'ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല' മാത്തൂര്‍ പഞ്ചായത്ത്  ഭരണ സമിതി കഴിഞ്ഞ ആഴ്ച പാസാക്കിയ ഒരു പ്രമേയത്തിലെ വരികളാണിത്. പഞ്ചായത്തില്‍ സാര്‍, മാഡം വിളി നിരോധിച്ചുകൊണ്ടുള്ള പ്രമേയമായിരുന്നു ഇത്. വലിയ സ്വീകാര്യതയാണ് മാത്തൂര്‍ പഞ്ചായത്തിന്റെ ഈ തീരുമാനത്തിന് ലഭിച്ചത്. പല പഞ്ചായത്തുകളും ഇത് മാതൃകയാക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുമുണ്ട്.

ഇതിനിടയിലാണ് ഇത്തവണത്തെ അധ്യാപക ദിനത്തോടെ സമാനമായ ഒരു ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ അധ്യാപകരെ സാര്‍, മാഡം വിളിക്കുന്നത് അവസാനിപ്പിക്കണം. ഒരു വിഭാഗം അധ്യാപകരില്‍ നിന്ന് തന്നെയാണ് ഇത്തരമൊരു ചര്‍ച്ച ഉടലെടുത്തത് എന്നതാണ് ശ്രദ്ധേയം. 

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ കെ.പ്രദീഷ്, സാര്‍-മാഡം വിളികള്‍ വിലക്കാന്‍ ഉത്തരവിറക്കണമെന്ന ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പലിന് അപേക്ഷ  നല്‍കിയിരിക്കുകയാണ്. ഇതേ ആവശ്യം തന്നെയാണ് കോട്ടയം ബിസിഎം കോളേജിലെ ചരിത്ര വിഭാഗം തലവന്‍ ഡോ. അജീസ് ബെന്‍ മാത്യുവിനും. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അജീസ് ബെന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 

ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്കൊപ്പം അധ്യാപര്‍ക്കിടയില്‍ നിന്നുതന്നെ ഇരുവര്‍ക്കും വിമര്‍ശനവും അവഹേളനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇരുവരും നിര്‍ദേശങ്ങളുമായി മുന്നോട്ട് തന്നെയാണ്. സാര്‍, മാഡം വിളിയിലെ പ്രശ്‌നങ്ങളും പകരം എന്ത് വിളിക്കണമെന്നും വിദ്യാര്‍ഥികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളും മാതൃഭൂമി ഡോട്ട് കോമിലൂടെ പങ്കുവെക്കുകയാണ് കെ.പ്രദീഷും അജീസ് ബെന്‍ മാത്യുവും.

''വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും അറിഞ്ഞോ അറിയാതെയോ പ്രയോഗിക്കുന്ന അഭിസംബോധന പദങ്ങളാണ് സാര്‍, മാഡം വിളികള്‍. ബ്രീട്ടീഷ് ഭരണകാലത്തെ പദപ്രയോഗമാണ് ഈ വിളി. ബ്രിട്ടീഷ് ഭരണകാലത്ത് ജനങ്ങള്‍ പ്രജയായിരുന്നു. പ്രജകള്‍ക്ക് ഭരണത്തിലിടപെടാനുള്ള അവകാശമില്ല. ഭരണാധികാരികളുടെ ഔദാര്യമായിരുന്നു പ്രജകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണോ വേണ്ടയോ എന്നത്. പ്രജയില്‍ നിന്ന് പൗരനിലേക്കുള്ള മാറ്റം പൂര്‍ത്തിയായിട്ട് ഇന്ന് 75 വര്‍ഷം പിന്നിടുന്നു. ഇന്ന് പൗരന് ഭരണത്തിലിടപെടാനുള്ള അവകാശമുണ്ട്. അവനാണ് ജനാധിപത്യത്തില്‍ പരമാധികാരി.  ജനത്തെ സേവിക്കാനായി ചുമതലപ്പെടുത്തിയ സര്‍ക്കാരിന്റെ ജീവനക്കാരായ അധ്യാപകരെ സര്‍, മാഡം എന്നൊക്കെ വിളിക്കേണ്ടി വരുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്കും ലിംഗനീതിക്കും എതിരാണ്. സാര്‍,മാഡം പദങ്ങള്‍ക്ക് പകരം സൗഹൃദ പദങ്ങളായ ടീച്ചര്‍ എന്നോ അധ്യാപകരുടെ ഔദ്യോഗിക സ്ഥാനപ്പേരോ  വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള മറ്റു പദങ്ങള്‍ക്കോ ഇടം നല്‍കണം'' കെ.പ്രദീഷ് കോളേജ് പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ പറയുന്നു...

പ്രദീഷ്
പ്രദീഷ്, പ്രിന്‍സിപ്പലിന് നല്‍കിയ പരാതി


കത്തിന് ലഭിച്ച പ്രതികരണം; പ്രദീഷ് പറയുന്നു....


കത്തില്‍ കോളേജ് പ്രിന്‍സിപ്പലില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. കോളേജ് കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടില്ല. അതിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. സാര്‍,മാഡം വിളി ഒഴിവാക്കി പകരം ടീച്ചര്‍ എന്നോ അധ്യാപകരുടെ സ്ഥാനപേരുകളോ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ യോജിക്കുന്ന മറ്റു സൗഹാര്‍ദ ഭാഷകളോ ഉപയോഗിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിനെ വളച്ചൊടിച്ചു. അധ്യാപകരെ ഞാന്‍ പേര് വിളിക്കണമെന്ന് പറഞ്ഞതായി പ്രചരിപ്പിച്ചു. അത് ചര്‍ച്ചയുടെ മൂല്യത്തെ ബാധിച്ചു. പേര് വിളിച്ചാല്‍ എന്താണ് പ്രശ്‌നമെന്നത് മറ്റൊരു കാര്യമാണ്.

ബഹുഭൂരിപക്ഷം അധ്യാപകരും എതിര്‍ത്തു

എന്റെ നിര്‍ദേശത്തെ പലരും അനുകൂലിച്ചു. എന്നാല്‍ ബഹുഭൂരിപക്ഷം അധ്യാപകരും എതിര്‍ക്കുകയാണ് ഉണ്ടായത്. ഭാരതീയ സംസ്‌കാരം എന്നൊക്കെയാണ് എതിര്‍ക്കുന്ന ചിലര്‍ പറയുന്നത്.സാര്‍, മാഡം വിളി ഒഴിവാക്കിയാല്‍ വിദ്യാര്‍ഥികള്‍ തങ്ങളെ പോടാ, വാടാ എന്നൊക്കെ വിളിക്കുമെന്നാണ് ചില അധ്യാപകര്‍ ധരിച്ചുവെച്ചിരിക്കുന്നത്.

മറ്റേത് ജോലിയും പോലെ തന്നെ അധ്യാപക ജോലിയും

 എല്ലാ ജോലിക്കും മഹത്വമുണ്ടെന്ന് അധ്യാപകര്‍ പഠിപ്പിക്കും. ഇതേ ആളുകള്‍ സ്വന്തം കോളേജിലെ തൂപ്പുകാരനെ സാര്‍ എന്ന് വിളിക്കാന്‍ തയ്യാറാകില്ല. സാര്‍ എന്നത് വലിയ ബഹുമാനമുള്ള വിളിയാണെന്നാണ് പറയുന്നത്. അധ്യാപക ജോലി പോലെ തന്നെ മറ്റേത് ജോലിയും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. അവന്റെ സമ്പത്തും സമയവും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാറ്റിവെച്ച് അഹോരാത്രം പണിയെടുക്കുന്ന സമ്പ്രാദയമൊന്നും അല്ല നിലവിലുള്ളത്. അധ്യാപക ജോലി ഒരു പ്രൊഫഷന്‍ ആണ്. സര്‍ക്കാരില്‍ നിന്ന് പണവും മറ്റു ആനുകൂല്യങ്ങളും പറ്റി കൊണ്ട് തന്നെ ചെയ്യുന്ന ജോലി. 


അധ്യാപര്‍ക്ക് ലഭിക്കുന്ന ബഹുമാനം

സാര്‍, എന്നോ മാഡം എന്നോ വിളിക്കുന്നില്ലെങ്കില്‍ ഒന്നും നഷ്ടപ്പെടാനില്ല. ബഹുമാനം വാക്കില്‍ ഒതുങ്ങുന്നതല്ല. തങ്ങള്‍ക്കായി തയ്യാറെടുത്ത് വന്നിരിക്കുന്ന അധ്യാപകരെ വളരെ ശ്രദ്ധാപൂര്‍വ്വം വിദ്യാര്‍ഥികള്‍ കേള്‍ക്കുന്നത് ബഹുമാനം കൊണ്ടാണ്. സാര്‍, മാഡം വിളി ഇല്ലാതാകുന്നത് എന്തോ നഷ്ടപ്പെട്ടത് പോലെയാണ് ചില ഉദ്യോഗസ്ഥര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതൊരു ദുഷ്പ്രവണതയാണ്. ഇത്തരമൊരു ചര്‍ച്ച മുന്നോട്ട് വെക്കുമ്പോള്‍ അധ്യാപകരെ മച്ചാനെ അളിയാ എന്നൊക്കെ വിദ്യാര്‍ഥികള്‍ വിളിക്കുന്നതായുള്ള ചില ട്രോളുകള്‍ കണ്ടു. അതെല്ലാം വിഷയത്തിന്റെ പ്രധാന്യം ഇല്ലാതാക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. 

വ്യക്തിപരമായ വിമര്‍ശനങ്ങള്‍ നേരിട്ടു

പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്നാണ് ചില അധ്യാപകര്‍ മാധ്യമ ചര്‍ച്ചകളില്‍ ഉന്നയിച്ച ആരോപണം. അധ്യാപകരെ പേര് വിളിക്കണമെന്നല്ല എന്റെ പരാതിയുടെ ഉദ്ദേശ്യം. സാര്‍, മാഡം വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എന്റെ പഞ്ചായത്തിലും ഒരു പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ക്ലാസിലേക്ക് വരുമ്പോള്‍ കുട്ടികളോട് എണീക്കരുതെന്ന് പറയാറുണ്ട്. അവര്‍ എണീക്കുമ്പോള്‍ എന്തിനാണ് നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല. എന്ത് പൗരബോധമാണ് അങ്ങനെ എണീച്ച് നില്‍ക്കുന്നതിലൂടെ വ്യക്തമാകുന്നത്. പല വിദേശ രാജ്യങ്ങളിലും സാര്‍, മാഡം വിളിയൊന്നുമില്ല. അങ്ങനെ വിളിച്ചാല്‍ കോളേജുകള്‍ പിഴയാണ്. അവിടുത്തെ വിദ്യാര്‍ഥികള്‍ക്കുമുണ്ട് അധ്യാപകരോട് ബഹുമാനം. അവര്‍ എടാ പോടാ വിളിച്ച് നടക്കുകയല്ല. എന്തൊക്കെ എതിര്‍വാദങ്ങളുണ്ടായാലും പ്രകോപനങ്ങളുണ്ടായാലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും.

ജനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നുള്ള പിന്തുണ

മാത്തൂര്‍ പഞ്ചായത്ത് ഇത്തരത്തിലൊരു തീരുമാനം എടുത്തപ്പോള്‍ ജനങ്ങളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. ഒരു അധികാരിക്ക് മുന്നിലല്ല താന്‍ നില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടാകും. അവരെ സേവിക്കാനുള്ളതാണ് ഉദ്യോഗസ്ഥര്‍. വിദ്യാര്‍ഥികളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

അജീസ് ബെന്‍ മാത്യു പറയുന്നു...

എല്ലാ അധ്യാപക ദിനത്തിലും പുരോഗമനപരമായ ഒരു തീരുമാനം ഞാന്‍ എടുക്കാറുണ്ട്. പരമാവധി നടപ്പാക്കാറുണ്ട്. ഇത്തവണ ആലോചിപ്പോള്‍ ലഭിച്ച പ്രായോഗികമെന്ന് തോന്നുന്ന വിഷയമാണിത്. കോളേജ് പ്രിന്‍സപ്പലില്‍ നിന്ന് ആലോചിച്ച ശേഷമാണ് ഞാന്‍ എന്റ നിര്‍ദേശം ഫെയ്‌സ്ബുക്കിലിട്ടത്. കോളേജില്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അധ്യാപക ഗ്രൂപ്പിലും ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.

കോളേജ് മാനേജ്‌മെന്റാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സഹപ്രവര്‍ത്തകരില്‍ നിന്നൊക്കെ നല്ല പിന്തുണയാണ് ലഭിക്കുന്നത്. അതേ സമയം തന്നെ പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. എന്റെ സുഹൃത്തുക്കളായ ചില അധ്യാപകര്‍ പറയുന്നത് സാര്‍ എന്നത് ബഹുമാനം അര്‍ഹിക്കുന്ന വിളിയാണ്. മറ്റു ജോലി പോലെ അല്ല അധ്യാപകരുടേത് എന്നൊക്കെയാണ് പറയുന്നത്. ഞാന്‍ തര്‍ക്കിക്കാനൊന്നും പോയില്ല. അവര്‍ക്ക് അവരുടെ അഭിപ്രായമാണ്. എനിക്ക് എന്റെ അഭിപ്രായമാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു.

എന്റെ കോളേജിലൊക്കെ യുവ അധ്യാപകരാണുള്ളത്. അവര്‍ക്കൊക്കെ സാര്‍, മാഡം വിളി ഒഴിവാക്കുന്നതില്‍ നല്ല താത്പര്യമുണ്ട്. വിദ്യാര്‍ഥികളില്‍ പിന്തുണ മികച്ച രീതിയിലാണ്. ആദ്യദിനത്തില്‍ അവര്‍ക്ക് മിസ്റ്റര്‍ അജീസ്  എന്നും പ്രൊഫസര്‍ അജീസെന്നും വിളിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ശരിയായി വരുന്നുണ്ട്.

അജീസ് ബെന്‍ മാത്യു
അജീസ് ബെന്‍ മാത്യു

അജീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധ്യാപക ദിനത്തില്‍ വളരെ ആലോചിച്ച് ഒരു തീരുമാനം എടുത്തിരുന്നു. സര്‍ എന്ന വിളി ഇനി കുട്ടികള്‍ക്ക് ഒഴിവാക്കാം. കൊളോണിയല്‍ ഭരണകാലത്ത് ഭരണവര്‍ഗത്തെ വിധേയത്വത്തോടെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പദമാണ് സര്‍ എന്നുള്ളത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ യഥാര്‍ത്ഥത്തില്‍ ജനസേവകരാണ്. യജമാനന്മാരല്ല. വിധേയത്വത്തില്‍ അടിസ്ഥാനപ്പെട്ടുള്ളതല്ല, അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം എന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ എന്റെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ സര്‍ എന്ന് വിളിക്കേണ്ടതില്ല. പകരം പേരിനൊപ്പം മിസ്റ്റര്‍ എന്നോ, ടീച്ചര്‍ എന്നോ ഔദ്യോഗിക സ്ഥാനപ്പേരോ മെന്റര്‍സ ഗൈഡ് തുടങ്ങി സൗകര്യപ്രദമായ മറ്റ് അഭിസംബോധനകളോ ശൈലികളോ തെരഞ്ഞെടുക്കാം. കൂടുതല്‍ ഊഷ്മളമായ അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്ക് ഇത്തരം മാറ്റങ്ങള്‍ കാരണമാകട്ടെ. ഇനി മുതല്‍ ഗുഡ്മോണിംഗ് സര്‍ എന്നല്ല, ഗുഡ്മോണിംഗ് മിസ്റ്റര്‍ അജീസ് എന്നാവാം.