ണ്ടുവര്‍ഷം മുമ്പ് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെയാണ് ഭാവിയില്‍ താന്‍ കൈവരിക്കാന്‍ പോകുന്ന വിജയങ്ങളെപ്പറ്റി ഡൊണാള്‍ഡ് ട്രംപ് ഊറ്റംകൊണ്ടത്. 2016 ഫെബ്രുവരിയില്‍ സൗത്ത് കരോലൈനയിലായിരുന്നു ആ പ്രസംഗം. അന്ന് അദ്ദേഹം പറഞ്ഞു: ''നാം ജയിക്കാന്‍ പോവുകയാണ്. നാം ധാരാളം ജയങ്ങള്‍ നേടും. വ്യാപാരത്തില്‍ നാം ജയിക്കാന്‍ പോവുകയാണ്. അതിര്‍ത്തിയില്‍ നാം ജയിക്കാന്‍ പോവുകയാണ്. നാം ഒട്ടേറെ ജയങ്ങള്‍ നേടാന്‍ പോവുകയാണ്. ജയിച്ചുജയിച്ച് നിങ്ങള്‍ക്കു മടുക്കും. ജയങ്ങളാല്‍ നിങ്ങള്‍ അവശരാവും. നിങ്ങള്‍ എന്റെയടുത്തുവന്നു പറയും 'ദയവായി നിര്‍ത്തൂ, ഞങ്ങള്‍ക്ക് ഇത്രയധികം ജയം വേണ്ട' എന്ന്.''

സുപ്രീംകോടതി ജഡ്ജിയായുള്ള ബ്രെറ്റ് കവനോയുടെ സത്യപ്രതിജ്ഞയോടെ ട്രംപ് കൂടുതല്‍ കരുത്തനായിരിക്കുന്നു. അദ്ദേഹത്തിന്റെ ജയങ്ങളുടെ നീണ്ടനിരയില്‍ ഏറ്റവും ഒടുവിലത്തേതാണിത്. കോണ്‍ഗ്രസിനു മുമ്പില്‍ ക്രിസ്റ്റീന്‍ ബ്ലാസി ഫോഡ് നല്‍കിയ ധീരമായ മൊഴിക്കും കവനോയുടെ സ്ഥാനാരോഹണത്തെ തടയാനായില്ല. ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ടാമത്തെ ജഡ്ജിയായി അദ്ദേഹം സുപ്രീംകോടതിയില്‍ അവരോധിതനായി. 2016 ഫെബ്രുവരിയില്‍ അന്തരിച്ച ജഡ്ജി അന്റോനിന്‍ സ്‌കാലിയയുടെ പിന്‍ഗാമിയായി യാഥാസ്ഥിതികനായ നീല്‍ ഗോര്‍സച്ചിനെ കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് നിയമിച്ചിരുന്നു. കവനോയുടെ നിയമനത്തോളം പ്രക്ഷുബ്ധമായിരുന്നില്ല അത്. 

ലൈംഗികാതിക്രമങ്ങളും മദ്യപാനശീലവും ഏറെ ചര്‍ച്ചയായിട്ടും വനിതാവകാശപ്രവര്‍ത്തകര്‍ എതിര്‍പ്പുയര്‍ത്തിയിട്ടും കവനോയുടെ നിയമനത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയെടുക്കാന്‍ ട്രംപിനായി എന്നിടത്താണ് ആ നേട്ടം അമേരിക്കയുടെ ഭാവിയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നത്. ഗര്‍ഭച്ഛിദ്രം മുതല്‍ കുടിയേറ്റംവരെയുള്ള കാര്യങ്ങളില്‍ അന്തിമവിധി പറയേണ്ട ഒമ്പതു ജഡ്ജിമാരുള്ള സുപ്രീം കോടതിയില്‍ യാഥാസ്ഥിതികര്‍ക്ക് മേല്‍ക്കൈ കിട്ടുമെന്ന് കവനോയുടെ നിയമനത്തോടെ ട്രംപ് ഉറപ്പാക്കിയിരിക്കുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ആജീവനാന്തകാലത്തേക്കാണ് (അല്ലെങ്കില്‍ അവര്‍ രാജിവെക്കുകയോ, സ്വയം വിരമിക്കുകയോ, പുറത്താക്കപ്പെടുകയോ വേണം) എന്നതും അമ്പത്തിമൂന്നുകാരനായ കവനോയുടെ നിയമനത്തെ പ്രാധാന്യമുള്ളതാക്കുന്നു.

ഉയരുന്ന വിപണി, വളരുന്ന തൊഴില്‍ 

അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യമേറുന്നു. ഓഹരിവിപണി കരുത്തുറ്റ നിലയിലെത്തിനില്‍ക്കുന്നു. ഒന്നരവര്‍ഷത്തെ വ്യാപാര, വാക് യുദ്ധങ്ങള്‍ക്കിടെ സമ്പദ്വ്യവസ്ഥ വളര്‍ന്നു. തൊഴിലില്ലായ്മ 49 വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിലയിലെത്തി. ഏറ്റവുംപുതിയ സ്ഥിതിവിവരക്കണക്കനുസരിച്ച് 3.7 ശതമാനം തൊഴില്‍രഹിതരേ അമേരിക്കയിലുള്ളൂ. ഇതെല്ലാം ട്രംപ് തന്റെ അക്കൗണ്ടിലെഴുതുമ്പോള്‍ അതല്ല വാസ്തവം എന്ന വാദവുമുയരുന്നുണ്ട്. മുന്‍ഗാമി ബരാക് ഒബാമയുടെ സാമ്പത്തികനയങ്ങളുടെ ഫലമാണ് ട്രംപ് കൊയ്തു സ്വന്തമാക്കുന്നതെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്. ഇലിനോയി സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ ഒബാമ
തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു: ''സമ്പദ്രംഗം നല്ലനിലയിലാണെന്നു പറയുമ്പോള്‍, ഈ കയറ്റംതുടങ്ങിയത് എന്നാണെന്ന് നമുക്ക് ഓര്‍ക്കാം.'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

'ബഹിരാകാശവാഹനം പോലെ കുതിക്കുന്ന' സമ്പദ്വ്യവസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇടക്കാലതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് അദ്ദേഹം. ഈ തിരഞ്ഞെടുപ്പിനെ ട്രംപിന്റെ കുതിപ്പിന് തടയിടാനുള്ള ആയുധമായിക്കണ്ടു നീങ്ങുന്നു ഡെമോക്രാറ്റുകള്‍.

ഉത്തരകൊറിയയെ 'നേര്‍വഴി'ക്കെത്തിച്ച, ഇറാനെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കുന്ന, ചൈനയെയും റഷ്യയെയും യൂറോപ്യന്‍രാജ്യങ്ങളെയും മെരുക്കാന്‍ ശ്രമിക്കുന്ന ട്രംപിന് അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും സമ്മതിയേറെയാണ്. അല്ലാത്തവര്‍ക്ക് അദ്ദേഹം കൂടുതല്‍ അനഭിമതനായിമാറി എന്നാണ് അടുത്തിടെ വന്ന ഏട്ട് പ്രധാനസര്‍വേകള്‍ പറയുന്നത്. സര്‍വേകളില്‍ പങ്കെടുത്തവരില്‍ 45 ശതമാനത്തില്‍ത്താഴെപ്പേര്‍ക്കേ അദ്ദേഹത്തോട് മമതയുള്ളൂ. ഇടക്കാലതിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് മൂന്നാഴ്ചമാത്രമാണ് ബാക്കി. 

പിടിച്ചുകെട്ടുമോ?

നവംബര്‍ ആറിനാണ് പ്രസിഡന്റിനും രാജ്യത്തിനും നിര്‍ണായകമായ ഇടക്കാലതിരഞ്ഞെടുപ്പ്. അടുത്തരണ്ടുവര്‍ഷം യു.എസ്. രാഷ്ട്രീയം ഏതുദിശയില്‍ നീങ്ങണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. അന്ന് ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കും 39 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. സെനറ്റിലും ജനപ്രതിനിധിസഭയിലും ഇപ്പോഴുള്ള ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടമായാല്‍ ട്രംപിന് കടിഞ്ഞാണ്‍ വീഴും. ഇംപീച്ചമെന്റ് പോലും നേരിടേണ്ടിവന്നേക്കും. 

ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷമായ 218 സീറ്റുനേടാന്‍ ഡെമോക്രാറ്റുകള്‍ക്ക് ഇനിയും 25 സീറ്റുകൂടി വേണം. സെനറ്റിലെ നൂറു സീറ്റുകളില്‍ 51 എണ്ണവും റിപ്പബ്ലിക്കന്‍മാരുടെ ൈകയിലാണ്. ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടാന്‍ 76 ശതമാനം സാധ്യതയാണ് അഭിപ്രായസര്‍വേകള്‍ നടത്തുന്ന തേര്‍ട്ടിഫൈഫ്എയ്റ്റ് വെബ്സൈറ്റ് പറയുന്നത്. സെനറ്റിലെ സാധ്യത 60 ശതമാനവും. 

ഇതിനിടെയാണ് കഴിഞ്ഞയാഴ്ച 'യു.എസ്.എ. ടുഡേ' ദിനപത്രത്തില്‍ ട്രംപ് ലേഖനമെഴുതിയത്. മധ്യമാര്‍ഗം സ്വീകരിച്ചിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി മരിച്ചെന്നും ഇപ്പോഴുള്ളത് തീവ്രസോഷ്യലിസ്റ്റുകള്‍ നിറഞ്ഞ പാര്‍ട്ടിയാണെന്നും അദ്ദേഹം എഴുതി. അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ വെനെസ്വേലയുടേതുപോലെയാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണക്കളത്തില്‍ സജീവമാണ് ട്രംപ്. കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള ഭൂരിപക്ഷം നിലനിര്‍ത്തുക. അതാണ് ലക്ഷ്യം. എന്നാലേ ഇപ്പോഴത്തെപ്പോലെ തുടര്‍ന്നും 'ജയിച്ചു'കൊണ്ടിരിക്കാനാവൂ. 

ട്രംപ് പോയാലും അദ്ദേഹത്തിന്റെ 'ജയ'ങ്ങള്‍ തുടര്‍ന്നേക്കും. കാരണം, ട്രംപ് എന്ന വ്യക്തിയല്ല, അദ്ദേഹം നിലകൊള്ളുന്ന ആശയങ്ങളാണ് ജയിച്ചുകൊണ്ടിരിക്കുന്നത്. അത് അമേരിക്കയില്‍ മാത്രമല്ല, മറ്റിടങ്ങളിലും ജയിക്കുന്നുണ്ട്. യൂറോപ്പിലെ പലരാജ്യങ്ങളുടെയും വലതുപക്ഷ ആലിംഗനത്തിനും ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാംവട്ടത്തില്‍ ട്രംപിന്റെ അപരനെന്നവണ്ണം പെരുമാറുന്ന ജൈര്‍ ബൊല്‍സൊണാരോയുടെ വിജയത്തിലും പ്രതിഫലിക്കുന്നത് ഇതാണ്.