ബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശത്തെക്കുറിച്ചുള്ള വിധിന്യായം കേരളത്തിൽ ഉയർത്തിവിട്ടിരിക്കുന്ന പ്രതിഷേധം മനസ്സിലാക്കാവുന്നതാണ്‌. കേരളീയരുടെ മനസ്സിൽ ശബരിമലക്ഷേത്രം അത്രത്തോളം സ്വാധീനം ചെലുത്തിയ ഒരു ആരാധനാലയമാണ്‌. സ്ത്രീസ്വാതന്ത്ര്യം, ലിംഗനീതി, സ്ത്രീ-പുരുഷ സമത്വം എന്നൊക്കെയുള്ള ആശയങ്ങൾ സർവഥാ സ്വീകാര്യമാണ്‌. ക്ഷേത്രാരാധനയുടെ സന്ദർഭത്തിലും സ്ത്രീ-പുരുഷ വിവേചനം ഒരു അന്ധമായ ആചാരമായോ അനാചാരമായോ നിലനിൽക്കുന്നില്ല എന്നുള്ള സത്യം നാം അംഗീകരിക്കണം. ആർത്തവം സംബന്ധിച്ചുള്ള ചില നിയന്ത്രണങ്ങൾ ലിംഗവിവേചനം എന്ന അസ്വീകാര്യമായ അനാചാരവുമായി കൂട്ടിക്കുഴയ്ക്കുന്നത്‌ വികലമായ ഒരു കാഴ്ചപ്പാടാണ്‌. 

മനുഷ്യസമൂഹം എന്നും ഭൗതികവും ആധ്യാത്മികവും എന്ന രണ്ടുതലങ്ങളിലാണ്‌ നിലകൊള്ളുന്നത്‌. ആധ്യാത്മികതലം പൂർണമായി ഉപേക്ഷിക്കാൻ മനുഷ്യന്‌ ഒരിക്കലും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. ഏതെങ്കിലുമൊരു ആചാരം അനാചാരമായി മാറുമ്പോൾ അത്‌ തിരസ്കരിക്കാനുള്ള വിവേകം മനുഷ്യസമൂഹം എന്നും കാണിച്ചിട്ടുണ്ട്‌. ആ തിരസ്കരണത്തിലും ആധ്യാത്മികതയുണ്ട്‌. തെറ്റിനെക്കുറിച്ച്‌ ബോധ്യമുണ്ടാവുന്നത്‌ ശരിയെക്കുറിച്ചുള്ള സങ്കല്പമുള്ളതുകൊണ്ടാണ്. ശരിയുടെ അടിസ്ഥാനം അന്വേഷിച്ചുപോകുമ്പോൾ ചെന്നുനിൽക്കുന്നത്‌ ആധ്യാത്മികതലത്തിൽത്തന്നെയാണ്‌. 

മതവും കോടതിയും

സുപ്രീംകോടതി മതപരമായ കാര്യങ്ങളെക്കുറിച്ച്‌ അനേകം വിധിന്യായങ്ങൾ നൽകിയിട്ടുണ്ട്‌. ആ വിധിന്യായങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും-ആരാധനാലയങ്ങളിൽ നിലനിൽക്കുന്ന പല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കുടികൊള്ളുന്ന ആധ്യാത്മികത ഉൾക്കൊള്ളാൻ ആ ന്യായാധിപർക്ക്‌ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ വിധിന്യായങ്ങളിൽ മതത്തിന്റെ കാതലായ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്നുപറഞ്ഞിരുന്നു. അതുപോലെത്തന്നെ അന്ധവിശ്വാസങ്ങളിലും വികലമായ സാമൂഹിക വീക്ഷണത്തിലും അധിഷ്ഠിതമായ ആചാരങ്ങളെ അനാചാരങ്ങളായി പുറംതള്ളാനും അവയ്ക്കെതിരേ നിയമങ്ങൾകൊണ്ടുവരാൻ ഭരണകൂടത്തിനോട്‌ ആജ്ഞാപിക്കാനും ശ്രദ്ധിച്ചിരുന്നു. 

ശബരിമലയെ സംബന്ധിച്ചുള്ള വിധിന്യായം സൂക്ഷ്മമായി പരിശോധിച്ചാൽ ഈ സമീപനത്തിൽനിന്നും കാഴ്ചപ്പാടിൽനിന്നും കുറേയധികം വ്യതിചലിച്ചിട്ടുണ്ടെന്ന്‌ കാണാം. 1954-ൽ സുപ്രീംകോടതി ശിരൂർമഠക്കേസിൽ ഇറക്കിയ വിധിന്യായത്തിൽ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരുന്നു. അതായത്‌ ഒരു മതത്തിന്റെ കാതലായ ആചാരാനുഷ്ഠാനങ്ങൾ പരിഷ്കരിക്കപ്പെടണമെന്നും കാതലായ ആചാരങ്ങൾ (Essential and integral) ഏതൊക്കെയെന്ന്‌ കണ്ടുപിടിക്കേണ്ടത്‌ കോടതിയാവണമെന്നും.  പക്ഷേ, കോടതി അത് കണ്ടുപിടിക്കേണ്ടത്‌ ആ മതത്തിന്റെ തത്ത്വങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നുമായിരുന്നു ആ പ്രസ്താവം. 
മതം എന്ന വിഷയത്തെ നിയമദൃഷ്ടിയിലൂടെ നമ്മുടെ പരമോന്നതനീതിപീഠം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ഭരണഘടനയുടെ 25-ാം വകുപ്പിൽ നൽകപ്പെട്ടിരിക്കുന്ന ആരാധനാസ്വാതന്ത്ര്യം, മതപ്രചാരണസ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങളുടെ സന്ദർഭത്തിലാണ്‌ ഈ വ്യാഖ്യാനങ്ങൾ വന്നിട്ടുള്ളത്‌. ഈ വ്യാഖ്യാനങ്ങളനുസരിച്ച്‌ മതാചാരങ്ങളെല്ലാം മതത്തിന്റെ ഭാഗമായി വരുന്നു. 

എല്ലാ ആചാരങ്ങളും ഭരണഘടനയുടെ പരിരക്ഷ ലഭിക്കുന്നവയല്ലെന്ന്‌ പ്രത്യേകം പറയട്ടെ. കാതലായ ആചാരങ്ങൾമാത്രമേ മതത്തിന്റെ അടിസ്ഥാനപരവും അഭിന്നവുമായ ആചാരങ്ങളാവുകയുള്ളൂ എന്നും അവയ്ക്കുമാത്രമേ ഭരണഘടനയുടെ പരിരക്ഷ ലഭിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കുന്നു. ശിരൂർ മഠക്കേസിനു ശേഷം വന്നിട്ടുള്ള അനേകം കേസുകളിൽ കാതലായ മതാചാരങ്ങളെക്കുറിച്ച്‌ മറ്റൊരു സുപ്രധാനകാര്യംകൂടി പറഞ്ഞു. അതായത്‌, കാതലായ മതാചാരങ്ങൾ ഏതൊക്കെയെന്ന്‌ കണ്ടുപിടിക്കുന്നത്‌ അവയുമായി ബന്ധപ്പെട്ട ജനസമൂഹത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടായിരിക്കണം. ശിരൂർ മഠക്കേസ്‌ തീരുമാനിച്ചത്‌ എട്ട്‌ ന്യായാധിപന്മാരടങ്ങിയ െബഞ്ചായിരുന്നു. മറ്റനേകം കേസുകൾ തീരുമാനിച്ചത്‌ അഞ്ച്‌ ന്യായാധിപരടങ്ങുന്ന ബെഞ്ചുകളായിരുന്നു. ഈ വിധിന്യായങ്ങളിൽനിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്‌. ആചാരാനുഷ്ഠാനങ്ങൾ പ്രാധാന്യമുള്ളവയാണ്‌. അവ പാലിക്കപ്പെടേണ്ടവയാണ്‌. പക്ഷേ, കാതലായ ആചാരാനുഷ്ഠാനങ്ങൾക്കുമാത്രമേ ഭരണഘടനയുടെ പരിരക്ഷ ലഭിക്കുകയുള്ളൂ എന്നുപറഞ്ഞതിന്റെ അർഥം കാതലായ ആചാരങ്ങൾക്ക്‌ ആരാധനാസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നവയാണ്‌ എന്നുള്ളതാണ്‌. 

വിധി പൂർണമോ?

ശബരിമലയെ സംബന്ധിച്ചുള്ള വിധിന്യായത്തിൽ പറഞ്ഞിരിക്കുന്ന രണ്ട്‌ കാര്യങ്ങൾ ശ്രദ്ധേയമാണ്‌. ഒന്ന്‌, സ്ത്രീകളെ ഒഴിച്ചുനിർത്തുന്ന ആചാരം ഹിന്ദുമതത്തിന്റെ കാതലായ ഒരാചാരമല്ല. രണ്ട്‌, ഈ ആചാരത്തിന്‌ പൗരാണികത്വമോ തുടർച്ചയോ ഇല്ല. ഈ കാരണങ്ങൾകൊണ്ട്‌ ഈ ആചാരം ഭരണഘടനയുടെ 25-ാം വകുപ്പ്‌ നൽകുന്ന ആരാധനാസ്വാതന്ത്ര്യം എന്ന മൗലികാവകാശ ധ്വംസനമാണ്‌. അതുകൊണ്ട്‌ അത്‌ നിലനിൽക്കാൻ പാടില്ലാത്തതാണ്‌. ഹിന്ദുമതം എന്താണെന്നോ അതിന്റെ അടിസ്ഥാനസ്വഭാവം എന്താണെന്നോ ഒന്നും ഈ വിധിന്യായത്തിലില്ല. ലിംഗനീതി എന്ന ഒരു വിഷയംമാത്രമാണ്‌ ഈ തീരുമാനത്തിന്റെ അടിസ്ഥാനതത്ത്വം. 
ഹിന്ദുമതത്തിന്റെ സങ്കീർണങ്ങളായ ആചാരാനുഷ്ഠാന വൈവിധ്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാനോ ചിന്തിപ്പിക്കാനോ ന്യായാധിപന്മാർ ശ്രമിച്ചിട്ടില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും എല്ലാം മതത്തിന്റെ പരിധിയിൽ വരുന്നതാണെന്ന്‌ അർഥശങ്കയ്‌ക്കിടയില്ലാതെ പ്രസ്താവിച്ച വിധിന്യായങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമല എന്ന ക്ഷേത്രത്തിലെ ആചാരങ്ങളെക്കുറിച്ചും പ്രതിഷ്ഠാസങ്കല്പത്തിനെക്കുറിച്ചുമൊക്കെ മനസ്സിരുത്തി ചിന്തിക്കാൻ ന്യായാധിപന്മാർക്ക്‌ കഴിഞ്ഞില്ല എന്നുള്ളത്‌ ഈ വിധിന്യായത്തിന്റെ അപൂർണതകളിലേക്ക്‌ വിരൽചൂണ്ടുന്ന വസ്തുതയാണ്‌. 

ഈ ആചാരത്തിന്‌ പൗരാണികത്വമില്ലെന്നും തുടർച്ചയില്ലെന്നുമുള്ള കണ്ടെത്തൽ കേവലം ഒന്നോ രണ്ടോ സത്യവാങ്‌മൂലങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നടത്തിയിരിക്കുന്നത്‌. ഈ സത്യവാങ്‌മൂലങ്ങളാവട്ടെ യുക്തിഭദ്രതയില്ലാത്തവയും ശബരിമല തീർഥാടനത്തിന്റെ ഉയർന്ന, വ്യത്യസ്തമായ ആധ്യാത്മികമാനങ്ങളെ മനസ്സിലാക്കാതെ തട്ടിക്കൂട്ടിയവയുമാണ്‌. കേരളസർക്കാറിന്റെ സത്യവാങ്‌മൂലത്തിൽ, വിദഗ്‌ധരുടെ ഒരു കമ്മിഷനെ കോടതി നിയമിക്കണമെന്നുള്ള ആവശ്യം കോടതിയിൽനടന്ന വാദത്തിൽ ശക്തമായി ഉന്നയിക്കാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല. കോടതി ആ ആവശ്യം അവഗണിക്കുകയാണുണ്ടായത്‌. കമ്മിഷനെന്നുള്ള ആശയം സ്വീകാര്യമാകേണ്ടതായിരുന്നു. 

ഒാർഡിനൻസ്‌ സാധ്യമോ?

പ്രതിഷേധപ്രകടനങ്ങൾ രാഷ്ട്രീയകക്ഷികളുടെ കൈകളിലെത്തി സങ്കീർണമാകുന്ന ലക്ഷണങ്ങൾ കാണുന്ന ഈ സന്ദർഭത്തിൽ ഓർഡിനൻസിനെക്കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ നടക്കുകയാണല്ലോ. 
സുപ്രീംകോടതിയുടെ വിധിന്യായം മറികടക്കാൻ വേണ്ടി ഓർഡിനൻസുകൊണ്ടുവരുന്നത്‌ സൂക്ഷ്മതയോടുകൂടി കൈകാര്യംചെയ്യേണ്ട കാര്യമാണ്‌. വിധിന്യായത്തെ മറികടക്കാനെന്നുകാണിച്ച്‌ ഇറക്കുന്ന ഓർഡിനൻസ്‌ അസാധ്യമായിരിക്കും എന്നോർക്കണം. 2002-ൽ പീപ്പിൾസ്‌ യൂണിയൻ ഓഫ്‌ ലിബർട്ടീസ്‌ Vs യൂണിയൻ ഓഫ്‌ ഇന്ത്യ എന്ന വിധിന്യായത്തിൽ, സുപ്രീംകോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനമായ വസ്തുതകൾ മാറ്റി മറ്റുവസ്തുതകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമംമാത്രമേ നിലനിൽക്കുകയുള്ളൂവെന്ന്‌ പ്രസ്താവിച്ചിട്ടുണ്ട്‌. 

ശബരിമലവിധിയുടെ അടിസ്ഥാനവസ്തുത സ്ത്രീകളെ ഒഴിച്ചുനിർത്തുന്ന ആചാരം ഹിന്ദുമതത്തിന്റെ കാതലായ ഭാഗമല്ലെന്നും ഈ ആചാരത്തിന്‌ പൗരാണികത്വവും തുടർച്ചയുമില്ലെന്നുമുള്ളതാണ്‌. വാസ്തവത്തിൽ ശബരിമലയിൽ സ്ത്രീപ്രവേശനം നിഷേധിച്ചിട്ടേയില്ല. വിഗ്രഹസങ്കല്പം നൈഷ്ഠിക ബ്രഹ്മചാരിയെന്നുള്ളതുകൊണ്ട്‌, ആരാധകരും അയ്യപ്പൻ നിലകൊള്ളുന്ന ആധ്യാത്മികതലത്തിലേക്കുയർന്ന്‌ അയ്യപ്പന്മാരാകണം. അങ്ങനെ ഉയരണമെങ്കിൽ ശരീരത്തെയും മനസ്സിനെയും കഠിനമായ വ്രതത്തിലൂടെ ശുദ്ധീകരിക്കണം. ആർത്തവോന്മുഖരായ സ്ത്രീകൾക്ക്‌ അത്തരം വ്രതമനുഷ്ഠിക്കാൻ സാധിക്കുന്നില്ല എന്നുള്ളതുകൊണ്ടും അങ്ങനെയുള്ള സ്ത്രീകൾക്ക്‌ ശബരിമലതീർഥാടനം നടത്താൻ സാധിക്കാതെവരുന്നു എന്നുള്ളതാണല്ലോ സാധാരണ പറയപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന വസ്തുത.

അപ്പോൾ നിയമനിർമാണത്തെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്‌. ധൃതിപിടിച്ച്‌ ഇക്കാര്യത്തിൽ ഒരു നിയമം ഉണ്ടാക്കാൻ സാധ്യമല്ല. പക്ഷേ, ശബരിമലക്ഷേത്രം ഫലത്തിൽ ഒരു ദേശീയ തീർഥാടനകേന്ദ്രമായതുകൊണ്ട്‌ ഇതൊരു സാധാരണക്ഷേത്രമല്ലല്ലോ. ഈ ക്ഷേത്രത്തിനുവേണ്ടി ഒരു പ്രത്യേക നിയമം ഉണ്ടാക്കുന്നതിൽ തെറ്റില്ല എന്നുതോന്നുന്നു. കാലത്തിനൊത്ത്‌ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറണമെന്നുള്ള അഭിപ്രായങ്ങളിൽ അടങ്ങിയിരിക്കുന്ന ശരി അംഗീകരിച്ചുകൊണ്ടുതന്നെ, ചിലതൊക്കെ സംരക്ഷിച്ചുനിർത്തണമെന്നുള്ള ആവശ്യത്തിലടങ്ങുന്ന ആർജവത്തെയും നാം കാണാതെപോകരുത്‌. 
 

(ലോക്‌സഭാ മുൻ സെക്രട്ടറിജനറലാണ്‌ ലേഖകൻ)