കുളിച്ചൊരുങ്ങാൻ പറഞ്ഞ അവസാനത്തെ ഉടമയുടെ കണ്ണുവെട്ടിച്ച്‌ ഓടിപ്പോകുമ്പോൾ ഒരു വെടിയുണ്ടയിൽ തീരാവുന്ന ജീവിതമാണ് തന്റേതെന്ന് നാദിയ മുറാദ് ചിന്തിച്ചില്ല. മൂന്നുമാസത്തോളം പലർ ഒറ്റയ്ക്കും കൂട്ടായും ബലാത്സംഗംചെയ്ത ആ ശരീരത്തിനുള്ളിലെ മനസ്സിൽ പ്രതീക്ഷ അപ്പോഴും കെടാവിളക്കുപോലെ തെളിഞ്ഞുനിന്നു. മാസങ്ങൾക്കുശേഷം ബി.ബി.സി.യുടെ ‘ഹാർഡ് ടോക്കി’ൽ നിറഞ്ഞതെങ്കിലും തുളുമ്പാത്ത കണ്ണുകളോടെ, ഇടറിയതെങ്കിലും മുറിയാത്ത വാക്കുകളോടെ നാദിയ പറഞ്ഞു, “ദായേഷ് (ഇസ്‌ലാമിക് സ്റ്റേറ്റ്) എന്നെ പിടിക്കുന്നതിനുമുമ്പോ പിടിച്ചുകഴിഞ്ഞോ ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ഞാൻ ചിന്തിച്ചില്ല. അങ്ങനൊരു ചിന്ത എന്റെയുള്ളിൽ ഉണ്ടായിട്ടില്ല.” 

ഏറ്റ പീഡകളുടെ കാഠിന്യം ആത്മഹത്യയെ സാധൂകരിക്കുമെങ്കിൽ പലവട്ടം ജീവനൊടുക്കാൻ അവകാശമുള്ളവളാണ് നാദിയ. കാരണം അവളുടെ വാക്കുകളിൽത്തന്നെയുണ്ട്: “മിക്കയാളുകളും ജീവിതത്തിൽ ഒരിക്കൽ മരിക്കുന്നു. പക്ഷേ, ഞങ്ങൾ (യസീദി സ്ത്രീകൾ) ഓരോ മണിക്കൂറിലും മരിക്കുകയായിരുന്നു.” മരണത്തെ മുഖാമുഖം കണ്ടുപിരിഞ്ഞ ഡോ. ഡെനിസ് മുക്വെഗിക്കൊപ്പം സമാധാനനൊബേലിന് നാദിയയും അർഹയാകുമ്പോൾ അത് ലൈംഗികാതിക്രമങ്ങളാൽ തകർന്ന, മരിച്ച, ആ യാതനയെ അതിജീവിച്ച എല്ലാവർക്കുമുള്ള ആദരമാണ്; ഒപ്പം സ്വീഡിഷ് അക്കാദമിയിലെ അപരാധത്തിന് നോർവീജിയൻ അക്കാദമിയുടെ പ്രായശ്ചിത്തവും. 

അവസാനത്തെ പെൺകുട്ടി

nadiya murad

തന്റെപോലൊരു കഥയുള്ള ലോകത്തെ അവസാനത്തെ പെൺകുട്ടിയാകാനേ നാദിയ മുറാദ് ആഗ്രഹിക്കുന്നുള്ളൂ. അതിനാണ് തന്റെ ജീവിതാനുഭവം പറയാൻ കഴിയുന്നത്ര വേദികളിൽ നാദിയ പ്രത്യക്ഷപ്പെടുന്നത്; ‘അവസാനത്തെ പെൺകുട്ടി’ എന്ന ആത്മകഥയെഴുതിയത്. നൂറ്റാണ്ടുകളുടെ പീഡനചരിത്രം പേറുന്ന ഒരു വംശത്തിലാണ് നാദിയ മുറാദ് ബാസീ താഹ പിറന്നത്. ഇറാഖിലെ സിൻജാർ മലനിരകളിൽ പാർക്കുന്ന യസീദി വംശത്തിൽ. ക്രിസ്തുമതത്തിന്റെയും ഇസ്‌ലാം മതത്തിന്റെയും സൊരാഷ്ട്രിയ വിശ്വാസത്തിന്റെയും അംശങ്ങൾ ഒരുമിപ്പിച്ചുള്ള വിശ്വാസം യസീദികളെ പലർക്കും അനഭിമതരാക്കി. കൂട്ടക്കൊലകളുടെ ഭൂതകാലത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന അവരെത്തേടി വർത്തമാനകാലം കണ്ട അതിക്രൂര ഭീരകസംഘടനയായ ഐ.എസ്. എത്തുമ്പോൾ 21 വയസ്സായിരുന്നു നാദിയയ്ക്ക്. 

ഇറാഖിലെങ്ങോ ഐ.എസ്. എന്തെല്ലാമോ ചെയ്യുന്നു. അതുമാത്രമായിരുന്നു നാദിയയ്ക്കുണ്ടായിരുന്ന വിവരം. ചരിത്രവിദ്യാർഥിയായിരുന്നു അവൾ. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കോജോ ഗ്രാമത്തിൽ ശാന്തമായി കഴിയുകയായിരുന്നു. 2014 ഓഗസ്റ്റിൽ ഐ.എസ്. ഭീകരർ കോജോ വളഞ്ഞു. പേടിയിൽ മുങ്ങിപ്പോയ ഗ്രാമീണരെ നാട്ടിലെ പള്ളിക്കൂടത്തിൽ ഭീകരർ ഒന്നിച്ചുകൂട്ടി. സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചു. പുരുഷൻമാരെയെല്ലാം ലോറിയിൽ കയറ്റിക്കൊണ്ടുപോയി കൊന്നു. നാദിയയുടെ ആറ് ആങ്ങളമാരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്ത്രീകളെ ബസുകളിൽ കയറ്റി അടിമച്ചന്തയിൽ കൊണ്ടുപോയി. ഐ.എസിലെ അംഗങ്ങൾക്കുതന്നെ വിറ്റു. 

സംഘടനയിലെ ജഡ്ജിയാണ് നാദിയയെ വാങ്ങിയത്. അന്നുമുതൽ അവൾ അയാളുടെ ലൈംഗിക അടിമയായി. പലവട്ടം അയാൾ ബലാത്സംഗംചെയ്തു. വേദനയും വെറുപ്പുംകൊണ്ട് കണ്ണടച്ചുപോയ സമയത്തെല്ലാം തല്ലിയുണർത്തി. തുറന്ന കണ്ണുകളോടെ അയാളുടെ അതിക്രമങ്ങൾ അവൾ ഏറ്റുവാങ്ങി. അപ്പോഴൊക്കെയും രക്ഷപ്പെടാനുള്ള വഴിയെന്തെന്ന് നാദിയ ആലോചിച്ചു. ഒരിക്കൽ ജനൽവഴി ചാടി. പിടിക്കപ്പെട്ടു. തിരിച്ചുകൊണ്ടുവന്ന് തുണിയുരിഞ്ഞ് ‘യജമാനൻ’ ശിങ്കിടികൾക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ ഊഴംവെച്ച് ബലാത്സംഗംചെയ്തു. പിന്നെ വിറ്റു. പല കൈമറിഞ്ഞ്, അവസാനത്തെ ഉടമയുടെ അടുത്തെത്തി. ആവശ്യം കഴിഞ്ഞ്, വിൽപ്പനയ്ക്കായി ചന്തയിൽ കൊണ്ടുപോകാൻ അയാൾ തയ്യാറെടുക്കേ, പൂട്ടാത്തവാതിൽ തള്ളിത്തുറന്ന് നാദിയ ഓടി.

അടുത്തുള്ള മുസ്‌ലിംഭവനത്തിൽ അഭയം തേടി. അവർ ഐ.എസ്. അനുഭാവികളല്ലായിരുന്നു. അവരവളെ രക്ഷപ്പെടാൻ സഹായിച്ചു. അഭയാർഥിക്യാമ്പിലും അവിടെനിന്ന് ജർമനിയിലും എത്തിയ നാദിയ, അധികം കഴിയുംമുമ്പേ താൻ അനുഭവിച്ചതെന്തെന്ന് ലോകത്തോട്‌ പറയാൻ സ്വയമൊരുക്കി.

ഒട്ടും എളുപ്പമായിരുന്നില്ല അത്. പക്ഷേ, തന്റെ പോലൊരു കഥയുള്ള ലോകത്തെ അവസാനത്തെ പെൺകുട്ടിയാകണം അവൾക്ക്. ഓരോ തവണ താനനുഭവിച്ചവ ഓർത്തെടുക്കുമ്പോഴുണ്ടാകുന്ന മനോവേദനയെ ആ നിശ്ചയദാർഢ്യത്താൽ അവൾ മറികടക്കുന്നു. നിശ്ശബ്ദയായിരിക്കാൻ തയ്യാറല്ല നാദിയ. അവളുടെ ശബ്ദം മാത്രമല്ല നാദിയ കണ്ടെത്തിയത്. ‘ഇരയാക്കപ്പെട്ട ഓരോ യസീദിയുടെയും പീഡിപ്പിക്കപ്പെട്ട ഓരോ വനിതയുടെയും ഉപേക്ഷിക്കപ്പെട്ട ഓരോ അഭയാർഥിയുടെയും ശബ്ദമാവുകയാണ്’ അവൾ. ‘തടവിലാക്കപ്പെട്ട സ്ത്രീകളെല്ലാം ജീവിതത്തിലേക്ക് മടങ്ങുമ്പോൾ, എന്റെ സമുദായത്തിന് സമൂഹത്തിലൊരു സ്ഥാനംകിട്ടുമ്പോൾ, കുറ്റവാളികൾ ശിക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഞാൻ എന്റെ ജീവിതത്തിലേക്ക് മടങ്ങൂ’ എന്നാണ് ഒരിക്കൽ നാദിയ പറഞ്ഞത്. അതിന് എത്ര കാലമാകുമെന്ന ആകുലതയാണ് ലോകത്തെ ഉലയ്ക്കേണ്ടത്.

‘നരക’ത്തിലെ ഡോക്ടർ

dennis mukgwe

ഭൂമിയിലെ ‘നരക’ങ്ങളിലൊന്നിലെ ആശുപത്രിയിൽ ഇരുപതോളം വർഷമായി ഡോ. മുകെഗ്വി കാത്തിരിക്കുന്നത് സ്ത്രീകളെയാണ്. ‘ആഫ്രിക്കയുടെ ലോകയുദ്ധം’ നടന്നിരുന്ന, ഇപ്പോഴും അക്രമങ്ങളൊടുങ്ങാത്ത ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബൂകാവു കുന്നിലെ പാൻസി ആശുപത്രിയിൽ നിറയുന്നത് സ്ത്രീകളുടെ ഞരക്കങ്ങളും നിലവിളികളും പിന്നെ ഇരുട്ടുമാണ്. യുദ്ധത്തിലെ ‘ജൈവായുധ’ങ്ങളിലൊന്നായ ബലാത്സംഗത്തിന്റെ ഇരകളാണ് ആ സ്ത്രീകൾ. വൈദ്യുതിയില്ലാത്ത ആശുപത്രിയിൽ, മയക്കാൻ ആവശ്യത്തിന്‌ മരുന്നില്ലാതെ ഡോ. മുക്വെഗി ഈ സ്ത്രീകളെ പരിപാലിക്കുന്നു. നിഷ്ഠുരപീഡനമേറ്റ് തകർന്ന ശരീരഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നേരെയാക്കുന്നു. അവരുടെ ഉള്ളിൽ കട്ടപിടിച്ചുപോയ ഭീതിയെ ഉരുക്കിയൊലിപ്പിക്കാൻ നോക്കുന്നു. അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. 

ലോകത്തിന്റെ ‘ബലാത്സംഗ തലസ്ഥാനം’ എന്നായിരുന്നു ഒരുകാലത്ത്‌ കോംഗോയുടെ പേര്. അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്ത് 2011-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അവകാശപ്പെടുന്നത് മണിക്കൂറിൽ 48 സ്ത്രീകൾ അവിടെ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ്. ആ കോംഗോയിലെ ലിംഗസമത്വത്തിന്റെ നാവാണ് ഡോ. മുക്വെഗി. 

കീഴടക്കലിന്റെ രാഷ്ട്രീയം മാത്രമറിയാവുന്ന ‘വീരപുരുഷർ’ യുദ്ധത്തിൽ എക്കാലവും പ്രയോഗിച്ചിരുന്ന, ഇപ്പോഴും പ്രയോഗിക്കുന്ന ആയുധമാണ് ബലാത്സംഗം. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ഇരകളിലേറെയും. വർത്തമാനകാലത്ത് സിറിയയിലും യെമെനിലും ഇറാഖിലും മ്യാൻമാറിലും കോംഗോയിലും എന്നുവേണ്ട, സംഘർഷം നിലനിൽക്കുന്ന ഏതുദേശത്തും ആയുധമായി ബലാത്സംഗവുമുണ്ട്. ഇതില്ലാതാക്കാനായി യുദ്ധഭൂമികളിലെങ്ങും സഞ്ചരിച്ച് പ്രചാരണം നടത്തുന്നു ഡോ. മുക്വെഗി. ഈ പൈശാചികതയെ അതിജീവിച്ചവർക്കായി കൂട്ടായ്മകളുണ്ടാക്കാൻ സഹായിക്കുന്നു. 

2012-ൽ അങ്ങനെയൊരു പ്രചാരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ച്‌ മടങ്ങുമ്പോഴായിരുന്നു വീട്ടുവളപ്പിൽ മരണം പതിയിരുന്നത്. അന്നത്തെ പ്രസംഗത്തിൽ സ്വന്തം സർക്കാരിനെയും ബലാത്സംഗത്തെ യുദ്ധതന്ത്രമായി ഉപയോഗിക്കുന്ന രാഷ്ട്രങ്ങളെയും അദ്ദേഹം കണക്കിന് വിമർശിച്ചിരുന്നു. അതിന്റെ അനന്തരഫലമാകാം വീട്ടുവളപ്പിൽ കാത്തിരുന്ന നാല്‌ മരണദൂതർ. അവർക്ക് അദ്ദേഹത്തിന്റെ ജീവനെടുക്കാനായില്ല. സുഹൃത്തും സഹചാരിയുമായ ജെഫിനെ അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടു. ആ വേദനയ്ക്കും മരണഭീതിക്കും ഡോ. മുക്വെഗിയുടെ ഇച്ഛാശക്തിയെ കെടുത്താനായില്ല. ‘ബലാത്സംഗം സ്ത്രീകളുടെമാത്രം വിഷയമല്ല. അത്‌ മനുഷ്യകുലത്തിന്റെ മൊത്തം വിഷയമാണ്. ഇത്‌ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം പുരുഷൻമാർ ഏറ്റെടുക്കണം’ എന്ന ആഹ്വാനവുമായി അദ്ദേഹം ‘സ്ത്രീശരീരങ്ങളുടെ മുറിവുണക്കുന്ന പുരുഷനായി’ തുടരുന്നു. 

ഞാനും ഇര

‘സ്വന്തം സുരക്ഷ അപകടപ്പെടുത്തി യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും അവരിരുവരും ധീരമായി പോരാടുന്നു. യുദ്ധകാലത്തെ ലൈംഗികാതിക്രമങ്ങളെ ലോകത്തിനുമുന്നിൽ തെളിച്ചുകാട്ടാൻ അവരുടെ പ്രവർത്തനം സഹായിച്ചു’ എന്നാണ് മുറാദിന്റെയും ഡോ. മുക്വെഗിയുടെയും പ്രവർത്തനങ്ങളെ നൊബേൽസമിതി വിലയിരുത്തിയത്. ‘ഞാനും ഇര’യെന്ന് തുറന്നുപറയാൻ സ്ത്രീകൾ ആർജവം കാണിക്കുന്ന, അങ്ങനെ തുറന്നുപറയുന്നവരെ പിന്തുണയ്ക്കാൻ സമൂഹത്തിലെ ന്യൂനപക്ഷമെങ്കിലും തയ്യാറാകുന്ന കാലത്താണ് ലൈംഗികാതിക്രമങ്ങളെ യുദ്ധത്തിലെ ആയുധമാക്കുന്നതിനെതിരേ പോരാടുന്നവർ ആദരിക്കപ്പെട്ടത്. അതുകൊണ്ടാണ് സമാധാന നൊബേൽ സമ്മാനത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും സാർഥകമായ പുരസ്കാരമെന്ന് അതിനെ വിലയിരുത്തുന്നതും.