മ്പതുകളിലും അറുപതുകളിലും ഏഷ്യയില്‍ ഏറ്റവും ഊര്‍ജസ്വലമായി ജനാധിപത്യം നിലകൊണ്ടിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക. എന്നാല്‍, അതേ ജനാധിപത്യത്തെ അത്യന്തം നിഷ്ഫലമാക്കുന്ന കാര്യങ്ങളാണ് ഇന്നവിടെ അരങ്ങേറുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലൂടെ കൃത്യമായ ഇടവേളകളില്‍ ആ രാജ്യത്ത് സര്‍ക്കാരുകള്‍ മാറിക്കൊണ്ടിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന് ഏറ്റവും ആവശ്യമായ മാധ്യമസ്വാതന്ത്യ്രം, ജുഡീഷ്യല്‍ സ്വാതന്ത്ര്യം, സ്വതന്ത്ര തിരഞ്ഞെടുപ്പുകള്‍, സജീവമായ തൊഴിലാളി-വിദ്യാര്‍ഥി സംഘടനകള്‍ എന്നിവ ശ്രീലങ്കയില്‍ നിലനിന്നിരുന്നു. എന്നാല്‍, ഇവയൊക്കെയും ഇന്ന് ഭൂതകാലത്തിന്റെ ഓര്‍മകള്‍ മാത്രമായി മറഞ്ഞിരിക്കുന്നു.

ജനാധിപത്യം താറുമാറാകുന്നു

1971-ല്‍ ജനതാ വിമുക്തി പെരുമുനയുടെ (ജെ.വി.പി.) നേതൃത്വത്തില്‍ നടന്ന സായുധ കലാപത്തെത്തുടര്‍ന്നാണ് ശ്രീലങ്കയില്‍ ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അത് ആറുവര്‍ഷം നീണ്ടു. ഒട്ടേറെ വിദ്യാര്‍ഥികളും രാഷ്ട്രീയ നേതാക്കളും വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു. 1980-കളുടെ തുടക്കത്തില്‍ വംശീയകലാപങ്ങള്‍ കൂടി ഉടലെടുത്തതോടെ തമിഴ് വംശജര്‍ കൂടുതലായുള്ള വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കൂടി അടിയന്തരാവസ്ഥയ്ക്ക് കീഴില്‍ വന്നു. ഭരണഘടനയും ജനാധിപത്യസ്ഥാപനങ്ങളും അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി. വംശീയഹത്യകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചത് ജനാധിപത്യവാഴ്ചയെ തകര്‍ക്കുകയും ലോകത്തെ തന്നെ ഏറ്റവും കുപ്രസിദ്ധ കുരുതിക്കളങ്ങളിലൊന്നെന്ന അപഖ്യാതി ശ്രീലങ്കയ്ക്ക് വീണുകിട്ടുകയും ചെയ്തു.

ഇന്ത്യയുടെ കൈത്താങ്ങും ശ്രീലങ്കയുടെ കാലുമാറ്റവും

2009 മേയിലാണ് തമിഴ് പുലികളുടെ സമ്പൂര്‍ണ പതനം സംഭവിക്കുന്നത്. ലോകത്തെത്തന്നെ ഏറ്റവും ക്രൂരമായ ഭീകരസംഘടനയെന്ന് അക്കാലത്ത് കുപ്രസിദ്ധമായ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തെ (എല്‍.ടി.ടി.ഇ.) അടിച്ചമര്‍ത്താന്‍ കഴിഞ്ഞത് അന്നത്തെ പ്രസിഡന്റായിരുന്ന രാജപക്‌സെയുടെ നേട്ടമായിരുന്നു. ഇക്കാര്യത്തില്‍ നേരിട്ടുള്ള സൈനികസഹായം നല്‍കിയിരുന്നില്ലെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് സുപ്രധാനമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. അതിലെല്ലാമുപരി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാരോപിച്ച് ശ്രീലങ്കയ്ക്കുമേല്‍ കുറ്റം ചുമത്താന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ ശ്രീലങ്കയ്ക്കനുകൂലമായ അന്താരാഷ്ട്ര പിന്തുണ ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിച്ചു.

തമിഴരും സിംഹളരും തമ്മിലുള്ള കലാപത്തില്‍ വംശീയ അനുരഞ്ജനത്തിന് ശ്രമിക്കുമെന്നും തമിഴ് ഭൂരിപക്ഷ പ്രവിശ്യകളില്‍ അധികാരക്കൈമാറ്റം നടത്തുമെന്നുള്ള ശ്രീലങ്കയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. തമിഴ് വംശജരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍നിന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്നോട്ടുപോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആശങ്ക പങ്കുവെച്ചിരുന്നു. ഇന്ത്യയെ ഒതുക്കാനായി ചൈനയുമായി ശ്രീലങ്ക കൂടുതല്‍ അടുത്തതാണ് കൂട്ടത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യം.

സിരിസേനയെ പ്രസിഡന്റ് സ്ഥാനത്തെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച യുണൈറ്റഡ് നാഷണല്‍ സഖ്യത്തിന്റെ രൂപവത്കരണസമയത്ത് ഇന്ത്യ വലിയ പിന്തുണയാണ് നല്‍കിയത്. പരസ്പരം സംസാരിക്കാന്‍ പോലും തയ്യാറാകാത്തത്ര ശത്രുതയിലായിരുന്ന വിക്രമസിംഗെയും ചന്ദ്രിക കുമാരതുംഗെയും ഒറ്റ മുന്നണിയിലെത്തി. അതും ന്യൂനപക്ഷങ്ങളായ ശ്രീലങ്കന്‍ തമിഴരുടെയും മുസ്‌ലിങ്ങളുടെയും പിന്തുണയോടെ. പിന്നീട് യു. എന്‍.എഫിന്റെ പിന്തുണയില്‍ 2015-ല്‍ സിരിസേന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സഖ്യം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വിജയിക്കുകയും റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയാകുകയും ചെയ്തു. ഇന്ത്യ, യു.എസ്. എന്നീ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വിവിധ സംഘടനകള്‍ എന്നിവയ്ക്കും വിക്രമസിംഗെയുടെയും സിരിസേനയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംബന്ധിച്ച് ശുഭസൂചനയായിരുന്നു. ഭരണഘടനയുടെ 19-ാം ഭേദഗതി, വിവരാവകാശ നിയമം, സൈനികാധിനിവേശ ഭൂമി സാധാരണക്കാര്‍ക്ക് തിരികെ നല്‍കുക തുടങ്ങി ഈ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ നീക്കങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍, അധികാരക്കൈമാറ്റം, യുദ്ധക്കുറ്റങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ എന്നീ ഗൗരവതരമായ വിഷയങ്ങളിലേക്കെത്തിയപ്പോള്‍ സര്‍ക്കാര്‍ പതിയെ പിന്നോട്ടുവലിയുന്ന കാഴ്ചയാണ് കാണാനായത്.

രാജപക്‌സെയുടെ തിരക്കഥയും സിരിസേനയുടെ സംവിധാനവും

അപ്രതീക്ഷിത നീക്കങ്ങളുടെ വിളനിലമാണ് രാഷ്ട്രീയം. വിക്രമസിംഗെയെ അധികാരത്തില്‍നിന്ന് നീക്കാനായി സിരിസേനയും രാജപക്‌സെയും ചേര്‍ന്ന് കൃത്യമായി ചിത്രീകരിച്ച രാഷ്ട്രീയനാടകമാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ അരങ്ങേറുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കുകയും രാജപക്‌സെയെ അവരോധിക്കുകയും ചെയ്ത ഒക്ടോബര്‍ 26-ന് രാത്രിയിലെ അപ്രതീക്ഷിതനീക്കമാണ് ആ നാടകാന്തം. ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ ഭരണഘടനയുടെ 19-ാം ഭേദഗതിയെന്താണെന്ന് പറയേണ്ടതുണ്ട്. അധികാരത്തിലുള്ള പ്രധാനമന്ത്രി രാജി സമര്‍പ്പിക്കുക, അദ്ദേഹത്തിന് പാര്‍ലമെന്ററിലുള്ള ഭൂരിപക്ഷം നഷ്ടമാകുക, അതുമല്ലെങ്കില്‍ മരിക്കുക എന്നീ മൂന്ന് സാഹചര്യങ്ങളിലാണ് പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്റിനാകുകയെന്ന് 19-ാം ഭേദഗതിയില്‍ പറയുന്നു. 

വിക്രമസിംഗെയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നിഷേധിച്ച് നവംബര്‍ 16-വരെ പാര്‍ലമെന്റ് മരവിപ്പിക്കാനെടുത്ത സിരിസേനയുടെ തീരുമാനമാണ് അപമാനകരമായ മറ്റൊന്ന്. ഈ സമയത്തിനുള്ളില്‍ കഴിയുന്നത്ര എം.പി.മാരെ രാജപക്‌സെയ്ക്ക് അനുകൂലമാക്കുകയെന്നത് മുന്നില്‍ക്കണ്ടാണ് സിരിസേനയുടെ ഈ നീക്കമെന്നത് പകല്‍പോലെ വ്യക്തം. എത്ര ദുര്‍ബലമാണ് ശ്രീലങ്കയിലെ ജനാധിപത്യമെന്ന് അവിടത്തെ സര്‍ക്കാര്‍ മാധ്യമങ്ങളായ ലേക്ക് ഹൗസിന്റെയും രൂപ വാഹിനിയുടെയും റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

Read More: ശ്രീലങ്കന്‍ രാഷ്ട്രീയനാടകങ്ങള്‍ ഇന്ത്യക്ക് വെല്ലുവിളി ആകുമ്പോള്‍

നേട്ടം ചൈനയ്ക്ക്

ശ്രീലങ്കയില്‍ ജനാധിപത്യം സ്തംഭിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാന്‍സില്‍ നടന്ന സംഭവങ്ങളാണ് ഓര്‍മയിലേക്കെത്തുന്നത്. 1793 നവംബര്‍ എട്ടിന് ജേക്കോബിനുകളാല്‍ വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഫ്രഞ്ച് സാഹിത്യപ്രതിഭ മാരി ജീന്‍ റോളന്ദ് ഇങ്ങനെ പറഞ്ഞു: ''ഓ സ്വാതന്ത്ര്യമേ, നിന്റെ പേരില്‍ എന്തൊക്കെ കുറ്റങ്ങളാണ് ചെയ്തുകൂട്ടുന്നത്''.

ശ്രീലങ്കയിലെ നാടകീയ സംഭവവികാസങ്ങള്‍ ആ രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തിന്റെ പുരോഗതിക്ക് വിലങ്ങുതടിയാകുമെന്ന കാര്യം തീര്‍ച്ചയാണ്. അയല്‍രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി മെച്ചപ്പെട്ട സൗഹൃദം സ്ഥാപിക്കുകയെന്നതാണ് ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ചൈനയാണ്. രാജപക്‌സെ ചൈനീസ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ''യുദ്ധത്തിലേര്‍പ്പെടാതെ തന്നെ യുദ്ധം ജയിച്ചുവെന്ന'' പ്രശസ്ത നയതന്ത്ര ചിന്തകന്‍ സുന്‍ സൂവിന്റെ വാക്കുകള്‍ കടമെടുത്താണ് ചൈന ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്.


(മദ്രാസ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് സ്ഥാപക ഡയറക്ടറാണ് ലേഖകന്‍)