ബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ മൂന്നാം ദിനം കടന്നു പോവുന്നത് അതീവനാടകീയ രംഗങ്ങളോടെ. കോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് ഇന്നത്തെ ദിവസത്തെ മാറ്റി നിര്‍ത്തുന്നത്.

 ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സംഘര്‍ഷങ്ങള്‍ ആരംഭിച്ചിട്ട് മൂന്നു ദിവസമായിരിക്കുന്നു. കോടതിവിധി എങ്ങനെയും നടപ്പാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുകയെന്ന വെല്ലുവിളി സര്‍ക്കാര്‍ സധൈര്യം ഏറ്റെടുത്തത്. ദര്‍ശനത്തിനെത്തുന്ന യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. 

ആദ്യദിവസം ഊഴം ആന്ധ്ര സ്വദേശിനി മാധവിയുടേതായിരുന്നു. വല്ല വിധേനയും പമ്പ കടക്കാന്‍ മാധവിക്ക് ആയി. പക്ഷേ, പോലീസ് വേണ്ടവിധം സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണം തെളിയിച്ച് ഏറെ ദൂരം പിന്നിടാതെ മാധവിക്ക് മടങ്ങേണ്ടി വന്നു. ആചാര സംരക്ഷണ സമിതിയും ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരും കോണ്‍ഗ്രസും തന്ത്രികുടുംബവും ശബരിമല കര്‍മസമിതിയും എല്ലാം കൂടി നടത്തിയ പ്രതിഷേധ സമരങ്ങളും അറസ്റ്റും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളും എല്ലാമായി ഒന്നാം ദിവസം അവസാനിക്കുമ്പോഴേക്ക് ആകെത്തുകയായി കിട്ടിയത് നിരോധനാജ്ഞയ്ക്കുള്ള ഉത്തരവ്.

രണ്ടാം ദിവസം ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജന്‍ ആണ് മല കയറാനെത്തിയത്. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ വലിയ തടസ്സങ്ങളില്ലാതെ മല കയറി തുടങ്ങാന്‍ സുഹാസിനിക്ക് കഴിഞ്ഞു. പക്ഷേ, മരക്കൂട്ടത്തിനപ്പുറത്തേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. നേര്‍ക്ക് നേരെയുണ്ടായ അസഭ്യവര്‍ഷങ്ങളും പ്രതിഷേധ പ്രകടനങ്ങളും കയ്യേറ്റത്തിലേക്ക് വഴിവച്ചാലോ എന്ന് പേടിച്ച് തന്നെയാണ് പാതിവഴിയില്‍ യാത്ര മതിയാക്കി അവര്‍ തിരിച്ചിറങ്ങിയത്. പോലീസ് സംരക്ഷണം വേണ്ടവിധം സുഹാസിനിക്ക് ഉറപ്പാക്കിയില്ലെന്ന പരാതിയും ഇതിനൊപ്പം ശക്തമായി.

SABARIMALA PROTEST

മൂന്നാം ദിവസം പുലരുമ്പോഴേക്കും സ്ഥിതി മാറി. ആന്ധ്രയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ കവിതയെയും കൊച്ചിയില്‍ നിന്നുള്ള ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയെയും കനത്ത സുരക്ഷയില്‍ സന്നിധാനത്തേക്ക് എത്തിക്കാന്‍ പോലീസ് തീരുമാനിച്ചു. പോലീസ് വേഷത്തിലാണ് കവിത പോലീസുകാര്‍ക്കൊപ്പം മല കറിയതും. രഹ്നയാകട്ടെ ഇരുമുടിക്കെട്ടുമായി മലകറി. പോലീസുകാരാല്‍ തീര്‍ത്ത സുരക്ഷാവലയത്തില്‍ നടന്നുനീങ്ങിയ ഇരുവരും എല്ലാവിധ പ്രതിഷേധങ്ങളെയും മറികടന്ന് വലിയ നടപ്പന്തല്‍വരെ എത്തുകയും ചെയ്തു. 

നൂറ്റമ്പതോളം പോലീസുകാരാണ് യുവതികള്‍ക്ക് സുരക്ഷാവലയം തീര്‍ത്തത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. യുവതികള്‍ നടപ്പന്തലില്‍ എത്തിയതോടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയര്‍ത്തി പ്രതിഷേധവുമായി ഒട്ടേറെ ഭക്തര്‍ രംഗത്തെത്തി. ഐജി ശ്രീജിത്ത് ഭക്തരോട് അനുനയ ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

SABARIMALA

അതിനിടെ, യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ച് ശബരിമലയിലെ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുപ്പ് സമരം തുടങ്ങി. യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ പൂജ നിര്‍ത്തണമെന്നും നട അടച്ച് താക്കോല്‍ നല്‍കണമന്നും പന്തളം കൊട്ടാരത്തില്‍നിന്ന് നേരത്തെ നിര്‍ദേശം നല്കിയിരുന്നു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവരും വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് സംഭവങ്ങളില്‍ നാടകീയ വഴിത്തിരിവ് ഉണ്ടാകുന്നത്. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം പിറകെ വന്നു. തെലുങ്ക് ചാനലായ മോജോ ടിവിയുടെ റിപ്പോര്‍ട്ടറാണെന്ന് അവകാശപ്പെട്ട കവിതയുടെ കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും രഹ്ന ഫാത്തിമ വിശ്വാസിയല്ലെന്നും ഇരുവരും ആക്ടിവിസം തെളിയിക്കാനാണ് ശബരിമലയിലേക്ക് എത്തിയതെന്നും മന്ത്രി പറയുന്നു. കാര്യങ്ങളറിയാതെ സുരക്ഷ ഒരുക്കിയതില്‍ പോലീസിനെ ശാസിക്കുകയും ചെയ്തു.

സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനും സര്‍ക്കാരിനുമുണ്ട്. എന്നാല്‍,ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ ആവില്ല എന്ന് കടകംപള്ളി നിലപാട് വ്യക്തമാക്കി. എന്നാല്‍ രഹ്ന ഫാത്തിമ വിശ്വാസപൂര്‍വ്വമാണ് മല കയറാനെത്തിയതെന്ന് അവരുടെ പങ്കാളി വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റേത് ഇരട്ടത്താപ്പല്ലേ എന്ന സംശയവും ഉയര്‍ന്നു.

പ്രതിഷേധം കാരണമല്ല ആക്ടിവിസ്റ്റുകളായത് കൊണ്ട് മാത്രമാണ് കവിതയെയും രഹ്നയെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാവില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചത്. പതിനായിരക്കണക്കിന് പേര്‍ ശബരിമലയില്‍ എത്തുന്ന സാഹചര്യമുള്ളപ്പോള്‍ ആരാണ് വിശ്വാസി എന്നും ആരാണ് ആക്ടിവിസ്റ്റ് എന്നും തിരിച്ചറിയുകയൊന്നും അത്ര എളുപ്പമല്ല. കാലങ്ങളായി മലകയറി സന്നിധാനത്തെത്തുന്ന പുരുഷന്മാരില്‍ ഭക്തര്‍ മാത്രമല്ല ആക്ടിവിസ്റ്റുകളുമുണ്ടെന്ന സത്യമൊന്നും നിഷേധിക്കാനാവുന്നതുമല്ല. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനം മാറുന്നതിന്റെ സൂചന കൂടി രാവിലത്തെ കടകംപള്ളിയുടെ വാക്കുകളില്‍ കാണാം. റിവ്യൂ ഹര്‍ജിയുമായി ധാരാളം പേര്‍ കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും വിധിയില്‍ മാറ്റം വരികയാണെങ്കില്‍ സര്‍ക്കാര്‍ അതിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നുമാണ് കടകംപള്ളി പറഞ്ഞത്. ഇങ്ങനെയൊക്കെയുള്ള നീക്കങ്ങള്‍ കാണുമ്പോള്‍ സ്വാഭാവികമായും തോന്നുന്ന ഒരു സംശയം ചോദിക്കട്ടെ, ശരിക്കും സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

മല കയറാനെത്തുന്ന യുവതികള്‍ക്ക് വേണ്ട സംരക്ഷണം പോലീസ് നല്കിയില്ലെന്നായിരുന്നു ആദ്യദിവസത്തെ ആരോപണം. രണ്ടാം ദിവസവും ഇതില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. മൂന്നാം ദിവസമാകട്ടെ വലിയ നടപ്പന്തല്‍ വരെയെത്തിയപ്പോള്‍ മാത്രമാണ് യുവതികള്‍ ആക്ടിവിസ്റ്റുകളാണെന്നും സന്നിധാനത്തേക്ക് പ്രവേശിച്ചാല്‍ വലിയ കുഴപ്പമുണ്ടാകുമെന്നും സര്‍ക്കാരിന് ബോധോധയമുണ്ടായത്. അപ്പോള്‍പ്പിന്നെ ആര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്? മല കയറാനെത്തുന്ന യുവതികളുടെ പ്രായം ഐഡി കാര്‍ഡ് വച്ച് സ്ഥിരീകരിക്കുന്നത് പോലെ വിശ്വാസത്തിന്റെ തോത് പരിശോധിക്കാന്‍ എന്ത് അളവ് കോലാണ് മുന്നോട്ട് വയ്ക്കാനുദ്ദേശിക്കുന്നത്?

MARY SWEETY

ഏറ്റവും പുതിയ സംഭവവികാസം മേരി സ്വീറ്റി എന്ന സ്ത്രീ(ആക്ടിവിസ്റ്റ് അല്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു) മല കയറാനെത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്നും സാഹചര്യം കണക്കിലെടുത്ത് തിരിച്ചിറങ്ങണമെന്നും അവരോട് ആവശ്യപ്പെട്ടു എന്നതാണ്.