'നീ കഴുകനെപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്.'(ഒബാദിയ 1:4)

അങ്ങനെ അവസാനം ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിഷപ്പ് പീഡന പരാതിയില്‍ അറസ്റ്റിലാകുമ്പോള്‍ അതിന്റെ ബഹുമതി അവകാശപ്പെട്ടുകൊണ്ട് പലരും രംഗത്ത് വരാന്‍ ഇടയുണ്ട്. പക്ഷേ,രാജ്യത്തെ തന്നെ ഏറ്റവും ശക്തരായ സാമുദായിക നേതാക്കളിലൊരാളെ ഇരുമ്പഴികള്‍ക്ക് അരികില്‍ വരെയെത്തിച്ച സമരനായികയെ നമ്മള്‍ മറന്നുകൂടാ.ഫ്രാങ്കോയെ രക്ഷിക്കാന്‍ അവസാനം വരെ പലരും ശ്രമിച്ചപ്പോഴും ഉത്തരവാദിത്തപ്പെട്ട പലരും സുരക്ഷിതമായ മൗനം പാലിച്ചപ്പോഴും അവര്‍ തങ്ങളിലൊരാളുടെ നീതിക്കായി നിലകൊണ്ടു. കത്തോലിക്കസഭയേയും കേരളത്തെയും ഒരുപോലെ വിറപ്പിച്ച, ചരിത്രത്തില്‍ അധികം സമാനതകളില്ലാത്ത കന്യാസ്ത്രീ സമരത്തിന്റെ സമര നായിക, സിസ്റ്റര്‍ അനുപമ!

2016ലാണ് സിസ്റ്റര്‍ അനുപമ കുറവിലങ്ങാട് മഠത്തിലെത്തുന്നത്. അപ്പോള്‍ കുറ്റകൃത്യം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിരുന്നു. മഠത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട, സ്‌നേഹ ബഹുമാന പൂര്‍വം താന്‍ അമ്മയെന്ന് വിളിക്കുന്ന, ഇരയായ കന്യാസ്ത്രീയുടെ കൂടെ അന്ന് മുതല്‍ കരുത്തായി അനുപമയുണ്ടായിരുന്നു. സഭയും ബിഷപ്പിന്റെ കൂട്ടാളികളും ഇരയെ ആദ്യം നയപരമായും പിന്നീട് ഭീഷണിയുടെ രൂപത്തിലും നേരിടാന്‍ നോക്കിയപ്പോള്‍ തളര്‍ന്നു പോകാതെ അവരെ സംരക്ഷിച്ച് നിര്‍ത്തിയതില്‍ തീര്‍ച്ചയായും സിസ്റ്റര്‍ അനുപമയുടെയും മറ്റ് കന്യാസ്ത്രീകളുടെയും പങ്ക് വലുതായിരുന്നു.

sister anupama

കന്യാസ്ത്രീകളായ അവര്‍ ആദ്യം പരാതി നല്‍കിയത് സഭയ്ക്ക് തന്നെയായിരുന്നു. തങ്ങള്‍ വിശ്വസിക്കുന്ന സഭയുടെ സംവിധാനങ്ങളില്‍ പ്രതീക്ഷയോടെ അവര്‍ പരാതി നല്‍കി കാത്തിരുന്നു. നീതി ലഭിക്കില്ലെന്നുറപ്പായപ്പോള്‍ നിയമ വഴികളിലേക്ക് നീങ്ങി. അവിടെയും നീതി നിഷേധിക്കപ്പെടുകയാണെന്ന് തോന്നിയതോടെയാണ്‌ പോരാട്ടവുമായി തെരുവിലേക്കിറങ്ങാന്‍ സിസ്റ്റര്‍ അനുപമയും കൂട്ടരും നിര്‍ബന്ധിതരായത്. തങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് നീതി ലഭിക്കാന്‍ പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങാന്‍ സിസ്റ്റര്‍ അനുപമയും മറ്റ് കന്യാസ്ത്രീകളുമെടുത്ത തീരുമാനം കേരളത്തിന്റെ സമരങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരദ്ധ്യായത്തിന്റെ തുടക്കമായിരുന്നു.

അര്‍ഹതപ്പെട്ട നീതി പിടിച്ച് വാങ്ങാന്‍ തെരുവിലേക്കിറങ്ങുമ്പോള്‍ എത്ര വലിയ സമ്മര്‍ദ്ദങ്ങളിലൂടെയാകും സിസ്റ്റര്‍ അനുപമയും കൂട്ടരും കടന്നു പോയിട്ടുണ്ടാവുക? തങ്ങളുടെ സഭയ്‌ക്കെതിരെയാണ് ആ കര്‍ത്താവിന്റെ മണവാട്ടിമാര്‍ സമരം ചെയ്യാനിറങ്ങിയത്. അതിന്റെ പേരില്‍ എത്ര വലിയ ശിക്ഷയായിരിക്കും സഭ നല്‍കുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരിക്കില്ല. ഒപ്പം ക്ഷമയുടെയും സഹനത്തിന്റെയും പര്യായങ്ങളായി വിലയിരുത്തപ്പെടുന്ന കന്യാസ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ വിശ്വാസികള്‍ അടങ്ങുന്ന പൊതു സമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും വലുതായിരുന്നിരിക്കാം..

പക്ഷേ, അതൊന്നും നീതിക്കായി പോരാടാനുറച്ച ആ കന്യാസ്ത്രീകളെ തളര്‍ത്തിയില്ല. പിന്നീട് കേരളം കണ്ടത് പകരം വെക്കാനില്ലാത്ത സമര മുന്നേറ്റമായിരുന്നു. വര്‍ഷങ്ങളുടെ അനുഭവ പരിചയം ഉള്ള രാഷ്ട്രീയ നേതാക്കന്‍മാരെ പോലും തോല്‍പ്പിക്കുന്നത്ര മനോഹരമായി, പക്വമായി സിസ്റ്റര്‍ അനുപമയും കൂട്ടരും ആ സമരം നയിച്ചു. മുന്‍പരിചയങ്ങളില്ലാഞ്ഞിട്ടും കേരളത്തിലെ മാധ്യമങ്ങളുടെ ന്യസ് റൂമുകളില്‍ കയറിച്ചെന്ന് തങ്ങളുടെ അമ്മയ്ക്ക് വേണ്ടി സിസ്റ്റര്‍ അനുപമ സംസാരിക്കുന്നത് വിസ്മയത്തോടെ മലയാളികള്‍ കേട്ടിരുന്നു.

Nuns' protest

അവസാനം 13 ദിവസം പിന്നിട്ട കന്യാസ്ത്രീകളുടെ സമരം വിജയിച്ചിരിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്‌തെന്ന് പോലീസിന് ബോധ്യപ്പെട്ടു, അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോഴും പോരാട്ടം ജയിച്ച പോരാളിയുടെ ഭാവമായിരുന്നില്ല സിസ്റ്റര്‍ അനുപമയ്ക്ക്. പതിവ് ശൈലിയില്‍ പക്വത കൈവിടാതെ വൈകാരികത അതിരുകടക്കാതെ ശാന്തമായി അവര്‍ പ്രതികരിച്ചു.തങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞു. "എല്ലാവരോടും നന്ദിയുണ്ട്. ആരോടും ഞങ്ങള്‍ക്ക് പരാതിയില്ല. ഇത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള സമരമായിരുന്നില്ല. ഇനിയെങ്കിലും കുറ്റകരമായ മൗനം സഭയില്‍ നിന്ന് ഉണ്ടാകരുത്. സഭ മൗനം വെടിഞ്ഞില്ലെങ്കില്‍ പല കന്യാസ്ത്രീകള്‍ക്കും ഇതേ അനുഭവം ഉണ്ടായെന്ന് വരാം."ഇടറിയ ശബ്ദത്തില്‍  മുഖത്തെ ശാന്തത മായാതെ സിസ്റ്റര്‍ അനുപമ പറഞ്ഞു നിര്‍ത്തി. 

nuns

കേരളത്തിന്റെ സമരചരിത്രത്തില്‍ പുതി അധ്യായം എഴുതിച്ചേര്‍ത്ത ജനകീയ സമരം സഭയുടെ നവീകരണത്തിനും വഴിവയ്ക്കുമെന്ന പ്രതീക്ഷയും സിസ്റ്റര്‍ അനുപമ മറച്ചുവച്ചില്ല. ബിഷപ്പ് ഫാങ്കോ അറസ്റ്റിലാതോടെ സമരത്തിന് താല്‍ക്കാലിക വിരാമമായെന്ന് പറയുമ്പോഴും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ  കേസിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടായാല്‍ പൂര്‍വ്വാധികം ശക്തിയായി പ്രതിഷേധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഉറച്ച ശബ്ദത്തില്‍ സിസ്റ്റര്‍ അനുപമ അത് പറയുമ്പോള്‍ വാക്കുകളില്‍ തെളിയുന്നത് നിശ്ചയദാര്‍ഢ്യം പകര്‍ന്ന ആത്മവീര്യത്തില്‍ ഉദിച്ചുയര്‍ന്ന ഒരു പെണ്‍കരുത്തിനെയാണ്. തോല്‍ക്കാനാവില്ലെന്ന് മനസ്സിലുറപ്പിച്ച് പോരാട്ടത്തിനിറങ്ങിയ ആ കന്യാസ്ത്രീ കേരളസമൂഹത്തിന് സ്ത്രീശാക്തീകരണത്തിന്റെ വേറിട്ട മുഖം കൂടിയാവുകയാണ്.

 

content highlights: Bishop Franco Mulakkal, Nun's Protest, Sister Anupama