ന്റെ രാഷ്ട്രീയജീവിതത്തിലെ തന്നെ ഏറ്റവും നിർണായകമായ മാസങ്ങൾ വരാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴുത്തിൽ കുരുക്കായി മാറിയിരിക്കുകയാണ് റഫാൽ അഴിമതിയാരോപണങ്ങൾ. പ്രത്യേകിച്ചും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിപ്രഭാവം അത്രകണ്ട് വിലപ്പോവില്ലെന്ന് പ്രതിപക്ഷവും അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിലെതന്നെ പലരും വിശ്വസിക്കുന്ന സാഹചര്യത്തിൽ. 
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയ്ക്ക് കുറഞ്ഞത് 39.5 സ്ക്വാഡ്രൺ യുദ്ധവിമാനങ്ങളുടെ ശക്തിവേണം. തരക്കേടില്ല എന്ന്  ആശ്വാസംകൊള്ളണമെങ്കിൽ ചുരുങ്ങിയത് 44 സ്ക്വാഡ്രണും. 1980-കളിൽ ഫ്രാൻസിന്റെ മിറാഷ് 2000 വിമാനങ്ങളും റഷ്യയിൽ നിന്നുള്ള മിഗ് 29 വിമാനങ്ങളുമെത്തിയതോടെ 39.5 സ്ക്വാഡ്രണെന്ന ശരാശരിയിൽ നമ്മളെത്തിയിരുന്നു. 

സോവിയറ്റ് തകർച്ചയും പ്രതിരോധപ്രതിസന്ധിയും

1990-കളിൽ ഇന്ത്യയുടെ പ്രധാന സൈനിക പങ്കാളിയായിരുന്ന സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഇന്ത്യൻ സൈന്യത്തിന്റെ ആധുനികമുഖത്തിനും ആധുനികീകരണത്തിനും വലിയ തിരിച്ചടിയാണ് നേരിട്ടത്. റഷ്യൻ നിർമിത സുഖോയ് 30 വിമാനങ്ങൾ പോർനിരയിലെത്തിയെങ്കിൽപ്പോലും സ്ക്വാഡ്രണുകളുടെ എണ്ണത്തിലെ അപര്യാപ്തത അവിടംമുതലാണ് ആരംഭിക്കുന്നത്. 

ഈ സാഹചര്യങ്ങളുടെയും 1999-ലെ കാർഗിൽ വിഷയത്തിന്റെയും പശ്ചാത്തലത്തിൽ ഫ്രാൻസിൽനിന്നും 126 മിറാഷ് 2000 വിമാനങ്ങൾ വാങ്ങാനുള്ള നിർദേശം വ്യോമസേന മുന്നോട്ടുവെച്ചു. 39.5 സ്ക്വാഡ്രൺ യുദ്ധവിമാനങ്ങളുടെ കരുത്തുണ്ടായിരുന്ന കാലത്താണ് വ്യോമസേന ഈ നിർദേശം മുന്നോട്ടുവെച്ചത്.  2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ സമയത്ത് സ്ക്വാഡ്രണുകളുടെ എണ്ണം 30 ആയി കുറഞ്ഞു. 

കരാറിന്റെ തുടക്കം

മീഡിയം മൾട്ടി റോൾ കോംപാക്ട്‌ എയർക്രാഫ്‌റ്റ്‌ കരാറിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആഗോള ടെൻഡർ ക്ഷണിക്കാനാണ് അന്നത്തെ സർക്കാർ വ്യോമസേനയ്ക്ക് നിർദേശം നൽകിയത്. ഇതിനായുള്ള അന്തിമ ടെൻഡർ വ്യോമസേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥർ ഏഴ് വർഷത്തോളമെടുത്ത് തയ്യാറാക്കിയാണ് 2007 ഓഗസ്റ്റ് 28-ന് പുറത്തിറക്കിയത്. താത്പര്യം പ്രകടിപ്പിച്ചത് ആറ് ആഗോള കമ്പനികൾ. പ്രതിരോധാവശ്യങ്ങൾക്കായി അതുവരെയുണ്ടായതിൽ െവച്ചേറ്റവും ചെലവേറിയ തുറന്ന ടെൻഡറായിരുന്നു അത്. 

2011-ൽ യൂറോപ്യൻ കൺസോർഷ്യത്തിന്റെ യൂറോഫൈറ്ററിനെയും ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷന്റെ റഫാലിനെയും ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കി. ഒടുവിൽ 2012 ജനുവരി 31-ന് റഫാലിന് കരാർ നൽകുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓരോ വിമാനങ്ങളുടെ വിലയിലും അതിന്റെ ആജീവനാന്ത ചെലവിലും യൂറോഫൈറ്ററിനെക്കാൾ കുറവാണ് റഫാലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ലോകത്തിൽ ഇന്നുള്ളതിൽ െവച്ചേറ്റവും അത്യാധുനികവും വരും വർഷങ്ങളിൽ കൂടുതൽ നവീകരണങ്ങൾ സാധ്യമാകുന്നതുമായ പോർവിമാനമാണ് റഫാലെന്നതിൽ എതിരഭിപ്രായമില്ല.  

2012 ഫെബ്രുവരിയിൽ എം.എം.ആർ.സി.എ. കരാറിൽ അന്തിമ ചർച്ചകൾ പുരോഗമിക്കവേ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ(ആർ.ഐ.എൽ.) തങ്ങളുടെ ഓഫ്‌സെറ്റ് പങ്കാളിയാക്കിക്കൊണ്ടുള്ള കരാറിൽ ദസൊ ഏവിയേഷൻ ഒപ്പുവെച്ചു. എന്നാൽ, ഇന്ത്യയിൽ പദ്ധതിയുടെ പങ്കാളിത്തം വഹിക്കുന്നത് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ. എൽ.) ആണെന്ന സാഹചര്യത്തിൽ ഈ നിർദേശം സർക്കാർ നിരസിച്ചു. സർക്കാർ നിർദേശത്തിന് ദസൊ പിന്നീട് വഴങ്ങുകയും ചെയ്തു. 

പാരീസ് യാത്രയും മാറ്റങ്ങളും

കരാറിന്റെ സങ്കീർണവും അന്തിമവുമായ ചർച്ചകൾ ചൂടുപിടിച്ചിരുന്ന സമയത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങുന്നത്. 2015 ഏപ്രിൽ എട്ടിന് പ്രധാനമന്ത്രിയുടെ പാരീസ് സന്ദർശനത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുെവക്കുമ്പോൾ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞതിപ്രകാരമാണ്: ‘‘റഫാൽ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയും(ദസൊ) പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ പങ്കാളിയായ എച്ച്.എ.എല്ലും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള വിശദ ചർച്ചയാണ് നടന്നുവരുന്നത്. ഇത്തരം നേതൃതല സന്ദർശനങ്ങളെ പ്രതിരോധ കരാറുമായി കൂട്ടിക്കുഴയ്ക്കാനാഗ്രഹിക്കുന്നില്ല. അത് മറ്റൊരു വിഷയമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സുരക്ഷയുൾപ്പെടെയുള്ള വലിയ ചർച്ചകളാകും നടക്കുക.’’

എന്നാൽ, പ്രധാനമന്ത്രിക്കുണ്ടായിരുന്നത് ഇതിൽനിന്നും  വ്യത്യസ്തമായ പദ്ധതികളായിരുന്നു. 36 റഫാൽ വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദിനോട് ആവശ്യപ്പെട്ടതായി ഏപ്രിൽ പത്തിന് പാരീസിൽ നടത്തിയ പത്രസമ്മേളനത്തിൽ മോദി പ്രഖ്യാപിച്ചു. മോദിയുടെ പാരീസ് സന്ദർശനവേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഇക്കാര്യം വ്യക്തമാക്കുന്നു. ദസൊ ഏവിയേഷനുമായി നിലവിലുള്ള കരാറിനെക്കാൾ മെച്ചപ്പെട്ട നിർദേശങ്ങളുൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര കരാറിലെത്താൻ ഇരുനേതാക്കളും തീരുമാനിച്ചു. വ്യോമസേനയുടെ ആവശ്യമനുസരിച്ച് സമയബന്ധിതമായി വിമാനങ്ങളെത്തിക്കും. നേരത്തേ വ്യോമസേന പരിശോധിച്ച് അംഗീകാരം നൽകിയ അതേ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് ഇന്ത്യയ്ക്ക് നൽകുക. ഇതിന്റെ പരിപാലനച്ചുമതലയും ഫ്രാൻസിനായിരിക്കും. -സംയുക്ത പ്രസ്താവനയിൽ പറയുന്നു. 

എം.എം.ആർ.സി.എ. കരാറിൽ നിന്ന് വ്യത്യസ്തമാണിതെന്നും എന്നാൽ, ആ കരാറിൽ അംഗീകരിച്ച അതേ വിമാനങ്ങൾ തന്നെയാണ് ഇന്ത്യയ്ക്ക് നൽകുന്നത് എന്നുമാണ് ഈ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. 

 ‘‘മോദിജിയുടെ തീരുമാനം, ഞങ്ങൾ പിന്താങ്ങുന്നു.’’
   

അന്ന് വ്യോമസേന ഉപമേധാവിയും ഇന്നത്തെ എയർ ചീഫ് മാർഷലുമായ ബി.എസ്. ധനോവ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനവേളയിൽ പാരീസിലുണ്ടായിരുന്നതാണ്. എന്നാൽ, ഇരുവരും തമ്മിൽ ധാരണയായ ഈ പുതിയ കരാറിനെക്കുറിച്ച് അദ്ദേഹത്തിന്റെ അറിവുണ്ടായിരുന്നില്ലെന്നത് മറ്റൊരു വശം. പ്രതിരോധമന്ത്രാലയത്തിന് പോലും ഇതിനെക്കുറിച്ച് അധികം വിവരങ്ങൾ അറിയുമായിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെ എം.എം.ആർ.സി.എ. കരാറിന്റെ ഭാഗമായിരുന്ന ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരോടുപോലും പുതിയ കരാറിനെക്കുറിച്ച് കൂടിയാലോചനകൾ നടത്തിയില്ലെന്നത് വ്യക്തം. 

2015 ഏപ്രിൽ 13-ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ ദൂരദർശനോട് പറഞ്ഞതിങ്ങനെയാണ്: ‘തീരുമാനമെടുത്തത് മോദിജിയാണ്, ഞാനതിനെ പിന്താങ്ങുന്നു.’’
പാരീസ് പ്രഖ്യാപനം വന്നതോടെയുയർന്ന വിവാദങ്ങളെ നേരിട്ട് പുതിയ കരാറിനായി വാതിൽ തുറക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് മോദിസർക്കാരിൽ പിന്നീട് കണ്ടത്. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ എം.എം.ആർ.സി.എ. കരാർ നടപടികൾ ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി സർക്കാരിന്റെ പ്രഖ്യാപനമെത്തി.
 

2016 സെപ്റ്റംബർ 23-ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് യീവ് ലെഡ്രിയാനും ഒപ്പിട്ടു. പിന്നീടായിരുന്നു വിവാദങ്ങൾക്ക്‌ ചിറകുമുളപ്പിച്ച്‌ റിലയൻസിന്റെ രംഗപ്രവേശനം. 
റഫാൽ ഇടപാട് അഴിമതിയായിരുന്നോ, അല്ലെങ്കിൽ കരാറിനായി കൈക്കൂലി നൽകുകയോ വാഗ്ദാനം നൽകുകയോ ചെയ്തിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും നമുക്ക് വ്യക്തതയില്ല. എന്നാൽ, ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നിരുന്നു എന്ന കാര്യം ആരോപിക്കുന്നതിന് വ്യക്തമായ തെളിവുകളുണ്ട് താനും. അതുകൊണ്ടുതന്നെ സർക്കാരിനുമേൽ ഉന്നയിക്കപ്പെട്ടിട്ടുള്ളത് തെറ്റായ ആരോപണങ്ങളാണെന്ന് വാദിച്ചുനിൽക്കാനാവില്ല. ഇത് സംബന്ധിച്ച രേഖകൾ പരസ്യപ്പെടുത്തുകയെന്നത് തന്നെയാണ് മോദിസർക്കാരിന് മുന്നിലുള്ള പരിഹാരമാർഗം.

ഉത്തരം കിട്ടേണ്ട/ കിട്ടാത്ത ചോദ്യങ്ങൾ

32 സ്ക്വാഡ്രൺ ശേഷി മാത്രമുള്ള വ്യോമസേനയിലേക്കുള്ള 126 വിമാനങ്ങളെന്ന ആവശ്യം 36-ലേക്ക്‌ കുറയ്ക്കാമെന്ന തീരുമാനം ആരുടേത്?, അല്ലെങ്കിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ എണ്ണം ഭാവിയിൽ വർധിപ്പിക്കുമെന്ന രഹസ്യധാരണയുണ്ടായിരുന്നോ? എം.എം.ആർ.സി. എ. കരാറിനെക്കാൾ ചെലവേറിയതാണോ മോദി സർക്കാരിന്റെ റഫാൽ കരാർ? വളരെ ശ്രദ്ധയോടെയും സമയമെടുത്തും തയ്യാറാക്കിയ ദേശീയ പ്രതിരോധ നയത്തെ ഇതിലൂടെ മോദിസർക്കാർ അട്ടിമറിച്ചോ? അങ്ങനെ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.  റഫാൽ കരാർ, എം.എം.ആർ.സി.എ. കരാർ എന്നിവ പരസ്യമാക്കുകയോ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണോദ്യോഗസ്ഥർക്ക് ലഭ്യമാക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കൂ. ഇന്ത്യൻ പ്രതിരോധ ഇടപാടുകളും അതുമായി ബന്ധപ്പെട്ട ഫയലുകളും സി.എ.ജി. ഓഡിറ്റിങ്ങിനും സി.ബി.ഐ.പരിശോധനകൾക്കും വിധേയമാകുന്നവയാണ്. അതുകൊണ്ടുതന്നെ രേഖകൾ സുതാര്യമാകുന്നതിലെ പ്രശ്നമിവിടെ ഉദിക്കുന്നില്ല. 

(പ്രമുഖ  അന്വേഷണാത്മക പത്രപ്രവർത്തനാണ്‌ ലേഖകൻ. ആദർശ്‌  ക്രമക്കേട്‌, കോമൺവെൽത്ത്‌ ഗെയിംസ്‌ കുംഭകോണം തുടങ്ങിയ നിരവധി അഴിമതികൾ പുറത്തുകൊണ്ടുവന്നു. എ ഫീസ്റ്റ്‌്‌ ഓഫ്‌ വൾച്ചേഴ്‌സ്‌: ദ ഹിഡൻ ബിസിനസ്‌ ഓഫ്‌ ഡെമോക്രസി ഇൻ ഇന്ത്യ എന്നീ പുസ്തകത്തിന്റെ രചയിതാവാണ്‌)