'ഹാഥ്റസിലെ ദുഃഖിതരായ കുടുംബാംഗങ്ങളെ കാണുന്നതില്‍ നിന്നും അവരുടെ വേദന പങ്കിടുന്നതില്‍ നിന്നും ലോകത്തെ ഒരു ശക്തിക്കും എന്നെ തടുക്കാനാവില്ല.' ഒക്ടോബര്‍ മൂന്നിന് ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ വീണ്ടും സന്ദര്‍ശിക്കാനിറങ്ങുന്നതിന് മുമ്പ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ച വാചകം. പ്രിയങ്കാഗാന്ധി വദ്രയും സഹോദരന്റെ ഈ വാചകം റീട്വീറ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനുമുളള ഗാന്ധികുടുംബത്തിലെ ഇളമുറക്കാരുടെ ആദ്യശ്രമത്തെ യു.പി.പോലീസ് ശക്തമായി പ്രതിരോധിച്ചതിനുളള മറുപടിയായിരുന്നു രാഹുലിന്റെ വാക്കുകള്‍.
തന്നെ തള്ളിയിട്ട, മര്‍ദിച്ച,അറസ്റ്റ് ചെയ്ത് നീക്കിയ യു.പി. പോലീസിന്റെ പ്രതിരോധത്തിന് മുന്നില്‍ എന്തുവന്നാലും കീഴടങ്ങില്ലെന്നുറപ്പിച്ചായിരുന്നു രണ്ടാംതവണ പ്രിയങ്ക ഓടിച്ച വാഹനത്തിന്റെ ഇടതുവശത്തിരുന്ന് രാഹുല്‍ ഹാഥ്റസിലേക്ക് യാത്ര പുറപ്പെട്ടത്. ഏതായാലും ഇരുവരുടേയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ യു.പി.പോലീസ് മുട്ടുമടക്കി. രാഹുലും പ്രിയങ്കയുമുള്പ്പടെ ഏതാനും പേര്‍ക്ക് ഹാഥ്റസിലേക്ക് കടക്കാനുളള അനുമതി നല്കി.
ഒടുവില്‍ രണ്ടാംശ്രമത്തില്‍ ശനിയാഴ്ച പ്രിയങ്കയും രാഹുലും പെണ്‍കുട്ടിയുടെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെ കണ്ടു. മകളുടെ വേര്‍പാട് താങ്ങാനാകാതെ, അവസാനമായി ഒരുനോക്കുപോലും കാണാനാകാതെ പോയ മകളെയോര്‍ത്ത് നിലവിളിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയെ ആലിംഗനം ചെയ്തുകൊണ്ടാണ് പ്രിയങ്ക ആശ്വസിപ്പിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പോലീസ് തടങ്കലിലെന്ന പോലെ പുറംലോകവുമായുളള ബന്ധം നഷ്ടപ്പെട്ടുകഴിയുന്ന ഒരു കുടുംബത്തിനെ അവര്‍ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു. തനിച്ചല്ലെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു. ഒരു രാജ്യം മുഴുവന്‍ പറയാനാഗ്രഹിച്ചത്, ചെയ്യാനാഗ്രഹിച്ചത്...
These two Photographs actually define who they are and what they stand for. And they are better human being than most politicians around pic.twitter.com/hQjoZBSC1B
— Joy (@Joydas) October 3, 2020
അതുകൊണ്ടുതന്നെയാണ് പെണ്‍കുട്ടിയുടെ അമ്മയെ ആലിംഗനം ചെയ്ത് നില്ക്കുന്ന പ്രിയങ്കയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ പങ്കുവെക്കപ്പെട്ടത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാമേഖലയിലെ അനവധിപേരിലൂടെ, ഇന്ത്യയിലെ സാധാരണക്കാരിലൂടെ ഇതെഴുതുമ്പോഴും ആ ചിത്രം പങ്കുവെയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനുകാരണം ആ ചേര്‍ത്തുനിര്‍ത്തലില്‍ കാണാനായത് പ്രിയങ്കയുടെ രാഷട്രീയമായിരുന്നില്ല, കരുതലായിരുന്നു. കുടുംബത്തിലെ പുരുഷന്മാര്ക്കൊപ്പം തലതാഴ്ത്തിയിരിക്കുന്ന രാഹുലിന്റെയും അമ്മയെ ആലിംഗനം ചെയ്യുന്ന പ്രിയങ്കയുടെയും ചിത്രങ്ങളിലൂടെ പ്രതിഫലിച്ചത് ഞങ്ങളുണ്ട് കൂടെയെന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ മനസ്സായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത് ജുഡീഷ്യല്‍ അന്വേഷണമാണെന്നാണ് കുടുംബവുമായുളള കൂടുക്കാഴ്ചയ്ക്ക് ശേഷം പ്രിയങ്ക മാധ്യമങ്ങളെ അറിയിച്ചത്. മകളെ അവസാനമായി ഒരുനോക്കുകാണാന്‍ അവളുടെ കുടുംബത്തിന് കഴിഞ്ഞില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം ഉത്തരവാദിത്വം മനസ്സിലാക്കണം. നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്നും പ്രിയങ്ക പറഞ്ഞു.
ലോകത്തിലെ ഒരു ശക്തിക്കും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനാവില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. ഇതാദ്യമായല്ല വേദനിക്കുന്നവര്‍ക്കൊപ്പം തോള്ചേര്ന്നുളള രാഹുലിന്റെ നില്പ്.
🤗
Posted by Vinay Forrt on Saturday, 3 October 2020
സ്നേഹത്തിന്റെ ...കരുതലിന്റെ ...ചേർത്ത് നിർത്തലിന്റെ ...രാഷ്ട്രീയം..
Posted by K.K Rema on Saturday, 3 October 2020
मैं हाथरस के पीड़ित परिवार से मिला और उनका दर्द समझा। मैंने उन्हें विश्वास दिलाया कि हम इस मुश्किल वक़्त में उनके साथ...
Posted by Rahul Gandhi on Saturday, 3 October 2020
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ കുടുംബത്തിനൊപ്പവും നിശബ്ദനായി രാഹുലുണ്ടായിരുന്നുവെന്ന് പിന്നീട് അവരുടെ മാതാപിതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. പക്ഷേ നിര്‍ഭയയുടെ വീട്ടുകാര്‍ക്കൊപ്പം താനുണ്ടെന്ന് ഒരു ഘട്ടത്തിലും രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയോ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയോ ചെയ്തില്ല. നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം നിശബ്ദ സാന്നിധ്യമായി അവരുടെ പോരാട്ടവീര്യത്തിന് ഊര്‍ജം പകര്‍ന്നു. വൈകാരിക പിന്തുണമാത്രമായിരുന്നില്ല, സാമ്പത്തികമായും ആ കുടുംബത്തിന് കൈത്താങ്ങുനല്കിയത് രാഹുലാണ്.
'ഞങ്ങള്‍ക്കൊപ്പം എല്ലായ്പ്പോഴും നിന്നത് , പരിപാലിച്ചത് രാഹുലാണ്. ഞങ്ങളോട് അക്കാര്യം രഹസ്യമായി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.'- ഐഎഎന്‍എസിനോട് സംസാരിക്കവേ 2017ല്‍ നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് പറഞ്ഞത് ഇപ്രകാരമാണ്.
'ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടാണ് ആ സംഭവം മനസ്സില്‍ ഏല്‍പ്പിച്ചത്. അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ രാഹുല്‍ ഞങ്ങള്‍ക്ക് മുന്നിലെത്തുന്നത്. രാഷ്ട്രീയം എന്തായാലും അദ്ദേഹം ഞങ്ങള്‍ക്ക് ദേവദൂതനായിരുന്നു. സഹോദരിക്കുണ്ടായ ദുരനുഭവത്തില്‍ തളര്‍ന്നുപോയ അവളുടെ സഹോദരന് രാഹുല്‍ കൗണ്‍സിലിങ് നല്കി. പൈലറ്റ് പരിശീലനത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തുനല്‍കി. ഇന്ന് എന്റെ മകന് പൈലറ്റാണ് അത് സാധ്യമായത് രാഹുല്‍ ഉണ്ടായതുകൊണ്ടാണ്. എനിക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല, രാഹുല്‍ ഗാന്ധി ഞങ്ങളെ സമീപിച്ചതും രാഷ്ട്രീയ അജണ്ടകളുമായല്ല. അദ്ദേഹം ഞങ്ങളെ സഹായിച്ചെന്ന സത്യം എന്നും സത്യമായി തന്നെ നിലനില്ക്കും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. രാഷ്ട്രീയത്തിന് വേണ്ടിയല്ല താനിതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയരുതെന്ന് ഞങ്ങളോട് പലതവണ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അത് മനുഷ്യത്വമാണ് രാഷ്ട്രീയമല്ല.' - ബദ്രിനാഥ് പറഞ്ഞു.
ഹാഥ്റസില്‍ നിന്നുളള ഈ ചിത്രങ്ങളും പറയുന്നത് അത് മനുഷ്യത്വമാണ് രാഷ്ട്രീയമല്ലെന്ന് തന്നെയാണ്. ആണെങ്കില്‍ തന്നെ അതിനുളള സാഹചര്യമുണ്ടാക്കിക്കൊടുത്ത ഭരണകൂടത്തേയല്ലേ ആദ്യം വിമര്‍ശിക്കേണ്ടത്?
Content Highlights: Priyanka Gandhi's embrace went viral on social media