32സ്‌ക്വാഡ്രണുകളാണ്  നമ്മുടെ വ്യോമസേനയ്ക്കുള്ളത്.  എന്നാല്‍, പാകിസ്താനും ചൈനയുമായി  ദ്വിമുഖ യുദ്ധസാഹചര്യം നേരിടാന്‍ കുറഞ്ഞത് 42 യൂണിറ്റുകള്‍ വേണമെന്നിരിക്കേ വ്യോമസേന പത്ത് യൂണിറ്റുകളുടെ കുറവ് നേരിടുന്നു എന്നര്‍ഥം. ആണവശേഷിയുള്ളതും ശത്രുരാജ്യത്തിന്റെ വ്യോമാതിര്‍ത്തി ഭേദിക്കാന്‍ കഴിവുള്ളതുമായ ബ്രിട്ടന്‍ നിര്‍മിത ജാഗ്വാര്‍, ഫ്രഞ്ച് നിര്‍മിത മിറാഷ്, റഷ്യന്‍ നിര്‍മിത മിഗ്-29, മിഗ്-27 എന്നീ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങളെ ആശ്രയിച്ചുള്ളതാണ് വ്യോമസേനയുടെ പ്രതിരോധക്കരുത്ത്. പ്രധാനമായും 245 മിഗ്-21 വിമാനങ്ങളും 240 സുഖോയ്-30 എം.കെ.ഐ. വിമാനങ്ങളുമാണ് നമ്മുടെ പക്കലുള്ളത്.  അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുപരിയായി വ്യോമസേനയെ ആധുനികീകരിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ മുന്നോട്ടുപോകുകയും ചെയ്യുന്നു. വിമാനങ്ങള്‍ വാങ്ങുന്നതിനപ്പുറം അവയുടെ ഇലക്ട്രോണിക് സാങ്കേതികവിദ്യ, എന്‍ജിനുകള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ നവീകരണവും ഇതിലുള്‍പ്പെടുന്നു. മിഗ്-21, 27 വിമാനങ്ങള്‍ക്ക് പകരക്കാരനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്സും വ്യോമസേന നിരയിലേക്ക് എത്തിക്കഴിഞ്ഞു. ആകാശത്തുവെച്ച് ഇന്ധനം നിറച്ച് തേജസ്സ് അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചെലവ് കുറച്ച് നഷ്ടം നേരിടാനായി ഒറ്റ എന്‍ജിന്‍ യുദ്ധവിമാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന കാര്യവും ഇന്ത്യ പരിഗണിക്കുന്നുണ്ട്. വിദേശനിര്‍മിത യുദ്ധവിമാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നത് പിന്നീട് ഘടകഭാഗങ്ങള്‍, നവീകരണം എന്നിവയുടെ ആവശ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്.

വിവാദത്തിനാധാരം

DASSAULT

2000-ത്തില്‍ ഇന്ത്യന്‍ മീഡിയം മള്‍ട്ടി റോള്‍ കോംപാക്റ്റ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (എം.എം.ആര്‍.സി.എ.) യുദ്ധവിമാനങ്ങള്‍ക്കായി ക്ഷണിച്ച ടെന്‍ഡറിന്  ആഗോളതലത്തില്‍നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് യു.എസിന്റെ ലോക്ഹീഡ് മാര്‍ട്ടിന്‍, സ്വീഡന്റെ സാബ്, ഫ്രാന്‍സിന്റെ ദസൊ ഏവിയേഷന്‍സ്, യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ യൂറോഫൈറ്റര്‍ എന്നീ വിമാനക്കമ്പനികള്‍ നല്‍കിയ അപേക്ഷയില്‍ 2011-ല്‍ ഇന്ത്യ യുദ്ധവിമാനങ്ങളുടെ സാങ്കേതിക പരിശോധന നടത്തിയിരുന്നു. ഒടുവില്‍ ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായതെന്ന അന്തിമപട്ടികയിലെത്തിയത് ദസൊ ഏവിയേഷന്റെ റഫാല്‍, യൂറോഫൈറ്ററിന്റെ ടൈഫൂണ്‍ എന്നീ യുദ്ധവിമാനങ്ങളാണ്. ഒടുവില്‍ 2012-ല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സ് കമ്പനിയായ ദസൊയുമായി ഇന്ത്യ കരാറൊപ്പിട്ടു. രണ്ട് എന്‍ജിനുകളുള്ള മള്‍ട്ടിറോള്‍ പോര്‍വിമാനമാണ് റഫാല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫസ് എന്നിങ്ങനെ മിസൈലുകള്‍ വിക്ഷേപിക്കാനുള്ള 'ഒമ്‌നിറോള്‍' കഴിവ് റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കുണ്ട്. ദസൊയുടെ റഫാല്‍ വിമാനങ്ങള്‍ക്ക് ആദ്യമായി കരാര്‍ നല്‍കുന്ന വിദേശരാജ്യങ്ങളിലൊന്നായി മാറി ഇതോടെ ഇന്ത്യ. 

ഉത്തരവാദിത്വമേല്‍ക്കാതെ ദസൊ

AK ANTONY

ഇന്ത്യന്‍ വ്യോമസേനയ്ക്കായി 126 റഫാല്‍ പോര്‍വിമാനങ്ങള്‍ നല്‍കാനുള്ള കരാറാണ് ദസൊയുമായി  ഒപ്പിട്ടത്. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ച് നല്‍കുമെന്നും 108 എണ്ണം ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡുമായി(എച്ച്.എ.എല്‍.) ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മിക്കുമെന്നുമായിരുന്നു ധാരണ. യു.പി.എ. സര്‍ക്കാരില്‍ എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് കരാറുമായി ബന്ധപ്പെട്ട നിബന്ധനകള്‍ രൂപവത്കരിക്കുന്നതും ദസൊ ഏവിയേഷനുമായി ചര്‍ച്ചകളാരംഭിക്കുന്നതും. ചര്‍ച്ചകള്‍ അവസാനഘട്ടം വരെയെത്തിയിരുന്നെങ്കിലും  മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും കാര്യങ്ങളില്‍ ധാരണയിലെത്താനാകാത്തതിനാല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലാവധിയവസാനിച്ച 2014-വരെ കരാറിലെത്താനായില്ല. സാങ്കേതികക്കൈമാറ്റത്തിന്റെ കാര്യത്തിലായിരുന്നു പ്രധാനപ്രശ്‌നം നിലനിന്നിരുന്നത്. എച്ച്.എ.എല്ലിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന 108 വിമാനങ്ങളുടെ ഗുണമേന്മ സംബന്ധിച്ച ഉത്തരവാദിത്വമേറ്റെടുക്കാന്‍ ദസൊ ഏവിയേഷന്‍ തയ്യാറായില്ല. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുമ്പോള്‍ നിര്‍മാണച്ചെലവിലും കാര്യമായ വര്‍ധനയുണ്ടാകും. ഫ്രാന്‍സിലേതിനെക്കാള്‍ മൂന്നുകോടി മണിക്കൂര്‍ മനുഷ്യാധ്വാനം ഇന്ത്യയില്‍ അധികം വേണ്ടി വരുമെന്നതിനാലാണിത്. മിഗ് ഉള്‍പ്പെടെയുള്ള മറ്റ് യുദ്ധവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗുണമേന്മാ പരിശോധനയില്‍ അത്രനല്ല ചരിത്ര പശ്ചാത്തലമല്ല എച്ച്.എ.എല്ലിനുള്ളതെന്ന് ബോധ്യമാകുകയും ചെയ്യും.

കരാര്‍ ഇന്ത്യയ്ക്ക് ലാഭമെന്ന് എന്‍.ഡി.എ.

NDA

2014-ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2016-ല്‍ 126 എന്നത് തിരുത്തി 36 റഫാല്‍ വിമാനങ്ങള്‍ക്കുള്ള 787 കോടി യൂറോയുടെ (ഏകദേശം 67,432 കോടി രൂപ) കരാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി ഒപ്പിട്ടു. 2012-ലേതിനെക്കാള്‍ മെച്ചപ്പെട്ട കരാറാണ് തങ്ങള്‍ ദസൊയുമായി ഒപ്പുവെച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഇതിലൂടെ 160 കോടി യൂറോ അഥവാ 13,600 കോടി രൂപ (അതില്‍ 11,000 കോടി രൂപയും വിമാനത്തിന്റെ പരിപാലനം, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതികവ്യതിയാനങ്ങള്‍, പരിശീലനം എന്നിവയില്‍ ലാഭിക്കുന്നതും ബാക്കി ലാഭം വിമാനത്തിന്റെ അടിസ്ഥാനവിലയിലുമാണ്) ഇന്ത്യയ്ക്ക് ലാഭിക്കാനായെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. യു.പി.എ. സര്‍ക്കാരിന്റെയും എന്‍.ഡി.എ. സര്‍ക്കാരിന്റെയും  കാലത്ത് ഒപ്പുവെച്ച കരാറിന്റെ യഥാര്‍ഥകണക്കുകള്‍ ഇപ്പോഴും പൂര്‍ണമായി പുറത്തുവിട്ടിട്ടില്ലെന്നത് മറ്റൊരു വസ്തുത. യു.പി.എ. കാലത്തുണ്ടാക്കിയത് റഫാല്‍ നിര്‍മാണത്തിനുള്ള അനുമതിക്കരാര്‍ മാത്രമായിരുന്നെന്നും സാങ്കേതികവിദ്യാകൈമാറ്റത്തെക്കുറിച്ച് അതില്‍ പറയുന്നില്ലെന്നും എന്‍.ഡി.എ. ആരോപിക്കുന്നു. എന്നാല്‍, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്റര്‍ ഗവണ്‍മെന്റ് നിയമത്തിന്റെ 12-ാം വകുപ്പുപ്രകാരം പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനുള്ള കരാറാണ് എന്‍.ഡി.എ. സര്‍ക്കാര്‍ ഒപ്പിട്ടത്. കരാര്‍ തുകയുടെ 50 ശതമാനം ഫ്രഞ്ച് കമ്പനി വഹിക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ബാക്കി തുകയായ ഏകദേശം 30,000 കോടി രൂപ പങ്കാളിത്തം വഹിക്കുന്ന ഇന്ത്യന്‍ കമ്പനി നല്‍കണം. ഈ വ്യവസ്ഥയിന്മേലാണ് റഫാല്‍ ഇടപാടില്‍ പ്രശ്‌നങ്ങളാരംഭിക്കുന്നത്. ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ടുള്ള ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഒളോന്ദിന്റെ പ്രഖ്യാപനവും ഒളോന്ദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗയേയുടെ സിനിമാനിര്‍മാണക്കമ്പനിയുമായി ചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് കരാറൊപ്പിട്ടതും റഫാല്‍ കരാറിന് മേല്‍ കരിനിഴല്‍ വീഴ്ത്തി. റഫാല്‍ കരാറില്‍ ഇന്ത്യന്‍ പങ്കാളിത്ത കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഫ്രാന്‍സിന് നല്‍കിയിരുന്നുവെന്നാണ് എന്‍.ഡി. എ. സര്‍ക്കാര്‍ വാദിച്ചിരുന്നത്. കോടതിയാവശ്യപ്പെട്ടാല്‍ അല്ലാതെ കരാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്നുള്ള വ്യവസ്ഥ കരാറിലെഴുതിച്ചേര്‍ക്കപ്പെട്ടതും റഫാല്‍ ഇടപാടിനെ സംശയമുനയില്‍ നിര്‍ത്തുന്നു.

ബൊഫോഴ്‌സ് മുതല്‍ റഫാല്‍ വരെ

സ്വതന്ത്രഭാരത ചരിത്രത്തില്‍ വി.കെ. കൃഷ്ണമേനോനെതിരേ ആരോപണമുയര്‍ന്ന ജീപ്പ് വിവാദം മുതലിങ്ങോട്ട് പ്രതിരോധരംഗത്ത് പ്രധാനപ്പെട്ട ഏഴ് അഴിമതിയാരോപണങ്ങളാണുണ്ടായിട്ടുള്ളത്. അതിലേറ്റവും പ്രധാനമായിരുന്നു 1980-കളില്‍ ഇന്ത്യയെ ഉലച്ച ബൊഫോഴ്‌സ് വിവാദം.   പീരങ്കി നല്‍കുന്നതിനുള്ള കരാര്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികൃതര്‍ക്ക് സ്വീഡിഷ് ആയുധനിര്‍മാണക്കമ്പനി കൈക്കൂലി നല്‍കിയിരുന്നെന്ന ബൊഫോഴ്‌സ് അഴിമതിയാരോപണം രാജീവ് ഗാന്ധി സര്‍ക്കാരിന്റെ പതനത്തിന് കാരണമായി. പുറത്തുനിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനുപോലും വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ബൊഫോഴ്‌സ് അഴിമതി വലിയ പ്രതിസന്ധിയാണ് ദീര്‍ഘകാലത്തില്‍ ഇന്ത്യയില്‍ സൃഷ്ടിച്ചത്. ഇന്ത്യയ്ക്ക് മുന്നിലുണ്ടായ ഈ പ്രതിസന്ധി ശത്രുരാജ്യങ്ങള്‍ ശരിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു. യു. എസില്‍ നിന്നുള്ള സഹായം കൈപ്പറ്റിയും തദ്ദേശീയമായി ആയുധ-പ്രതിരോധ സംവിധാനങ്ങള്‍ പുതുതായി രൂപവത്കരിച്ചും അവരീ അവസരം ശരിക്ക് മുതലെടുത്തുവെന്ന് പറയാം. ബൊഫോഴ്‌സ് പീരങ്കിയുടെ ഗുണമേന്മ 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ബോധ്യപ്പെട്ടതാണ്. എന്നാല്‍, അഴിമതിയാരോപണങ്ങള്‍ ഇതിന്റെ െഷല്ലുകളുടെ ലഭ്യതയ്ക്ക് തടസ്സങ്ങളുണ്ടാവുകയും അവ പിന്നീട് ഉയര്‍ന്ന വില നല്‍കി വാങ്ങേണ്ടതായും വന്നു. 2000-ത്തിലാണ് മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങളുടെ ആവശ്യം മീഡിയം മള്‍ട്ടി റോള്‍ കോംപാക്റ്റ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (എം.എം.ആര്‍.സി.എ.) മുന്നോട്ടുെവക്കുന്നത്. അതിന് രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് എം.എം.ആര്‍.സി.എ. യ്ക്ക് ആദ്യ യുദ്ധവിമാനം ലഭ്യമാകാന്‍പോകുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരമുള്ള ചെളിവാരിയെറിയലുകള്‍ ഇത്തരം കാലതാമസങ്ങള്‍ക്ക് പ്രധാനകാരണമാകുന്നു.

അവിശ്വസിക്കേണ്ടതില്ല ഫ്രാന്‍സിനെ

MODI HOLLANDE

റഫാല്‍ ഇടപാടില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണത്തെക്കൂടി ബാധിക്കുമെന്നതും മറ്റൊരു കാര്യം. ഇന്ത്യന്‍ വ്യോമസേനയുടെ ആണവശേഷിക്ക് കരുത്തായി ആദ്യമെത്തിയത് ഫ്രഞ്ച് നിര്‍മിത മിറാഷ്-2000 യുദ്ധവിമാനങ്ങളായിരുന്നു. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മിറാഷ് യുദ്ധവിമാനങ്ങള്‍  മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ വിഷയങ്ങളില്‍ ഫ്രാന്‍സ് ഇന്ത്യയുടെ വിശ്വസനീയ പങ്കാളിയാണെന്നതില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. ഇന്ത്യയുടെ ആണവപരീക്ഷണങ്ങള്‍ക്കുശേഷം മറ്റു പ്രധാനലോകശക്തികളെപ്പോലെ ഫ്രാന്‍സ് നമുക്കെതിരേ ഉപരോധങ്ങളേര്‍പ്പെടുത്തിയിരുന്നില്ലെന്നതും 1999-ല്‍ ഇന്ത്യയുമായി ആദ്യം നയതന്ത്രസഹകരണം സ്ഥാപിച്ചത് ഫ്രാന്‍സായിരുന്നു തുടങ്ങിയ വസ്തുതകളും ഓര്‍മിക്കാം. 

വേണം പ്രതിരോധത്തിലെ ഉദാരീകരണം

പ്രതിരോധ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലെങ്കിലും ദേശീയനേതാക്കള്‍ ഒന്നിച്ച്  ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ, ദേശീയ സുരക്ഷയെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സുതാര്യമാക്കേണ്ടതുണ്ട്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓര്‍ഡനന്‍സ് ഫാക്ടറീസ് ബോര്‍ഡ് (ഒ.എഫ്.ബി.), അവയുടെ മാതൃസ്ഥാപനമായ പ്രതിരോധ ഉത്പാദന വിഭാഗം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെയാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ സൈന്യത്തിന്റെ ആധുനികീകരണം പൂര്‍ത്തിയാക്കുന്നതിന് പകരം തങ്ങളുടെ തന്നെ നിയമങ്ങള്‍ സൃഷ്ടിച്ച ശങ്കയുമായി മുന്നോട്ടുപോകുന്ന മെല്ലെപ്പോക്ക് നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. സാങ്കേതികക്കൈമാറ്റമുള്‍പ്പെടെയുള്ളവ മുന്‍നിര്‍ത്തി വ്യോമയാന വ്യവസായത്തില്‍ ആഗോളതലത്തില്‍ത്തന്നെ ഒന്നാമതെത്താന്‍ കഴിയുമായിരുന്ന എച്ച്.എ.എല്‍. ഇതിനായി മൂലധനം സമാഹരിക്കുന്നതില്‍ പരാജയപ്പെട്ടു. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാവശ്യ ഇടപെടലുമായിരുന്നു ഇതിന് കാരണം. സ്വകാര്യസംരംഭകരെ ഇപ്പോഴും പ്രതിരോധ മേഖലയ്ക്ക് പുറത്തുനിര്‍ത്തുന്നതിന് പ്രധാനകാരണം പ്രതിരോധ നിര്‍മാണ രംഗത്ത് നിലനില്‍ക്കുന്ന കര്‍ശനനിയന്ത്രണങ്ങളും പരാജയപ്പെടാനെന്നോണം രൂപവത്കരിക്കപ്പെട്ടതും അപര്യാപ്തവുമായ നടപടിക്രമങ്ങളുമാണ്.  യഥാര്‍ഥത്തില്‍ നമ്മുടെ സൈനിക-വ്യവസായ മേഖലയെ ഉദാരീകരിക്കാനായി രൂപവത്കരിക്കപ്പെട്ട നയങ്ങളൊക്കെയും ഇപ്പോഴും ശൈശവ ദശയില്‍ത്തന്നെയാണെന്നതാണ് വാസ്തവം.

സംശയമുണര്‍ത്തുന്ന സങ്കീര്‍ണതകള്‍

SUBHASH BHAMRE

റഫാല്‍ ഇടപാടില്‍ ശരിക്കുള്ള പ്രശ്‌നം അതിന്റെ ഗുണമേന്മയെക്കുറിച്ചല്ല. മറിച്ച് ഗുണമേന്മയുടെ കാര്യത്തില്‍ ഒരാളും ഉത്തരവാദിത്വമേല്‍ക്കാത്തതും സങ്കീര്‍ണവും സുതാര്യവുമല്ലാത്ത കരാറും അതിന്റെ നടപടിക്രമങ്ങളുമാണ്. ഇത് സംബന്ധിച്ച് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രെ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തിലെ എല്ലാ പഴുതുകളെയും തുറന്നുകാട്ടുന്നതാണ്. ഓരോ ഇടപാടുകളും വിവിധമന്ത്രാലയങ്ങളുടെ തീരുമാനങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. ഒരേ ഇടപാടില്‍ത്തന്നെ വ്യത്യസ്തമന്ത്രാലയങ്ങള്‍ അവരവരുടേതായ വ്യത്യസ്ത നിലപാടുകള്‍ കൈക്കൊള്ളുന്നു. നടപടിക്രമങ്ങളുടെ ആവര്‍ത്തനം, തീരുമാനം നടപ്പില്‍ വരുന്നതിലെ കാലതാമസം, മേല്‍നോട്ടത്തിന്റെ അഭാവം തുടങ്ങിയവയാണ് ഇതിന്റെ പരിണതഫലങ്ങള്‍. കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷങ്ങളില്‍ 144 പദ്ധതികളില്‍ എട്ടു മുതല്‍ പത്തുശതമാനം വരെ പദ്ധതികള്‍ മാത്രമാണ് നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ മറ്റു പല ന്യൂനതകളും പ്രതിരോധ മേഖലയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി നടപ്പാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയുധ ഇടപാട് ആര്‍.എഫ്.പി. (റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍) ഘട്ടത്തിലെത്തിയതിനുശേഷം അതില്‍ അന്തിമതീരുമാനമുണ്ടാകുന്നത് ശരാശരി 120 ആഴ്ചകള്‍ക്കുശേഷമാണ്, 2016-ല്‍ ഇത് സംബന്ധിച്ച് പാസാക്കിയ നിയമത്തിലെ വ്യവസ്ഥയനുസരിച്ചുള്ള കാലാവധിയുടെ ആറിരട്ടിയാണിത്. 

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിലെ റിസര്‍ച്ച് ഫെലോയും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മുന്‍ സീനിയര്‍ ഡിഫന്‍സ് സ്‌പെഷ്യലിസ്റ്റുമായ ലേഖകന്‍ ശൗര്യചക്ര ജേതാവാണ്)