ങ്ങളുടെ നിക്ഷിപ്തതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പരമോന്നത നീതിപീഠത്തെ ഒരു ജനാധിപത്യസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്ന അത്യപൂര്‍വ സംഭവത്തിനാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട വിധിന്യായം സാക്ഷ്യം വഹിച്ചിട്ടുള്ളത്.  

അഴിമതിയുടെ വഴികള്‍

പ്രധാനമന്ത്രിയുടെ അറിവോടെ നടന്ന രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റഫാല്‍ കരാര്‍. യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലിരിക്കേ 2008 ജനുവരി 25-നാണ് ഇന്ത്യയും ഫ്രാന്‍സും പ്രതിരോധരംഗത്ത് ആയുധഉപകരണ കൈമാറ്റം സംബന്ധിച്ചുള്ള കരാറില്‍ ഒപ്പു വെക്കുന്നത്. ഈ കരാറിനെ തുടര്‍ന്ന് 2012 ജനുവരി 31-നാണ്  ഇന്ത്യന്‍ വ്യോമസേനയ്ക്ക് 126 ഫൈറ്റര്‍ ജെറ്റ് നിര്‍മിച്ച് നല്‍കാനുള്ള അവകാശം ഫ്രഞ്ച് കമ്പനിയായ റഫാല്‍ നേടിയെടുത്തത്. കരാര്‍പ്രകാരം നിര്‍മിച്ച് നല്‍കാനുള്ള 126 വിമാനങ്ങളില്‍ 108 എണ്ണവും ബെംഗളൂരു ആസ്ഥാനമായിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കുമെന്നും ധാരണായായി. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി രൂപം കൊള്ളുന്നതിനും മുമ്പുതന്നെ രാജ്യത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രതിരോധഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിട്ടിരുന്നത്. ഇതോടൊപ്പം തന്നെ കരാര്‍ ഒപ്പിട്ടത് പ്രകാരമുള്ള തുകയുടെ അമ്പതു ശതമാനവും രാജ്യത്തുതന്നെ ചെലവഴിക്കണമെന്ന നിബന്ധനയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഈ നിബന്ധനകളെയെല്ലാം കാറ്റില്‍പറത്തിയാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഫ്രാന്‍സില്‍ പോയി പുതിയ കരാറില്‍ ഒപ്പിട്ടത്. 

പുതിയ കരാറില്‍ 126 വിമാനങ്ങള്‍ എന്നുള്ളത് വെട്ടിച്ചുരുക്കി 36 എണ്ണമാക്കി മാറ്റി. യു.പി.എ. ഭരണകാലത്ത് ഒരു വിമാനത്തിന്റെ നിര്‍മാണത്തിന് വരുന്ന ചെലവ് ഏകദേശം 526.10 കോടി രൂപയായിരുന്നു. എന്നാല്‍,  പ്രധാനമന്ത്രി പുതുതായി ഒപ്പിട്ട കരാര്‍ പ്രകാരം ഒരു വിമാനത്തിന് വരുന്ന നിര്‍മാണച്ചെലവ് 1670.70 കോടി രൂപയാണ്. ഈയടിസ്ഥാനത്തില്‍ 36 വിമാനങ്ങള്‍ക്ക് വേണ്ട ചെലവ് 60,145 കോടി രൂപയാണ്. നിര്‍മാണച്ചെലവില്‍വരുന്ന ഈ ഭീമമായ വ്യതിയാനം എന്തടിസ്ഥാനത്തിലാണെന്നും എന്തുവിലയ്ക്കാണ് വിമാനം വാങ്ങാന്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതെന്നും വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയോ, കേന്ദ്ര പ്രതിരോധമന്ത്രിയോ തയ്യാറാവുന്നില്ല.

ഒളിച്ചുവെക്കാനുള്ള വ്യഗ്രത 

വിമാനത്തിന്റെ വില വെളിപ്പെടുത്താന്‍ പാടില്ലെന്നുള്ളത് യു.പി.എ. ഭരണകാലത്തു ഒപ്പിട്ട കരാറിലുണ്ടെന്ന നഗ്‌നമായ കളവാണ് വില വെളിപ്പെടുത്താതിരിക്കുന്നതിനുള്ള ന്യായീകരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതേന്യായം ഉന്നയിച്ചാണ് പാര്‍ലമെന്റില്‍ റഫാല്‍ കരാറിലെ അഴിമതിയെ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദ്യമുന്നയിച്ചപ്പോള്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വില വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയുണ്ടെന്നു പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതും. 

വിമാനം ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെയും പ്രതിരോധസാമഗ്രികളുടെയും വില വെളിപ്പെടുത്തരുതെന്നു കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അത് സഭയുടെ മേശപ്പുറത്തുവെക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനു തയ്യാറായിട്ടില്ല. കൂടാതെ ഇതുസംബന്ധിച്ചുള്ള  അവകാശലംഘന നോട്ടീസിന് ഇതുവരെയായി നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ പലതും ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്നതിനുള്ള തെളിവുകളാണ്.

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു

റഫാല്‍ കരാര്‍ സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിന് സുപ്രീംകോടതിക്ക് പരിമിതിയുണ്ടെന്നും പാര്‍ലമെന്റിന്റെ സംയുക്തസമിതിയാണ് അന്വേഷണം നടത്തേണ്ടതെന്നുമാണ് കോണ്‍ഗ്രസ് എല്ലാ സമയത്തും  ആവശ്യപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതി വിധിന്യായവും ഇത് വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമേയാണ് തങ്ങളുടെ കള്ളങ്ങള്‍ മറച്ചുപിടിക്കുന്നതിനായി പരമോന്നതകോടതിയില്‍ തെറ്റായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചുവെന്ന അതിഗുരുതരമായ ആരോപണം ഉയര്‍ന്നു വന്നിട്ടുള്ളത്. 

റഫാല്‍ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഏറ്റവും ഗുരുതരമായ ആരോപണങ്ങളിലൊന്ന് വിമാനങ്ങളുടെ വിലയെ സംബന്ധിച്ചാണ്. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍  സുപ്രീംകോടതി വിധിന്യായത്തിലെ ഖണ്ഡിക 25-ല്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.  രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ വിമാനങ്ങളുടെ വില വിവരങ്ങള്‍  പാര്‍ലമെന്റിനെപ്പോലും അറിയിച്ചിട്ടില്ല. എന്നാല്‍, വിമാനങ്ങളുടെ വില സംബന്ധിച്ച വിശദാംശങ്ങള്‍ സി.എ.ജി.യെ ധരിപ്പിച്ചിട്ടുണ്ടെന്നും സി.എ.ജി. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നുമാണ്. ഇത് വസ്തുതാവിരുദ്ധവും പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിച്ചതുമാണ്. റഫാലുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് പി.എ.സി.ക്ക് മുമ്പാകെ എത്തിയിട്ടില്ലെന്നാണ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായ മല്ലികാര്‍ജുന ഖാര്‍ഗേ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നു സി.എ. ജി.യും വ്യക്തമാക്കുന്നു. ഇവിടെ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള അതി ഗുരുതരമായ ശ്രമമാണ് നടന്നിട്ടുള്ളതെന്നു വ്യക്തമാണ്.  

വിധിന്യായത്തിലെ ഖണ്ഡിക 32, 33 എന്നിവയില്‍ പറയുന്നത് റിലയന്‍സ് കമ്പനിയും ദസൊ ഏവിയേഷനും തമ്മില്‍ 2012-ല്‍ തന്നെ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ്. ഇതും വാസ്തവവിരുദ്ധമാണ്. റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുന്നത് 2015 മാര്‍ച്ച് 28-നാണ്. ഇതിന്റെ അനുബന്ധ സ്ഥാപനമായ ഏറോസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത് ഏപ്രില്‍ 24-നും. അതായത്  പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ പോയി റഫാല്‍ കരാര്‍ ഒപ്പു വെക്കുന്നതിനു 13 ദിവസംമുമ്പ് മാത്രമാണ് റിലയന്‍സ് ഏറോസ്ട്രക്ച്ചര്‍ കമ്പനി സ്ഥാപിതമാവുന്നതുതന്നെ. വാസ്തവം ഇതാണെന്നിരിക്കെ 2012-ല്‍ തന്നെ  റിലയന്‍സ് കമ്പനിയും ദസൊ ഏവിയേഷനും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നുള്ളത് വസ്തുതാവിരുദ്ധമാണ്. 
സുപ്രീംകോടതി വിധിന്യായത്തിലെ ഖണ്ഡിക 32-ല്‍തന്നെ പറയുന്ന മറ്റൊരു കാര്യം കരാറിലെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ തിരഞ്ഞെടുക്കുന്നതില്‍ തങ്ങളുടെ മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദ് പറഞ്ഞുവെന്ന വാദം തെറ്റാണെന്ന് അദ്ദേഹം തന്നെ നിഷേധിച്ചുവെന്നാണ്. എന്നാല്‍,  ഫ്രാന്‍സ്വാ ഒളോന്ദോ അദ്ദേഹത്തിന്റെ ഓഫീസോ ഈ പ്രസ്താവന പിന്‍വലിക്കുകയോ, നിഷേധിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല ഇത് സംബന്ധിച്ചുള്ള വിശദീകരണം ആരാഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. 

എച്ച്.എ.എല്ലിനെ തഴഞ്ഞത്...

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡിനെ മറികടന്ന്  റിലയന്‍സ് കമ്പനിക്ക് കരാറില്‍ പങ്കാളിത്തം നല്‍കിയതാണ് റഫാല്‍ കരാറിലെ മറ്റൊരു ഗുരുതര അഴിമതി. വിധിന്യായത്തിലെ ഖണ്ഡിക 32-ല്‍ തന്നെ പറയുന്നത് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡിന് ഇതുവരെയുള്ള കരാറുകളില്‍ ഒന്നുംതന്നെ കൃത്യമായ പങ്കാളിത്തം വ്യക്തമാക്കിയിട്ടില്ലെന്നാണ്. ഇതും വസ്തുതാപരമായി തെറ്റാണ്. 

2013 മാര്‍ച്ച് 13-ല്‍ തന്നെ എച്ച്.എ.എല്ലും ദസൊ ഏവിയേഷനും തമ്മില്‍ നിര്‍മാണപങ്കാളിത്തകരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കരാറില്‍ ഒപ്പുവെക്കുന്നതിനു പതിനഞ്ചു ദിവസംമുമ്പ്, അതായത് 2015 മാര്‍ച്ച് 15-ന് ദസൊ ഏവിയേഷന്‍ സി.ഇ.ഒ., ഇന്ത്യന്‍ വ്യോമസേനാ മേധാവിയോടുകൂടെ എച്ച്.എ. എല്ലിന്റെ ഫാക്ടറി സന്ദര്‍ശിക്കുകയും ഇരു കമ്പനികളും തമ്മിലുള്ള റഫാല്‍ കരാറിലുള്ള പങ്കാളിത്തധാരണ വ്യക്തമാക്കിയതുമാണ്. 

പ്രധാനമന്ത്രിയുടെ ഫ്രഞ്ച് സന്ദര്‍ശത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേന്ദ്ര വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയത് എച്ച്. എ.എല്ലും ദസൊ ഏവിയേഷനും തമ്മിലുള്ള കരാര്‍ സംബന്ധിയായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ്. വസ്തുത ഇതാണെന്നിരിക്കെ പൊതുസമക്ഷം ലഭ്യമായ ഈ വിശദാംശങ്ങള്‍ സുപ്രീംകോടതി കണ്ടില്ലെന്നു നടിച്ചത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പരമോന്നത കോടതിയെ കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം വിമാനങ്ങളുടെ വില സംബന്ധിച്ചും കരാറിലെ മറ്റു വസ്തുതകളെ സംബന്ധിച്ചും തെറ്റിദ്ധരിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

(കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ലോക്സഭാംഗവുമാണ് ലേഖകന്‍)