ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച്‌ നന്നായി അറിയുന്നവരായി ഭാവിക്കുന്ന പലരും അവരുടെ അഭിപ്രായങ്ങളിലൂടെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ സൂസൻ ബി. ആന്റണി നിരീക്ഷിക്കുകയുണ്ടായി. മതപരമായ പ്രത്യേകാവകാശങ്ങളെ മൊത്തം നിഷേധിക്കുന്ന ബ്രിയാൻ  ലൈറ്ററിനെ (Brian Leiter) പോലുള്ള പടിഞ്ഞാറൻ ചിന്തകരുടെ സമീപനം ഇന്ത്യൻ സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലെങ്കിലും വിശ്വാസങ്ങളെ ചൂഷണോപാധിയാക്കുന്നതിനെതിരേ ഒട്ടേറെ നീതിന്യായ ഇടപെടലുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്‌. സ്ത്രീകളെ ദൈവത്തിന്റെ ഒരുപടി താഴ്‌ന്ന കുട്ടികൾ മാത്രമായി കാണുന്ന സമീപനം ഭരണഘടനയ്ക്കെതിരാണെന്ന്‌ ശബരിമല കേസിന്റെ വിധിയിൽ ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ എഴുതിയപ്പോഴും മതവിശ്വാസങ്ങൾക്കുമേൽ തുല്യതാസങ്കല്പങ്ങൾക്കു മേൽക്കൈയുണ്ടെന്ന്‌ വ്യക്തമാക്കുകയായിരുന്നു.

നിയമവും സമീപനങ്ങളും

യഥാർഥത്തിൽ 1951-ലെ നരസു അപ്പമാലി കേസിലെ ബോംബെ ഹൈക്കോടതിയുടെ വിധിന്യായം മതവിശ്വാസങ്ങൾ ഉൾപ്പെട്ട ഭരണഘടനാ കേസുകളിൽ വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. മതപരമായ ആചാരങ്ങൾ ഭരണഘടനയുടെ 13-ാം അനുച്ഛേദത്തിന്റെ പരിധിയിൽവരുന്ന ‘നിയമം’ ആയി ഗണിക്കപ്പെടാവുന്നതല്ല എന്ന്‌ അന്ന്‌ ബോംബെ ഹൈക്കോടതി പറഞ്ഞു. 13-ാം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്ന ആചാരങ്ങളെയും അനുശീലനങ്ങളെയും മാത്രമേ ഭരണഘടനാപരമായ സ്കാനിങ്ങിന്‌ വിധേയമാക്കാൻ കഴിയൂ എന്നുവന്നാൽ മതപരമായ ദുരാചാരങ്ങളെയും വിവേചനങ്ങളെയും കോടതികൾക്ക്‌ തൊടാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഈ സമീപനം മുത്തലാഖ്‌ സംബന്ധിച്ച സൈറാബാനു കേസിൽ (2017) നിരാകരിക്കപ്പെട്ടതാണ്‌. ബോംബെ വിധിയുടെ ന്യായാന്യായങ്ങൾ ആ കേസിൽ പരിശോധിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്നതിന്‌ അനുകൂലമായി നിലപാടെടുത്ത്‌ ഭൂരിപക്ഷവിധി വന്നതോടെ ബോംബെ വിധിയിലെ ‘പഴഞ്ചൻ’ എന്ന്‌ വിശേഷിപ്പിക്കാവുന്ന സമീപനവും കാലഹരണപ്പെട്ടിരിക്കുന്നു. നരസു അപ്പ കേസിലെ നിയമതത്ത്വത്തെ ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ നിരാകരിച്ചത്‌ ശ്രദ്ധേയമാണ്‌.

25-ാം അനുച്ഛേദമാണ്‌ മതപരവും വിശ്വാസപരവുമായ മൗലികാവകാശങ്ങളെക്കുറിച്ച്‌ പറയുന്നത്‌. ഈ അവകാശങ്ങൾ പക്ഷേ, സ്ത്രീക്കും പുരുഷനും ഒരുപോലെ അനുവദിക്കപ്പെടേണ്ടവയാണെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ മിശ്ര നിരീക്ഷിക്കുകയുണ്ടായി. പുരുഷ മേധാവിത്വത്തിൽ അധിഷ്ഠിതമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അതേ മതവിഭാഗത്തിൽപ്പെട്ട മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിഷേധിക്കാനാവില്ല എന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. വ്യക്തിത്വത്തിനും വക്തിപരമായ അന്തസ്സിനും എതിർനിൽക്കുന്ന മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഭരണഘടനാപരമായ പരിരക്ഷ നൽകാൻ കഴിയില്ലെന്ന്‌ ജസ്റ്റിസ്‌ നരിമാനും സൂചിപ്പിക്കുകയുണ്ടായി.
ഭരണഘടനാ നിർമാണസമയത്തുതന്നെ ‘അസ്‌പൃശ്യത’ (Untouchability) ക്കെതിരായ നീക്കങ്ങൾ ശക്തമായിരുന്നു. ഏതു നിലയിലുമുള്ള തൊട്ടുകൂടായ്മയും അനുവദനീയമല്ല എന്നതാണ്‌ ഭരണഘടനയുടെ 17-ാം അനുച്ഛേദത്തിന്റെ നിലപാട്‌. ഈ അനുച്ഛേദം ശബരിമലയിൽനിന്നു സ്ത്രീകളെ അകറ്റിനിർത്തുന്നതിനെതിരേയും പ്രയോഗിക്കപ്പെടേണ്ടതാണെന്ന്‌ കേസിൽ അമിക്കസ്‌ ക്യൂറിയായിരുന്ന രാജു രാമചന്ദ്രൻ വാദിച്ചത്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ വിധിയിൽ അംഗീകരിക്കപ്പെടുകയുണ്ടായി. ഭരണഘടനാ വ്യവസ്ഥകളെ മാറുന്ന കാലഘട്ടങ്ങൾക്കും വീക്ഷണഗതികൾക്കും അനുസൃതമായി പുനർനിർവചിക്കുന്ന ഈ സമ്പ്രദായം ഭാവിയിലും വിപ്ലവകരമായ ഭരണഘടനാവ്യാഖ്യാനങ്ങൾക്ക്‌ ഇന്ധനം പകരും.

ന്യൂനപക്ഷവിധി

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്നതും അവയ്ക്ക്‌ ഓരോന്നിനും പിന്നിൽ ശക്തമായ ന്യായീകരണങ്ങൾ ഉണ്ടെന്നതും അവിതർക്കിതമാണ്‌. അയ്യപ്പവിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമാണെന്നും അവർക്ക്‌ ഭരണഘടനയുടെ 25-ാം വകുപ്പിന്റെ പരിരക്ഷണം നൽകണമെന്നും ജസ്റ്റിസ്‌ ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടു.  അപ്പോഴും ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്ന  യഥാർഥ സ്ത്രീവിശ്വാസികളുടെ മതപരമായ അവകാശങ്ങളുടെ ചോദ്യം ബാക്കിനിൽക്കും.  വിശ്വാസികൾക്കിടയിൽതന്നെയുള്ള ഈ വിചാരപരമായ സംഘട്ടനത്തിന്‌ പരിഹാരം നിർദേശിക്കാൻ ന്യൂനപക്ഷവിധിക്ക്‌ കഴിഞ്ഞിട്ടില്ല. വിശ്വാസപ്രമാണങ്ങളിൽ യുക്തിക്ക്‌ പ്രസക്തിയില്ലെന്നു പറയുമ്പോഴും ലിംഗവിവേചനം കേവലം യുക്തിയുടെ മാത്രം കാര്യമല്ലെന്നും മൂർത്തമായ ഭരണഘടനാലംഘനമാണെന്നുമുള്ള വസ്തുത നിലനിൽക്കുന്നു. ശബരിമലവിധിയിലെ നിയമതത്ത്വം മറ്റ്‌ ആരാധനാലയങ്ങളുടെ കാര്യത്തിലും ബാധകമാക്കേണ്ടുന്ന അവസ്ഥയുണ്ടാവുന്നതിനെക്കുറിച്ച്‌ ന്യൂനപക്ഷവിധിയിൽ ആശങ്കയുണ്ട്‌. എന്നാൽ, നിരുപദ്രവമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവഴി, അതുവഴി തുല്യതാതത്ത്വങ്ങൾ പ്രായോഗികമാക്കുന്നതിലൂടെ എന്തെങ്കിലും  അപകടം ഉണ്ടാകുമെന്നു കരുതേണ്ടതില്ല.
 

‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന കവിവാക്യത്തെ പൊതു ആരാധനാലയങ്ങളിലെ 3 (ബി) ചട്ടത്തിന്റെ കാര്യത്തിൽ പ്രയോഗിക്കുകയാണ്‌ സുപ്രീംകോടതി ചെയ്തത്‌.  തുല്യതാസങ്കല്പങ്ങളെയും സ്വാതന്ത്ര്യചിന്തകളെയും ഭരണഘടനയുടെ പിൻബലത്തിൽ  യാഥാർഥ്യമാക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ വിഭാഗത്തെ അത്‌ ചൊടിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, കേവലഭൂരിപക്ഷത്തിന്റെ  ഇംഗിതമല്ല, ഭരണഘടനാതത്ത്വങ്ങളുടെ നിതാന്തമായ പ്രയോഗമാണ്‌ ആധുനിക ജനാധിപത്യം.
 

(സുപ്രീംകോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനാണ്‌ ലേഖകൻ)