മൂന്നരപ്പതിറ്റാണ്ട് നീണ്ട വൈരം അവസാനിപ്പിച്ച് കോൺഗ്രസും തെലുങ്ക് ദേശം പാർട്ടിയും കൈകോര്‍ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുക എന്ന ഉദ്ദ്യേശ്യമാണ് ഈ ഒത്തുചേരലിന് പിന്നിലെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ.ചന്ദ്രബാബു നായിഡു പറയുന്നത്. ടിഡിപി കോൺഗ്രസിനൊപ്പം കൈകോർത്ത് നീങ്ങാൻ തീരുമാനിച്ചതോടെ വിശാലപ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നു. 

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച്ച നടത്തിയതും പിന്നാലെ സഖ്യ പ്രഖ്യാപനം ഉണ്ടായതും. മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭ, ലോക് സഭാ തിരഞ്ഞെടുപ്പുകളിൽ ആന്ധ്രയിലും തെലങ്കാനയിലും ടിഡിപി കോൺഗ്രസ്സുമായി ചേർന്ന് മത്സരിക്കാനാണ് താല്പര്യം എന്ന് നായിഡു രാഹുലിനെ അറിയിക്കുകയായിരുന്നു.  

ഇന്ത്യയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ...

ഈ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് തീരുമാനമെന്നാണ്  ചന്ദ്രബാബു നായിഡു അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോരാട്ടമല്ല, ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടമാണ് സഖ്യത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

എൻഡിഎയുടെ ഭാഗമായിരുന്ന ടിഡിപി കഴിഞ്ഞ മാർച്ചിലാണ് ആ സഖ്യം ഉപേക്ഷിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് ചന്ദ്രബാബു നായിഡു എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചത്.

ബിജെപിക്ക് പകരം ഞങ്ങളുണ്ട്

chandrababu naidu

ബിജെപിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് വിശാലപ്രതിപക്ഷം എന്ന് ചന്ദ്രബാബു നായിഡു പറയുന്നു. എല്ലാത്തിനെയും നശിപ്പിക്കുന്ന മനോഭാവമാണ് കേന്ദ്രസർക്കാരിന്റേത്. അത് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. ഇനിയും അവരുടെ താളത്തിന് തുള്ളാൻ താനില്ലെന്ന് പ്രഖ്യാപിച്ചാണ് എൻഡിഎ സഖ്യം വിട്ടതെന്നും ചന്ദ്രബാബു നായിഡു പറയുന്നു.

വിശാലപ്രതിപക്ഷ സഖ്യത്തിന് ചൂണ്ടിക്കാട്ടാൻ ശക്തനായ ഒരു നേതാവ് പോലുമില്ലെന്ന് പരിഹസിക്കുന്ന എൻഡിഎയോട് നായിഡുവിന്റെ ചോദ്യം നരേന്ദ്രമോദിയല്ലാതെ ഉയർത്തിക്കാട്ടാൻ ഏത് മുഖമാണ് നിങ്ങൾക്കുള്ളത് എന്നാണ്. 

അന്ന് ശത്രു, ഇന്ന് മിത്രം

കുറച്ച് മാസങ്ങൾക്ക് മുമ്പാണെങ്കിൽ കോൺഗ്രസിനൊപ്പം ടിഡിപി സഖ്യം ചേരുന്നു എന്ന് കേട്ടാൽ ഏപ്രിൽ ഫൂൾ എന്ന് കരുതി ചിരിച്ചുതള്ളുമായിരുന്നു രാഷ്ട്രീയവൃത്തങ്ങൾ. കാരണം, കോണ്‍ഗ്രസ് വൈരത്തില്‍ നിന്ന്‌ രൂപം കൊണ്ട പാർട്ടിയാണ് ടിഡിപി.

രാഷ്ട്രീയത്തിൽ സ്ഥിരവൈരം ആർക്കും ആരോടുമില്ല എന്ന തത്വമൊക്കെ പറയാമെങ്കിലും ടിഡിപി -കോൺഗ്രസ് സഖ്യത്തെ തൊണ്ട തൊടാതെ വിഴുങ്ങാൻ കോൺഗ്രസിലെ തന്നെ പലർക്കും കഴിഞ്ഞിട്ടില്ല. ഈ കൈകോർക്കലിന് ആന്ധ്രയിലെ കോൺഗ്രസ് നേതൃത്വം ചുവപ്പ് കൊടി കാണിച്ചുകഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ദേശീയനേതൃത്വത്തിൽ ഒന്നിച്ചുനിന്നാലും സംസ്ഥാനതലത്തിൽ അത് പ്രാവർത്തികമാക്കേണ്ട കാര്യമില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ആന്ധ്രയിൽ കോൺഗ്രസിന്റെ  ചുമതലയുള്ള ഉമ്മൻചാണ്ടി ഇക്കാര്യം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തെന്നാണ് വിവരം.

ഇന്നലെ വരെ ശത്രുസ്ഥാനത്തായിരുന്ന പാർട്ടിയെ ഇന്ന് മുതൽ മിത്രമാക്കാനുള്ള തീരുമാനം ആന്ധ്രയിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വം രാഹുൽ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. എന്തായാലും തെലങ്കാന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം കാര്യങ്ങൾ വിലയിരുത്തി അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

ആന്ധ്രയിൽ വേരറ്റ നിലയിലാണ് കോൺഗ്രസ്. ഏറ്റവും താഴേത്തട്ടിൽ നിന്ന് മുതൽ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തി പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ. ആ ഘട്ടത്തിൽ ബദ്ധവൈരികളായ ടിഡിപിയുമായി ചേരുന്നത് ഗുണം ചെയ്യില്ലെന്ന്‌ സംസ്ഥാനനേതൃത്വം വിലയിരുത്തുന്നു. സഖ്യം ചേരണമെങ്കിൽ അത് വൈ.എസ്ആര്‍ കോൺ്ഗ്രസുമായി ആയിക്കൂടേ എന്ന നിർദേശവും സംസ്ഥാനനേതൃത്വം മുന്നോട്ട് വയ്ക്കുന്നുണ്ട്. 


നായിഡു; കൗശലങ്ങളുടെ നയതന്ത്രജ്ഞൻ

നാൽപത് വർഷത്തെ രാഷ്ട്രീയജിവിതത്തിൽ ചന്ദ്രബാബു നായിഡു എടുത്ത ഏറ്റവും നാടകീയ തീരുമാനം എന്നാണ് കോൺ്ഗ്രസുമായുള്ള സഖ്യത്തെ രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്. എല്ലാക്കാലത്തും ടിഡിപിയുടെ ബദ്ധവൈരിയായിരുന്നു കോണ്‍ഗ്രസ്‌. തെലങ്കാന വിഭജനത്തോടെ ഒരിക്കലും ചേർന്നുപോകാത്ത വിധമുള്ള ശത്രുതയായി അത് വളരുകയും ചെയ്തിരുന്നു. 

ബിജെപിയുമായി സഖ്യം ചേരാൻ മുമ്പെടുത്ത നിലപാടുകളടക്കം നായിഡുവിന്റെ തീരുമാനങ്ങളെല്ലാം ഞെട്ടിക്കുന്നത് തന്നെയായിരുന്നു. എന്നിട്ടും ഇതുപോലൊരു തീരുമാനം ആരും പ്രതീക്ഷിച്ചതേയില്ല.  തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ എന്ന പേരിൽ 1982ലാണ് നടനും രാഷ്ട്രീയനേതാവുമായ എൻടിരാമറാവു തെലുങ്ക് ദേശം പാർട്ടി രൂപീകരിച്ചത്. രൂപം കൊണ്ട് ഒമ്പതു മാസത്തിനുള്ളിൽ ആന്ധ്രപ്രദേശിൽ കോൺഗ്രസിന്റെ പതനവും ടിഡിപി ഉറപ്പ് വരുത്തി. അതേ കോണ്‍ഗ്രസുമായാണ് അദ്ദേഹത്തിന്റെ മരുമകൻ സഖ്യം ചേർന്നിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പാര്‍ട്ടി രൂപം കൊള്ളുമ്പോൾ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് പാളയത്തിലായിരുന്നു. 

യൂത്ത് കോൺഗ്രസിനൊപ്പമാണ് നായിഡു രാഷ്ട്രീയപ്രവേശം നടത്തിയത്. റായലസീമയിലെ ചിറ്റൂർ ആയിരുന്നു നായിഡുവിന്റെ തട്ടകം. 1878ൽ തന്റെ 28ാമത്തെ വയസ്സിലാണ് ചന്ദ്രഗിരിയിൽ നിന്ന് അവിഭക്ത ആന്ധ്രാ നിയമസഭയിലേക്കുള്ള നായിഡുവിന്റെ കന്നിപ്രവേശം. അക്കാലത്ത് തന്നെ എൻടി രാമറാവുവുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ നായിഡുവിന് കഴിഞ്ഞു. നാല് വർഷത്തിനുള്ളിൽ രാമറാവുവിന്റെ മകൾ ഭുവനേശ്വരിയെ നായിഡു വിവാഹം ചെയ്തു. 

1983ലെ തിരഞ്ഞെടുപ്പിൽ നായിഡു പരാജയപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ടിഡിപിയുടെ നട്ടെല്ലായി നായിഡു നിലകൊണ്ടു. 1995ൽ രാമറാവു വീണ്ടും അധികാരത്തിലെത്തി. പക്ഷേ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പാര്‍ട്ടി കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി രാമറാവുവിനെതിരെ നായിഡു രംഗത്ത് വന്നു. ഭാര്യാപിതാവിനെതിരേ അങ്ങനെ പടനയിച്ച ചരിത്രമാണ് നായിഡുവിനുള്ളത്.

പിന്നീടങ്ങോട്ട് ചന്ദ്രബാബു നായിഡുവിനെ ദേശീയതലത്തിലേക്ക് വളർന്ന നേതാവായാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിയത്. 1996-98 കാലത്ത് യുണൈറ്റഡ് ഫ്രണ്ടിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. 1999 മുതൽ 2004 വരെയുള്ള വാജ്പേയി മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുകയും ചെയ്തു ടിഡിപി. 

ആന്ധ്രാവിഭജനവും തിരിച്ചുപോക്കും

chandrababu naidu

ആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിച്ച യുപിഎ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവും ടിഡിപിയും എൻഡിഎയിലേക്ക് വീണ്ടും ചേക്കേറിയത്. സംസ്ഥാന വിഭജനം നടത്തിയ കോൺഗ്രസിനെ മതിയായ പാഠം പഠിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രതിജ്ഞ. 

എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ടിഡിപി തെലങ്കാനയിലെ ഒരു സീറ്റ് ഉൾപ്പടെ 16 സീറ്റുകളിൽ വിജയം കൊയ്തു. അതോടെ മോദി ചന്ദ്രബാബു നായിഡുവിനെ കിംഗ് മേക്കർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
സഖ്യകക്ഷികളെ അനുനയിപ്പിച്ചുനിർത്തുന്നതിൽ പ്രധാനഘടകമായും ചന്ദ്രബാബു നായിഡു പ്രവർത്തിച്ചു. 

എൻഡിഎയുമായി തെറ്റിപ്പിരിയുന്നു

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യത്തോട് കേന്ദ്രസർക്കാർ അനുകൂല മനോഭാവം പുലർത്താതെ വന്നതോടെയാണ് ചന്ദ്രബാബു നായിഡു സഖ്യം വിടാൻ തീരുമാനിച്ചത്. വൈ.എസ്.ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള മോദിയുടെ നീക്കവും ചന്ദ്രബാബു നായിഡുവിനെ പ്രകോപിപ്പിച്ചു. ആന്ധ്രയിലെ ജനങ്ങളെ മോദി വഞ്ചിച്ചുവെന്ന് ആവർത്തിച്ചു പറഞ്ഞായിരുന്നു എൻഡിഎയിൽ നിന്നുള്ള നായിഡുവിന്റെ ഇറങ്ങിപ്പോക്ക്.

ലക്ഷ്യമെന്ത്?

എൻഡിഎയുമായി തെറ്റിപ്പിരിഞ്ഞ നായിഡുവിന്റെ അടുത്തനീക്കമെന്ത് എന്ന ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് തെലങ്കാനയിൽ കോൺഗ്രസുമായി കൈകോർക്കുമെന്ന പ്രഖ്യാപനം വന്നത്. തെലങ്കാനയിൽ ടിഡിപി നാമാവശേഷമായ അവസ്ഥയാണ്. അതിൽ നിന്ന് കരകയറ്റി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് നായിഡുവിന്റെ ലക്ഷ്യം. 

ആന്ധ്രയിൽ കോൺഗ്രസ് തറപറ്റിയതോടെ വൈഎസ്ആർ കോൺഗ്രസ് ആണ് ഇപ്പോൾ ടിഡിപിയുടെ മുഖ്യശത്രു. എങ്ങനെയും ആ ശത്രുവിനെ മെരുക്കിയേ പറ്റൂ. അതുകൊണ്ടാണ് ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുക എന്ന ആപ്തവാക്യം ടിഡിപി സ്വീകരിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡുവിനെക്കാൾ ജനപിന്തുണ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കാണെന്ന്‌ സർവ്വേഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രാവിഭജനം ആയുധമാക്കി ജനങ്ങളെ കൂടെ നിർത്തിയ നായിഡുവിന് നിലവിലെ സാഹചര്യം പ്രതികൂലമാണ് എന്നാണ് സൂചന. അത് എൻഡിഎയുമായി തെറ്റിപ്പിരിഞ്ഞതുകൊണ്ടല്ല, ആന്ധ്രയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്. ഒരു താൽക്കാലിക നിയമസഭാ മന്ദിരമല്ലാതെ ഒന്നും ആന്ധ്രയിൽ നിർമ്മിക്കാൻ നായിഡു ഭരണത്തിന് കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ കോൺഗ്രസുമായുള്ള ബാന്ധവം നായിഡുവിന് പിടിച്ചുനിൽക്കാനുള്ള അവസാന കച്ചിത്തുറുവാണ്. 

ബദ്ധവൈരികളായ രണ്ട് പാര്‍ട്ടിയുടെ നേതാക്കള്‍ കൈകോര്‍ത്താലും പ്രവര്‍ത്തകരും ജനവും അത് അംഗീകരിക്കുമോ എന്നൊക്കെ കണ്ടത് തന്നെ അറിയേണ്ടതാണ്‌.