Dr. Jacob Johnകോവിഡ് 19 നെ നേരിടുന്നതില്‍ മാസ്‌കിന് നിര്‍ണ്ണായക പ്രാധാന്യമുണ്ടെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോക്ടര്‍ ടി. ജേക്കബ് ജോണ്‍ പറയുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലും ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രത്തിലും വൈറോളജി വിഭാഗം തലവനായിരുന്ന ഡോക്ടര്‍ ജേക്കബുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്:

മാസ്‌ക്(മുഖകവചം) ധരിക്കണമോ എന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഡോക്ടറുടെ നിലപാട് എന്താണ്?

ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല. കോവിഡ് 19-ന്റെ വ്യാപനം തടയുന്നതില്‍ മാസ്‌ക്കിന് സുപ്രധാനമായ പങ്കുണ്ട്. ഈ ഘട്ടത്തില്‍ മാസ്‌ക് ഒഴിവാക്കാനാവില്ല. ആരോഗ്യമുള്ള ഒരാള്‍ മാസ്‌ക് ധരിച്ചാല്‍ അടുത്തുള്ള മറ്റൊരാളുടെ വായില്‍നിന്നും മൂക്കില്‍നിന്നും തെറിക്കുന്ന ദ്രാവകാംശങ്ങള്‍  അയാളുടെ ഉള്ളിലേക്ക് കടക്കുന്നതിനുള്ള സാദ്ധ്യത വളരെക്കുറവാണ്. ക്ഷയരോഗ ചികിത്സാലയങ്ങളില്‍ നമ്മള്‍ മാസ്‌ക് ധരിക്കുന്നത് അതുകൊണ്ടാണ്. അസുഖമില്ലാത്തവര്‍ക്ക് അവര്‍ ധരിക്കുന്ന മാസ്‌ക്കുകള്‍ ഒരു ദിവസത്തെ ഉപയോഗം കഴിഞ്ഞാല്‍ അടുത്ത ദിവസവും ഉപയോഗിക്കാനാവും.

21 ദിവസത്തെ ലോക്ക്ഡൗണിന് നടുവിലാണ് രാജ്യമിപ്പോള്‍. ഡോക്ടറുടെ നിരീക്ഷണങ്ങള്‍?

ലോക്ക്ഡൗണ്‍ വളരെ മികച്ച പ്രതികരണമായിരുന്നുവെന്നതില്‍ സംശയമില്ല. അതിന് പക്ഷേ കൃത്യമായൊരു പരിസരവും മുന്നൊരുക്കവുമുണ്ടാവണം. ഏകപക്ഷീയമായി ചെയ്യേണ്ട സംഗതിയല്ല ഇത്. ഉദാഹരണത്തിന് രാജ്യത്ത് കോവിഡ് 19 കേസുകള്‍ ആയിരം കടക്കുന്നതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും എന്ന് പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അത് നടപ്പാക്കുക എളുപ്പമായിരിക്കും. മനുഷ്യര്‍ തമാസിക്കുന്ന സ്ഥലങ്ങളില്‍ തന്നെ കഴിയണമെന്നും പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് ലോക്ക്ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നമ്മുടെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന തരത്തിലുള്ള താമസ സൗകര്യം ഒരുക്കുന്നതിനുള്ള സാവകാശം ഇതിലൂടെ കിട്ടുമായിരുന്നു. പൊടുന്നനെ ലോക്ക്ഡൗണ്‍ വന്നപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ മനസ്സ് തകര്‍ക്കുന്നതായിരുന്നു.  സ്‌കൂളുകളും മറ്റും ഏറ്റെടുത്ത് ഈ ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നു. മനുഷ്യപ്പറ്റ് ഇല്ലാതെ നമ്മള്‍ ഒരു ലോക്ക് ഡൗണും നടപ്പാക്കരുത്. സര്‍ക്കാര്‍ വല്ലാതെ പേടിക്കുകയും പൊടുന്നനെ നടപടി എടുക്കുകയുമായിരുന്നു.

ലോക്ക്ഡൗണിന്റെ വിജയസാദ്ധ്യതകളക്കെുറിച്ച് എന്താണ് പറയാനുള്ളത്?

വിജയസാദ്ധ്യത തീര്‍ച്ചയായും കൂടുതലാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സാമൂഹിക അകലം പാലിക്കാനാവാത്ത ഇടങ്ങളൊഴിച്ചാല്‍ ഇതിന്റെ വിജയസാദ്ധ്യത വളരെ വലുതാണ്. ചേരികളിലും മറ്റും സവിശേഷമായ രീതിയിലാണ് ഇതു നടപ്പാക്കേണ്ടിയിരുന്നത്.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോക്ടര്‍ ഡേവിഡ് നബാരൊ പറഞ്ഞത് നമുക്ക് വൈറസിനെ ബഹുമാനിച്ച് മുന്നോട്ടു പോവേണ്ടിവരുമെന്നാണ് ?

21 ദിവസം വെറുതെ വിശ്രമിക്കുകയല്ല വേണ്ടത്. 21 ദിവസം നമ്മള്‍ എന്താണ് ചെയ്യുന്നതെന്നതാണ് ഇതില്‍ പ്രധാനം. നമ്മുടെ പ്രതിരോധ സംവിധാനം പഴുതറ്റതാക്കാന്‍ ഈ ദിവസങ്ങളില്‍ എടുക്കുന്ന നടപടികളാണ് വിജയസാദ്ധ്യത നിര്‍ണ്ണയിക്കുക. അല്ലെങ്കില്‍ 22 ാമത്തെ ദിവസം മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയി എന്നു പറയുന്ന പോലെയാവും കാര്യങ്ങള്‍. കൈയ്യില്‍ കിട്ടിയ വലിയൊരു സമ്മാനമാണ് ഈ 21 ദിവസം. പക്ഷേ, ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കണമെന്ന് മാത്രം.

വൈറസ് ഇവിടെ നിന്നും പോവുന്നില്ല. പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടുമില്ല. അപ്പോള്‍ വൈറസിനെ അഭിമുഖീകരിക്കാതെ നമുക്ക് മുന്നോട്ടുപോവാനാവുമോ?

അസുഖത്തിന്റെ നേരിയ ലക്ഷണങ്ങളെങ്കിലുമുള്ളവരെ വീട്ടിലെത്തി ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉറപ്പാക്കണമായിരുന്നു. അങ്ങിനെ രോഗം വരാന്‍ സാദ്ധ്യതയുള്ളവരെ കണ്ടെത്താനായാല്‍ ഈ പകര്‍ച്ചവ്യാധിയുടെ നട്ടെല്ല് ഒടിക്കാന്‍ കഴിയുമായിരുന്നു.

അത്രയും കര്‍ശനമായ പരിശോധന സംവിധാനം അനിവാര്യമാണെന്നാണ് താങ്കള്‍ പറഞ്ഞുവരുന്നത്?

ലക്ഷണങ്ങള്‍  അടിസ്ഥാനമാക്കിയുള്ള പരിശോധന സംവിധാനം. ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമാവില്ല. ലോക്ക്ഡൗണിലൂടെ നമ്മള്‍ ചെയ്യുന്നത് പകര്‍ച്ചവ്യാധിയുടെ വരവ് ഒന്നു നീട്ടിവെയ്ക്കുന്നു എന്നതാണ്.

അപ്പോള്‍ എവിടെവെച്ചെങ്കിലും നമ്മള്‍ കോവിഡ് 19 നെ നേരിടേണ്ടിവരുമെന്നാണോ ഡോക്ടര്‍ അര്‍ത്ഥമാക്കുന്നത്?

അതെ. സാധാരണഗതിയില്‍ ഒരണുബാധയുണ്ടായാല്‍ 80 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് കാര്യമായ അസുഖമുണ്ടാവില്ല.പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കുട്ടികള്‍ക്ക് കോവിഡ് 19 വന്നാല്‍ അവര്‍ പ്രതിരോധശേഷി കൈവരിക്കും.  അത് പകര്‍ച്ചവ്യാധിയുടെ വ്യാപനം കുറയ്ക്കും. 70-75 ശതമാനം പേര്‍ക്ക് അണുബാധ വരാതെ ഈ പകര്‍ച്ചവ്യാധി കുറയില്ല. അത് പെട്ടെന്ന് സംഭവിച്ചാല്‍ നമുക്ക് കൈകാര്യം ചെയ്യാനാവില്ല. ആസ്പത്രികളും മറ്റും ഇതിന് സജ്ജമാക്കേണ്ടതായുണ്ട്. ഇതിനാണ് ലോക്ക്ഡൗണ്‍ കാലം പ്രയോജനപ്പെടുത്തേണ്ടത്. കരുതലെടുക്കുന്നതിനുള്ള സമയമാണത്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള ആലോചനയും ഈ പരിസരത്തിലാണുണ്ടാവുന്നത്. പകര്‍ച്ചവ്യാധിയുടെ വേഗത്തിന് കടിഞ്ഞാണിടുകയാണ് ഇതിന്റെ ലക്ഷ്യം.

Content Highlights: No compromise in face mask to protect against Covid 19, says, Dr. Jacob John