കോൺഗ്രസും ബി.ജെ.പി.യും റഫാൽ ഇടപാടിൽ നേർക്കുനേർ പോരാടുമ്പോൾ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡാണ് (എച്ച്.എ.എൽ.) ചർച്ചയാകുന്നത്. എച്ച്.എ.എല്ലിന് റഫാൽ യുദ്ധവിമാനം നിർമിക്കാൻ ശേഷിയില്ലെന്ന വാദം ഉയർത്തിയാണ് റിലയൻസിനെ ഏൽപ്പിച്ചത്. എന്നാൽ, 1940 മുതൽ ഏറോസ്പേസ് രംഗത്ത് കഴിവുതെളിയിച്ച എച്ച്.എ.എല്ലിന് റഫാൽ നിർമിക്കാൻ ശേഷിയില്ലെന്ന വാദം വ്യോമരംഗത്തെ പ്രമുഖർ അംഗീകരിക്കുന്നില്ല.  ഇതേക്കുറിച്ച് എച്ച്.എ.എൽ. മുൻ ചെയർമാൻ ഡോ. സി.ജി. കൃഷ്ണദാസ് നായർ മാതൃഭൂമി ലേഖകൻ പി. സുനിൽകുമാറിനോട്‌ സംസാരിക്കുന്നു. 

റഫാൽ നിർമിക്കാനുള്ള ശേഷി എച്ച്.എ. എല്ലിനുണ്ട്‌ റഫാൽ യുദ്ധവിമാനത്തോട് കിടപിടിക്കുന്ന റഷ്യയുടെ 25 ടൺ ഭാരമുള്ള സുഖോയ് 30 വിമാനം നിർമിക്കാൻ എച്ച്.എ.എല്ലിന് കഴിയുമെങ്കിൽ റഫാൽ നിർമിക്കാനും കഴിയും. സൗകര്യക്കുറവുണ്ടെങ്കിൽ സർക്കാർ വിചാരിച്ചാൽ പരിഹരിക്കാം. ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷന്റെ മിറാഷ്  യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമാണ്. ഇതിന്റെ അറ്റകുറ്റപ്പണി നടത്തുന്നതും എച്ച്.എ. എല്ലാണ്. 

ഇതിന് മുമ്പും എച്ച്.എ.എല്ലിനെ തഴയുന്ന നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. എച്ച്.എ.എൽ. തദ്ദേശീയമായി നിർമിച്ച എച്ച്.എഫ്. 24 മാരുത് സൂപ്പർ സോണിക് പരിശീലന വിമാനം ഒഴിവാക്കിയാണ് ജാഗ്വർ വ്യോമസേനയിൽ ഇടംപിടിച്ചത്. വിദേശ രാജ്യങ്ങൾ പോലും മാരുത് സൂപ്പർ സോണിക് വിമാനത്തെ പ്രകീർത്തിച്ചിരുന്നു. 1970 വരെ എച്ച്.എ. എല്ലിന് ലഭിച്ച പിന്തുണ യുദ്ധവിമാനങ്ങളുടെ ഇറക്കുമതിയോടെ നഷ്ടപ്പെടുകയായിരുന്നു.
 

സാങ്കേതിക കൈമാറ്റത്തിലൂടെ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമിച്ചില്ലെങ്കിൽ യുദ്ധംപോലുള്ള അടിയന്തരസാഹചര്യങ്ങളിൽ തിരിച്ചടിയുണ്ടാകും. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അറ്റകുറ്റപ്പണി നടത്താൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. എന്നാൽ, തദ്ദേശീയമായി നിർമിച്ചാൽ സങ്കേതിക വിദഗ്‌ധർക്ക് നേരിട്ട് വിമാനങ്ങൾ കാര്യക്ഷമമാക്കാം. കാർഗിൽ യുദ്ധകാലത്ത് എച്ച്.എ.എല്ലിന്റെ സാങ്കേതിക വിദഗ്‌ധരാണ് യുദ്ധമുഖത്ത് സഹായവുമായെത്തിയത്. അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ വിദേശ കമ്പനി വിദഗ്‌ധരെ സേവനത്തിന് ലഭിക്കില്ല. അതിനാൽ യുദ്ധമുഖത്ത് തദ്ദേശീയ ഉത്പന്നങ്ങളാണ് സഹായമാകുകയെന്നതും ശ്രദ്ധേയമാണ്. തദ്ദേശീയമായി നിർമിച്ച സൂപ്പർ സോണിക് ലഘുയുദ്ധവിമാനമായ തേജസ്സ് മിഗ് 21-ന് പകരമായാണ് വ്യോമസേനയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഇതിനുള്ള ഓർഡർ വെട്ടിക്കുറയ്ക്കുന്ന നടപടിയാണുണ്ടായത്. ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുവിനുനേരേ ആക്രമണം നടത്താൻ തേജസ്സിന് ശേഷിയുണ്ട്. 
ഫ്രാൻസിന്റെ മിറാഷും റഫാൽ യുദ്ധവിമാനവും തമ്മിൽ വലിയവ്യത്യാസമി​െല്ലന്നതും പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്നതിനെക്കാൾ നല്ലത് ഏതെങ്കിലും രണ്ടോമൂന്നോ തരത്തിലുള്ള യുദ്ധവിമാനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്. ഓരോ വിമാനത്തിനും സാങ്കേതിക വിദഗ്‌ധരെ കണ്ടെത്തേണ്ടതായി വരുന്നത് പ്രതിസന്ധിഘട്ടത്തിൽ തിരിച്ചടിയാകുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

ചൈന എന്തുകൊണ്ട് വിദേശ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നില്ല എന്ന കാര്യം ചിന്തിക്കണം. 
ലോകത്തെ 50 പ്രമുഖ ഏറോസ്പേസ് കമ്പനികളിൽ എച്ച്.എ.എൽ. 38-ാം സ്ഥാനത്താണ്.  1940-ൽ ചെറു പരിശീലന വിമാനം നിർമിച്ചുകൊണ്ട് ഏറോസ്പേസ് രംഗത്ത് ശക്തമായ സ്വാധീനമാകാൻ  എച്ച്.എ.എല്ലിന് കഴിഞ്ഞു.  പരിശീലനവിമാനങ്ങളായ പുഷ്പക്, കിരൺ മാർക്ക് ഒന്ന്, മാർക്ക് രണ്ട്, സൂപ്പർ സോണിക് എച്ച്.എഫ്. 24 മാരുത് ഫൈറ്റർ, ലഘുയുദ്ധ ഹെലികോപ്റ്റർ, എ.എൽ.എച്ച്. ധ്രുവ് ഹെലികോപ്റ്റർ,  ചേതക് ഹെലികോപ്റ്റർ, ജാഗ്വർ, ഡോർണിയർ, തേജസ്സ്, മിഗ് 21,  മിഗ് 27, സുഖോയ് മാർക്ക് ഒന്ന്, എന്നിവ എച്ച്.എ. എല്ലിലാണ് നിർമിക്കുന്നത്.  ലോകത്ത് ഒന്നാംസ്ഥാനത്തുള്ള ബോയിങ് വിമാനങ്ങളുടെയും എയർ ബസിന്റെയും വാതിൽ നിർമിക്കാനുള്ള ആഗോള ടെൻഡർ എച്ച്.എ.എല്ലിനാണ് ലഭിച്ചത്. ഇത് ആഗോളതലത്തിൽ ലഭിച്ച അംഗീകാരം കൂടിയാണ്. 
റഫാൽ യുദ്ധവിമാന നിർമാണം എച്ച്.എ. എല്ലിൽ നിന്ന് മാറ്റിയെന്ന് വിശ്വസിക്കുന്നില്ല.

ഏത് വിമാനവും നിർമിക്കാനുള്ള ശേഷി എച്ച്.എ. എല്ലിനുണ്ട്. കേന്ദ്രസർക്കാറുകൾ പൊതുമേഖലയെയും സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചത്. ആരെയും കുറ്റപ്പെടുത്താനല്ല, രാജ്യത്തിന്റെ നേട്ടമായിരിക്കണം എല്ലാവരും കണക്കാേക്കണ്ടത്. സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഏറോസ്പേസ് രംഗത്ത് കൂടുതൽ നേട്ടമുണ്ടാക്കാനാണ് എച്ച്.എ.എൽ. ശ്രമിക്കുന്നത്. റഫാൽ നിർമാണത്തിലും ഇതേ മാതൃക സ്വീകരിക്കാം. നിർമാണം എച്ച്.എ.എല്ലിനെ ഏല്പിച്ചാലും റിലയൻസ് അടക്കമുള്ള കമ്പനികൾക്ക് സഹകരിക്കാം. ആയുധ ഇടപാടുകൾ തികച്ചും സുതാര്യമാകണം.