ന്ന്‌ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സാമ്പത്തിക വിഷയമാണ്‌ വ്യാപാര യുദ്ധം. മറ്റ്‌ യുദ്ധങ്ങളിൽനിന്ന്‌ ഭിന്നമായി ഇതിന്റെ പ്രത്യേകത ഈ യുദ്ധത്തിൽ ആർക്കും വിജയിക്കാൻ കഴിയില്ലെന്നതാണ്‌. തോൽക്കുന്നത്‌ ജനങ്ങൾ മാത്രം. സാമ്പത്തിക മുരടിപ്പ്‌, തൊഴിലില്ലായ്മ, വിലക്കയറ്റം, കറൻസികളുടെ മൂല്യശോഷണം, ഓഹരി സൂചികകളുടെ തകർച്ച എന്നിവയാണ്‌ ഈ  യുദ്ധത്തിന്റെ അനന്തരഫലങ്ങൾ. ഇന്ന്‌ നടക്കുന്ന വ്യാപാര യുദ്ധത്തിന്റെ കാരണങ്ങളിലേക്കും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കും ഒരെത്തിനോട്ടം നടത്തുന്നതിനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.

യുദ്ധത്തിന്റെ തുടക്കം

trump

അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഡൊണാൾഡ്‌ ട്രംപ്‌ അമേരിക്കൻ ജനതയ്ക്ക്‌ രണ്ട്‌ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഒന്ന്‌ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, രണ്ട്‌ അമേരിക്കയുടെ ചെലവിൽ ആരെയും തഴച്ചുവളരാൻ അനുവദിക്കില്ല. ഏതൊക്കെ രാജ്യങ്ങളുമായിട്ടാണോ അമേരിക്കയ്ക്ക്‌ വ്യാപാര കമ്മിയുള്ളത്‌ അത്‌ പരിഹരിക്കപ്പെടും. ഈ വാഗ്ദാനങ്ങളാണ്‌ ഇറക്കുമതി തീരുവ ചുമത്തി ഇറക്കുമതി കുറച്ച്‌ ആഭ്യന്തര ഉത്‌പാദനം കൂട്ടി, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ട്രംപിന്‌ പ്രേരണ നൽകിയിട്ടുള്ളത്‌.

2017-ൽ അമേരിക്കയ്ക്ക്‌ ചൈനയുമായി 37,500 കോടി ഡോളറിന്റെയും യൂറോപ്യൻ യൂണിയനുമായി 15,100 കോടി ഡോളറിന്റെയും മെക്സിക്കോയുമായി 6,360 കോടി ഡോളറിന്റെയും ജപ്പാനുമായി 5,550 കോടി ഡോളറിന്റെയും ഇന്ത്യയുമായി 2,300 കോടി ഡോളറിന്റെയും വ്യാപാരക്കമ്മിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയുടെ മൊത്തം വ്യാപാരക്കമ്മി 56,603 കോടി ഡോളറിന്റേതായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ അമേരിക്ക ഇറക്കുമതി തീരുവ ഏകപക്ഷീയമായി കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്‌.

അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകൾക്കും വാഷിങ്‌ മെഷീനുകൾക്കും 2018 ജനുവരി 28-ന്‌ യഥാക്രമം 30 ശതമാനവും 20 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തി അമേരിക്ക വ്യാപാര യുദ്ധത്തിന്‌ തുടക്കമിട്ടെങ്കിലും യഥാർത്ഥ വെടി പൊട്ടിച്ചത്‌ മാർച്ച്‌ ഒമ്പതിന്‌ സ്റ്റീലിനും അലുമിനിയത്തിനും യഥാക്രമം 25 ശതമാനവും 10 ശതമാനവും തീരുവ ചുമത്തിക്കൊണ്ടാണ്‌. തുടർന്ന്‌, ചൈനയും യൂറോപ്യൻ യൂണിയനും മെക്സിക്കോയും കാനഡയും തുർക്കിയും അമേരിക്കൻ ഉത്‌പന്നങ്ങൾക്കുമേൽ ഇറക്കുമതി ചുങ്കം ചുമത്തി തിരിച്ചടിച്ചു. പിന്നീട്‌ ഇന്ത്യയും ഇവർക്കൊപ്പം വന്നെങ്കിലും അമേരിക്കയുമായി അനുരഞ്ജന സംഭാഷണം നടക്കുന്നതിനാൽ നവംബർ ആദ്യം വരെ തീരുമാനം നീട്ടിവച്ചിരിക്കുന്നു. അമേരിക്ക ഏകപക്ഷീയമായി ചുങ്കം ചുമത്തിക്കൊണ്ടിരിക്കുന്നത്‌ ലോക വാണിജ്യ നിയമങ്ങളുടെ ലംഘനമാണെന്നാണ്‌ എല്ലാവരുടെയും നിലപാട്‌. അമേരിക്ക യൂറോപ്യൻ യൂണിയൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി അനുരഞ്ജന സംഭാഷണം നടത്തിയിട്ടുണ്ട്‌. യൂറോപ്യൻ യൂണിയനുമായുള്ള അമേരിക്കയുടെ ചർച്ചയിൽ പരസ്പരം ചുമത്തിയ തീരുവകൾ കുറയ്ക്കുന്നതിന്‌ നടപടികളെടുക്കാമെന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌.

യഥാർത്ഥ യുദ്ധം  അമേരിക്കയും ചൈനയും തമ്മിൽ

us-china

ഇപ്പോൾ യഥാർത്ഥ വ്യാപാര യുദ്ധം നടക്കുന്നത്‌ അമേരിക്കയും ചൈനയും തമ്മിലാണ്‌. കഴിഞ്ഞ വർഷം ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി 37,500 കോടി ഡോളറിന്റേതായിരുന്നു. ഇത്‌ അമേരിക്കക്കാർക്ക്‌ തൊഴിലവസരം കുറയ്ക്കുന്നുവെന്നാണ്‌ ട്രംപ്‌ പറയുന്നത്‌. ചൈന  അവരുടെ വ്യാപാര മിച്ചം കുറയ്ക്കുക, അമേരിക്കൻ കമ്പനികളുടെ ചൈനീസ്‌ കമ്പോളങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, അമേരിക്കയുടെ സാങ്കേതിക വിദ്യയും ഭൗതിക സ്വത്തും തന്ത്രപരമായി സ്വായത്തമാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, ഹൈടെക്‌ വ്യവസായങ്ങളുടെ സബ്‌സിഡികൾ ചൈന കുറയ്ക്കുക, അമേരിക്കയിലേക്കുള്ള കയറ്റുമതി കൂട്ടാൻ വേണ്ടി യുവാന്റെ മൂല്യം കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക എന്നിവയാണ്‌ ട്രംപ്‌ മുന്നോട്ടു വച്ച ആവശ്യങ്ങൾ.

എന്നാൽ, ചൈന ഇതിനോട്‌ ഒരു തണുപ്പൻ സമീപനമാണ്‌ കൈക്കൊണ്ടത്‌. അതിന്റെ ഫലമായി ഒന്നാംഘട്ടത്തിൽ 5,000 കോടി ഡോളറിന്റെ ചൈനീസ്‌ ഉത്‌പന്നങ്ങൾക്കുമേൽ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി അമേരിക്ക നിലപാട്‌ കടുപ്പിച്ചു. അമേരിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന അത്രയും മൂല്യമുള്ള ഉത്‌പന്നങ്ങൾക്ക്‌ തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്നതും നടപ്പിലാക്കാത്തതുമായ 20,000 കോടി ഡോളറിന്റെ ചൈനീസ്‌ ഉത്‌പന്നങ്ങൾക്കുമേൽ അമേരിക്ക ഇക്കഴിഞ്ഞ 18-ന്‌ 10 ശതമാനം തീരുവ ചുമത്തി യുദ്ധത്തിന്റെ ശക്തി കൂട്ടി. 

ഇതിന്‌ ചൈനീസ്‌ ഭാഗത്തുനിന്ന്‌ തിരിച്ചടി ഉണ്ടാകുകയാണെങ്കിൽ 26,700 കോടി ഡോളറിന്റെ ചൈനീസ്‌ ഉത്‌പന്നങ്ങൾക്കുമേൽ നികുതി ചുമത്തുമെന്നു കൂടി അമേരിക്ക മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. എന്നാൽ, ചൈന 20 മണിക്കൂറിനുള്ളിൽ 6,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്‌പന്നങ്ങൾക്കുമേൽ അഞ്ചു മുതൽ 10 ശതമാനം വരെ തീരുവ ചുമത്തി തങ്ങൾ പിന്നോട്ടില്ലെന്ന നിലപാട്‌ സ്വീകരിച്ചിരിക്കുന്നു. ഇതുവരെയായി അമേരിക്ക 25,000 കോടി ഡോളറിന്റെ ചൈനീസ്‌ ഉത്‌പന്നങ്ങൾക്കുമേൽ നികുതി ചുമത്തിയപ്പോൾ ചൈന 11,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്‌പന്നങ്ങൾക്കുമേലാണ്‌ നികുതി ചുമത്തിയിരിക്കുന്നത്‌. ഇത്‌ എന്ന്‌ അവസാനിക്കുമെന്ന്‌ ഇപ്പോൾ പറയാൻ പ്രയാസമാണ്‌.

വാണിജ്യ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ

trump
image courtesy:medium

വ്യാപാര യുദ്ധം ആഗോളതലത്തിൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. യൂറോപ്യൻ കമ്മിഷൻ യൂറോ മേഖലകളുടെ നടപ്പുവർഷത്തെ വളർച്ചാ അനുമാനത്തിൽ കുറവു വരുത്തിയിരിക്കുന്നു. ലോകമാകെയുള്ള ഓഹരി കമ്പോളങ്ങളിലെ സൂചികകൾ കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്‌. 

വ്യാപാര യുദ്ധം കയറ്റുമതി ഉത്‌പന്നങ്ങൾക്ക്‌ ഊന്നൽ നൽകുന്ന ചൈനീസ്‌ പ്രവിശ്യകളിലെ വ്യവസായങ്ങളെ സമ്മർദത്തിലാക്കിയിരിക്കുന്നു. പുതിയ തീരുവകൂടി ചുമത്തിയതോടെ ചൈനയിൽ ഏഴു ലക്ഷം തൊഴിലുകൾ ഇല്ലാതാകുമെന്നാണ്‌ ജെ.പി. മോർഗൻ പറയുന്നത്‌. ഗുവാങ്‌ സോങ്‌ പ്രവിശ്യയിലെ വ്യവസായശാലകൾ തൊഴിലാളികളുടെ എണ്ണത്തിൽ 4.5 ശതമാനത്തിന്റെ കുറവ്‌ വരുത്തിയിരിക്കുന്നു. അവിടത്തെ നിർമിത വ്യവസായങ്ങൾക്ക്‌ വേണ്ടത്ര ഓർഡർ ലഭിക്കുന്നില്ല. പ്രാദേശിക ഭരണകൂടങ്ങൾ ഇളവുകൾ പ്രഖ്യാപിച്ച്‌ സ്ഥാപനങ്ങളെ നിലനിർത്താൻ നോക്കുകയാണ്‌. പല ചൈനീസ്‌ സാമ്പത്തിക വിദഗ്ദ്ധരും ഇത്‌ ചൈനയ്ക്ക്‌ ക്ഷീണമുണ്ടാക്കുമെന്ന പക്ഷത്താണ്‌. സമ്പദ്‌ഘടനയിൽ പിരിമുറുക്കം ഉണ്ടാക്കുന്നതിനും കോർപ്പറേറ്റ്‌ കടമെടുപ്പ്‌ ചെലവ്‌ ഉയരുന്നതിനും കാരണമാകുമെന്ന്‌ അഭിപ്രായപ്പെടുന്നു. മുതൽമുടക്കിനെ പ്രതികൂലമായി ബാധിക്കും.

അമേരിക്കയിലെ സ്ഥിതിയും ഭിന്നമല്ല. അവിടെ കാർഷിക -  ക്ഷീരമേഖലകളിൽ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ട്രംപ്‌ കർഷകർക്ക്‌ 1,200 കോടി ഡോളറിന്റെ സഹായമാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. വൻകിട അമേരിക്കൻ സ്ഥാപനങ്ങളായ മൈക്രോസോഫ്‌റ്റ്‌, ആമസോൺ, വാൾമാർട്ട്‌ തുടങ്ങിയവ തീരുവയ്ക്കെതിരേ ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നു. നെറ്റ്‌ ടെക്നോളജി ഉത്‌പന്നങ്ങൾ, മറ്റ്‌ ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായശാലകളിലെ ആയിരക്കണക്കിനു പേർക്ക്‌ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്‌. തീരുവകൾ ഉത്‌പാദനച്ചെലവ്‌ കൂട്ടുമെന്ന്‌ അവർ പറയുന്നു.

ചൈന മാറണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അവരുടെ കമ്പോളത്തിലെത്താനുള്ള മാർഗം ഇതല്ല. ഇറക്കുമതി ചുങ്കം കൂട്ടുന്നത്‌ ഉപഭോക്താക്കളെയും വ്യവസായികളെയും മാത്രമല്ല അനുരഞ്ജനത്തിന്റെയും ദീർഘകാല പ്രശ്നപരിഹാരത്തിന്റെയും സാധ്യതകളെയാണ്‌ ഇല്ലാതാക്കുന്നത്‌.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റെ തീവ്രത കുറവാണെങ്കിലും അവരുമായുള്ള വ്യാപാര മിച്ചം പകുതികണ്ടു കുറയ്ക്കണമെന്നാണ്‌ അവരുടെ ആവശ്യം. അതിനായി ഇന്ത്യ അമേരിക്കയിൽനിന്ന്‌ കൂടുതലായി ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരത്തെയും രൂപയുടെ വിനിമയ നിരക്കിനെയും പ്രതികൂലമായി ബാധിക്കും. എണ്ണ ഇറക്കുമതിയിലെ അധികച്ചെലവ്‌ കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യ കൂടുതൽ സമ്മർദത്തിലാവും. വിലകൾ ഉയരും, ഡിമാൻഡിൽ ഇടിവുണ്ടാകും. വ്യവസായങ്ങളുടെ ലാഭം കുറയും, നിക്ഷേപ സാദ്ധ്യതകൾക്ക്‌ മങ്ങലേൽക്കും. അത്‌ രാജ്യത്തെ മാന്ദ്യത്തിലേക്ക്‌ തള്ളിവിട്ടേക്കാം.

വ്യാപാര യുദ്ധം എന്ത്‌ ?

trade war
image courtesy:rediff

ആഭ്യന്തര വിപണിയെ സംരക്ഷിക്കാനായി വ്യാപാര നയം ഉപയോഗപ്പെടുത്തി രാജ്യങ്ങൾ അന്യോന്യം ശിക്ഷിക്കുന്നതിനെയാണ്‌ വ്യാപാര യുദ്ധമെന്നു പറയുന്നത്‌. മറ്റു രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്ത ഉത്‌പന്നങ്ങൾക്കുമേൽ ഇറക്കുമതി തീരുവ ചുമത്തിയും കയറ്റുമതിക്ക്‌ സബ്‌സിഡികൾ അനുവദിച്ചുമാണ്‌ രാഷ്ട്രങ്ങൾ തങ്ങളുടെ രാജ്യത്തിന്‌ സാമ്പത്തിക സംരക്ഷണം നൽകുന്നത്‌. 

താരിഫുകൾ, നികുതികൾ, സബ്‌സിഡികൾ, നിയന്ത്രണങ്ങൾ, ക്വാട്ടകൾ എന്നിവയാണ്‌ വ്യാപാര യുദ്ധത്തിലെ ആയുധങ്ങൾ. സാധാരണ രാജ്യങ്ങൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ അവർ ലോക വ്യാപാര സംഘടനയെയാണ്‌ പ്രശ്നപരിഹാരങ്ങൾക്കായി സമീപിക്കുക. എന്നാൽ, ഇപ്പോഴത്തെ വ്യാപാര യുദ്ധത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയാതെ ഒരു നോക്കുകുത്തിയായി മാറിയിരിക്കുകയാണ്‌ ലോക വ്യാപാര സംഘടന.

(സംസ്ഥാന ആസൂത്രണ ബോർഡ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)