അംഗുലപുഴുവിനെ ഓര്‍മ്മയുണ്ടോ? കാട്ടിലെ കുഞ്ഞന്‍. കുഞ്ഞനാണെങ്കിലും അവന്‍ എല്ലാവരെയും അളക്കും. കടുവയെ അളന്നു. സിംഹത്തെ അളന്നു. അവന്‍ കടുവയോടുപറഞ്ഞു: ഒരു ചെറിയ വാലും മത്തങ്ങ തലയും ആണ് നിനക്ക് ഉള്ളത്. ഒടുവിലവന്‍ രാപ്പാടിയെയും അളന്നു. കളിയാക്കിക്കൊണ്ട് പറഞ്ഞു: നിനക്ക് മൂന്നംഗുലം നീളവും രണ്ടംഗുലം വീതിയുമേ ഉള്ളൂ എന്ന്. മനംനൊന്ത രാപ്പാടി നീട്ടി പാടി. അവളുടെ അഭൗമമായ നാദധാരയില്‍ സകല ചരാചരങ്ങളും ലയിച്ചു നിന്നുപോയി. പാട്ട് നിര്‍ത്തി അവള്‍ അംഗുലപുഴുവിനോട് ചോദിച്ചു: നിനക്ക് എന്റെ സംഗീതത്തെ അളക്കാന്‍ പറ്റുമോ. എങ്കില്‍ അളന്ന് നോക്ക്.

നമുക്കു ചുറ്റും ഇന്ന് നാം കാണുന്നത് യുക്തിയും ഭക്തിയും തമ്മിലുള്ള സംഘര്‍ഷമാണ്. ഭക്തിയെ യുക്തിയുടെ അംഗുലം കൊണ്ട് അളക്കുന്നത് ശരിയാണോ. തന്ത്രിയുടെ മന്ത്രത്തിന് മേലെയാണ് മന്ത്രിയുടെ തന്ത്രം എന്ന് ശഠിക്കണോ. 

ഒരിക്കല്‍ മലയാള ഭാഷയില്‍ ഭക്തിയും വിഭക്തിയും തമ്മിലായിരുന്നു കളിത്തട്ടിലെ കളികള്‍. പൂന്താനത്തിന്റെ ഭക്തിയും മേല്‍പ്പത്തൂരിന്റെ വിഭക്തിയും തമ്മില്‍ മത്സരിച്ചപ്പോള്‍ ഭഗവാന്‍ ഭക്തിയുടെ ഭാഗത്തു നിന്നു. ഇന്ന് ഭഗവാനെക്കുറിച്ചാണ് തര്‍ക്കം. ഭഗവാനെന്തിന് പാറാവ് എന്ന് പണ്ടൊരു ഭരണാധികാരി ചോദിച്ചപ്പോള്‍ അതൊരു വലിയ കാരണവരുടെ ചെറിയ നുള്ളായി മാത്രമേ സമൂഹം കണ്ടുള്ളൂ. പിന്നീട് അദ്ദേഹം തന്നെ സ്വതസിദ്ധമായ ശൈലിയില്‍ മുകളില്‍ ഒരാളുണ്ട് എന്നു പറയുകയും ചെയ്തു. 

എന്തു പറയുന്നു എന്നതുമാത്രമല്ല പ്രധാനം. ആരുപറയുന്നു, എങ്ങനെ പറയുന്നു അതും പ്രധാനമാണ്. കാരണം, ഭക്തി മനസില്‍ ജനിക്കുന്നതാണ്. മനസിന്റെ വ്യവഹാരങ്ങളില്‍ വിവേകത്തോടൊപ്പം വികാരത്തിനും സ്ഥാനം ഉണ്ട്. അത് മനസിലാക്കണം.

ഇപ്പോള്‍ എന്താണ് നമുക്കു ചുറ്റും നാം കാണുന്നത്. ഒരു നദിയുടെ ഒഴുക്കിനോടിതിനെ ഉപമിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും എന്ന് തോന്നുന്നു. ഒരു ചെറിയ നീരുറവയില്‍നിന്നാണ് നദിയുടെ ഉത്ഭവം. പിന്നീടിതിന്റെ വേഗതയും വ്യാപ്തിയും കൂടുന്നു. അതിനുശേഷം കൂലംകുത്തി ഒഴുക്കാണ്. മുമ്പിലുള്ളതെല്ലാം തട്ടിമാറ്റി വ്യഷങ്ങളെയെല്ലാം കടപുഴുകി എറിഞ്ഞ്, പറകളെ തള്ളി നീക്കിയുള്ള നദിയുടെ പര്‍വതാവരോഹണം. പിന്നീടത് പരന്നൊഴുകുന്നു. ശാന്തമാവുന്നു. ഇതിനു ശേഷം നദി സമുദ്രത്തില്‍ പതിക്കുന്നു. ഇന്ന് നാം കാണുന്നത് പരന്നൊഴുക്ക് തുടങ്ങിക്കഴിഞ്ഞു എന്നാണ്. അതില്‍ ചുഴികള്‍ സ്യഷ്ടിക്കാതെ, കയങ്ങളുണ്ടാക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. 

മറ്റ് രാജ്യങ്ങളിലും സംസ്‌ക്യതികളിലും ഇതുപോലുള്ള പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അവരതെങ്ങനെ തരണം ചെയ്തു എന്ന് അറിയുന്നത് നമ്മുടെ ഉള്‍ക്കണ്ണ് തുറപ്പിക്കാന്‍ സഹായിക്കും. പരിഹാരം ഇല്ലാത്ത ഒരു പ്രശ്‌നവുമില്ല. പരിഹാരം തേടിപ്പിടിക്കണം. ഒരു പരിഹാരവും നമ്മെ തേടി ഇങ്ങോട്ട് വരില്ല. രണ്ടു തരം ആളുകള്‍ ഉണ്ട്. ചിലര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ട് പിടിക്കും. ചിലര്‍ പരിഹാരത്തില്‍ പ്രശ്‌നം കണ്ടുപിടിക്കും. ഈ രണ്ടാമത്തെ കൂട്ടരെ തേടിപ്പിടിച്ച് നമ്മള്‍ ഒഴിവാക്കണം. ഇനി ഭരണവിദഗ്ധര്‍ തേടേണ്ട ചില പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്. 

India Temple Womenഅതാണ് സമന്വയത്തിന്റെ മാര്‍ഗം. തുറന്ന മനസ്സോടെ എല്ലാവരും ഒന്നിച്ച് ഇരുന്നാല്‍ പരസ്പര ധാരണയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പരിഹാരം കണ്ടെത്താന്‍ പറ്റും. നിലയ്ക്കല്‍ പ്രശ്‌നം നാം പരിഹരിച്ചില്ലേ. മാറാട് പ്രശ്‌നം നാം പരിഹരിച്ചില്ലേ. ഇനി മറ്റ് രാജ്യങ്ങളിലേക്ക് കടന്നാല്‍ വിശ്വാസവും പ്രത്യയശാസ്ത്രവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ പരിഹരിച്ചു എന്ന് കാണുന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

ലെനിന്‍ റഷ്യ ഭരിക്കുന്ന കാലം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് അദ്ദേഹവും വിശ്വസിച്ചരുന്നു. പക്ഷേ ഒരു ഭരണാധികാരിയുടെ കടമയെ കുറിച്ച് അദ്ദേഹത്തിന് വളരെ വിശാലമായ ഒരു വീക്ഷണം ഉണ്ടായിരുന്നു. അതു മനസ്സിലാക്കണമെങ്കില്‍ 1921 മാര്‍ച്ച് ഒന്നാം തീയതി ലെനിന്‍ അന്നത്തെ സ്റ്റേറ്റ് ബാങ്കിന്റെയും സുപ്രീം എക്കണോമിക് കൗണ്‍സിലിന്റെയും ചെയര്‍മാനായിരുന്ന ഒസിന്‍സ്‌കിക്ക് കൊടുത്ത ഒരു നിര്‍ദേശം ശ്രദ്ധിച്ചാല്‍മതി. ഐവാന്‍ ചെക്കുനോവ് എന്ന കര്‍ഷകന്‍ ലെനിനോട് പറഞ്ഞു. കര്‍ഷകര്‍ക്ക് സോവിയറ്റ് ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു എന്ന്. 

ചെക്കിനോവിനെ നന്നായി അറിയാവുന്ന ലെനിന്‍ തീരുമാനിച്ചു. ഇവരെ പോലെ പ്രായോഗിക പരിചയം ഉള്ളവരെ ഭരണരംഗത്ത് കൊണ്ട് വരണം. അദ്ദേഹത്തെ പീപിള്‍സ് കമ്മിസാറേറ്റ് ഓഫ് അഗ്രികള്‍ച്ചറില്‍ അംഗമായി നിയോഗിച്ചു. ചെക്കുനോവ് പറഞ്ഞു. ഞാനൊരു വിശ്വസിയാണ്. പള്ളി വിശ്വാസി. വിശ്വാസം കളഞ്ഞ് ഈ പദവി എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇനിയാണ് ലെനിന്റെ ഭരണദര്‍ശനത്തിന്റെ മേന്മ നാം മനസ്സിലാക്കുന്നത്. വിശ്വാസികള്‍ക്കും രാജ്യപുരോഗതിയില്‍ പങ്കാളികളാകാം എന്ന് ലെനിന്‍ ഉറപ്പിച്ചുപറഞ്ഞു. ബിയിംഗ് എ ക്രിസ്റ്റ്യന്‍ ആന്റ് എ കമ്മ്യൂണിസ്റ്റ് പെസന്റ് ഈസ് നോട്ട് എ കോണ്‍ട്രഡിക്ഷന്‍ ഇന്‍ ടേംസ്. 

തോക്കിന്‍ കുഴലിലൂടെ അധികാരം പിടിച്ചെടുത്ത ഫിദേല്‍ കാസ്‌ട്രോ ഭരണാധികാരി ആയപ്പോള്‍ ശൈലി മാറ്റി. എല്ലാവര്‍ക്കും വിദ്യാഭ്യാസം കൊടുത്ത് മനസ്സിനെ വികസിപ്പിക്കാന്‍ നോക്കി. യോ സി പ്യൂഡോ എന്നൊരു മുദ്രാവാക്യം കൊണ്ടു വന്നു. സ്പാനിഷ് ഭാഷയില്‍ ഉള്ള ഈ വാക്കുകളുടെ അര്‍ത്ഥം എസ് ഐ ക്യാന്‍. കഴിയും, എനിക്ക് കഴിയും എന്നാണ്. എല്ലാവരേയും പഠിപ്പിച്ചു. ഈ മാതൃക യു. എന്‍ 30 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. കാസ്‌ത്രോയെ വെറുത്തിരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ. അപ്പോള്‍ പ്രായോഗിക ഭരണത്തില്‍ ജന നന്മയ്ക്ക് തന്നെയാണ് മുന്‍തൂക്കം. പ്രത്യയശാസ്ത്രവും യുക്തിയും ഒക്കെ ചിലപ്പോള്‍ പുറകില്‍ നില്‍ക്കേണ്ടി വരും. 

നമ്മുടെ രാഷ്ട്രീയക്കാര്‍ എല്ലാം പരസ്പരം വാള്‍ എടുത്ത് വെട്ടുന്ന നീചന്‍മാരാണ് എന്ന് എനിക്ക് തോന്നുന്നില്ല. ദാരികവീരാ പോരീന് വാടാ എന്നൊക്കെ ചിലപ്പോള്‍ വിളിക്കും. വാവാ കാളീ പോരിനു വാടീ എന്നു തിരിച്ചും അട്ടഹസിക്കും. ഒടുവില്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കും. അഡ്മിനിസ്‌ട്രേഷന്‍ ഈസ് ആര്‍ട്ട് ഓഫ് ദ പോസിബിള്‍. പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്ന കലയാണല്ലോ ഭരണം. മറ്റെല്ലാവഴികളും പരാജയപ്പെടുമ്പോള്‍ ഒരു വഴി മുന്നില്‍ ഉണ്ട്. സമന്വയം. സമവായം. സഹവര്‍ത്തിത്വം. ഇതൊക്കെ ഒരു വഴിയുടെ പലപേരുകളാണ്.

ഇനി അമേരിക്കയിലേക്ക് കടന്നാലോ. അമേരിക്കന്‍ പ്രസിഡന്റായിരുന്നു ഐസനോവര്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് സര്‍വ്വ സൈന്യാധിപനായിരുന്നു ഐസനോവര്‍. കൊറിയന്‍ യുദ്ധം കൊടുംപിരി കൊണ്ട സമയം. അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളില്‍നിന്ന് ഏറ്റുമുട്ടുന്നു. ഇതിനിടയില്‍ ചൈനയില്‍ കൊടിയ വരള്‍ച്ച. ഭക്ഷ്യക്ഷാമം. ആളുകള്‍ ആഹാരം കിട്ടാതെ മരിച്ച് വീഴുന്നു. സൈനിക മേധാവികള്‍ ഐസനോവറിനോട് പറഞ്ഞു ചൈനയെ ബോംബിട്ട് തകര്‍ക്കാനുള്ള ഏറ്റവും പറ്റിയ സമയം ഇതാണ്. ഐസനോവര്‍ ഒരു ചെറിയ കിഴി കാട്ടിയിട്ട് അവരോട് പറഞ്ഞു. ഇതാ നോക്കൂ. ചൈനയെ തീറ്റിപ്പോറ്റേണ്ട സമയമാണ്, ബോംബിടാനുള്ള സമയമല്ല ഇത് എന്ന് കരുതുന്ന നാല്‍പതിനായിരം അമേരിക്കക്കാര്‍ ഉണ്ട്. 

ആ കിഴിയില്‍ എന്തായിരുന്നെന്നോ. രണ്ട് മണി ധാന്യങ്ങള്‍. ഇത് പോലെ നാല്‍പതിനായിരം കിഴികള്‍ വൈറ്റ് ഹൗസില്‍ എത്തി. ഒപ്പം ബൈബിളിലെ ഒരു വാക്യവും. ശത്രുവിനു വിശക്കുമ്പോള്‍ അവനെ തീറ്റിപ്പോറ്റുക എന്ന്. പട്ടാള മേധാവി ആയിരുന്ന ഐസനോവര്‍ ഭരണകാരി ആയി മാറിയപ്പോള്‍ ജനവികാരത്തിനും മനുഷ്യത്വത്തിനും മുന്‍തൂക്കം കൊടുത്തു. മുപ്പത് കോടി ജനങ്ങള്‍ക്കിടയില്‍ നാല്‍പതിനായിരം പേര്‍ പ്രകടിപ്പിച്ച വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. കേരളത്തിലെ ഭരണാധികാരികള്‍ ഒന്ന് ചിന്തിക്കൂ. ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയവരില്‍ നാല്‍പതിനായിരം പേരെങ്കിലും ഉണ്ടായിരുന്നോ. എണ്ണാമെങ്കില്‍ എണ്ണിക്കോ. നാളെ കള്ളം പറയരുതേ എന്ന് വിളിച്ച് കൂവിയവര്‍ എണ്ണം മറന്ന് പോയോ

സൈലന്റ് മെജോറിറ്റിയില്‍ പെട്ട ഒരാളാണ് ഞാന്‍. ഞങ്ങള്‍ എല്ലാം കാണുന്നു, കേള്‍ക്കുന്നു. പക്ഷേ ഒന്നും പറയാന്‍ പറ്റുന്നില്ല. പറഞ്ഞാല്‍ ആരും കേള്‍ക്കുന്നില്ല. അതുകൊണ്ട് ഒരു കാര്യം ഇവിടെ പറയുകയാണ്. സൈ്വര്യജീവിതം ആണ് ഞങ്ങള്‍ക്കൊക്കെ വേണ്ടത്. രാഷ്ട്രീയത്തിന്റെ പേരില്‍ അടിപിടി കൂടുന്ന യുവാക്കള്‍ തല്ലുകൊണ്ട് ചോര ഒലിപ്പിച്ച് വഴിയില്‍ കിടക്കുന്നത് ടീവിയില്‍ കാണുമ്പോള്‍ വലിയ നൊമ്പരം തോന്നാറുണ്ട്. മനുഷ്യത്വം ഉള്ളവര്‍ ആരും, ഇത് എന്റെ മകന്‍ അല്ലല്ലോ ചോര ഒലിപ്പിച്ച് കിടന്നോട്ടെ എന്ന് കരുതാറില്ല. ഏതെങ്കിലും ഒരു അമ്മ പെറ്റ മക്കള്‍ ആണല്ലോ നാമെല്ലാം. നമുക്ക് സമാധാനത്തിന്റെ വഴിയേ പോകാം. ഇപ്പോള്‍ ആ ശബ്ദം കേട്ട് തുടങ്ങിയിരിക്കുന്നു എന്നത് വലിയ സന്തോഷം ഉള്ള കാര്യമാണ്. 

ഒരു കാര്യം. കോടതി യുവതികള്‍ക്ക് ഒരു അവകാശമാണ് തന്നിരിക്കുന്നത്. അത് ഇന്നു തന്നെ ഉപയോഗപ്പെടുത്തണം എന്ന് പറഞ്ഞിട്ടില്ല. ഇന്ന രീതിയില്‍ ഉപയോഗപ്പെടുത്തണം എന്നും പറഞ്ഞിട്ടില്ല. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും സ്വാതന്ത്ര്യം നേടി എടുത്ത ചരിത്രം നമുക്ക് ഉണ്ടല്ലോ. സത്യാഗ്രഹികള്‍ തല്ലുകൊണ്ടപ്പോള്‍ ഭരണാധികാരികളുടെ മനസ്സ് മാറി. യുവതികളെ തടയും എന്ന് പറയുന്നവര്‍ പോലും ഞങ്ങളുടെ നെഞ്ചത്തു ചവിട്ടി വേണം പോകാന്‍ എന്നാണ് പറയുന്നത്. ചവിട്ടിയ കാല്‍ വെട്ടും എന്നൊന്നും ആരും പറയുന്നില്ല. 

image (6).jpgയുവതികളെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. സമാധാനത്തിന്റെ പാത തേടണം എന്ന് പാര്‍ട്ടി സെക്രട്ടറി എഴുതുന്നു. അപ്പോള്‍ കേരളം സമവായത്തിന്റെ ഭാഗത്തേക്ക് നീങ്ങി തുടങ്ങി. മുത്തശ്ശിമാര്‍ പറയുംപോലെ ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണാമല്ലോ എന്ന നില വിട്ട് നാത്തൂനീ കുണുക്കൊരെണക്കാ എന്ന രീതിയില്‍ ഉള്ള ഒരു ചുവട് മാറ്റം നല്ലതാണ്. ഭരണവും സമരവും ഒന്നിച്ച് പോകാം എന്ന് മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ് പറയുക മാത്രമല്ല തെളിയിക്കുകകൂടി ചെയ്തതാണല്ലോ. എങ്കില്‍ വിശ്വാസവും പ്രത്യയശാസ്ത്രവും കൈകോര്‍ത്ത് പോകുന്നതില്‍ എന്താണ് തെറ്റ്. ഒരു വൈരുദ്ധ്യാത്മക ദൈവികവാദം. 

ഇനി ജപ്പാനിലേക്ക് ഒന്ന് നോക്കുക. അവിടെ നൂറ്റാണ്ടുകളായി പ്രത്യേക അവകാശവും അധികാരവും കൈയാളിയിരുന്ന പ്രഭു വംശമായിരുന്നല്ലോ സാമുറായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തകര്‍ന്നടിഞ്ഞ ജപ്പാന്‍ പുനര്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ സാമുറായി വര്‍ഗം സ്വയം മുന്നോട്ട് വന്ന് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും വേണ്ടെന്ന് വെച്ചു. സമൂഹ നന്‍മയ്ക്ക് വേണ്ടി ചിലപ്പോള്‍ ചില അവകാശങ്ങള്‍ ഒക്കെ മാറ്റി വെക്കുകയോ ത്യജിക്കുകയോ ചെയ്യേണ്ടി വരും. ബോദ്ധ്യപ്പെട്ടാല്‍ നമ്മുടെ യുവതികള്‍ അതിന് തയ്യാറായിക്കൂടെന്നില്ലല്ലോ. 

സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശബരിമലയില്‍ മാത്രമല്ല. ജപ്പാനിലെ ഒമൈന്‍ കുന്നുകളില്‍ ഒരു ബുദ്ധക്ഷേത്രമുണ്ട്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനമേല്ല. എല്ലാ വര്‍ഷവും സ്ത്രീ വിമോചന നേതാക്കള്‍ മലകയറാന്‍ തടിച്ചുകൂടും. അവിടത്തെ ജനങ്ങള്‍ അഭ്യര്‍ത്ഥിക്കും ആചാരത്തെ മാനിച്ച് നിങ്ങള്‍ പിരിഞ്ഞ് പോകണം എന്ന്. അച്ചടക്കമുള്ള ജപ്പാന്‍ സമൂഹം പ്രതിഷേധം അര്‍പ്പിച്ചുകൊണ്ട് തന്നെ പിരിഞ്ഞു പോവും. 1300 വര്‍ഷം പഴക്കമുള്ള ഈ ആചാരം ഇന്നും നിലനില്‍ക്കുന്നു. ഇന് യൂറോപ്പിലേക്ക് കടന്നാലോ. ഗ്രീസില്‍ ആതോസ് മലകളില്‍ ക്രൈസ്തവരുടെ ആശ്രമ ദേവാലയങ്ങള്‍ ഏറെയുണ്ട്. അവിടെയും സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല. അവര്‍ക്കൊക്കെ യുക്തിയും ഭക്തിയും സമന്വയിപ്പിക്കാമെങ്കില്‍ നമ്മുക്കും ആ വഴി ചിന്തിച്ചുകൂടെ.

വിശ്വാസികള്‍ പറയുന്നു. ശബരിമല ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണ്. യാജ്ഞവല്‍ക്യ സ്മൃതിയിലും വസിഷ്ഠ സ്മൃതിയിലും വേദങ്ങളിലും ഒക്കെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ അന്തഃസത്ത എന്താണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ദ്രിയങ്ങളെ നിഗ്രഹിക്കാന്‍ ബ്രഹ്മചാരിക്ക് കഴിയണം. അങ്ങനെ നോക്കുമ്പോള്‍ യുവതികള്‍ ദൃഷ്ടിയില്‍ വരുന്നത് പോലും നൈഷ്ഠിക ബ്രഹ്മചര്യത്തിന് ചേര്‍ന്നതല്ല എന്ന ഭക്തിവാദത്തില്‍ യുക്തിയുമില്ലേ.

എന്താണ് ഗവണ്‍മെന്റിന്റെ മുന്നിലുള്ള മാര്‍ഗം. ഭക്തിയും യുക്തിയും തമ്മിലുള്ള വൈരുധ്യം ഒരു സംഘട്ടനത്തിലേക്ക് നീങ്ങാതെ നോക്കുക. ഇത് ഒരു അഭിമാനപ്രശ്‌നമായി കാണാതിരിക്കുക. തെരുവില്‍ ഇറങ്ങിയവരെ കോണ്‍ഫറന്‍സ് ടേബിളിന്റെ ചുറ്റിനും കൊണ്ടു വരിക. പരസ്പരം മനസ്സിലാക്കാനും സമവായം ഉണ്ടാക്കാനുമുള്ള വഴി ഒരുക്കുക. വളരെ ഗൗരവമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പിരിമുറുക്കം കുറയ്ക്കാന്‍ വേണ്ടി ഒരു ചെറിയ കഥ പറയുന്നതില്‍ തെറ്റ് ഇല്ലെങ്കില്‍ ഒന്ന് പറഞ്ഞുകൊള്ളട്ടെ. 

ഒരു മന്ത്രി ഉണ്ടായിരുന്നു. കണിശക്കാരന്‍. വെട്ടൊന്ന് മുറി രണ്ട്. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്തിരിക്കും. മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും ചെയ്യും. കാര്യക്ഷമതയുള്ളവന്‍. സമര്‍ത്ഥന്‍. പൊതുപ്രവര്‍ത്തനത്തിലെ തിരക്കിനിടയില്‍ അദ്ദേഹം കല്യാണം കഴിക്കാന്‍ മറന്നുപോയി. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം ആ പരിപാടിക്കും ഒരു ഡേറ്റ് കൊടുത്തു. കല്യാണം കഴിച്ചു. തന്റെ പകുതി പ്രായം പോലുമില്ലാത്ത ഒരു പെണ്‍കുട്ടിയെ. കണിശക്കാരനായ മന്ത്രി വീട്ടിലും കണിശക്കാരന്‍. 

രാവിലെ അദ്ദേഹം ഗൗരവത്തില്‍ ചോദിക്കും ബഡ് കോഫി റെഡിയായോ. പാവം പെണ്‍കുട്ടി ബഡ് കോഫി റെഡിയാക്കി കൊടുക്കും. പിന്നീടദ്ദേഹം ചോദിക്കും ചൂടുവെള്ളം റെഡിയായോ. പാവം ഭാര്യ ഗീസര്‍ ഓണ്‍ ചെയ്ത് വെള്ളം മിക്‌സ് ചെയ്ത് തയ്യാറാക്കി വെക്കും. തുടര്‍ന്ന് അദ്ദേഹം ചോദിക്കും കാര്‍ റെഡിയായോ. അവര്‍ ഡ്രൈവറെ വിളിച്ച് കാര്‍ പോര്‍ട്ടിക്കോയില്‍ എത്തിക്കും. മന്ത്രിവരും. കാറില്‍ കയറും. എസ്‌കോര്‍ട്ടും പൈലറ്റുമായി സെക്രട്ടറിയേറ്റിലേക്ക് പോകും. ഒരിക്കല്‍ പെണ്ണിന്റെ അമ്മ മന്ത്രിമന്ദിരത്തില്‍ എത്തി. 

മന്ത്രിയുടെ ശൈലി കണ്ടപ്പോള്‍ അമ്മ ചോദിച്ചു. ഇത് എന്തേ ഇയാള്‍ ഇങ്ങനെ. മകള്‍ പറഞ്ഞു ഞാന്‍ എന്ത് ചെയ്യാന്‍. അദ്ദേഹം വളരെ കണിശക്കാരനാണ്. അമ്മ പറഞ്ഞു. അതൊക്കെ ഓഫീസില്‍. വീട്ടില്‍ ഇതൊന്നും സമ്മതിച്ച് കൊടുക്കരുത്. മകള്‍ ചോദിച്ചു. ഞാന്‍ എന്ത് ചെയ്യും. അമ്മ പറഞ്ഞു. നാളെ അയാള്‍ ബെഡ് കോഫി റെഡിയായോ എന്ന് ചോദിക്കുമ്പോള്‍ തന്റേടം ആയി നിന്നു പറയണം, ബെഡ് കോഫി റെഡിയായില്ല; ഇല്ലെങ്കില്‍ എന്ത് ചെയ്യും. പക്ഷേ പാവം പെണ്ണ് മറുത്തൊന്നും പറയാതെ ബെഡ് കോഫി തയ്യാറാക്കി കൊടുത്തു. അമ്മ ആംഗ്യം കാണിച്ചു. ഇങ്ങനെ പോരാ. പിന്നീട് പതിവ് പോലെ മന്ത്രി ഗൗരവത്തില്‍ ചോദിച്ചു, ചൂട് വെള്ളം റെഡിയായോ. ധൈര്യം സംഭരിച്ച് പെണ്ണ് പറഞ്ഞു. ചൂട് വെള്ളം റെഡിയായില്ല.

എന്ത് ചെയ്യും? പുരുഷകേസരിയായ മന്ത്രി പുംഗവന്‍ സ്വരം താഴ്ത്തി പറഞ്ഞു. ചൂട് വെള്ളം റെഡിയായിലെങ്കില്‍ ഞാന്‍ പച്ചവെള്ളത്തില്‍ കുളിക്കും. ഇത്രയുമേ ഉള്ളൂ സ്‌നേഹം ഉള്ളവര്‍ക്കിടയിലെ സംഘര്‍ഷം. വിവാഹത്തെക്കുറിച്ച് പറയാറുണ്ടല്ലോ. ജനല്‍ അടച്ചിട്ടാല്‍ ഉറങ്ങാന്‍ വയ്യാത്ത ഭര്‍ത്താവും. ജനല്‍ തുറന്നിട്ടാല്‍ ഉറക്കം കെടുന്ന ഭാര്യയും തമ്മിലാണ് ഏറ്റവും നല്ല ദാമ്പത്യം എന്ന്. സമൂഹത്തില്‍ നമുക്ക് ഇതാണ് ആവശ്യം. സമവായത്തിലൂടെ വേണം സമൂഹത്തില്‍ സന്തുലനം കൈവരിക്കാന്‍.

ഈ ബഹളത്തിനിടയില്‍ ചില കാര്യങ്ങള്‍ നാം കാണാതെ പോകരുത്. ഈ നെയ്‌തേങ്ങ വിപ്ലവം സ്രീകള്‍ നയിച്ച ഒരു വിപ്ലവമാണ്. സ്രീകള്‍ എന്ന് പറയുമ്പോള്‍ ശബരിമലയിലെ ആചാരം കാത്ത് സൂക്ഷിക്കണം എന്ന് പറയുന്ന സ്ത്രീകള്‍ മാത്രമല്ല. ശബരിമലയില്‍ കയറാനുള്ള അവകാശം നടപ്പാക്കണമെന്ന് കരുതുന്ന യുവതികള്‍ ഇല്ലെന്നാണോ. പക്ഷേ അവര്‍ ചെയ്തതെന്ത്. സഹോദരിമാരുടെ വികാരം ഇത്രത്തോളം വ്രണപ്പെട്ടുമെങ്കില്‍ നമ്മുടെ അവകാശം തല്‍ക്കാലം ഉപയോഗിക്കുന്നല്ല എന്ന് അവര്‍ തീരുമാനിച്ചു. അത് അവര്‍ ചെയ്തത് ആരും പറഞ്ഞിട്ടല്ല. തെരുവിലിറങ്ങിയ അമ്മമാരും മലകയറണ്ട എന്ന് തീരുമാനിച്ച അമ്മമാരും ഒന്നിച്ച് കൈകോര്‍ത്ത് സ്ത്രീ ശക്തി തെളിയിച്ചവരാണ്. 

സാമൂഹ്യ മാറ്റങ്ങള്‍ സാമൂഹ്യ സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുമ്പോള്‍ ആത്യന്തികമായ തീരുമാനം അമ്മമാരെ ഏല്‍പ്പിക്കുകയാണ് നന്ന് എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. മഹാഭാരതയുദ്ധം കുന്തിയും ഗാന്ധാരിയും കൈകാര്യം ചെയ്തിരുന്നെങ്കില്‍ മക്കള്‍ മക്കളുടെ ചോര വീഴ്ത്തുന്ന നിലയിലേക്ക് എത്തുമായിരുന്നില്ല. രാമായണത്തിലെ രാവണനോട് ധര്‍മ്മം ഉപദേശിച്ച്‌കൊണ്ട് ധര്‍മ്മപത്‌നിയായ മണ്ഡോദരി ഉണ്ടാരിരുന്നു. 

sabarimalaപക്ഷേ അവിടെയും ഭരണാധികാരി സ്ത്രീയെ അവഗണിച്ചു, സ്ത്രീശബ്ദം തമസ്‌ക്കരിച്ചു. ഇന്നത്തെ കാര്യമോ ജനാധിപത്യം എന്നാണ് പേര്. പുരുഷാധിപത്യമാണ് ഫലത്തില്‍. ഭരണഘടനാപരമായി സ്ത്രീക്ക് അധികാരത്തില്‍ തുല്യത ലഭിക്കുന്നില്ല എങ്കിലും. അവര്‍ ത്യാഗത്തിലൂടെ, സ്ത്രീത്വത്തിലൂടെ, മനുഷ്യത്വത്തിലൂടെ തെളിയിച്ചുകഴിഞ്ഞു. തങ്ങള്‍ വെറും തുല്യരല്ല, പുരുഷന്‍മാരെക്കാള്‍ ഉയര്‍ന്നവരാണ് എന്ന.് 

സ്ത്രീകളെ ബഹുമാനിക്കുന്നു, സ്രീകള്‍ക്ക് സമത്വം നല്‍കുന്നു എന്ന് പറയുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി, കേരളപ്പിറവിയുടെ അറുപതുവര്‍ഷം കഴിഞ്ഞിട്ടും ഒരു സ്ത്രീയെ മുഖ്യമന്ത്രി ആക്കിയിട്ടുണ്ടോ. അവര്‍ക്ക് അര്‍ഹത ഇല്ലാഞ്ഞിട്ടാണോ. ആണായിപിറന്നവര്‍ നെഞ്ചത്ത് തട്ടി പറയട്ടെ കഴിഞ്ഞ പ്രളയകാലത്ത് നമ്മുടെ രക്ഷകരായി എത്തിയത് മത്സ്യ തൊഴിലാളികളല്ലേ. ആ വകുപ്പ് കൈകാര്യം ചെയ്യുന്നതാരാണ്. ഒരു സ്ത്രീയല്ലേ, മേഴ്‌സിക്കുട്ടി അമ്മ. അതുപോലെ നിപ്പ വൈറസ് കേരളത്തെ തൂടച്ചുമാറ്റും എന്ന് ഭയപ്പെട്ടിരുന്ന സമയത്ത് അതിനെ നിയന്ത്രിച്ചതാരാണ്. ആരോഗ്യമന്ത്രി ശൈലജ അല്ലേ. 

വിദേശത്തു പോയപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് ഈ രണ്ട് സ്ത്രീകളില്‍ ആരെയെങ്കിലും ചാര്‍ജ് ഏല്‍പ്പിക്കാമായരുന്നല്ലോ. മുഖ്യമന്ത്രി ആകും എന്ന് പ്രതീക്ഷിക്കുകയും ആകണം എന്ന് പാര്‍ട്ടിക്കതീതമായി കേരളം ആഗ്രഹിക്കുകയും ചെയ്ത ഒരു അമ്മ നമ്മുടെകൂടെയുണ്ടല്ലോ. കെ.ആര്‍. ഗൗരിയമ്മ. ഗൗരിയമ്മ മുഖ്യമന്ത്രി പദത്തില്‍ വരാതിരിക്കാനുള്ള ഗൂഡാലോചന പുരുഷ സമൂഹം കൈ കോര്‍ത്ത് വിജയിപ്പിച്ചില്ലേ. ഒരു രാഷ്ട്രീയപാര്‍ട്ടിയും ഞെളിയണ്ട. സ്ത്രീക്ക് തുല്യത കൊടുക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും മനസില്ല എന്നതാണ് സത്യം.

പുരുഷന്‍മാര്‍ തോറ്റടത്ത് സ്ത്രീകള്‍ വിജയിച്ചിരിക്കുന്നു. അമ്മമാര്‍ വിജയിച്ചിരിക്കുന്നു. മല ചവിട്ടരുതെന്ന് പറഞ്ഞ അമ്മമാരും മല ചവിട്ടാനുള്ള അവകാശം മാറ്റിവെച്ച അമ്മമാരും മനസുവെച്ചതുകൊണ്ട് മാത്രമാണ് ഇവിടെ ചോരപ്പുഴ ഒഴിവായത്. അമ്മമാരെ വന്ദിക്കുക. ഈ പ്രശ്‌നം പരിഹരിക്കാന്‍ എളുപ്പമാണ്. ആകെ രണ്ടേ രണ്ട് പേര്‍ക്കേ ഈ പ്രശ്‌നത്തില്‍ പ്രസക്തിയുള്ളൂ. ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രിയും ക്ഷേത്രത്തെ നയിക്കുന്ന മുഖ്യ തന്ത്രിയും. മുഖ്യ തന്ത്രി അപേക്ഷിച്ചു കഴിഞ്ഞു. മല ചവിട്ടാന്‍ അവകാശം കിട്ടിയ യുവതികളേ നിങ്ങള്‍ ഇപ്പോള്‍ അത് ഉപയോഗിക്കാതിരിക്കുക.  പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ഒരു വാക്കു മതിയായിരുന്നു എല്ലാവരും സ്വയം മുന്നോട്ടുവന്ന് ഒരുമാസത്തെ ശമ്പളം ത്യജിക്കാന്‍.

അപ്പോള്‍ ലെനിനെയും കാസ്‌ത്രോയെയും ഐസനോവറെയും ഭാരതീയ ആചാര്യന്‍മാര്‍ക്കൊപ്പം സാക്ഷി നിര്‍ത്തിക്കൊണ്ട് അമ്മമാരുടെ സാന്നിദ്ധ്യത്തില്‍ വിപ്ലവാത്മക ഭക്തിയോടെ നമുക്ക് വിപ്ലവ സമന്വയ ശരണമന്ത്രം മുഴക്കാം. സ്വാമി ശരണം ലാല്‍ സലാം.

(മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേന്ദ്ര സെക്രട്ടറിയുമായിരുന്ന ഡോ. സി.വി. ആനന്ദബോസിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ലേഖനത്തിലുള്ളത്.)