കര്‍ച്ചവ്യാധികള്‍ ദൈവശിക്ഷയാണെന്നോ ബ്രാഹ്‌മണകോപമാണെന്നോ പ്രചരിപ്പിച്ചിരുന്ന പരമ്പരാഗത മതങ്ങള്‍ മഹാമാരിക്കെതിരെ രൂപപ്പെടേണ്ട സാമൂഹ്യ ഉത്തരവാദിത്തത്തെയും സഹകരണ മനോഭാവത്തെയും അസാധ്യമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. രോഗബാധിതര്‍ ദൈവത്തിന്റെ അപ്രീതിക്കിരയായവരാണെന്നും അതിനാല്‍ അവരെ ശുശ്രൂഷിയ്ക്കുന്നതു പോലും ദൈവകോപം വിളിച്ചു വരുത്തുമെന്ന ഭയം വിശ്വാസികളെ മഹാമാരിക്കു മുന്നില്‍ ക്രൂരമായ ഉദാസീനതയിലേക്കു തള്ളിവിട്ടിരുന്നു.

പകര്‍ച്ചവ്യാധികളും ഭക്ഷ്യക്ഷാമങ്ങളും ആരോഗ്യ-വൈദ്യശാസ്ത്ര പ്രശ്‌നങ്ങള്‍ മാത്രമല്ല; മഹായുദ്ധങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും പോലെ, ഒരു പക്ഷെ അതിനേക്കാളേറെ വലിയ രാഷ്ട്രീയ-സാമൂഹ്യ മാറ്റങ്ങള്‍ക്കും മത വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും പുതിയ മതവിഭാഗങ്ങളുടെ ആവിര്‍ഭാവത്തിനും കാരണമായേക്കും എന്നാണ് ഫ്രാങ്ക് സ്‌നോഡന്‍  പറയുന്നത്. (Frank M. Snowden, Epidemics and Society : From the Black Death to the Present)

എ.ഡി 6-7 നൂറ്റാണ്ടുകളില്‍ റോമിലുണ്ടായ 'ജസ്റ്റിനീയര്‍ ഫ്‌ളൂ', റോമാ സാമ്രാജ്യത്വത്തിന്റെ പതനത്തിനും പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെയാകെ ഗ്രസിച്ച ബ്യൂബോണിക് പ്ലേഗ് യൂറോപ്യന്‍ ഫ്യൂഡലിസത്തിന്റെയും, കത്തോലിക്ക സഭയുടെ അപ്രമാദിത്വത്തിന്റെയും തകര്‍ച്ചയ്ക്ക് കാരണമായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ നെപ്പോളിയന്റെ സാമ്രാജ്യത്വ വികസന മോഹങ്ങളുടെ ചിറകരിഞ്ഞ പകര്‍ച്ചവ്യാധിയാണ് ഹെയ്തിയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്കു നയിച്ചത്.

ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ വ്യക്തിഗതരോഗങ്ങള്‍  പോലെയല്ല പകര്‍ച്ചവ്യാധികള്‍. അവ സാമൂഹിക അസ്ഥിരതയ്ക്കും സാമ്പത്തികമാന്ദ്യത്തിനും വലിയ അസ്തിത്വ ഭീതിക്കും സംഭ്രാന്തിക്കും ചിലപ്പോള്‍ ചില വിഭാഗങ്ങളെ ബലിയാടുകള്‍ ആക്കുന്നതിനും കാരണമായേക്കാം. ഒരു ഹൃദ്രോഗിയെ പരിചരിക്കുന്ന സ്‌നേഹ സ്വാന്ത്വനത്തോടു കൂടി ഒരു കൊറോണാ രോഗിയെ പരിചരിക്കാനുള്ള ധൈര്യം ബന്ധുക്കള്‍ക്കുണ്ടാവില്ല. കൊറോണാ ബാധിതനായ ഒരാള്‍ സ്വയം ഒരു രോഗിയാണെന്നതിനു പുറമെ, മറ്റനേകം പേരെ രോഗിയാക്കാന്‍ പോന്ന രോഗവാഹി കൂടിയായതിനാല്‍, രോഗിയുടെ ബന്ധുക്കളെ ഭരിക്കുന്നത് കരുതല്‍ മാത്രമല്ല ഭയം കൂടിയായിരിക്കും.

അതിനാല്‍ പകര്‍ച്ചവ്യാധികളെ നേരിടാന്‍ തികച്ചും പ്രൊഫഷണലായ പൊതുജനാരോഗ്യ സംവിധാനങ്ങളും പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുമാണ് ആവശ്യം. ക്രിസ്തു വര്‍ഷാരംഭത്തില്‍ യൂറോപ്പിനെ ബാധിച്ച പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തിലാണ് ക്രിസ്തുമത വിശ്വാസിയായ ഒരു സമ്പന്ന വനിത ലോകത്തിലെ ആദ്യ ആശുപത്രി സ്ഥാപിച്ചത്. ആശുപത്രികളുടെ ആവിര്‍ഭാവത്തോടെ വീടുകളുടെ ഹൃദയംഗമമാര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍വഹിക്കപ്പെട്ടു വന്ന രോഗശുശ്രൂഷ പ്രൊഫഷണല്‍ ആശുപത്രികള്‍ ഏറ്റെടുക്കുകയും സ്ഥാപനവത്ക്കരിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ട് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍, മനുഷ്യനെ ഏറ്റവുമധികം കൊന്നൊടുക്കിയത് പകര്‍ച്ചവ്യാധികളായിരുന്നുവെന്ന് കാണാം. ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ പരിണാമ ചരിത്രം പകര്‍ച്ചവ്യാധികളും രോഗപ്രതിരോധവും തമ്മിലുള്ള നിലക്കാത്ത സമരത്തിന്റെ ചരിത്രമെന്ന് വിശേഷിപ്പിക്കാം. ഇതഃപര്യന്തമുള്ള ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന്  മാര്‍ക്‌സ് സിദ്ധാന്തിച്ചതു പോലെ, മനുഷ്യന്റെ സാംസ്‌കാരിക പരിണാമ ചരിത്രം പകര്‍ച്ചവ്യാധിയും രോഗവ്യാപന പ്രതിരോധവും തമ്മിലുള്ള സമരത്തിന്റെ ചരിത്രമാണെന്നു പറയാം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ഈ പ്രതിരോധ സമരത്തില്‍ മനുഷ്യന് ലഭ്യമായിരുന്ന വിഭവങ്ങള്‍ ഇവയാണ്:

ഒന്ന്. ജീവപരിരക്ഷയെന്ന ജനിതക വാസന. പക്ഷേ അതിന്റെ പ്രവര്‍ത്തനം അബോധതലത്തിലായതിനാല്‍ നാം മനുഷ്യര്‍ അതേക്കുറിച്ച് അറിയണമെന്നില്ല. മനുഷ്യരെ മാത്രമല്ല രോഗാണുക്കളെയും നിയന്ത്രിക്കുന്നത് ഒരേ ഭൗതിക രസതന്ത്ര നിയമങ്ങള്‍ തന്നെയാണ്. നമ്മുടെ ജീവ പരിപാലന വാസനയ്ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. അതായത് രോഗാണുക്കളും മനുഷ്യ പ്രതിരോധവും തമ്മിലുള്ള യുദ്ധത്തിന്റെ മുന്നണികളും യുദ്ധനിയമങ്ങളും ഒന്നു തന്നെയാണെന്നര്‍ത്ഥം.

രണ്ട്. പരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ പ്രകൃതിനിയമങ്ങളുടെ നിയന്ത്രണങ്ങളില്‍നിന്നു സ്വതന്ത്രമായ മറ്റൊരു മാനം(dimension) മനുഷ്യന്‍ കണ്ടുപിടിച്ചു. അതാണ് സാംസ്‌കാരിക പരിണാമം. എഴുത്തിന്റെ ആവിര്‍ഭാവം പലതരം ലിപികള്‍ക്കും ചിത്രമെഴുത്തിനും ജന്മം നല്‍കി. ക്രമേണ വികസിച്ച  ചിത്രമുദ്രണ ശേഷിയാണ് സംഖ്യകളുടെ കണ്ടുപിടിത്തത്തിനും ഗണിത -ജ്യാമിതീയ ശാസ്ത്രത്തിനും 'തത്വ'ങ്ങളുടെ ഭാവനയ്ക്കും തത്വചിന്തയ്ക്കും  കാരണമായത്. ബിസി അഞ്ചാം നൂറ്റാണ്ടില്‍ ക്ലാസിക്കല്‍ ഗ്രീസിലുണ്ടായ 'സാക്ഷരതാ' വിപ്ലവ (literature revolution)മാണ് യുക്തിയുടെയും ശാസ്ത്രത്തിന്റെയും പൂര്‍വ്വോപാധികളെന്ന് എറിക് ഹാവ് ലോക്ക് വാദിക്കുന്നു. (The Literate Revolution in Greece and its Cultural Consequences) ഒടുവില്‍ 16, 17 നൂറ്റാണ്ടുകളാവുമ്പോഴേക്ക് മിത്തുകള്‍ പഴങ്കഥയാവുകയും ശാസ്ത്രം മനുഷ്യന്റെ ലോകബോധത്തിന്റെ  കേന്ദ്രബിന്ദുവാകുകയും ചെയ്തു. ശാസ്ത്രബോധത്തെ ന്യായീകരിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗമാളുകള്‍ പിന്നെയും മതങ്ങളുടെ മിഥ്യാഭ്രമങ്ങള്‍ക്കു പിന്നാലെ ചക്രങ്ങളെപ്പോലെ സഞ്ചരിച്ചുകൊണ്ടിരുന്നു.

പരിണാമചരിത്രത്തില്‍ സമീപകാലത്തു മാത്രം ആവിര്‍ഭവിച്ച സാംസ്‌കാരിക പരിണാമമാണ് മനുഷ്യനെ ജന്തു ലോകത്ത് നിസ്തുലനാക്കുന്നത്. ജൈവപരിണാമത്തിന്റെ ഏക താല്‍പര്യം ജീനുകളുടെ പകര്‍ത്തലും പെരുകലും കൈമാറ്റവുമാണെന്നു സിദ്ധാന്തിക്കുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും പറയുന്നത് 'ജീനിന്റെ സ്വേച്ഛാധിപത്യ' (tyranny of the gene) ത്തെ മറികടക്കാന്‍ ശേഷിക്കുന്ന ഏകജീവി മനുഷ്യനാണെന്നാണ്.

ജീനിന്റെ സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള പലതരം ശ്രമങ്ങളുടെ ഭാഗമാണ് ദൈവത്തിന്റെ കണ്ടുപിടുത്തം. പ്രകൃതി നിയമങ്ങള്‍ക്കതീതനും സര്‍വ്വശക്തനും സര്‍വ്വരോഗ സംഹാരിയുമായ ഒരു ദൈവത്തെ ഭാവന ചെയ്യുകയും ദൈവപ്രീതിക്കായി പലതരം മാന്ത്രിക- അനുഷ്ഠാന- പ്രാര്‍ത്ഥന,  നിസ്‌കാരം, തീര്‍ത്ഥാടന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ക്രമേണ അനുഷ്ഠാന വിദഗ്ധരും പുണ്യഗ്രന്ഥം വ്യാഖ്യാതാക്കളുമായ ഒരു പുരോഹിത വര്‍ഗ്ഗവും രൂപംകൊണ്ടു. അങ്ങനെയാണ് ഇന്നത്തെ സംഘടിത മതങ്ങള്‍ ആവിര്‍ഭവിച്ചത്. എന്നാല്‍ ഗോത്രാന്തര കൂട്ടക്കൊലകളും രാഷ്ട്രാന്തര യുദ്ധങ്ങളും അന്തര്‍ മതസംഘട്ടനങ്ങളും ഭക്ഷ്യക്ഷാമങ്ങളും മനുഷ്യനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. പരാജിതരുടെ ദൈവങ്ങള്‍ അപ്രത്യക്ഷമാവുകയും വിജയികളുടെ ദൈവങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാവുകയും ചെയ്തു.

പകര്‍ച്ചവ്യാധികളുടെയും മഹാമാരികളുടെയും അധിനിവേശം അങ്ങനെയായിരുന്നില്ല. അവിടെ ശത്രുവും മിത്രവുമില്ല. ചക്രവര്‍ത്തിമാര്‍ തൊട്ട് തെരുവു തെണ്ടിവരെ പകര്‍ച്ചവ്യാധികള്‍ക്കു മുന്നില്‍ തുല്യരാണ്. പലതരം പകര്‍ച്ചവ്യാധികള്‍ റോമാ സാമ്രാജ്യത്തിന്റെ നെടുംതൂണുകള്‍ ഓരോന്നായി ഇളക്കി കൊണ്ടിരുന്നപ്പോഴാണ് ആദിമ ക്രിസ്തുമതം രംഗത്ത് വരുന്നത്. പകര്‍ച്ചവ്യാധികള്‍ക്ക് മുന്നില്‍ റോമാസാമ്രാജ്യത്തിന്റെ ദൈവങ്ങള്‍ നിസ്സഹായമായി നോക്കി നില്‍ക്കുകയോ പിന്‍വാങ്ങുകയോ ചെയ്തപ്പോഴാണ് രോഗശാന്തി നല്‍കുന്നവന്‍ എന്ന പരിവേഷത്തോടെ ക്രിസ്തു രംഗപ്രവേശനം ചെയ്തത്. 

പകര്‍ച്ചവ്യാധിയെ അതിജീവിച്ച ഒരു ചെറു ന്യൂനപക്ഷത്തിന് റോമാ സാമ്രാജ്യത്തിന്റെ ദൈവങ്ങളിലുള്ള പ്രതീക്ഷയാകെ നഷ്ടപ്പെട്ടപ്പോഴാണ് കുരുടന് കാഴ്ച നല്‍കുകയും മുടന്തനെ എഴുന്നേല്‍പ്പിച്ച് നടത്തുകയും ചെയ്യുമെന്ന അത്ഭുത രോഗശാന്തി വാഗ്ദാനവുമായി ക്രിസ്തുവും ശിഷ്യരും പ്രവേശിച്ചത്. റോമന്‍ ദൈവങ്ങള്‍ നല്കിയിരുന്ന വാഗ്ദാനങ്ങളുടെ നിഷ്ഫലത സ്വന്തം ജീവിതംകൊണ്ട് തിരിച്ചറിഞ്ഞ ഹതഭാഗ്യര്‍, ആട്ടിന്‍ പറ്റങ്ങളെപ്പോലെ ക്രിസ്തുവിനെ പിന്തുടര്‍ന്നു. 

ആദ്യകാല ക്രിസ്ത്യാനികള്‍ വലിയ പീഡനങ്ങള്‍ക്കിരയായെങ്കിലും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തോടെ അത് ഭരണകൂടമാവുകയും കത്തോലിക്കാസഭ ദൈവത്തേക്കാള്‍ വലിയ ശക്തിയാവുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ 'കറുത്ത മരണം' എന്നറിയപ്പെടുന്ന പ്ലേഗ് യൂറോപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചപ്പോഴാണ് സഭയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്നത്.

ബിഷപ്പുമാരില്‍ പലരും ആദ്യം തന്നെ പാലായനം ചെയ്തിരുന്നു. പാടങ്ങളും തെരുവുകളും ശവങ്ങള്‍ കൊണ്ടു നിറഞ്ഞു. എന്താണ് കാരണമെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. അഭയകേന്ദ്രമെന്ന് കരുതിയ പള്ളികളിലേക്ക് എല്ലാവരും ഓടി. കൂട്ടപ്രാര്‍ത്ഥനകളും കൂട്ടമണിയടികളും നടത്തി. എന്നാല്‍ പ്രാര്‍ത്ഥന ഹാളുകളിലും അള്‍ത്താരകളിലും വിശ്വാസികള്‍ ചോര തുപ്പി പിടഞ്ഞുവീണു. ശവങ്ങള്‍ മറവു ചെയ്യാന്‍ പോലും ആളില്ലാതായി. യൂറോപ്യന്‍ ജനസംഖ്യയുടെ പകുതിയോളം മനുഷ്യരെയാണ് പ്ലേഗ് കൊന്നൊടുക്കിയത്.

ദൈവവിശ്വാസത്തെ ഇല്ലാതാക്കിയില്ലെങ്കിലും, ഒരു സ്ഥാപനമെന്ന നിലയ്ക്ക് കത്തോലിക്ക സഭയുടെ വിശ്വാസ്യത തകര്‍ന്നു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ സഭയ്‌ക്കെതിരെ ഉന്നയിച്ച നീണ്ട കുറ്റപത്രികയ്ക്ക് ഇത്രയേറെ ജനസ്വാധീനം ലഭിക്കാന്‍ കാരണം ഈ ചരിത്രപശ്ചാത്തലമാണ്. പുതിയൊരു ദൈവം ഉണ്ടായില്ലെങ്കിലും പ്രൊട്ടസ്റ്റന്റ് ഉള്‍പ്പെടെ പല സഭകളുമുണ്ടായി. 

പകര്‍ച്ചവ്യാധികള്‍ ഇടവിട്ട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 1918-ലെ സ്പാനിഷ് ഫ്ളൂവും 1957ലെ ഏഷ്യന്‍ ഫ്‌ളുവും ദൈവ മിഥ്യകളെ അപ്രസക്തമാക്കിയെങ്കിലും ജനസാമാന്യം പുതിയ വ്യാമോഹങ്ങള്‍ക്ക് പിന്നാലെ കൂടുകയാണുണ്ടായത്. സാംസ്‌കാരിക പരിണാമചരിത്രത്തില്‍ ഓരോ സമൂഹവും വളര്‍ത്തിയെടുത്തിട്ടുള്ള ഒരു കേന്ദ്ര ആശ്രയ -മൂല്യ സമുച്ചയത്തിന്റെ (core idea value complex) ശക്തി ദൗര്‍ബല്യങ്ങളാണ് കൊറോണക്കെതിരായ ശാസ്ത്രീയ പ്രതിരോധത്തിന്റെ കാര്യക്ഷമതയെ നിര്‍ണയിക്കുന്നത്. 

കൊറോണ വ്യാപനത്തിനെതിരെ തക്കസമയത്ത് മുന്‍കരുതല്‍ നടപടികളെടുക്കുന്നതില്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വലിയ വീഴ്ച പറ്റിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 500 കൊല്ലങ്ങളായി പ്രസ്തുത സമൂഹങ്ങളുടെ ലോക ബോധത്തെയും മാനവികാഭിമുഖ്യത്തെയും നിര്‍ണയിച്ചു കൊണ്ടിരിക്കുന്ന യുക്തി അധിഷ്ഠിതവും ശാസ്ത്രീയവുമായ അടിസ്ഥാന ചിന്താരീതിയെ ഈ പ്രതിസന്ധിക്ക് ക്ഷതമേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിഷേധിക്കാനാവില്ല.

പത്തൊമ്പതാം നൂറ്റാണ്ടില്‍ രോഗാണു സിദ്ധാന്തത്തിന്റെ കണ്ടുപിടിത്തവും എല്ലാറ്റിനുമുപരി ഡാര്‍വീനിയന്‍ പരിണാമസിദ്ധാന്തത്തിന്റെ ആവിര്‍ഭാവവും യൂറോപ്യന്‍ ജനതയിലെ ഭൂരിപക്ഷത്തെയും മതമിഥ്യകളില്‍ നിന്നു മോചിപ്പിച്ചിട്ടുണ്ട്. ഈ സമൂഹങ്ങളുടെ സാംസ്‌കാരിക പ്രതിരോധ വ്യവസ്ഥ(cultural immune system)യെ ഇന്ന് നിര്‍ണയിക്കുന്നത് പ്രധാനമായും ശാസ്ത്രമാണ്. 

എന്നാല്‍ മഹാഭൂരിപക്ഷം ജനതയും മതമിഥ്യകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടറയില്‍ കഴിയുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് കൊറോണ വ്യാപനം സൃഷ്ടിക്കുന്ന ഭൗതികവും മാനസികവുമായ ആഘാതം വളരെ വലുതാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആര്‍ പോലെയുള്ള സ്ഥാപനങ്ങളും ആവിഷ്‌കരിക്കുന്ന ശാസ്ത്രീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ സ്വീകാര്യത ലഭിക്കണമെങ്കില്‍, ഭരണാധികാരികള്‍ ശാസ്ത്രത്തിന്റെ ശൈലിയിലൂടെ വേണം ജനങ്ങളോട് സംസാരിക്കേണ്ടത്. 

ദൗര്‍ഭാഗ്യമെന്നു പറയട്ടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു  രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയില്‍ നാം കണ്ടത് ഒരു പ്രാചീന മന്ത്രവാദിയുടെയോ  ജ്യോതിഷിയുടെയോ ശുദ്ധ ശൈലിയായിരുന്നു. ശരാശരി ഹിന്ദു- ഇന്ത്യന്‍ മനസ്സില്‍ അഗാധ ഗ്രസ്തമായിട്ടുള്ള കര്‍മ്മ ധര്‍മ്മ മൂല്യങ്ങളെയും അന്ധവിശ്വാസങ്ങളെയും സ്പര്‍ശിക്കാന്‍ ഈ മഹാമാരിക്ക് പോലും കഴിഞ്ഞിട്ടില്ല. 

ഒരര്‍ത്ഥത്തില്‍ ഇന്ത്യക്കാര്‍ ഇന്ന് രണ്ടു മഹാമാരികള്‍ക്കു നടുവിലാണ് ജീവിക്കുന്നത്. കൊറോണയെന്ന ജൈവ മഹാമാരിക്കും മതാന്ധതയെന്ന സാംസ്‌കാരിക മഹാമാരിയ്ക്കും നടുവില്‍. കൊറോണ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിക്കുന്നവരുടെ പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഭയമാണ് തോന്നുന്നത്. ജൈവ മഹാമാരിയെ അധികം വൈകാതെ ശാസ്ത്രലോകം കീഴ്‌പ്പെടുത്തുക തന്നെ ചെയ്യും.  എന്നാല്‍ മതാന്ധവിശ്വാസമെന്ന  മഹാമാരിയില്‍നിന്ന് ആരാണ് രക്ഷിക്കുക?

Content Highlights: Only science can protest us from virus spreading