രിത്രത്തിന് അതിന്റേതായ പ്രധാന്യവും ഉപയോഗവും എല്ലാക്കാലത്തുമുണ്ട്. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരം പരസ്യമായ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നെഹ്രൂവിയന്‍ കാലഘട്ടത്തിലെ കേന്ദ്ര സര്‍ക്കാര്‍- റിസര്‍വ് ബാങ്ക് പോരിനെക്കുറിച്ച് ഓര്‍മ്മിക്കാതിരിക്കുന്നതെങ്ങനെ!

നെഹ്‌റുവിന്റെ കത്ത് മോദിക്ക് ഉപകാരപ്പെടുമ്പോള്‍

റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുള്ള പോര് ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്തെ ആരംഭിച്ചിട്ടുള്ളതാണ്. 1937ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച സര്‍ ജോണ്‍ ഓസ്‌ബോണ്‍ സ്മിത്തില്‍ നിന്ന് തുടങ്ങുന്നു ആ ചരിത്രം. പലിശക്കാര്യത്തിലും ഓഹരിവിപണി കാര്യങ്ങളിലും ഭരണകൂടം അനാവശ്യമായി കൈകടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു അന്ന് ജോണ്‍ ഓസ്‌ബോണ്‍ രാജിവച്ചത്.

പക്ഷേ, ദേശീയതലത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ രാജി നടന്നത് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. റിസര്‍വ് ബാങ്കിന്റെ നാലാമത്തെ ഗവര്‍ണര്‍ ആയിരുന്ന ബെനഗല്‍ രാമറാവു ആണ് ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുന്നതിനെ വിമര്‍ശിച്ച് രാജിവച്ചത്. ധനമന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ രാജി.

1957ലാണ് ബെനഗല്‍ രാമറാവു രാജിവച്ചത്. ധനമന്ത്രി ടിടികൃഷ്ണമാചാരിയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാട് നെഹ്രു സര്‍ക്കാര്‍ സ്വീകരിച്ചതാണ് പ്രശ്‌നമായത്. റിസര്‍വ് ബാങ്ക് സ്വയംഭരണ, നിര്‍ണയാധികാരമുള്ള സ്ഥാപനമല്ലെന്നും അത് സര്‍ക്കാരിന്റെ നിരവധി സ്ഥാപനങ്ങളില്‍ ഒന്ന് മാത്രമാണെന്നുമായിരുന്നു ടിടികൃഷ്ണമാചാരിയുടെ നിലപാട്. കൃഷ്ണമാചാരിയെ പിന്താങ്ങിക്കൊണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അന്ന് രാമറാവുവിന് കത്തയച്ചു. 

റിസര്‍വ് ബാങ്കിന് സര്‍ക്കാരിനെ ഉപദേശിക്കാന്‍ അധികാരമുണ്ട്. എന്നാല്‍, സര്‍ക്കാരുമായി ഒത്തുപ്രവര്‍ത്തിക്കാനുള്ള ബാധ്യതയുമുണ്ട്. സര്‍ക്കാരിന്റേതില്‍ നിന്ന് വിരുദ്ധമായി റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുക എന്നത് ശുദ്ധ അസംബന്ധമാണ്. രാമറാവുവിന് അയച്ച കത്തില്‍ നെഹ്‌റു പറഞ്ഞു. സര്‍ക്കാരുമായി ഒത്തുപ്രവര്‍ത്തിക്കാന്‍ ആകുന്നില്ലെങ്കില്‍ രാജി വച്ചുകൊള്ളാനും നെഹ്‌റു നിര്‍ദേശിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ രാമറാവു രാജിവയ്ക്കുകയും ചെയ്തു.

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക് എത്തുമ്പോള്‍

modi

സര്‍ക്കാര്‍ Vs റിസര്‍വ് ബാങ്ക് എന്ന അവസ്ഥ വീണ്ടും സംജാതമായിരിക്കുന്നു. ആദ്യമൊക്കെ പരോക്ഷമായ പോരും ശീതസമരവും ആയിരുന്ന അവസ്ഥ പരസ്യപ്പോരിലേക്ക് എത്തിയിരിക്കുന്നു. സര്‍ക്കാരിനോട് അഭിപ്രായവ്യത്യാസം വ്യക്തമാക്കിയതോടെ  ഏത് നിമിഷവും രാജിവച്ച് പുറത്തുപോവാനുള്ള തയ്യാറെടുപ്പിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ബാങ്ക് കാര്യങ്ങളിലുള്ള സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് വഴിവയ്ക്കുന്നത്.

ശീതസമരമായി മുന്നേറിക്കൊണ്ടിരുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പരസ്യവിമര്‍ശനത്തോടെയാണ്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാണ് എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന. 2008-14 കാലഘട്ടത്തില്‍ ബാങ്കുകള്‍ സജീവമായി വായ്പകള്‍ നല്കിയപ്പോള്‍ റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്താഞ്ഞതാണ് പ്രശ്‌നമായത് എന്നും അദ്ദേഹം തുറന്നടിച്ചു.

റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ ആരോപിച്ചതിന്  പ്രതികരണമെന്ന നിലയിലായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന.

Read More: കിട്ടാക്കടം വര്‍ധിച്ചതിന് ഉത്തരവാദി റിസര്‍വ് ബാങ്കെന്ന് അരുണ്‍ ജെയ്റ്റ്ലി......

അന്ന് രഘുറാം രാജന്‍, ഇന്ന് ഊര്‍ജിത് പട്ടേല്‍

reghuram rajan

മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യപോര് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെയായിരുന്നു. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ രഘുറാം രാജനെതിരേ പ്രമുഖ ബിജെപി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥയുണ്ടായി. രഘുറാം രാജന്റെ പരിഷ്‌കരണങ്ങള്‍ സാമ്പത്തികനിലയെ പിന്നോട്ടടിക്കുന്നതാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ത്തി. 

രണ്ടാം തവണയും ഗവര്‍ണറാകാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് സര്‍ക്കാര്‍ ഊര്‍ജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയാണ് ചെയ്തത്. എന്നിട്ടും വിവാദങ്ങള്‍ അവസാനിച്ചില്ല. രഘുറാം രാജന്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്ന് വീണ്ടും വീണ്ടും സര്‍ക്കാരും ബിജെപിയും പറഞ്ഞുകൊണ്ടേയിരുന്നു. 

രഘുറാം രാജനെ പുകച്ച് പുറത്തുചാടിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആദ്യപദ്ധതി നോട്ട്‌നിരോധനമായിരുന്നു. ഊര്‍ജിത് പട്ടേല്‍ ഇതിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊര്‍ജിത് പട്ടേലിന്റെ വെളിപ്പെടുത്തലും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.

വിവരാവകാശ കമ്മീഷനും രംഗത്തേക്ക്

rbi

ഇതിനിടെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കേന്ദ്രവിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വായ്പയെടുത്ത ശേഷം മനപ്പൂര്‍വ്വം തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടണമെന്നുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാണിച്ചാണ് വിവരാവകാശ കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്. 

അമ്പതുകോടിയും അതിനു മുകളിലും വായ്പയെടുത്തതിനുശേഷം തിരിച്ചടയ്ക്കാത്തവരുടെ പേര് പുറത്തുവിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിവിധി അനുസരിച്ച് പട്ടിക പുറത്തുവിടുന്നതില്‍ വീഴ്ചവരുത്തിയതിന് നടപടി എടുക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ വിശദമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് ആര്‍.ബി.ഐ. പാലിക്കാത്തതില്‍ നിരാശയുണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു.

കിട്ടാക്കടം സംബന്ധിച്ചുള്ള ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ കത്ത് പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, ആര്‍.ബി.ഐ. എന്നിവയോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More:വായ്പയെടുത്ത് 'മുങ്ങിയവരുടെ' പട്ടിക നല്‍കിയില്ല; ആര്‍.ബി.ഐ.യ്ക്ക് വിവരാവകാശ കമ്മിഷന്‍ നോട്ടീസ്

ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

urjit patel

സര്‍ക്കാര്‍-റിസര്‍വ് ബാങ്ക് ശീതസമരകം തുറന്ന പോരിലേക്ക് എത്തിയതോടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹവും ശക്തമാകുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നതെന്നാണ് വിവരം. വന്‍കിട വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ ശക്തിപ്പെടുത്തിയത് സര്‍ക്കാരിന് അംഗീകരിക്കാനായിരുന്നില്ല. ഈ നടപടികള്‍ മയപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതുമില്ല. ഇതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്നാണ് വിവരം. 

ഈ മാസം 19ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. ഊര്‍ജിത് പട്ടേല്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. സര്‍ക്കാര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ അന്ന് തന്നെ രാജിവയ്ക്കുമെന്നാണ് സൂചന. യോഗത്തില്‍ വോട്ടെടുപ്പ് നടത്തണമെന്ന് സര്‍ക്കാര്‍ നോമിനികള്‍ ആവശ്യപ്പെട്ടാലും ഗവര്‍ണറും ഡെപ്യൂട്ടിഗവര്‍ണര്‍മാരും രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.

സര്‍ക്കാരിനോ റിസര്‍വ് ബാങ്കിനോ അധികാരം?

റിസര്‍വ് ബാങ്ക് നിയമം 7 (2) അനുസരിച്ച് ബാങ്കിന്റെ പരമാധികാരസമിതി കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡാണ്. അതേസമയം തന്നെ ബാങ്കിന്റെ അധികാരം ബാങ്ക് ഗവര്‍ണറും നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും ചേര്‍ന്ന സമിതിക്കായിരിക്കുമെന്നും 7 (3)ല്‍ പറയുന്നു. 1951ലാണ് റിസര്‍വ്വ് ബാങ്ക് നിയമത്തില്‍ 7(3) കൂട്ടിച്ചേര്‍ത്തത്. അധികാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കൂട്ടിച്ചേര്‍ത്ത വകുപ്പാണിത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് സര്‍ക്കാര്‍ വിനിയോഗിക്കാന്‍ ശ്രമിക്കുന്നതാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും ചൊടിപ്പിച്ചതെന്നാണ് വിവരം. ഇതാദ്യമായാണ് സര്‍ക്കാര്‍ ഈ നിയമം വിനിയോഗിക്കാന്‍ ശ്രമിക്കുന്നത്. 

തിരഞ്ഞെടുപ്പും റിസര്‍വ് ബാങ്കും തമ്മിലെന്ത്?

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചെറുകിട വ്യാപാരികള്‍ക്ക് വന്‍തുക വായ്പയായി നല്കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു, ഇതിന് റിസര്‍വ് ബാങ്ക് തടസ്സം നിന്നതാണ് സര്‍ക്കാരിന്റെ അനിഷ്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

സാമ്പത്തിക വളര്‍ച്ച നേടുന്നതിനായി കേന്ദ്രസര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ബന്ധമായും തയ്യാറകണമെന്നും അല്ലങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആര്‍എസ്എസ് സാമ്പത്തിക വിഭാഗം തലവന്‍ അശ്വനി മഹാജന്‍ പറഞ്ഞതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കി.

Read More:സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ രാജിവെക്കണം- ആര്‍എസ്എസ്

ഐഎംഎഫ് പറയുന്നത്

imf

റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങളെ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കേന്ദ്രബാങ്കുകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ സര്‍ക്കാരുകള്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഐഎംഎഫിന്റെ നിലപാട്. 

കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള പ്രശ്‌നങ്ങളെ നിരീക്ഷിച്ചുവരികയാണ്. കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരോ വ്യവസായികളോ ഇടപെടുന്ന പ്രവണത ആശാസ്യപരമല്ല. രണ്ട്കൂട്ടര്‍ക്കുമിടയില്‍ വിശ്വാസ്യതയുടെയും ഉത്തരവാദിത്തത്തിന്റെയും കൃത്യമായ അതിര്‍വരമ്പുകളുണ്ട്. അതിനെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കിക്കഴിഞ്ഞു.

Content Highlights: RBI, Reserve Bank, Urjit Patel, Reghuram Rajan, Modi Government