്‍ കാട്ടികൊടുത്തു.  പുഴുക്കളെ പോലെ ഇഴഞ്ഞു കഴിഞ്ഞിരുന്ന ഒരു ജനതയെ തന്റേടമുള്ള മനുഷ്യരായി നട്ടെല്ലു നിവര്‍ത്തി ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ അദ്ദേഹം പ്രാപ്തരാക്കി.  സംഘടിച്ചു ശക്തരാവാനും ചോദ്യം ചെയ്യേണ്ടതിനെയൊക്കെ ചോദ്യം ചെയ്യാനും പ്രതിരോധിക്കേണ്ടവയെ പ്രതിരോധിക്കാനും അവരെ പഠിപ്പിച്ചു.  അടിമകളെ പോലെ കഴിഞ്ഞിരുന്നവരെ, ചീഞ്ഞളിഞ്ഞ അവരുടെ ജീവിതത്തിന്റെ ചെളിക്കുഴിയില്‍ നിന്നും കൈപിടിച്ച് കയറ്റാനും, സംഘടിത ശക്തിയിലൂടെ ചെറുത്തു നില്‍പ്പുകള്‍ക്കും അതി ജീവനത്തിന്റെ പോരാട്ടങ്ങള്‍ക്കും കരുത്തുള്ളവരാക്കി മാറ്റാനും സഖാവിനു കഴിഞ്ഞു.   
 
കഠിനമായി അദ്ധ്വാനിച്ചിട്ടും വിട്ടുമാറാത്ത പട്ടിണിയും, കാര്‍ന്നുതിന്നുന്ന ദാരിദ്രവും, നിഴല്‍പോലെ പിന്തുടരുന്ന ദുരിതങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്ന അശരണരും ആലംബഹീനരുമായ മനുഷ്യര്‍ക്ക് സഖാവ് തികഞ്ഞ രക്ഷകനായി മാറി...  അവരുടെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു.  സമൂഹത്തിന്റെ നാനാവിധമുള്ള പുരോഗമനത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സഹോദര്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെ കുറിച്ചും അദ്ദേഹം സ്വപ്നം കണ്ടു.  അവയെ നിഷേധിക്കുന്ന ശക്തികള്‍ക്കെതിരെയും സാമൂഹ്യാവസ്ഥയ്‌ക്കെ തിരെയും വര്‍ദ്ധിച്ചകരുത്തോടെ ഏറ്റുമുട്ടി.  ഒരു കാലഘട്ടത്തില്‍ ഇവിടെ നടന്ന സാമൂഹ്യ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള മിക്ക സമരങ്ങളുടെയും സൂത്രധാരനും സംഘാടകനും പി. കൃഷ്ണപിള്ളയായിരുന്നു.  ആവേശോജ്ജ്വലമായ ആ സമരങ്ങള്‍ക്കൊക്കെ ശക്തിയും വീര്യവും പകര്‍ന്നതും സഖാവ് തന്നെ.  അവര്‍ നിരന്തരം നേരിടുന്ന അടിമത്തത്തില്‍ നിന്നും, അസമത്വത്തില്‍ നിന്നും, ചൂഷണങ്ങളില്‍ നിന്നും, കൊടിയ യാതനകളില്‍ നിന്നും പീഢനങ്ങളില്‍ നിന്നുമൊക്കെ മോചിപ്പിച്ചു കൊണ്ട് അവരുടെ ഏറ്റവും വലിയ വിമോചനകനായി --- ദേശീയ പ്രസ്ഥാനത്തിലും പൊതു സമൂഹത്തിലും വിപ്ലവത്തിന്റെ സൂര്യനായി മാറി.  അങ്ങനെ സ. കൃഷ്ണപിള്ള ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രധാനിയായുയര്‍ന്നു.  
 
മരണം മുന്നില്‍ പത്തി വിടര്‍ത്തി നിന്ന ജീവന്റെ ആ അവസാന നിമിഷത്തില്‍ പോലും ധീരതയോടെ മനുഷ്യരാശിയ്ക്കായ് മനുഷ്യവിമോചനത്തിന്റെ മഹാമന്ത്രങ്ങളെഴുതികൊണ്ടിരുന്നു സഖാവ്.  സര്‍പ്പവിഷത്തിന്റെ ഇരുള്‍ പടര്‍ന്ന കണ്ണുകളില്‍ താന്‍ ആജീവനാന്തം സ്വപ്നം കണ്ട പ്രകാശമാനമായ ഒരു നവലോകത്തിന്റെ തിളക്കവുമായി വര്‍ദ്ധിത വീര്യത്തോടെ 'സഖാക്കളെ മുന്നോട്ട്' എന്ന വിപ്ലവാക്ഷരങ്ങള്‍ ഉരുവിട്ടു തലമുറകള്‍ക്കായ് അത് കുറിച്ചുവച്ചുകൊണ്ട് സഖാക്കളോട് പൊതുതി മുന്നേറാന്‍ ആഹ്വാനം ചെയ്തു.  അവസാന ശ്വാസത്തിന്റെ ഊര്‍ജ്ജത്തില്‍ 'ലാല്‍സലാം' എന്നെഴുതി മനുഷ്യവര്‍ഗ്ഗത്തിനാകെ ആവേശമായി മാറി.  അങ്ങനെ കാലത്തിന്‌മേല്‍ തന്റെ വിപ്ലവജീവിതത്തെ ചരിത്രമായ് അടയാളപ്പെടുത്തിയ സ. പി. കൃഷ്ണപിള്ള കാലാതിവര്‍ത്തിയായി മനുഷ്യഹൃദയങ്ങളില്‍ എക്കാലവും ജീവിക്കുക തന്നെ ചെയ്യും.
 
അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ നടന്‍ എന്ന വ്യക്തിയെ കുറച്ചൊക്കെ ചിലപ്പോള്‍ സ്വാധീനിക്കാറുണ്ട്.  എന്നാല്‍ അഭിനയിച്ച ഒരു കഥാപാത്രം നടന്റെ വ്യക്തിപരമായ ചിന്തകളെയും, ആശയങ്ങളെയും, അഭിപ്രായങ്ങളെയും, കാഴ്ചപ്പാടുകളെയും നിലപാടുകളെയും, നടന്റെ വ്യക്തിത്വത്തെ തന്നെയും മാറ്റി മറിച്ച അപൂര്‍വ്വ അനുഭവമാണ് സഖാവ് പി. കൃഷ്ണപിള്ളയെന്ന അല്‍ഭുത മനുഷ്യനെ അഭ്രപാളികളില്‍ അവതരിപ്പിച്ചപ്പോള്‍ എനിക്കുണ്ടായത്.  അത്രയ്ക്ക് മഹത്തരമായ ഒരു ജീവിതമായിരുന്നു അത്.  ഏറ്റവും ലളിതമായി ജീവിച്ചു കൊണ്ട്, മികച്ച സംഘാടകനായി സമൂഹത്തില്‍ ഇടപ്പെട്ടുകൊണ്ട് മഹാനായ ആ വിപ്ലവ ചിന്തകന്‍ എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഏറ്റവും നല്ലനാളെകളുടെ ഭാസുരമായ ഭാവിയ്ക്കായി പ്രവര്‍ത്തിച്ചു. 
 
'സത്യവും ധര്‍മ്മവും നീതിയും വാഴുന്ന സമത്വ സുന്ദരമായ ഒരു പുത്തന്‍ ലോകത്തിന്റെ നിര്‍മ്മാണം, മനുഷ്യരാശിയോട് മുഴുവനുമുള്ള സ്‌നേഹത്തില്‍ അധിഷ്ഠിതമായ പുതിയൊരു ജീവിത ക്രമത്തിന്റെ സൃഷ്ടി'.  അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മഹത്തായ ആ ലക്ഷ്യം വിഭാവനം ചെയ്യുന്ന, അതിനായി അണിചേരാന്‍ ആഹ്വാനം നടത്തുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും ദര്‍ശനങ്ങളും ഉള്ളില്‍ ആവാഹിച്ച് ഉള്‍ക്കൊണ്ട് കൊണ്ട് അക്ഷിണം പ്രയത്‌നിച്ച് കമ്മ്യൂണിസത്തിന്റെ തന്നെ പര്യായമായി മാറി.  ആ സഖാവ് എന്നെ ശരിക്കും സ്വാധീനിച്ചു.  ആ നന്‍മയും നിസ്വാര്‍ത്ഥതയും മനുഷ്യ സ്‌നേഹവും മാനവികത ഉയര്‍ത്തിപ്പിടിച്ചുള്ള ഉജ്ജ്വലമായ ആ ജീവിതവും എന്നെ കമ്മ്യൂണിസ്റ്റ് ദര്‍ശനങ്ങളിലും ആശയങ്ങളിലും ആകൃഷ്ടനാക്കി മാറ്റി.
 
'ഭ്രാന്താലയം' എന്ന ഒരു കാലഘട്ടത്തിലെ ദുരവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുന്നു എന്ന ആശങ്കകള്‍ ഉയരുന്ന ഈ ആധുനിക കാലത്ത് സഖാവിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.  ജാതി വ്യവസ്ഥയും ജന്‍മിത്തവും സര്‍വ്വ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന പഴയ കാല കേരളം.  മനുഷ്യര്‍ മൃഗ തുല്ല്യരായി പരിഗണിക്കപ്പെട്ടിരുന്ന, നികൃഷ്ട ജീവിതം ജീവിച്ചിരുന്ന ഏറ്റവും ദയനീയാവസ്ഥയുടെ ഇരുണ്ടകാലം.  അന്ന് സകല അനീതികള്‍ക്കുമെതിരെ ഒരു മിന്നല്‍ പിണര്‍ പോലെ ജ്വലിച്ചുകൊണ്ട് വെളിച്ചമായി മാറി സഖാവ് പി. കൃഷ്ണപിള്ള.  വിപ്ലവത്തിന്റെ വീര പുത്രനായ സഖാവ് നയിച്ച സാഹസികമായ സമരങ്ങളുടെയും ഐതിഹാസികമായ പോരാട്ടങ്ങളുടെയും ചരിത്രം പുതിയ തലമുറ ശ്രദ്ധയോടെ പഠിക്കേണ്ടതാണ്.  
 
തെരുവുകളില്‍ പരസ്യമായി ചുംബിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തുന്ന ആഭാസങ്ങള്‍ക്ക് 'സമരം' എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന പുതിയ തലമുറ സമരമെന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തീര്‍ച്ചയായും അറിയണം... മനുഷ്യന്‍ എന്ന് അംഗീകരിച്ച് കിട്ടാന്‍ വേണ്ടി... മനുഷ്യനായി ജീവിക്കാനുള്ള അവകാശം പിടിച്ചു പറ്റാനായി - നിലനില്‍പ്പിനു തന്നെ വേണ്ടിയുള്ളതായിരുന്നു.  നമ്മുടെ സമരങ്ങളുടെയൊക്കെ ചരിത്രം കൊടിയ മര്‍ദ്ദനങ്ങള്‍, പീഢനങ്ങല്‍, ത്യാഗങ്ങള്‍... സമരത്തിന്റെ തീച്ചൂളകളില്‍ ദേശാഭിനികളായ എത്ര എത്ര ധീരരക്തസാക്ഷികള്‍ അവരൊഴുക്കിയ ആ ചോരപ്പാടുകളില്‍ ചവിട്ടിയാണ് നാം നില്‍ക്കുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.  വഴി നടക്കാനും വസ്ത്രം ധരിക്കാനും, എല്ലാ മനുഷ്യര്‍ക്കും മനുഷ്യരായി ജീവിക്കാനുള്ള അവകാശം ഉള്‍പ്പെടെ നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും സര്‍വ്വ സൗഭാഗ്യങ്ങളും എല്ലാ പുരോഗമനങ്ങളും നമുക്ക് നേടി തന്നത് ഒരിക്കലും മരണമില്ലാത്ത സഖാവിനെ പോലെ ഒരു പാട് മഹാമനുഷ്യര്‍ കനല്‍ വഴികളിലൂടെ നടന്നും, കനല്‍ വഴികളിലൊടുങ്ങിയുമൊക്കെയാണെന്ന് നമ്മള്‍ അറിയണം, ഒപ്പം നമ്മളെങ്ങനെ നമ്മളായെന്നും. 
 
ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള നിറഞ്ഞ നന്ദിയോടെ ആ മഹാമനുഷ്യരെ നാം എന്നും ഓര്‍ക്കുകയും വേണം.  പുതിയ കാലത്തിന്റെ സൗഭാഗ്യസ്മൃതികളില്‍ ഭ്രമിച്ചു പോയവര്‍ക്ക് പോയകാലത്തെ അതിജീവനപോരാട്ടത്തിന്റെ വീരകഥകള്‍ നേരമ്പോക്കിന്റെ വര്‍ത്തമാനം മാത്രമാകുന്നതില്‍ അത്ഭുതമില്ല.  ചരിത്രപാഠങ്ങളെ വിശകലനം ചെയ്തും വ്യാഖ്യാനിച്ചും നിഗമന രൂപീകരണം നടത്തുന്നതിന് മുന്‍ധാരണകളില്ലാത്ത കലര്‍പ്പറ്റ നിരീക്ഷണവും പക്ഷം പിടിക്കാത്ത ഹൃദയവിശാലതയും, മാനവികതയുടെ ഉന്നതചിന്തകളും അനിവാര്യമാണ്.  ഒരു പക്ഷം മാത്രം വെളിവാകുന്ന ജാതിക്കൂറും മതചിന്തയും ഭരണാധികാരിയോടുള്ള ഭക്തിയും ഭരണകൂടസ്തുതിയുമൊക്കെയാണ് രാജ്യസ്‌നേഹവും ദേശീയതയും എന്ന് മുദ്രകുത്തി - അത് മുന്‍നിര്‍ത്തി ചരിത്രവിശകലനം ചെയ്യുന്നവര്‍ക്ക് യഥാര്‍ത്ഥ ചരിത്ര പുരുഷന്മാരെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.  സ. കൃഷ്ണപിള്ളയെപ്പോലുള്ള യഥാര്‍ത്ഥ ചരിത്രവ്യക്തിത്വങ്ങള്‍ ചരിത്രത്തോടൊപ്പം നടന്ന്, ചരിത്രത്തെയും പിന്നിലാക്കി മുന്നേറികൊണ്ട് ചരിത്രഗതിയെ തന്നെ മാറ്റിമറിച്ച്, സ്വയം ചരിത്രമായ് മാറി പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു.