ഫാൽകരാർ കാലത്ത് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഒളോന്ദ് റഫാൽ നാടകത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണ്.  2016 ജനുവരി 26-ന് ഡൽഹിയിൽനടന്ന റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.  അതിന് രണ്ടുദിവസംമുമ്പ് കൃത്യമായി പറഞ്ഞാൽ 2016 ജനുവരി 24-ന് റിലയൻസ് ഗ്രൂപ്പിലെ നിരവധി കമ്പനികളിലൊന്നായ അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയിൻമെന്റ് ഒരു പ്രഖ്യാപനം നടത്തി-ഒളോന്ദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗയേയുടെ റൂഷ് ഇന്റർനാഷണൽ എന്ന സിനിമാനിർമാണക്കമ്പനിയുമായി ചേർന്ന്  ഒരു ഫ്രഞ്ച് ചിത്രം നിർമിക്കാൻ തങ്ങൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നു.  രണ്ടുദിവസത്തിനകം  റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഒളോന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 36 റഫാൽ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുന്നതിനുള്ള  ധാരണയിലേർപ്പെടുകയും ചെയ്തു.
എന്തായാലും  ഈ ഫ്രഞ്ച് സിനിമാനീക്കത്തിനുശേഷം അധികം വൈകാതെ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് 59,000 കോടിയുടെ റഫാൽ കരാറിൽ ദസൊയുടെ ഓഫ്സെറ്റ് പങ്കാളിയായി.  റിലയൻസിന്റെ സഹായത്തോടെ നിർമിച്ച സിനിമ 2017 ഡിസംബർ 20-നാണ് ഫ്രാൻസിൽ റിലീസ് ചെയ്തത്.  തൗത് ലാ ഹൗത് (TOUT LA-HAUT ). ചിത്രം പക്ഷേ, ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നില്ല.

അതേസമയം, ജൂലി ഗയേയുടെ സ്ഥാപനവുമായി തങ്ങൾ കരാറിലേർപ്പെട്ടു എന്ന വാർത്തകൾ റിലയൻസ് എന്റർടെയിൻമെന്റ് നിഷേധിച്ചു.  അവരുടെ കമ്പനിയുമായി ഏതെങ്കിലും കരാർ ഒപ്പിടുകയോ  സിനിമയ്ക്കായി ആ സ്ഥാപനത്തിന് പണം നൽകുകയോ ചെയ്തിട്ടില്ലെന്ന്‌  റിലയൻസ് എന്റർടെയിൻമെന്റ് വിശദീകരിച്ചു. എന്നാൽ, പങ്കാളികളായ ഫ്രഞ്ച് ധനകാര്യസ്ഥാപനം വിസ്‌ വയേഴ്‌സ് ക്യാപ്പിറ്റൽ വഴി 14 ലക്ഷം യൂറോ ചിത്രം നിർമിക്കുന്നതിനായി റിലയൻസ് എന്റർടെയിൻമെന്റ്  നൽകിയിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ.   സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് പൗരനും ഇന്ത്യൻ വംശജനുമായ ബിസിനസുകാരനാണ് വിസ് വയേഴ്‌സ് ക്യാപ്പിറ്റലിന്റെ സ്ഥാപകൻ. ഇവരുമായി ചേർന്ന് പല നിക്ഷേപങ്ങളും റിലയൻസ് നടത്തിയതായും വാർത്തകളുണ്ട്‌.   

അനിലിൽനിന്ന് മുകേഷിലേക്ക്

യു.പി.എ. സർക്കാരിന്റെ കാലത്ത് റഫാൽ കരാറിന് രൂപംനൽകുമ്പോൾ ഇതിൽ  പങ്കാളികളാകുമെന്ന് പറഞ്ഞുകേട്ടിരുന്ന പേര് അനിൽ അംബാനിയുടേതല്ല. മറിച്ച് അദ്ദേഹത്തിന്റെ  മൂത്തസഹോദരനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടേതായിരുന്നു. അദ്ദേഹത്തിന്റെ ഗ്രൂപ്പ് കരാറിൽ പങ്കാളിത്തത്തിനായി അക്കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് മുകേഷ് അംബാനി ഇതിൽനിന്ന് മാറി.  റിലയൻസ് ഗ്രൂപ്പിലെ ആഭ്യന്തരസമവാക്യങ്ങളാകാം ഇതിന് കാരണം.  

വിവാദത്തിൽ വദ്രയും 

റഫാൽ വിവാദത്തിൽ ബി.ജെ.പി.യുടെ തിരിച്ചടി റോബർട്ട് വദ്രയ്ക്കെതിരായ ആരോപണങ്ങളിലൂന്നിയാണ്.  യു.പി.എ. ഭരണകാലത്ത്  വദ്രയുമായി ബന്ധമുള്ള ഒരു കമ്പനിയുമായി പങ്കാളിത്തത്തിന് ദസൊ വിസമ്മതിച്ചതിനാലാണ് കരാർ നടക്കാതെപോയതെന്നും  ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഇടപാട് ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ഇതിനാലാണെന്നും ബി.ജെ.പി. ആരോപിക്കുന്നു. 

ദസൊയോട് പകരംവീട്ടലാണ് ലക്ഷ്യമെന്നും ഭരണകക്ഷി കുറ്റപ്പെടുത്തുന്നു. ആയുധ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന സഞ്ജയ് ഭണ്ഡാരിയുമായി വദ്രയ്ക്ക് ബന്ധമുണ്ടെന്നും  ഇരുവരെയും പല പ്രതിരോധ എക്സ്‌പോകളിലും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും കുറ്റപ്പെടുത്തുന്നത് വിവാദപ്രസ്താവനകൾ നിരന്തരം നടത്തുന്ന കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്താണ്.  
 സഞ്ജയ് ഭണ്ഡാരിയുടെ വസതിയിൽ 2016-ൽ നടന്ന റെയ്ഡിൽ റഫാലുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിരുന്നതായി പറഞ്ഞ് ബി.ജെ.പി. വക്താവ് സമ്പിത് പാത്ര ആരോപണങ്ങൾക്ക് മൂർച്ചകൂട്ടി. 

ഭണ്ഡാരിയുടെ സ്ഥാപനമായ ഓഫ്‌സെറ്റ് ഇന്ത്യാ സൊലൂഷൻസിനെ 2014-ൽ കേന്ദ്ര സർക്കാർ  വിലക്കിയിരുന്നു. എന്നാൽ,  തനിക്കുനേരെ  ഉയർന്ന ആരോപണങ്ങളെല്ലാം വദ്ര നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.

Read More: ആരോപണങ്ങളുടെ ചിറകിലേറി റഫാല്‍ (ഭാഗം 1)

Read More:ഇന്നലെവന്ന കമ്പനി; അടിച്ചത് വമ്പന്‍ കരാര്‍(ഭാഗം 2)