ധാർകേസിലെ വിധിയിൽ ജസ്റ്റിസ്‌ സിക്രി എഴുതി: ‘വിദ്യാഭ്യാസം നമ്മെ ചൂണ്ടടയാളത്തിൽനിന്ന്‌ കൈയൊപ്പിൽ എത്തിച്ചു. ഇന്ന്‌ പക്ഷേ, സാങ്കേതികവിദ്യ നമ്മെ കൈയൊപ്പിൽനിന്നും തിരിച്ച്‌ ചൂണ്ടടയാളത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നീതിന്യായ പരിശോധനയ്ക്ക്‌ വിധേയമാക്കുമ്പോൾ, സ്വതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ പരികല്പനകൾ അനാവരണം ചെയ്യപ്പെടും'. ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ന്യൂനപക്ഷവിധിയിൽ തികച്ചും ‘റാഡിക്കൽ’ എന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം സ്വാതന്ത്ര്യവാഞ്ഛ കാണാം. സ്വകാര്യതയ്ക്കും സ്വച്ഛന്ദതയ്ക്കും വേണ്ടിയുള്ള അവകാശങ്ങളുടെ പേരിൽ ഓരോ പൗരനും ഭരണകൂടത്തിന്റെ അധീശത്വത്തിനെതിരേ ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയുമ്പോഴാണ്‌ ജനാധിപത്യം വികസിതവും സുരഭിലവുമായിത്തീരുക. വൈയക്തികമായ ഈ സ്വാതന്ത്ര്യവാഞ്ഛയ്ക്ക്‌ ആധുനിക ഡിജിറ്റൽ കാലഘട്ടത്തിൽ പ്രസക്തിയേറുകയാണ്‌. 

യുവാൽ നോഹ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പേര്‌ 21-ാം നൂറ്റാണ്ടിനായി 21 പാഠങ്ങൾ (21 lessons for the 21st Century) എന്നതാണ്‌. വ്യവസായവിപ്ളവാനന്തരം മനുഷ്യൻ പോരാടിയത്‌  ചൂഷണത്തിനെതിരായിട്ടായിരുന്നെങ്കിലും ഇപ്പോൾ ഓരോ വ്യക്തിയും പോരാടുന്നത്‌ സ്വന്തം അപ്രസക്തിക്ക്‌ (irrelevance) എതിരായിട്ടാണെന്ന്‌ ഹരാരി നിരീക്ഷിക്കുന്നു. സംഗീതവും ചിത്രമെഴുത്തും തൊട്ട്‌ െവെദ്യവൃത്തിയും അധ്യാപനവുംവരെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ സാധിക്കുമ്പോൾ നാം മറ്റൊരു ലോകത്തെത്തിയതായി ഹരാരി വ്യക്തമാക്കുന്നു-ഡിജിറ്റൽ ഡിക്ടേറ്റർഷിപ്പിന്റെ, അതെ, സാങ്കേതിക സ്വേച്ഛാധിപത്യത്തിന്റെ ലോകത്ത്‌. ആധാർ കേസിൽ ഭരണകൂടവും ഒപ്പം യഥാർഥഭരണകർത്താക്കളായ കോർപ്പറേറ്റുകളും എങ്ങനെ ഈ ‘ഭരണകൂടഭീകരത’യ്ക്ക്‌ കളമൊരുക്കി എന്ന വിഷയമായിരുന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ മുമ്പാകെ വിശദീകരിക്കപ്പെട്ടത്‌.

വിധിയെ വിലയിരുത്തുമ്പോൾ

ആധാർപദ്ധതിയും 2016-ലെ ആധാർനിയമവും ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയനുസരിച്ച്‌ പൊതുവേ സാധൂകരിക്കപ്പെട്ടു. പൗരന്റെ സമ്മതമില്ലാതെ ഭരണകൂടത്തിന്‌ അവനിൽനിന്ന്‌ അഥവാ അവളിൽനിന്ന്‌ വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനും കൈമാറാനും അധികാരമുണ്ടോ എന്ന ചോദ്യത്തിന്‌ ‘ഇല്ല’ എന്ന്‌ ഏകകണ്ഠമായി ന്യായാധിപർ വിധി പറഞ്ഞിരുന്നെങ്കിൽ, ഭരണഘടനയുടെ കാവൽക്കാരൻ (Guardian of the Constitution) എന്ന നിലയ്ക്കുള്ള സുപ്രീംകോടതിയുടെ പ്രതിച്ഛായ വാനോളം ഉയരുമായിരുന്നു. 97 ശതമാനത്തിനുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ സ്വകാര്യതാവാദമുന്നയിക്കുന്ന മൂന്ന്‌ ശതമാനക്കാർക്കുവേണ്ടി ഒഴിവാക്കപ്പെടേണ്ടതില്ല എന്ന ഭൂരിപക്ഷവിധിയിലെ നിലപാട്‌ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഒരു ശരിയായ ചിത്രമല്ല നൽകുന്നത്‌. 

സ്വാതന്ത്ര്യത്തിന്റെ വില എണ്ണം നോക്കിയല്ല തീരുമാനിക്കപ്പെടേണ്ടത്‌. ചാൾസ്‌ ഫ്രഡിനെ പോലുള്ള ചിന്തകർ പറയുംപോലെ, സ്വാതന്ത്ര്യം ഒരു വൈയക്തികമായ സ്വഭാവവും സിദ്ധിവിശേഷവും നേട്ടവുമാണ്‌. വ്യക്തിയെ തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു സ്വാതന്ത്ര്യസിദ്ധാന്തവും നിലനിൽക്കില്ല. പാർശ്വവത്‌കൃതജനതയ്ക്ക്‌ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിന്‌ ആധാർ നിർബന്ധമാക്കേണ്ടതുണ്ടോ എന്നത്‌ ഒരു നിയമപ്രശ്നം എന്നതിലുപരി, ഭരണപരമായ പ്രശ്നമാണ്‌. ഇത്തരം ന്യായീകരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആധാർ സമ്പൂർണമായും അസാധുവാക്കണമെന്ന വാദം ഭൂരിപക്ഷ ബെഞ്ച്‌ നിരാകരിച്ചത്‌. അത്‌ നിർഭാഗ്യകരമായിപ്പോയി. 

ചില സമാശ്വാസങ്ങൾ

ശരിയാണ്‌ ചില സമാശ്വാസങ്ങൾ വിധിയിലുണ്ട്‌. 2016-ലെ മൂലനിയമത്തിലെ പൈശാചികമായ ചില വ്യവസ്ഥകൾ റദ്ദാക്കാനോ നിർവീര്യമാക്കാനോ സുപ്രീംകോടതി തയ്യാറായി എന്നത്‌ വിധിയിലെ പ്രകാശരേഖകൾ ആണ്‌. ഭരണകൂടത്തിനെതിനെന്നതുപോലെ മറ്റേതൊരു സംവിധാനത്തിനും (ബോഡി കോർപ്പറേറ്റ്‌) പൗരനിൽനിന്നും ശേഖരിച്ച ‘ആധാർ വിവരങ്ങൾ’ കൈമാറാമെന്ന്‌ പറയുന്ന 57-ാം വകുപ്പ്‌ റദ്ദാക്കപ്പെട്ടത്‌ നിയമപരമായി മാത്രമല്ല, രാഷ്‌ട്രീയമായിപ്പോലും വലിയ നേട്ടമാണ്‌. 
ദേശീയ സുരക്ഷിതത്വത്തിന്റെ ന്യായം പറഞ്ഞ്‌ സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്താനും കൈകാര്യം ചെയ്യാനും ഭരണകൂടത്തെ അനുവദിക്കുന്ന 33(2) വകുപ്പ്‌ റദ്ദാക്കപ്പെട്ടതും ഒരു ജനതയുടെ രാഷ്‌ട്രീയവിജയം തന്നെയാണ്‌. വിവരം ചോരുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ഉണ്ടായാൽ ഓരോ വ്യക്തിക്കും നിയമനടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്ന്‌ വ്യക്തമാക്കിയ കോടതി, ആധാർ അധികൃതരിൽ മാത്രം അത്തരം അധികാരം നിക്ഷേപിച്ച നിയമത്തിലെ 47-ാം വകുപ്പിനെ ശരിയായ രീതിയിൽ ‘മാറ്റിയെഴുതുക’യായിരുന്നു.

ദൈനംദിന ജീവിതത്തിലും ഒട്ടേറെ ആശ്വാസകരമായ തീരുമാനങ്ങൾ ഭൂരിപക്ഷവിധിയിൽ ഉണ്ടായി. സ്കൂൾ പ്രവേശനംതൊട്ട്‌ മൊബൈൽ കണക്‌ഷനും ബാങ്ക്‌ അക്കൗണ്ടുകളും വരെയുള്ള സകലകാര്യങ്ങൾക്കും ആധാർ വേണമെന്നു ശഠിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ആരോഗ്യകരമായ ചില വ്യതിയാനങ്ങൾ ഈ വിധിയിലൂടെ ഉണ്ടാകും. അനാവശ്യമായും അനവസരത്തിലും ആധാർ വിവരങ്ങൾ ചോദിക്കുന്ന അധികാരികൾക്കെതിരേ പൗരന്മാർക്ക്‌ പ്രയോഗിക്കാവുന്ന ഒരായുധമായി  ചില ഘട്ടങ്ങളിലെങ്കിലും ഈ വിധി ഉപകരിച്ചേക്കും.

എന്നാൽ,ആധാർ പദ്ധതിയിൽ സ്വകാര്യതാലംഘനം ഇല്ലെന്നും പണബിൽ (മണിബിൽ) എന്ന നിലയിൽ ആധാർ നിയമം കൊണ്ടുവന്നതിൽ തെറ്റില്ലെന്നുമുള്ള ഭൂരിപക്ഷ നിലപാട്‌ അത്യധികം നിരാശാജനകമാണ്‌.  മറിച്ചുള്ള ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ നിലപാടിനാണ്‌ ഭരണഘടനാ തത്ത്വങ്ങളുടെയും സ്വാതന്ത്ര്യസങ്കല്പങ്ങളുടെയും പിൻബലം ഏറെയുള്ളത്‌. ഭൂരിപക്ഷവിധിയുടെ ഏറ്റവും പ്രതിലോമകരമായ ഉള്ളടക്കവും ഇപ്പറഞ്ഞതുതന്നെയായിരിക്കും. 
സാങ്കേതികവിദ്യ പൗരസ്വാതന്ത്ര്യത്തിനുമേൽ കൂടുതൽ വലിയ ഭീഷണികളുയർത്തുന്ന വരുംകാലങ്ങളിൽ ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ വിധിക്ക്‌ മാറ്റുകൂട്ടും. പരമോന്നത ന്യായാസനങ്ങളിലെ വിയോജിപ്പുകൾ നിയമത്തിന്റെ ആന്തരികോർജത്തോടുള്ള  അഭിസംബോധനയാണെന്നും ഭാവിയിലെ തിരുത്തലുകൾക്കുള്ള ആഹ്വാനമാണെന്നും ചീഫ്‌ ജസ്റ്റിസ്‌ ഹ്യൂഗ്‌സ്‌  സൂചിപ്പിച്ചത്‌ വെറുതേയല്ല.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)