'സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്' എന്ന തലക്കെട്ട് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഇക്കൊല്ലം ജൂണിലാണ്. റോയിട്ടേഴ്സ് എന്ന അന്താരാഷ്ട്ര മാധ്യമസ്ഥാപനത്തിന്റെ ജീവകാരുണ്യവിഭാഗമായ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു അത്. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഒപ്പംതന്നെ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി, ആ റിപ്പോര്‍ട്ട്. ബാലവിവാഹം, പെണ്‍ഭ്രൂണഹത്യ, മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം എന്നിവയ്‌ക്കൊപ്പം ബലാത്സംഗക്കേസുകളില്‍ നീതികിട്ടാത്ത അവസ്ഥയും ഇന്ത്യയുടെ 'ഒന്നാംസ്ഥാന'ത്തിന് കാരണമായി സര്‍വേ ചൂണ്ടിക്കാട്ടി. ഈ സര്‍വേയെക്കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വെബ്സൈറ്റില്‍ ജൂണ്‍ 27-നുവന്ന റിപ്പോര്‍ട്ടിലെ ഒരുഭാഗം ഇങ്ങനെയായിരുന്നു: 'ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബലാത്സംഗങ്ങളുടെ എണ്ണം -2016-ല്‍ -28,947- കൂടുകയാണ്. എങ്കിലും ഒരുലക്ഷത്തില്‍ ഇത്രപേര്‍ എന്ന അനുപാതം നോക്കിയാല്‍ ബലാത്സംഗത്തിന്റെ തോത് യു.എസ്. ഉള്‍പ്പെടെയുള്ള പല പാശ്ചാത്യരാജ്യങ്ങളിലെയുംകാള്‍ കുറവാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭീതിയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കുറവുമാണ് ഇതിനുകാരണമെന്ന് വിദഗ്ധര്‍ കരുതുന്നു.'

ഇന്ത്യയില്‍ ബലാത്സംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടോ? അതോ ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നുപറയാന്‍ സങ്കോചമില്ലാത്ത സ്ത്രീകളുടെ എണ്ണമാണോ കൂടുന്നത്? ഇത്തരമൊരു ചോദ്യംപോലും ലൈംഗികാതിക്രമങ്ങളില്‍ ഏറ്റവും നീചമെന്നു സമൂഹം കരുതുന്ന ബലാത്സംഗത്തെ ന്യായീകരിക്കാന്‍ ഇടയാക്കുമെന്ന വാദമാണ് ഉയര്‍ത്തുന്നത്. വെറും വാദമല്ല, കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനമാണ്. മാധ്യമങ്ങളിലെ 'റേപ്പ് കള്‍ച്ചര്‍' (ബലാത്സംഗ ന്യായീകരണം) ലൈംഗികാതിക്രമങ്ങള്‍ക്ക് അനുകൂലപശ്ചാത്തലമൊരുക്കുന്നു എന്നാണ് യു.എസിലെ ഹാര്‍വാഡ് സര്‍വകലാശാലാ ജോണ്‍ എഫ്. കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ മാത്യു ബോമും ഡാര കോഹനും പറയുന്നത്. മാത്രമല്ല, കൂടുതല്‍ പേര്‍ പരാതിയുമായെത്തുന്നുണ്ടെങ്കിലും പ്രതികള്‍ അറസ്റ്റുചെയ്യപ്പെടുന്നത് കുറയാനും ഇത് ഇടയാക്കുന്നുവെന്നും ഇവര്‍ പറയുന്നു. 2000 മുതല്‍ 2013 വരെ യു.എസിലെ 279 പത്രങ്ങളില്‍ വന്ന 3,10,000 വാര്‍ത്തകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ ഇവര്‍ എത്തിയത്. ബലാത്സംഗവാര്‍ത്തകള്‍ ഈ പത്രങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു, 'റേപ്പ് കള്‍ച്ചര്‍' പ്രകടമാക്കുന്ന റിപ്പോര്‍ട്ടിങ് രീതിയാണോ ഇവ സ്വീകരിച്ചത് എന്നീ കാര്യങ്ങളാണ് ഇവര്‍ വിലയിരുത്തിയത്. 

സംസ്‌കാരമല്ല, സാംസ്‌കാരികാധഃപതനം

യു.എസിലെ ഫെമിനിസ്റ്റുകള്‍ 1970-കളില്‍ രൂപംകൊടുത്ത പദമാണ് Rape Culture. സമൂഹം എങ്ങനെയൊക്കെയാണ് ബലാത്സംഗത്തിന്റെ ഇരയെ (ക്രിമിനല്‍ നിയമസംവിധാനത്തില്‍ ഇരയെന്ന പ്രയോഗമാണ് അംഗീകൃതമെന്നതിനാല്‍ ലേഖനത്തിലുടനീളം അതുപയോഗിക്കുന്നു) പഴിക്കുന്നതെന്നും പുരുഷന്റെ (ഭൂരിഭാഗം സാഹചര്യങ്ങളിലും ഇര സ്ത്രീയും പ്രതി പുരുഷനുമാണ്. തിരിച്ചും സംഭവിക്കാറുണ്ടെന്നത് വിസ്മരിക്കുന്നില്ല.) ലൈംഗികാതിക്രമത്തെ സാധാരണമായിക്കാണുന്നതെന്നും വ്യക്തമാക്കാനാണ് ഈ പ്രയോഗം ഉണ്ടാക്കിയത്. ഇരയെ കുറ്റപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാക്കുകള്‍, പ്രതിയോട് അനുഭാവം പ്രകടിപ്പിക്കല്‍, ഇരയുടെ മൗനാനുവാദത്തോടെയായിരുന്നു അതിക്രമമെന്ന് സൂചിപ്പിക്കല്‍, ഇരയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യല്‍ എന്നിവയെല്ലാം Rape Cultureന്റെ പരിധിയില്‍ വരും. പത്രവാര്‍ത്തകളില്‍ ഇവയെങ്ങനെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നാണ് ബോമും കോഹനും പരിശോധിച്ചത്. 

1) ഇരയുടെ വസ്ത്രധാരണം, മേക്കപ്പ്, ബലാത്സംഗം നടന്നപ്പോഴത്തെ മാനസികനില (മദ്യപിച്ചിരുന്നു എന്നുംമറ്റുമുള്ള വിശദാംശങ്ങള്‍), മുമ്പോ ഇപ്പോഴോ ലൈംഗികത്തൊഴിലാളിയായിരുന്നു എന്ന സൂചന നല്‍കല്‍, വളര്‍ന്ന പശ്ചാത്തലമാണ് ഇരയുടെ സ്വഭാവത്തിനാധാരം എന്നു പ്രകടമായോ ഗോപ്യമായോ പറയല്‍, കുറ്റകൃത്യത്തില്‍ ഇരയും പങ്കാളിയാണെന്നു കാണിക്കല്‍ (ഉദാ: പ്രതിയെ ഇര സ്വന്തം താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി), ലേഖികയുടെ/ലേഖകന്റെ മനോധര്‍മമനുസരിച്ചുള്ള പദപ്രയോഗങ്ങള്‍ (ഇര ഏറ്റുപറഞ്ഞു, സമ്മതിച്ചു, പരാതിപ്പെട്ടു തുടങ്ങിയ വാക്കുകളുടെ ഉപയോഗം) ഇവയെല്ലാം പത്രഭാഷയിലെ 'റേപ്പ് കള്‍ച്ചറി'ന്റെ പരിധിയില്‍ വരും. 

2) കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരോട് സഹാനുഭൂതിയുളവാക്കുന്ന എഴുത്തുരീതികള്‍ ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു. ബലാത്സംഗം നടന്നത് യുദ്ധമേഖലയിലാണ്, കായികരംഗത്താണ് എന്നും മറ്റുംപറയുന്നതും പ്രതി ലഹരി ഉപയോഗിച്ചിരുന്നു എന്നെഴുതുന്നതും സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ പ്രേരിപ്പിക്കും. ഇരയുടെ സമുദായത്തിലോ കുടുംബത്തിലോനിന്ന് അതിക്രമം നേരിട്ടയാളാണ് പ്രതി, റാങ്ക് ജേതാവായ പ്രതി ഉപരിപഠനത്തിന് വിദേശത്തുപോകാനിരിക്കെയാണ് കേസില്‍പ്പെടുന്നത് എന്നൊക്കെപ്പറഞ്ഞ് മാഹാത്മ്യം എടുത്തുകാട്ടല്‍, അന്യായമായ സാമൂഹികവിചാരണയും അമിതോത്സാഹത്തോടെയുള്ള നിയമനടപടികളുമാണ് പ്രതി നേരിടുന്നത്, സമൂഹത്തില്‍ പ്രതിക്കുള്ള സ്വീകാര്യതയും പദവിയും എടുത്തുപറഞ്ഞ് കുറ്റകൃത്യത്തിലേര്‍പ്പെടാന്‍ സാധ്യതയില്ലെന്ന വിലയിരുത്തല്‍ എന്നിവയും 'റേപ്പ് കള്‍ച്ചറി'ന്റെ ഭാഗമാണ്. 

3) നാം സര്‍വസാധാരണമായി കേള്‍ക്കുന്ന, എന്തുകൊണ്ട് ഇര ചെറുത്തുനിന്നില്ല എന്ന ചോദ്യം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അത് ബലാത്സംഗത്തിനുള്ള പ്രോത്സാഹനമാകും. ഇരയുടെ അനുമതിയോടെയായിരുന്നു അതിക്രമം നടന്നതെന്നു കാണിക്കുന്നതരത്തില്‍ പ്രതിയുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നു, മുമ്പ് പ്രണയത്തിലായിരുന്നു എന്നെല്ലാം എഴുതിവെക്കുന്നതും ബലാത്സംഗത്തെ മാനഭംഗമെന്നോ പീഡനമെന്നോ ഒക്കെ താരമ്യേന ഗൗരവംകുറഞ്ഞ പദങ്ങളാല്‍ വിശേഷിപ്പിക്കുന്നതും വീഴ്ചയാണ്. ഇരയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തില്‍ മൊഴിയിലെ സ്ഥിരതയില്ലായ്മ വിശദീകരിക്കല്‍, പൂര്‍വകാല ക്രിമിനല്‍ പശ്ചാത്തലം ഉയര്‍ത്തിക്കാട്ടല്‍, മുമ്പ് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നോ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്നോ എടുത്തുപറയല്‍, ബലാത്സംഗം ചെയ്ത് ഇത്രകാലം കഴിഞ്ഞാണോ പരാതിയുമായി വരുന്നത് എന്ന് ചോദിക്കല്‍, മറ്റെന്തോ കാര്യസാധ്യത്തിനായാണ് ഇര പരാതി ഉന്നയിക്കുന്നതെന്ന് ആരോപിക്കല്‍ എല്ലാം 'റേപ്പ് കള്‍ച്ചറി'ല്‍പ്പെടും. 

ഇവയാണ് പത്രങ്ങള്‍ എങ്ങനെയാണ് ഈ കള്‍ച്ചറിന്റെ ഭാഗമാകുന്നത് എന്നു വിശകലനം ചെയ്യാന്‍ ബോമും കോഹനും ഉപയോഗിച്ചത്. ഇത്തരം റിപ്പോര്‍ട്ടിങ് ബലാത്സംഗം കൂട്ടുകയും പ്രതികളുടെ അറസ്റ്റ് കുറയ്ക്കുകയും മാത്രമല്ല ചെയ്യുന്നത്. ആ പത്രങ്ങള്‍ക്ക് പ്രചാരമുള്ളയിടങ്ങളില്‍ പോലീസില്‍ പരാതിയുമായെത്താന്‍ ഇരകള്‍ മടിക്കുകയും ചെയ്യും. പോലീസും ഇത്തരം ആശയമാണ് വെച്ചുപുലര്‍ത്തുന്നതെന്നും അറസ്റ്റുണ്ടാവാനുള്ള സാധ്യത കുറവാണ് എന്നുമുള്ള മുന്‍ധാരണയാണ് ഇതിനുകാരണം. പത്രങ്ങള്‍ പരത്തുന്ന ഈ പ്രതിലോമസംസ്‌കാരം നിയമസംവിധാനത്തെയും സ്വാധീനിക്കുമെന്നാണ് ഇരകളുടെ ചിന്ത. മിനസോട്ട, നോര്‍ത്ത് കരോലൈന, കാലിഫോര്‍ണിയ, അയോവ എന്നിവിടങ്ങളിലെ ബലാത്സംഗങ്ങളുടെ തോതും വാര്‍ത്താവതരണരീതിയും താരതമ്യം ചെയ്താണ് പത്രങ്ങളുടെ വാര്‍ത്താവതരണം കുറ്റകൃത്യത്തെ സ്വാധീനിക്കുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. 

ഇതുമാത്രമല്ല കാരണം

പത്രങ്ങളുടെ റിപ്പോര്‍ട്ടിങ് രീതി മാത്രമാണ് ബലാത്സംഗങ്ങള്‍ക്കു കാരണം എന്നു കരുതുന്നത് തെറ്റും കുറ്റകൃത്യസാഹചര്യങ്ങളെ നിസ്സാരവത്കരിക്കലുമാകും. നിശ്ശബ്ദരായിരിക്കാന്‍ ഇരകളെയും കുറ്റകൃത്യത്തിലേര്‍പ്പെടാന്‍ പ്രതികളെയും പ്രേരിപ്പിക്കുന്ന ഒരു ഘടകം മാത്രമാണിത്. തന്നെയുമല്ല, 'റേപ്പ് കള്‍ച്ചര്‍' പ്രകടമാക്കുന്ന പത്രങ്ങള്‍ അത്രയേറെ ഇല്ലതാനും. ഗവേഷകര്‍ പഠനത്തിനെടുത്ത 3,10,000 റിപ്പോര്‍ട്ടുകളില്‍ മൂന്നുശതമാനത്തില്‍ മാത്രമേ മേല്‍സൂചിപ്പിച്ച മൂന്ന് തലത്തിലുള്ള പ്രയോഗങ്ങളില്‍ ഏതെങ്കിലും ഉണ്ടായിരുന്നുള്ളൂ. അതില്‍ത്തന്നെ ഇരയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു കൂടുതല്‍. പത്രസ്ഥാപനങ്ങളുടെ വാണിജ്യതാത്പര്യങ്ങള്‍ ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിലും പ്രതിഫലിക്കുന്നു എന്ന വിലയിരുത്തലും ഗവേഷകര്‍ക്കുണ്ട്.

ഇരകളും ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരും നീതിതേടി തെരുവിലിറങ്ങേണ്ടിവരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം ഒരു പഠനത്തിന്റെ സാധ്യതയെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍പോലും എങ്ങനെയാണ് ബലാത്സംഗവാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് എന്ന ആത്മപരിശോധനയും ആത്മവിമര്‍ശനവും അവയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.