sardar vallabhbhai patel1947ന്റെ ആദ്യ പാതി ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകനാളുകളായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ അന്ത്യവും ഇന്ത്യാവിഭജനവും ഉണ്ടാവുമെന്ന്‌ ഉറപ്പായിരുന്നു എങ്കിലും ഒന്നോ, അതിലധികമോ വിഭജനങ്ങൾ നടക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ 1947-ന്റെ മധ്യത്തോടെ സ്റ്റേറ്റ്‌സ്‌ ഡിപ്പാർട്ട്‌മെന്റ്‌ നിലവിൽവന്നത്‌. വലിപ്പംകൊണ്ടും ജനസംഖ്യകൊണ്ടും ഭൂപ്രകൃതികൊണ്ടും ധനശേഷികൊണ്ടും മറ്റും വ്യത്യസ്ത തലങ്ങളിലായിരുന്ന 550 നാട്ടുരാജ്യങ്ങളുമായി ഇന്ത്യ ഏതുവിധത്തിലുള്ള ബന്ധം നിലനിർത്തണമെന്ന വിഷയം കൈകാര്യം ചെയ്യുക എന്നതായിരുന്നു ഈ വകുപ്പുകൊണ്ട്‌ ഉദ്ദേശിച്ചിരുന്നത്‌.

നാട്ടുരാജ്യങ്ങളെ സംബന്ധിച്ച പ്രശ്നം അത്രത്തോളം ഗൗരവമാർന്നതാണ്‌ എന്നും അത്‌ താങ്കൾക്കേ പരിഹരിക്കാൻ സാധിക്കൂ എന്നും ഒരു വ്യക്തിയോട്‌ മഹാത്മാഗാന്ധി നേരിട്ടുപറയുകയുണ്ടായി. സർദാർ വല്ലഭ്‌ഭായ്‌ പട്ടേൽ ആയിരുന്നു ആ വ്യക്തി. കുലീനമായ സർദാർ പട്ടേൽ ശൈലിയിൽ സൂക്ഷ്മതയോടും ദൃഢതയോടും ഭരണപാടവത്തോടുംകൂടി അദ്ദേഹം മുന്നോട്ടുനീങ്ങി. കുറഞ്ഞ സമയംകൊണ്ട്‌ ചെയ്തുതീർക്കാനുള്ളത്‌ ഏറെ കാര്യങ്ങൾ ആയിരുന്നു. പക്ഷേ, ചെയ്യുന്നത്‌ ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല; തന്റെ രാജ്യം പിന്നാക്കം പോകരുതെന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്ന സർദാർ 

പട്ടേലായിരുന്നു. നാട്ടുരാജ്യങ്ങൾ ഓരോന്നിനോടായി ചർച്ച നടത്തി, അവയൊക്കെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിത്തീരുന്നു എന്ന്‌ അദ്ദേഹവും ഒപ്പമുള്ളവരും ഉറപ്പുവരുത്തി. 

ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിൽ ഇരിക്കാൻ കാരണം സർദാർ പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവർത്തനമാണ്‌. സ്വാതന്ത്ര്യം ലഭിച്ചയുടൻ ഗവൺമെന്റ്‌ ജോലിയിൽനിന്ന്‌ വിരമിക്കാൻ താത്‌പര്യപ്പെട്ട വി.പി. മേനോനോട്‌ ഇത്‌ വിശ്രമിക്കാനോ വിരമിക്കാനോ ഉള്ള സമയമല്ല എന്ന്‌ സർദാർ പട്ടേൽ ഉപദേശിച്ചു. ഉറച്ച തീരുമാനമായിരുന്നു സർദാർ പട്ടേലിന്റേത്‌. വി.പി. മേനോനെ സ്റ്റേറ്റ്‌സ്‌ ഡിപ്പാർട്ട്‌മെന്റിന്റെ സെക്രട്ടറിയാക്കി. ‘ദ സ്റ്റോറി ഓഫ്‌ ദ ഇന്റഗ്രേഷൻ ഓഫ്‌ ഇന്ത്യൻ സ്റ്റേറ്റ്‌സ്‌’ എന്ന തന്റെ പുസ്തകത്തിൽ സർദാർ പട്ടേൽ എങ്ങനെ നേതൃത്വം നൽകി എന്നും ശുഷ്കാന്തിയോടെ പ്രവർത്തിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും എങ്ങനെ പ്രോത്സാഹനമേകി എന്നും വി.പി. മേനോൻ വിശദീകരിച്ചിട്ടുണ്ട്‌. ഏറ്റവും പ്രധാനം ഇന്ത്യൻ ജനതയുടെ താത്‌പര്യമാണെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ആയിരുന്നു സർദാർ പട്ടേലിന്റെ ഉറച്ച നിലപാടെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു. 

വിശ്വാസ്യതയുടെയും ആത്മാർഥതയുടെയും ആൾരൂപമായിരുന്നു അദ്ദേഹം. ഇന്ത്യൻ കർഷകർ അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചിരുന്നു. ബർദോളി സത്യാഗ്രഹം മുന്നിൽനിന്ന്‌ നയിച്ച കർഷകപുത്രനായിരുന്നു അദ്ദേഹം. അധ്വാനവർഗത്തെ സംബന്ധിച്ചിടത്തോളം തങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന പ്രതീക്ഷയുടെ വെളിച്ചം. 
ഈ വർഷത്തെ സർദാർ ജയന്തി സവിശേഷതയാർന്നതാണ്‌. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹങ്ങളോടെ ‘സ്റ്റാച്യു ഓഫ്‌ യൂണിറ്റി’ ഇന്ന്‌ ഉദ്‌ഘാടനം ചെയ്യപ്പെടുകയാണ്‌. നർമദാതീരത്തുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്‌. നമ്മെയെല്ലാം നയിക്കാനും നമുക്കെല്ലാം പ്രചോദനമേകാനുമായി ‘ഭൂമിപുത്ര’നായ സർദാർപട്ടേൽ ഉയരെ നില്ക്കും. 

സർദാർപട്ടേലിനുള്ള ശ്രദ്ധാഞ്ജലിയായ ഈ മഹാപ്രതിമ യാഥാർഥ്യമാക്കുന്നതിനായി രാപകലില്ലാതെ പ്രവർത്തിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ സ്വപ്നപദ്ധതിക്ക്‌ തറക്കല്ലിട്ട 2013 ഒക്ടോബർ 31-ലേക്ക്‌ എന്റെ ഓർമകൾ മടങ്ങിപ്പോവുകയാണ്‌. വളരെക്കുറഞ്ഞ കാലം കൊണ്ട്‌ ഇത്ര വലിയ ഒരു പദ്ധതി പൂർത്തീകരിക്കപ്പെട്ടു എന്നത്‌ ഓരോ ഇന്ത്യക്കാരനിലും അഭിമാനം സൃഷ്ടിക്കുന്നു. വരുംനാളുകളിൽ ‘സ്റ്റാച്യു ഓഫ്‌ യൂണിറ്റി’ സന്ദർശിക്കണമെന്ന്‌ നിങ്ങൾ ഓരോരുത്തരോടും ഞാൻ ആഹ്വാനം ചെയ്യുന്നു.

ഏകതാപ്രതിമ
 വിസ്തീർണം: 22,000 ചതുരശ്രമീറ്റർ
 ചെലവ്:2989 കോടി രൂപ
 രൂപകല്പന: രാം വി. സുത്തർ
 ജോലിക്കാർ‍: 2400
 പൂർത്തിയാക്കാൻഎടുത്ത സമയം: 5 വർഷം
പ്രതിമാനിർമാണത്തിലേക്ക് വേണ്ടതിൽ 50 ലക്ഷം കിലോ ഉരുക്ക് ‘ലോഹ കാമ്പയിൻ’ വഴി ഇന്ത്യയിലെ കർഷകരിൽനിന്ന് ശേഖരിച്ചതാണ്

ഉന്നതശീർഷൻ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സർദാർ വല്ലഭ്ഭായ് പട്ടേൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പകരം വെയ്ക്കാനാകാത്ത പ്രതിഭയാണ്. ഭിന്നിച്ചുകിടന്നിരുന്ന നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ഇടപെടലാണ്. 
 1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ നദിയാദിലാണ് വല്ലഭ്ഭായ് പട്ടേൽ ജനിച്ചത്. പിതാവ് ഝാവേർഭായ് പട്ടേൽ, മാതാവ് ലാഡ് ബാ. പതിനേഴാമത്തെ വയസ്സിൽ ഗാനാ ഗ്രാമത്തിൽനിന്നുള്ള ഝാവേർബായെ വിവാഹം കഴിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം നദിയാദിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസാകുന്നത്. അഭിഭാഷകനാകാൻ ആഗ്രഹിച്ച അദ്ദേഹം 36-ാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക്‌ പോകുകയും മിഡിൽ ടെമ്പിൾ ഇന്നിൽ ഉന്നതപഠനത്തിന് ചേരുകയും ചെയ്തു.

36 മാസത്തെ കോഴ്സ് വെറും 30 മാസംകൊണ്ട് അദ്ദേഹം പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം അഹമ്മദാബാദിൽ അഭിഭാഷകനായി പേരെടുത്തു. ഗാന്ധിജിയുടെ തത്ത്വങ്ങളിൽ ആകൃഷ്ടനായാണ് പട്ടേൽ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുന്നത്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് മൂന്നുലക്ഷത്തിലേറെ ആളുകളെ ചേർക്കാനും 15 ലക്ഷത്തിലേറെ രൂപയോളം സമാഹരിക്കാനും അദ്ദേഹത്തിനായി. ഗുജറാത്തിലെ ഖേദ, ബർദോളി എന്നിവിടങ്ങളിൽ ബ്രിട്ടീഷ് സർക്കാർ നികുതി വർധിപ്പിച്ചതിനെതിരേ കർഷകസമരങ്ങൾ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഇതോടെ ഗുജറാത്തിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി അദ്ദേഹം മാറി.

1920-ൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായ അദ്ദേഹം 1945-വരെ ആ പദവിയിൽ തുടർന്നു.
1923-ൽ ഇന്ത്യൻ പതാകയുയർത്തുന്നത് നിരോധിച്ച ബ്രിട്ടീഷ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സത്യാഗ്രഹം നടത്തിയ മഹാത്മാഗാന്ധി അറസ്റ്റിലായപ്പോൾ ഗാന്ധിജിക്ക്‌ പകരക്കാരനായി ആ സത്യാഗ്രഹം നയിച്ചത് വല്ലഭ്ഭായ് പട്ടേലാണ്. പട്ടേലിന്റെ സമരപാടവവും നേതൃഗുണവും തിരിച്ചറിഞ്ഞ മഹാത്മാഗാന്ധിയാണ് അദ്ദേഹത്തിന് സർദാർ എന്ന പേരുനൽകുന്നത്.

1931-ൽ കറാച്ചിയിൽ നടന്ന സമ്മേളനത്തിൽ സർദാർ പട്ടേൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1942-ലെ ക്വിറ്റ് ഇന്ത്യാസമരം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. എന്നാൽ, പ്രക്ഷോഭത്തിനുമുൻപ് ബ്രിട്ടീഷ് സർക്കാർ സർദാറിനെ അറസ്റ്റുചെയ്തു. പിന്നീട് 1945-ലാണ് അദ്ദേഹം ജയിൽമോചിതനാകുന്നത്. 1950 ഡിസംബർ 15-ന് ഹൃദയാഘാതത്തെത്തുടർന്ന് സർദാർ വല്ലഭ്ഭായ് പട്ടേൽ ഈ ലോകത്തോട് വിടപറഞ്ഞു. 1991-ൽ മരണാനന്തര ബഹുമതിയായി രാജ്യം അദ്ദേഹത്തിന് ഭാരതരത്ന നൽകി ആദരിച്ചു.

 

(തയ്യാറാക്കിയത് കൃഷ്ണപ്രിയ ടി ജോണി)