നീതിക്കുവേണ്ടി വിശക്കുന്നവർ ഭാഗ്യവാന്മാർ -യേശുക്രിസ്തു

ലന്ധർ ബിഷപ്പ്‌ ആയിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ 2018 െസപ്‌റ്റംബർ 21-ന്‌ വൈകീട്ട്‌ എട്ടുമണിക്ക്‌ കേരള പോലീസ്‌ അറസ്റ്റുചെയ്തതോടെ പതിന്നാലു ദിവസമായി എറണാകുളത്ത്‌ ഹൈക്കോടതിക്ക്‌ സമീപം നടന്നുപോന്നിരുന്ന കന്യാസ്ത്രീസമരം ചരിത്രംസൃഷ്ടിച്ചുകൊണ്ട്‌ വിജയകരമായി പര്യവസാനിച്ചു.  
സാധാരണനിലയ്ക്ക്‌ ആർക്കും കിട്ടാത്ത  സാവകാശമാണ്‌ ബിഷപ്പിന്‌ കിട്ടിയത്‌. നടിയെ ബലാൽക്കാരം ചെയ്യാൻ പ്രേരണകൊടുത്തുവെന്ന ആരോപണം നേരിട്ട സിനിമാനടനും ഒരു സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിസ്ഥാനത്തുവന്ന എം.എൽ.എ.യും എത്രയോ വേഗം അറസ്റ്റുചെയ്യപ്പെട്ടുവെന്ന സമീപകാലത്തെ അനുഭവങ്ങൾ ഓർത്തുനോക്കിയാൽ ഇപ്പറഞ്ഞത്‌ ബോധ്യമാവും.
 

തെളിവുകിട്ടാതെ അറസ്റ്റുചെയ്യാൻ പറ്റുമോ?

പറ്റും. തെളിവുചോദിക്കുന്നതും കേസ്‌ തീർപ്പാക്കുന്നതും കോടതിയുടെ പണിയാണ്‌. വിധി കല്പിക്കുന്നത്‌ പോലീസല്ല,  ജഡ്ജിയാണ്‌. ഇത്തരം കേസുകളിൽ കഴിയുംവേഗം കുറ്റാരോപിതനെ അറസ്റ്റുചെയ്യണം എന്നാണ്‌ നിയമം. അല്ലെങ്കിൽ പ്രതി നാടുവിട്ടുപോവാം; തെളിവുകൾ നശിപ്പിക്കാം; ഹർജിക്കാരിയെക്കൊണ്ട്‌ പരാതി പിൻവലിപ്പിക്കാം; സാക്ഷികളെ പ്രീണിപ്പിക്കാം; സാക്ഷികളെ ഭീഷണിപ്പെടുത്താം... മറ്റും മറ്റും.

നിർഭയ കേസി(ന്യൂഡൽഹി, 2012)നെ തുടർന്ന്‌ ബലാത്സംഗങ്ങളെപ്പറ്റി പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ശർമാ കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നമ്മുടെ പാർലമെന്റ്‌ ‘ബലാത്സംഗം’ എന്നതിന്റെ നിർവചനത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്‌ (2013).
പദവികൊണ്ട്‌ ‘മേലെ’ നിൽക്കുന്ന  പുരുഷൻ ബലാത്സംഗം ചെയ്തതിനെപ്പറ്റി ‘താഴെ’ നിൽക്കുന്ന സ്ത്രീ പരാതിപ്പെടുന്ന സാഹചര്യത്തിൽ ‘പലവട്ടം’ എന്നതോ, ‘കാലപ്പഴക്കം’ എന്നതോ കുറ്റകൃത്യത്തിൽനിന്ന്‌ പുരുഷന്‌ ഒരു നിലയ്ക്കും വിടുതി നൽകുന്നില്ല എന്നതാണ്‌ ആ പരിഷ്കാരം-ഇപ്പറഞ്ഞ രണ്ടും സ്ത്രീയുടെ അനുവാദത്തിന്റെയോ സഹകരണത്തിന്റെയോ സൂചകമായി എടുത്ത്‌, നടന്നത്‌ ബാലത്സംഗമല്ല, ലൈംഗികവേഴ്ച മാത്രമാണ്‌ എന്ന്‌ വ്യാഖ്യാനിച്ചുകൂടാ എന്നർഥം.
ഇപ്പോഴത്തെ ബിഷപ്പ് കേസിൽ വളരെ പ്രസക്തമാണ് ഈ പുനർനിർവചനം. കന്യാസ്ത്രീയെ തന്റെ നീചഭാഷയിൽ നിന്ദിക്കാൻ പൂഞ്ഞാർ എം.എൽ.എ. പി.സി. ജോർജ് ഉപയാഗിച്ചത് ‘പലവട്ടം’, ‘കാലപ്പഴക്കം’ എന്നീ ‘യുക്തി’കളാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കന്യാസ്ത്രീവിരുദ്ധ നിലപാടിന്റെ അടിത്തറയും ഇതുതന്നെ-അത്രയ്ക്കങ്ങോട്ട് തുറന്നുപറഞ്ഞില്ലെന്നേയുള്ളൂ. മുൻ ആഭ്യന്തരമന്ത്രിയും എം.എൽ.എ.യും മേല്പറഞ്ഞ സംഗതികളൊന്നും അറിയാതെ വരില്ല. അവർക്കൊക്കെ പ്രധാനം വോട്ടാണ്!

നിശ്ശബ്ദതയുടെ പൊരുളുകൾ

സിസ്റ്റർ അഭയ കേസ് (1992) കേരളചരിത്രത്തിലെ സമാനമായൊരു സംഭവമാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ അത് ആത്മഹത്യയായി! തുടർന്ന് സി.ബി.ഐ.ക്കുവേണ്ടി അന്വേഷിച്ച വർഗീസ് പി. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ‘കൊലപാതകംതന്നെ’ എന്നു കണ്ടെത്തിയെങ്കിലും സമ്മർദം താങ്ങാനാവാതെ സത്യസന്ധനായ സംഘത്തലവന് രാജിവെക്കേണ്ടിവന്നു! മനസ്സാക്ഷിയെ മാനിച്ച് ഇറങ്ങിപ്പോന്ന വർഗീസ് പി. തോമസിന് പിരിയാൻ പിന്നെയും ഏഴ് കൊല്ലം ബാക്കിയായിരുന്നു.

നമ്മൾ മറന്നുപോകരുത്: അഭയ കേസിലെ പ്രതികളെ അറസ്റ്റുചെയ്തത് 16-ാം കൊല്ലമാണ് (2008). 26 കൊല്ലമായി കേസ് നടക്കുന്നു. എന്താ, ഏതാ എന്ന് ഇനിയും തീർപ്പായിട്ടില്ല!

അഭയ കേസിലെ പ്രതികൾ അറസ്റ്റുപോലും നേരിടാതെ 16 കൊല്ലം നടന്നതിൽ ഇവിടത്തെ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. അയ്യഞ്ചുകൊല്ലം കൂടുമ്പോൾ ഭരണം മാറുകയാണല്ലോ ഇവിടത്തെ പതിവ്. രാഷ്ട്രീയകക്ഷികളോ, മാധ്യമങ്ങളോ, ബഹുജനങ്ങളോ അഭയ കേസിനോ അതുമായി ബന്ധപ്പെട്ട സമരത്തിനോ ശ്രദ്ധയും പിന്തുണയും നൽകിയില്ല. കത്തോലിക്കാ സഭയോട് ഞാൻ പറയട്ടെ: അന്ന് അഭയയ്ക്ക് നിങ്ങൾ പിന്തുണ നൽകിയിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ ബിഷപ്പ് കേസ് ഉണ്ടാകുമായിരുന്നില്ല.

നീതിയുടെ വിജയം

ഈ സാഹചര്യം നിലനിൽക്കുന്ന അന്തരീക്ഷത്തിലാണ്‌ കന്യാസ്ത്രീസമരം നടക്കുന്നതും ഗംഭീരവിജയം നേടുന്നതും- ഇത്തരത്തിൽ ഇന്ത്യയിൽ ഒരു ബിഷപ്പ്‌ അറസ്റ്റിലാവുന്ന ആദ്യാനുഭവമാണ്‌ കേരളത്തിൽ ഉണ്ടായിരിക്കുന്നത്‌. ഇത്‌ മനസ്സാക്ഷിയുടെ, ജനാധിപത്യത്തിന്റെ വിജയമാണ്‌.

പ്രധാനപ്പെട്ട കാര്യം. ഈ സമരത്തിന്‌ ഒരു മുന്നണിയുടെയോ, പാർട്ടിയുടെയോ, നേതാവിന്റെയോ പിന്തുണ ഉണ്ടായിരുന്നില്ല. അപമാനിതയായ സഹപ്രവർത്തകയ്ക്കുവേണ്ടി നാലഞ്ചു കന്യാസ്ത്രീകൾ തെരുവിലെത്തുകയാണുണ്ടായത്‌. അവരുടെ സമരവീര്യത്തോട്‌ ഐക്യപ്പെട്ടുകൊണ്ട്‌ നാട്ടിലും മറുനാട്ടിലും നീതിബോധമുള്ള കേരളീയർ രംഗത്തുവന്നു. ‘സ്വന്തം ബിഷപ്പിനെതിരേ കന്യാസ്‌ത്രീകൾ ചെയ്യുന്ന സമരം’ ദേശീയമാധ്യമങ്ങളെയും വിദേശമാധ്യമങ്ങളെയും ആകർഷിച്ചു. പത്രം, ടെലിവിഷൻ തുടങ്ങിയ മുഖ്യധാരാമാധ്യമങ്ങൾ പൊതുവിലും ഫെയ്‌സ്‌ബുക്ക്‌, വാട്‌സാപ്പ്‌ തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വിശേഷിച്ചും അതേെറ്റടുത്തു. സാമൂഹികമാധ്യമങ്ങളാണ്‌ മുഖ്യധാരാമാധ്യമങ്ങളെ നിയന്ത്രിച്ചത്‌!

വ്യക്തികളുടെ ഒറ്റപ്പെട്ട ഉറങ്ങാത്ത നീതിബോധത്തിന്റെ കൂട്ടായ്മയിലൂടെയാണ്‌ നാം ഈ വിജയം നേടിയത്‌. അതിന്റെ വേദി പാർട്ടിയോ, മതവിശ്വാസമോ, ജാതിസംഘടനയോ, ഏതെങ്കിലും പ്രസ്ഥാനമോ ഒന്നുമല്ല; മാധ്യമങ്ങളാണ്‌. ഇനിയങ്ങോട്ടു നമ്മുടെ നാട്ടിൽ നടക്കാൻ പോകുന്ന പൗരാവകാശസമരങ്ങൾ ഏതു വഴിക്കാവും പുറപ്പെടുക, ഏതേത്‌ വഴികളിലൂടെയാവും അവ പുരോഗമിക്കുക എന്നു കാണിക്കുന്ന ചൂണ്ടുപലകയാണ്‌ അതാ, ‘അച്ചടക്കം ലംഘിച്ച്‌’ തെരുവിൽ മുദ്രാവാക്യം വിളിച്ചുനിൽക്കുന്ന ആ ‘തിരുവസ്ത്രധാരി’! കത്തോലിക്കാസഭയെയും ‘മാർക്സിസ്റ്റ്‌ തിരുസഭ’യെയും മറ്റെല്ലാ സഭകളെയും നീതിയുടെ പേരിൽ വെല്ലുവിളിക്കാനുള്ള ഊർജം അവളിൽ കുടിയിരിക്കുന്നുണ്ട്‌. അതിന്റെ പശ്ചാത്തലത്തിൽ എവിടെയോ ‘പെമ്പിളൈ ഒരുമൈ’യുടെ സംഘഗാനത്തിന്റെ ഈണം വീണുകിടപ്പുണ്ട്‌.

സ്ത്രീത്വത്തിന്റെ ശാക്തീകരണം

കേരളീയ സ്ത്രീത്വം ശക്തിപ്പെടുന്നതിന്റെ സുവ്യക്തമായ അടയാളങ്ങൾ ഈ സമരം പുറത്തുവിടുന്നുണ്ട്‌. മറ്റെല്ലായിടത്തും എന്ന പോലെ നീതിപീഠത്തിന്റെ മുമ്പിലും സ്ത്രീയെ തോല്പിക്കുന്നതാണല്ലോ നമ്മുടെ പതിവ്‌ പരിപാടി. മുകളിൽ പരാമർശിച്ചവയും അല്ലാത്തവയുമായ കേസുകളുടെ ഗതി ആലോചിച്ചുനോക്കുക-കേസെടുക്കാതെയും പ്രതികളെ അറസ്റ്റുചെയ്യാതെയും തെളിവുകൾ നശിപ്പിച്ചു. എത്രയെണ്ണം അട്ടിമറിച്ചിട്ടുണ്ട്‌! കോടതിയെ തെറ്റിദ്ധരിപ്പിച്ചും കള്ളസാക്ഷി പറയിച്ചും സാക്ഷികളെ കൂറുമാറ്റിയും എത്രയെത്ര വനിതാപരാതികൾ അട്ടിമറിച്ചിട്ടുണ്ട്‌!! ഇനി, അതിനൊന്നും പഴയ എളുപ്പം കിട്ടില്ല.
ഈ മുന്നേറ്റത്തിൽ മതേതരത്വത്തിന്റെ ഒരു വിജയമുള്ളത്‌ നാം കാണാതിരിക്കരുത്‌-കന്യാസ്ത്രീപ്രശ്നം ഒരു സമുദായത്തിന്റെ കാര്യമാണ്‌ എന്ന്‌ ആരും വിചാരിച്ചില്ല. പ്രശ്നം സ്ത്രീയുടേതും മനുഷ്യസമൂഹത്തിന്റേതും എന്നാണ്‌ പൊതുവിൽ മലയാളികൾ മനസ്സിലാക്കിയത്‌.  അതുകൊണ്ടുതന്നെ ജാതിമതഭേദങ്ങളില്ലാതെ ബഹുജനങ്ങളുടെ പിന്തുണ ലഭിച്ചു. ‘സമരം സഭയ്ക്കെതിരാണ്‌’ എന്ന്‌ ചുരുക്കം ചില വിശ്വാസികളേ വിചാരിച്ചുള്ളൂ. ബിഷപ്പും സഭയും ഒന്നല്ല എന്നും യഥാർഥ ഭക്തന്മാർ ആക്രമിക്കപ്പെട്ടവർക്കൊപ്പമാണ്‌ എന്നുമുള്ള വെളിവിലേക്ക്‌ ഭൂരിപക്ഷം വിശ്വാസികളും ഉണർന്നു. കന്യാസ്ത്രീസമരം സഭയ്ക്ക്‌ എന്നതിലധികം സംസ്ഥാനസർക്കാരിന്‌ എതിരായിട്ടായിരുന്നു.

ഇതൊരു താക്കീത്‌

ജനാധിപത്യത്തിന്റെ പോരാട്ടം-വിശേഷിച്ചും ഇന്ത്യയിൽ-മിക്കപ്പോഴും പൗരോഹിത്യത്തിനെതിരിലായിരിക്കും. കാരണം, കാലത്തിനും ദേശത്തിനും നിരക്കാത്ത ദുരാചാരങ്ങളിലൂടെ മനുഷ്യരുടെ പൗരാവകാശങ്ങൾ ഹനിക്കുന്ന അദൃശ്യഭരണകൂടമാണ്‌ പൗരോഹിത്യം. എല്ലാ മതസമൂഹങ്ങൾക്കും ജാതിസമുദായങ്ങൾക്കും ഇപ്പറഞ്ഞത്‌ ചേരും. പൗരോഹിത്യത്തിനെതിരായ വലുതും ചെറുതുമായ ഏത്‌ ശബ്ദവും മതേതര ജനാധിപത്യത്തിന്റെ പെരുമ്പറയാണ്‌-ക്രിസ്തീയ സമൂഹത്തിലെ എന്നപോലെ അയൽസമൂഹങ്ങളിലെയും പുരോഹിതർക്ക്‌ കന്യാസ്ത്രീസമരം കനത്ത താക്കീതാണ്‌.
മഹാഭാഗ്യം! ബിഷപ്പ്‌ ന്യൂനപക്ഷ സമുദായക്കാരനാണെന്നും സമരം സംഘപരിവാരത്തെ സഹായിക്കാനാണെന്നും പറഞ്ഞ്‌ ‘സ്വതന്ത്രബുദ്ധിജീവി’കളാരും എഴുന്നള്ളിയില്ല! എല്ലാ ന്യൂനപക്ഷത്തെയും ‘ന്യൂനപക്ഷമായി’ അവർ തിരിച്ചറിയുന്നുണ്ടാവില്ല. അതുകൊണ്ടാവും, വിരോധഭ്രാന്തി(ഫോബിയ)ന്റെ മൂർത്തികൾ എന്നു വിളിച്ച്‌ സമരാനുകൂലികളെ തേജോവധം ചെയ്യാൻ ആരും എത്താതെപോയത്‌!

നമ്മൾ മലയാളികൾ എന്നേക്കുമായി ഓർത്തിരിക്കണം. ജീവൻ പണയംവെച്ചാണ്‌ ആ കന്യാസ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. അവരുടെ സഹപ്രവർത്തകർ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി സമരംചെയ്തതിലും  വിപത്‌സാധ്യതകൾ ചെറുതല്ല. സ്വന്തം മഠത്തിലും സമുദായത്തിലും  ഇനി അവർ നേരിടാൻ പോകുന്ന ദുരിതങ്ങൾ എന്തൊക്കെയാണ്‌?

അവർ കേസ്‌ ജയിച്ചാൽ പ്രതികാരബുദ്ധിയോടെ അവർക്കെതിരേ തിരിയുന്ന ഒരു സമൂഹം ചുറ്റും ഉണ്ടാകില്ലേ? കേസ്‌ തോറ്റാൽ അതിലും വലിയ പ്രതികാരവുമായി ഈ കന്യാസ്ത്രീകൾക്കുനേരെ ചാടിവീഴാൻ ആളുണ്ടാവില്ലേ? ‘സഭയുടെ മാനം’ എന്നത്‌ പുരുഷന്റെ മാനമാണ്‌ എന്നു കരുതുന്നവർ, രണ്ടായാലും അടങ്ങിയിരിക്കില്ല.
അങ്ങനെ വരുമ്പോൾ കന്യാസ്ത്രീകൾക്ക്‌ പിന്തുണയും സംരക്ഷണവും കൊടുക്കാൻ മലയാളികൾ ഇതേപോലെ അണിചേരുമോ?