ര്‍ത്താല്‍ വീണ്ടും തുടങ്ങി. കേരളം സാധാരണഗതിയിലേക്ക് നീങ്ങുന്നു,  സൈബര്‍ തെരുവില്‍ കണ്ട ഈ ചുവരെഴുത്ത് ഒരു പുനര്‍ചിന്തനത്തിന് വഴി തെളിക്കുന്നു. പ്രളയപ്പിറ്റേന്ന് തന്നെ ഈ വൈരുദ്ധ്യാത്മക ഭരണശൈലി കണ്ടും കൊണ്ടും അനുഭവിക്കേണ്ടി വന്ന നവതലമുറയും പ്രവാസികളും ഉള്‍പ്പെട്ട കേരളത്തിന് ഒരു വലിയ ചിന്താകുഴപ്പം. പ്രളയശേഷം കെട്ടിപ്പടുക്കാം എന്ന് നാം സ്വപ്നം കാണുന്ന നവകേരളത്തെ പഴകി ദ്രവിച്ച പ്രതിഷേധശരങ്ങള്‍ എയ്ത് വീഴ്തുമോ? 

ഒരു ഘട്ടത്തില്‍ പ്രതിഷേധ വീരന്‍മാര്‍ പ്രകൃതിയേയും മാധവ് ഗാഡ്ഗിലിനേയും കണ്ണുരുട്ടിയും മീശപിരിച്ചും വിരട്ടി നിര്‍ത്താന്‍ ശ്രമിക്കുന്നത് നാം കണ്ടതാണ്. പ്രളയകാലത്ത് ജീവന്‍ പോലും പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളികളുടെയും പേരും മുഖവും ഇല്ലാത്ത സാധാരണക്കാരുടേയും വികാരമാണോ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഹര്‍ത്താല്‍ ഹീറോമാര്‍ തെരുവില്‍ അവതരിപ്പിച്ച നാടകങ്ങള്‍ എന്ന് നിഷ്പക്ഷമതികള്‍ ചോദിച്ച് പോകുന്നു.

നവകേരള സൃഷ്ടിക്ക് ഹരിശ്രീ കുറിക്കുന്ന നിമിഷം മുതല്‍ അന്യോന്യം വഴിമുടക്കുന്ന ശൈലിയാണ് നാം തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ സ്വപ്നം കമഴ്ത്തി വെച്ച കുടത്തില്‍ കത്തിച്ച് വെച്ച തിരി പോലെ ആകും എന്നതില്‍ സന്ദേഹം വേണോ. ജനങ്ങള്‍ ചോദിക്കുന്ന മറ്റ് പല ചോദ്യങ്ങളും ഉണ്ട്. ഞങ്ങള്‍ സംഭാവന ചെയ്യുന്ന പണം എത്തേണ്ടിടത്ത് എത്തും എന്ന് ഉറപ്പുണ്ടോ? വക മാറി ചെലവഴിക്കില്ലെന്ന് എങ്ങനെ അറിയാം? പണം വാങ്ങി ഖജനാവില്‍ ഇട്ടിട്ട് അടുത്ത മഹാപ്രളയം വരെ ഒന്നും ചെയ്യാതിരിക്കുന്ന പതിവ് ശൈലി തുടരുമോ? ഞാന്‍ തരുന്ന പണം ഞാന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ വകുപ്പുണ്ടോ? പണം എന്തിന് ചിലവാക്കി, എത്ര ചിലവാക്കി, എവിടെ ചിലവാക്കി എന്ന് അറിയാന്‍ വല്ല മാര്‍ഗവും ഉണ്ടോ? അറിയിക്കാന്‍ അധികാരികള്‍ ഉദ്ദേശിക്കുന്നുണ്ടോ? ജനങ്ങള്‍ മുണ്ട് മുറുക്കി പണം സ്വരൂപിച്ച് ഖജനാവിലേക്ക് അടയ്ക്കുമ്പോള്‍ ആ പണത്തില്‍ നിന്ന് ഔദാര്യം പറ്റുന്ന രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരും അവര്‍ അനുഭവിക്കുന്ന പ്രത്യേക അവകാശങ്ങള്‍ താല്‍ക്കാലികമായെങ്കിലും ത്യജിക്കാന്‍ തയ്യാറാണോ? പ്രളയമുയര്‍ത്തിയ ഐക്യബോധം ഖജനാവിലേക്ക് ഒഴുക്കിയ ഓരോ പൈസയും പുനര്‍നിര്‍മാണത്തിനായി മാത്രം ഉപയോഗിക്കും എന്ന് ഉറപ്പു വരുത്താന്‍ ഒരു പുതിയ സംവിധാനവും പുതിയ നടപടിക്രമവും കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറാണോ? ഇതിനുള്ള ഉത്തരം, തുടരുന്ന മൗനം ആണെങ്കില്‍ ജനങ്ങള്‍ ഒന്നു കൂടി ചിന്തിക്കും. സര്‍ക്കാര്‍ എന്ന കടലില്‍ കായം കലക്കാന്‍ ജനങ്ങള്‍ വിവരം കെട്ടവരല്ല.

road

ഇനി അല്‍പം ലോകവിചാരം. വിയറ്റ്‌നാമിന്റെ ജീവാത്മാവായ ഹോചിമിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ അദ്ദേഹത്തെ കാണാന്‍ എത്തി. ഹോചിമിന്‍ ഓരോരുത്തരോടും തിരക്കി. എന്താണ് നിങ്ങളുടെ തൊഴില്‍. രാഷ്ട്രീയം. ഓരോരുത്തരും പറഞ്ഞു. ഹോചിമിന്‍ വീണ്ടും ചോദിച്ചു. അതല്ല ഞാന്‍ ഉദ്ദേശിച്ചത് സ്ഥിരവരുമാനത്തിനായി നിങ്ങള്‍ എന്ത് ചെയ്യുന്നു. നിത്യനിദാന ചിലവുകള്‍ക്കായി നിങ്ങള്‍ എന്ത് ചെയ്യുന്നു. അവര്‍ വീണ്ടും പറഞ്ഞു, രാഷ്ട്രീയം. ഹോചിമിന്‍ അവരോട് പറഞ്ഞുവത്രേ. ഞാന്‍ ഒരു കര്‍ഷകനാണ്. ദിവസവും നാല് മണിക്കൂര്‍ പാടത്ത് പണി എടുത്തതിട്ടാണ് ഞാന്‍ ഓഫീസില്‍ എത്തുന്നത്.

നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതല്ലേ ഇത്. രാഷ്ട്രീയം ഒരു സേവനമോ ഒരു തൊഴിലോ? നവകേരള സൃഷ്ടിയില്‍ ഇതൊക്കെ പ്രധാനം തന്നെയാണ്. രാഷ്ട്രീയക്കാര്‍ സ്വയം അനുവദിച്ച് അനുഭവിക്കുന്ന പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പ്രത്യേക അവകാശങ്ങള്‍ വെട്ടി കുറക്കാനോ വേണ്ടന്ന് വെക്കാനോ ആരെങ്കിലും തയ്യാറുണ്ടോ.

മറ്റ് രാജ്യങ്ങളിലേക്ക് ഒന്ന് കണ്ണ് ഓടിക്കുക. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പാടേ തകര്‍ന്ന ജപ്പാന്‍ പുനഃസൃഷ്ടിക്ക് തയ്യാറായപ്പോള്‍ സാമുറായ് വര്‍ഗം ഒരു കാര്യം ചെയ്തു. തലമുറകളായി സമൂഹത്തില്‍ പ്രത്യേക അവകാശവും അധികാരവും കൈയാളിയിരുന്ന സാമുറായ് സ്വയം മുന്നോട്ട് വന്ന് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും വേണ്ടെന്ന് വെച്ചു. മാതൃകാപരമായ ത്യാഗത്തില്‍ പടുത്തുയര്‍ത്തിയ നവീന ജപ്പാന്‍ ആണ് ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ച് കയറിയത്. തെരുവില്‍ തരികിട പ്രകടനം നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന അധരസേവന വീരന്‍മാര്‍ നവതലമുറയോട് ഉത്തരം പറഞ്ഞേ തീരൂ.

വ്യക്തമായ ചില തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. പുനര്‍നിര്‍മാണത്തിന്റെ ചുമതല ഒരു സ്വതന്ത്ര സ്ഥാപനത്തെ ഏല്പിക്കുമോ. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. കേരള റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി എന്നോ മറ്റോ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനം. പുനര്‍ നിര്‍മാണത്തിനുള്ള പൂര്‍ണ്ണ ചുമതല ഇവരെ ഏല്‍പ്പിക്കുന്നതോടൊപ്പം അതിനായി നീക്കി വെച്ച തുക ചെലവഴിക്കാനുള്ള സ്വാതന്ത്യവും ഈ സ്ഥാപനത്തിന് നല്‍കണം.

നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം. സര്‍ക്കാരിന്റെ മേല്‍നോട്ടം വേണമെന്നതില്‍ സംശയമില്ല. സര്‍ക്കാരിന് ഉദ്ദേശ്യശുദ്ധി ഉണ്ടെങ്കില്‍ എന്തിന് ഇങ്ങനെ ഒരു സംവിധാനത്തെ എതിര്‍ക്കണം. ഇതിന്റെ തലപ്പത്ത് പ്രഗല്ഭന്‍മാരെ തന്നെ നിയമിക്കണം. നിര്‍വചനങ്ങള്‍ മാറ്റി മാറ്റി രാഷ്ട്രീയക്കാരെ പ്രഗല്ഭന്‍മാരായി പ്രഖ്യാപിച്ചത് കൊണ്ട് ആയില്ല. വിദഗ്ധന്‍മാര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മികവുറ്റതാകും എന്നതിന്റെ തെളിവ് നമുക്ക് ചുറ്റും ഉണ്ടല്ലോ. മെട്രോ മാന്‍ ശ്രീധരനും ഹരിതവിപ്ലവത്തിന്റെ ശില്പിയായ എം.എസ് സ്വാമിനാഥനും ധവളവിപ്ലവം യാഥാര്‍ത്ഥ്യമാക്കിയ വി. കുര്യനും ഇലക്‌ട്രോണിക്‌സ് വിപ്ലവത്തിന് നാന്ദി കുറിച്ച കെ.പി.പി. നമ്പ്യാരും വ്യവസായ കുതിപ്പിന് ആക്കം കൂട്ടിയ എം.കെ.കെ.നായരും കേരളം ലോകത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍ ആണ് എന്ന് മറക്കണ്ട.

ലോകത്തിന്റെ മറ്റ് രാജ്യങ്ങളില്‍ പോയി അവിടത്തെ നിര്‍മാണ പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്ന മലയാളികള്‍ ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും അംഗീകരിക്കപ്പെടുന്നു എന്ന് നാം മറക്കേണ്ട. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് കരുതി വിദഗ്ധരെ തേടി വിദേശത്തേക്ക് പോകണ്ടതില്ല എന്ന് ചുരുക്കം. വൈദേശികമായതെന്തും അവഗണിക്കണം എന്നല്ല ഇതിനര്‍ത്ഥം. തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും ഉള്ള ത്യാജ്യ ഗ്രാഹ്യ വിവേജന ശക്തി നമുക്ക് ഉണ്ടായിരിക്കണം എന്ന് മാത്രം.

വി.കുര്യനോട് ഒരിക്കല്‍ ചോദിച്ചു, ഗുജറാത്തില്‍ ചെയ്തത് പോലെ വലിയ കാര്യങ്ങള്‍ എന്തേ കേരളത്തില്‍ ചെയ്യുന്നില്ല. അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഒരു പ്രശ്‌നം അവിടെ മുഴുവന്‍ മലയാളികളാണ് എന്നാണ്. മലയാളിയായ അദ്ദേഹം മലയാളിയായ സാധാരണക്കാരെ അല്ല ഉദ്ദേശിച്ചത്. നേതാവിന്റെ വേഷം കെട്ടി മുന്നില്‍ ഞെളിഞ്ഞ് നിന്ന് ശകുനം മുടക്കുന്ന ചുമ്മാ സാറന്‍മാരെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ലക്ഷ്യബോധം ഇല്ലാതെ എന്തിനേയും എതിര്‍ക്കുന്ന ആ മനോഭാവത്തെ.

നവതലമുറ ആഗ്രഹിക്കുന്നത് എന്താണ്? നവകേരളം അവര്‍ക്കുള്ളതല്ലേ? അപ്പോള്‍ അവരുടെ വാക്കിനല്ലേ കൂടുതല്‍ വില കല്‍പ്പിക്കേണ്ടത്. അവരുടെ ആശയാഭിലാഷങ്ങള്‍ അല്ലേ പ്രധാനം. അവര്‍ക്ക് എന്ത് വേണം എന്ന് അവരോട് തന്നെ അല്ലേ ചോദിക്കേണ്ടത്. അവരുടെ കാഴ്ചപാട് എന്ത് എന്ന് വ്യക്തമായി ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് ഒറ്റ ക്ലിക്ക് മതിയല്ലോ. ആദ്യം അവരോട് ചോദിക്കുക. ആരും കാണാത്തത് കാണാനും ആരും കേള്‍ക്കാത്തത് കേള്‍ക്കാനും ആരും പറയാത്തത് പറയാനും അവര്‍ക്ക് അറിയാം. അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വേണം നവ കേരള നിര്‍മിതി നടത്താന്‍.

പദ്ധതികളുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കേണ്ട വിദഗ്ധരെ നവതലമുറയില്‍നിന്ന് കണ്ടെത്താന്‍ ശ്രമിക്കണം. കുതിക്കുന്ന യുവാക്കള്‍ക്ക് കിതക്കുന്ന നേതാക്കള്‍ പോരാ. ലോകത്ത് പല വലിയ പ്രസ്ഥാനങ്ങള്‍ക്കും തുടക്കം കുറിച്ചതും അവയെ വിജയത്തിലേക്ക് നയിച്ചതും കൗമാരക്കാരാണ് എന്ന് മറക്കണ്ട. ചരിത്രത്തില്‍ ഒരു ജോന്‍ ഓഫ് ആര്‍ക്ക്, സംഗീതത്തില്‍ ഒരു ബീഥോവന്‍ അല്ലെങ്കില്‍ മൊസാര്‍ട്ട്, ഗണിതശാസ്ത്രത്തില്‍ ഒരു ശ്രീനിവാസ രാമാനുജന്‍, ഭരണരംഗത്ത് ഒരു വില്യം പിറ്റ്. അപ്പോള്‍ യുവാക്കളെ തള്ളി പറയേണ്ടതില്ല. അവരില്‍ പ്രതിഭയുണ്ട്. വൈദഗ്ധ്യം ഉണ്ട്. നവകേരളം അത് കണ്ടെത്തണം. ഉപയോഗിക്കണം. കണ്ണ് ഉണ്ടായാല്‍ പോരാ, കാണണം. 

മികവും തെളിവുമുള്ള ഒരു ദര്‍ശനത്തില്‍ അധിഷ്ഠിതമായിരിക്കണം നവകേരള നിര്‍മ്മിതിയുടെ രൂപരേഖയും കര്‍മ്മപദ്ധതിയും. പൂര്‍വ്വസൂരികള്‍ ചെയ്ത നല്ല കാര്യങ്ങള്‍ നല്ലതാണ് എന്ന് അംഗീകരിച്ചും പിന്നീട് വന്നവര്‍ പ്രകൃതിയോടും പ്രപഞ്ചശക്തികളോടും കാട്ടിയ നെറികേട് അപചയമായി എന്ന് തിരിച്ച് അറിഞ്ഞും ഉള്ള ഒരു സമീപനം വേണം നവകേരള നിര്‍മ്മിതിക്കായി സ്വീകരിക്കുക. നമുക്ക് കൃഷിയിലേക്ക് തിരിച്ച് പോകാനുള്ള സമയമായി. കുഞ്ഞുണി മാഷ് പറഞ്ഞത് പോലെ അരി തഞ്ചാവൂരില്‍നിന്നും പച്ചക്കറി പൊള്ളാച്ചിയില്‍നിന്നും പാല്‍ പോത്തന്നൂരില്‍നിന്നും പൈസ 'ഫോറിനില്‍'നിന്നും വാങ്ങി കന്നും കൃഷിയും ഇല്ലാതാക്കി തിന്നുമുടിച്ച മലയാളി ചില കൃഷി വിരുദ്ധ വികലസങ്കല്‍പങ്ങള്‍ ഭാണ്ഡം കെട്ടി പുഴയില്‍ ഒഴുക്കി വിടേണ്ട സമയമായി.

പൊന്നുവിലയുള്ള എക്കല്‍ മണ്ണ് അല്ലേ പ്രളയ കുതിപ്പിലൂടെ പ്രകൃതി മലയാളക്കരയില്‍ കൊണ്ട് എത്തിച്ചത്. നൂറ് മേനി വിളയാന്‍ ഇത് മതി. നൈല്‍ നദിയിലെ വെള്ളപ്പൊക്കം ഇരുകരകളിലും നിക്ഷേപിക്കുന്ന എക്കല്‍ ആണല്ലോ ഈജിപ്റ്റിന്റെ കൃഷി സമൃദ്ധിക്ക് ആധാരം. നൈലിലെ വെള്ളപ്പൊക്കമാണ് ഈജ്പ്റ്റിനെ തീറ്റി പോറ്റുന്നത് എന്ന് പറയാറുണ്ടല്ലോ. പ്രളയം തന്ന എക്കല്‍ സമൃദ്ധി നാടിന്റെ കാര്‍ഷിക സമൃദ്ധിയായി മാറ്റാന്‍ നമുക്ക് കഴിയണം. കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് മണ്ണിനെ പുണ്ണാക്കുന്ന ശൈലി മാറ്റി ജൈവകൃഷിയിലേക്ക് നമുക്ക് തിരിച്ച് പോകാം. നാടിന്റെ ഭക്ഷ്യസുരക്ഷ മാത്രമല്ല ലോകത്തിന്റെ ഭക്ഷ്യാവശ്യങ്ങള്‍ വരെ നിറവേറ്റി കൊടുക്കാന്‍ കേരള ബ്രാന്റ് ജൈവകൃഷിക്ക് കഴിയും.

സംശയമുള്ളവര്‍ കണ്ണ് തുറന്ന് ചുറ്റുപാടും നോക്കട്ടെ. കേരളത്തിലെ കുട്ടനാടിന് സമാനമാണല്ലോ നെതര്‍ലാന്റസ് അഥവാ ഹോളണ്ട്. അവര്‍ കൃഷി ഇറക്കി ഐശ്വര്യം കൊയ്യുന്നു. ഇന്ന് യൂറോപ്പിനെ തീറ്റി പോറ്റുന്നത് അവരാണ്. ഭക്ഷ്യ കയറ്റുമതിയാണ് അവരുടെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനം. ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം ആണ് അവര്‍ക്ക് ഉള്ളത്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയില്‍ ആകട്ടെ നെതര്‍ലന്റസിനെക്കാള്‍ 270 മടങ്ങാണ് കൃഷി ഭൂമിയുള്ളത്. അപ്പോള്‍ വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച കേരളത്തിന്റെ വികസന സങ്കല്‍പങ്ങളെ ഈ ചിന്ത നയിക്കട്ടെ.

പ്രളയം ആഘാതങ്ങള്‍ക്കൊപ്പം ചില അനുഗ്രഹങ്ങളും തന്നിട്ടാണല്ലോ പിന്‍വാങ്ങിയത്. നമ്മുടെ പുഴകളും നദികളും തടാകങ്ങളും മറ്റ് ജലാശയങ്ങളും ഒറ്റ കുതിപ്പിനല്ലേ പ്രകൃതി വൃത്തിയാക്കി തന്നത്. ഇനി ഇത് വൃത്തിഹീനമാക്കാതിരിക്കാന്‍ നോക്കണം. എങ്കില്‍ ലോകത്തെ തെളിനീരിന്റെ പറുദീസയായി കേരളത്തെ മാറ്റാന്‍ നമുക്ക് കഴിയും. പ്രളയകാലത്ത് നഷ്ടപ്പെട്ടത് എല്ലാം ക്ലീന്‍ ടൂറിസത്തിലൂടെ തിരിച്ച് പിടിക്കാന്‍ നമുക്ക് കഴിയും. ഓസ്ട്രിയക്കാര്‍ അവരുടെ നീരുറവകളിലെ ശുദ്ധജലം കുടി വെള്ളമായി ഉപയോഗിക്കുന്നതില്‍ അഭിമാനം കൊള്ളുന്നു. നമ്മുടെ ശുദ്ധജലം മലയാളികള്‍ ഏറെയുള്ള വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്ത് സമ്പത്ത് വര്‍ദ്ധിപ്പിക്കാനും എന്തു കൊണ്ട് നമുക്ക് ശ്രമിച്ചുകൂട.

നവകേരളത്തിന്റെ കര്‍മ്മ പദ്ധതിയില്‍ പരിഗണിക്കാവുന്ന ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു. റോഡുകളുടെ കാര്യമെടുത്താല്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് പൂര്‍വ്വരൂപത്തില്‍ ആക്കുകയാവരുത് നമ്മുടെ ലക്ഷ്യം. ലോകനിലവാരത്തിലുള്ള റോഡുകള്‍ നമുക്ക് ഉണ്ടാകണം. നവകേരളം നവലോകത്തിന്റെ അഭിമാനമായി വേണമല്ലോ നാം വിഭാവന ചെയ്യാന്‍. എങ്കില്‍ ഒരു 'ഗ്രാന്റ് കേരള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ട്രെയില്‍' ആണ് നവകേരളത്തില്‍ നാം സൃഷ്ടിക്കേണ്ടത്.

റോഡും ജലപാതകളും റെയില്‍വേയും സമുദ്രപാതകളും വ്യോമപാതകളുമൊക്കെ സമഞ്ജസമായി സമ്മേളിപ്പിച്ച് കൊണ്ടുള്ള സമഗ്ര വികസന ദര്‍ശനമാകണം നമ്മെ നയിക്കുന്നത്. ഇന്റഗ്രേറ്റഡ്, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക്. ഭൂമിയുടെ പരിമിതിയും ജനസാന്ദ്രതയുടെ ഏറ്റവും പരിഗണിക്കുമ്പോള്‍ ഭൂമിക്ക് മുകളിലൂടെയുള്ള കേബിള്‍ ട്രാമുകളേ അല്ലെങ്കില്‍ ഗൊണ്ഡോളകളെ പറ്റി നമുക്ക് ചിന്തിച്ച് കൂടെ. മെഡെലിന്‍ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ നഗരങ്ങളില്‍ പൊതു ഗതാഗതത്തിനായി കേബിള്‍ ട്രാമുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്തിന്, ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ മഹാനഗരങ്ങളിലും ആകാശമാര്‍ഗേയുള്ള ഈ ഗതാഗത സംവിധാനം പ്രയോഗത്തില്‍ ഉണ്ടല്ലോ.

കേരളത്തെ പോലെ പ്രളയം തകര്‍ത്ത് എറിഞ്ഞ ഒരു വലിയ പ്രദേശമാണല്ലോ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ്. അവരും ഒരു പുതിയ നഗരത്തെ സൃഷ്ടിച്ചു. നവതലമുറയിലെ നഗരം. ഇന്ന് ആ നഗരം വിനോദസഞ്ചാരികളുടെ പറുദീസയായി മാറി. സാമ്പത്തിക രംഗം ഉയര്‍ന്നു. വരുമാനം കൂടി. പുതിയ നഗരത്തിലെ പുത്തന്‍ സംവിധാനങ്ങള്‍ പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അങ്ങോട്ട് ആകര്‍ഷിച്ചു. വിവിധ രംഗത്ത് ഉള്ള വിദഗ്ദര്‍ അങ്ങോട്ടേക്ക് ചേക്കേറി. സാമ്പത്തികരംഗത്ത് മാന്ദ്യം നീങ്ങി. തൊഴില്‍ രംഗം ത്രസിച്ചു. വിദേശ മാതൃകകള്‍ അപ്പാടെ പകര്‍ത്തിയില്ലെങ്കിലും അതില്‍നിന്ന് എടുക്കേണ്ടത് എടുക്കാന്‍ നമുക്ക് കഴിയണം. നവകേരളം ലോകം പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും തുറക്കണം.

ദീര്‍ഘവീക്ഷണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നവകേരള നിര്‍മിതിയെ സമീപിച്ചാല്‍ അനതിവിദൂരമായ ഭാവിയില്‍ ലോകത്തിലെ തന്നെ വിദ്യാഭ്യാസകേന്ദ്രവും ആരോഗ്യകേന്ദ്രവുമായി മാറാന്‍ നമുക്ക് കഴിയും. സാമ്പത്തികമേഖലയുടെ എല്ലാ രംഗങ്ങളിലും സ്പര്‍ശിക്കുന്ന ഒരു അമ്പത് ഇന കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അത് പൊതു ജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നതാണ്. വിസ്താരഭയത്താല്‍ അത് മുഴുവനായി ഇവിടെ പ്രതിപാദിക്കുന്നില്ല.

flood relief

ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നാടിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് സര്‍ക്കാരിന്റെ പുനരധിവാസ ഫണ്ടുകള്‍ മാത്രം പോരാ. നിരന്തരമായി നിക്ഷേപം വന്ന് കൊണ്ടിരിക്കണം. നവകേരളം നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളിലേക്ക് നിക്ഷേപകര്‍ ആകൃഷ്ടരാവുക തന്നെ ചെയ്യും പക്ഷേ ഒരു കാര്യം. നിക്ഷേപസൗഹൃദ സംസ്ഥാനമാണ് കേരളം എന്ന് അവര്‍ക്ക് ബോദ്ധ്യപ്പെടണം. എങ്കില്‍ ചില ത്യാഗങ്ങള്‍ നാം ചെയ്യണം. അനാവശ്യ സമരങ്ങളും മിന്നല്‍ പണിമുടക്കുകളും തൊഴില്‍ രംഗത്തെ ഭുജബല പരാക്രമങ്ങളുമൊക്കെ കുറയ്ക്കണം, നിയന്ത്രിക്കണം. ചിലത് ഭാണ്ഡം കെട്ടി പരണത്ത് വെയ്ക്കണം.

പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാന്‍ ഉണ്ണും എന്ന ശൈലി നവകേരളത്തിന് ചേര്‍ന്നതല്ല. പ്രളയത്തെ നെഞ്ച് വിരിച്ച് നേരിട്ട സാധാരണക്കാരായ മലയാളികള്‍ എന്തിനും ഏതിനും പോന്നവര്‍ തന്നെയാണ്. സങ്കുചിത രാഷ്ട്രീയ പരിഗണനകളുടെ പേരില്‍ അവരുടെ വഴി മുടക്കാതിരുന്നാല്‍ മതി. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണാമല്ലോ എന്ന മോഹം രാഷ്ട്രീയ മേലാളന്‍മാര്‍ തല്‍ക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കണം. നാത്തൂന് ഈ കുണുക്ക് ഒരു ഇണക്കാ എന്ന് പരസ്പരം പ്രോത്സാഹിപ്പിക്കുക, സഹകരിക്കുക, നിഷേധാത്മക സമീപനങ്ങള്‍ക്ക് അവധി കൊടുക്കുക.
 
ഇനി സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തുന്ന കാര്യം. കേരളം ചിലത് ചോദിക്കുന്നു, കേന്ദ്രം ചിലത് മുടക്കുന്നു എന്നുള്ള നിഷേധാത്മകമായ പ്രചാരണം മാറ്റിയിട്ട് കിട്ടാവുന്ന ഫണ്ട് എല്ലാം കിട്ടാനുള്ള ക്രിയാത്മകമായ ശ്രമം നടത്തണം. ഫണ്ട് ഒരു വലിയ കീറാമുട്ടി ആണെന്നു തോന്നുനില്ല. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിലെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്രം നല്‍കുന്ന പണം നമുക്ക് അവകാശപ്പെട്ടതാണ്. പക്ഷേ അത് മേടിച്ച് എടുക്കാന്‍ മതിയായ രേഖകള്‍ തയ്യാറാക്കി മുന്നോട്ട് പോകേണ്ടത് നമ്മുടെ ചുമതലയാണ്. മാനദണ്ഡങ്ങള്‍ക്ക് അപ്പുറം ഉള്ള സാമ്പത്തിക സഹായം രാഷ്ട്രീയ തീരുമാനങ്ങളിലൂടെ എടുക്കേണ്ടതാണ്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സംസ്ഥാനങ്ങള്‍ യോജിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ട മേഘലയാണ് ഇത്.

ഇപ്പോള്‍ വലിയ അംഗീകാരം കിട്ടിയിട്ടുള്ള ഒരു സങ്കല്‍പമാണല്ലോ, കണ്‍വര്‍ജന്‍സ്. നിലവിലുള്ള സ്‌കീമുകളില്‍ ചിതറി കിടക്കുന്ന ഫണ്ട് ഒന്നിച്ച് കൂട്ടിയാല്‍ നവകേരള നിര്‍മിതിക്കുള്ള പലപദ്ധതികള്‍ക്കും വേണ്ട പണം ഭാഗികമായെങ്കിലും സ്വരൂപിക്കാന്‍ കഴിയും. ഇതിന് ഗൃഹപാഠം ചെയ്യണം. ചോദിക്കേണ്ടത് പോലെ ചോദിച്ചാലേ കിട്ടേണ്ടത് കിട്ടൂ. അരി എത്ര എന്ന് ചേദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന് പറഞ്ഞിട്ട് കലി തുളിയത് കൊണ്ട് ആയില്ല. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം എന്നുള്ള മുത്തശ്ശി പ്രമാണം തന്നെയാണ് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ സാമ്പത്തിക മാനേജ്‌മെന്റിനെ നയിക്കുന്നത്.

വായടയ്ക്കൂ, മെയ്യ് അനക്കൂ, പണി എടുക്കൂ. എങ്കിലേ പണപ്പെട്ടികള്‍ തുറക്കൂ. ഏതൊക്കെയാണ് ഈ പണപ്പെട്ടികള്‍. ലോക ബാങ്കിന്റെ പണപ്പെട്ടി, മറ്റു രാജ്യങ്ങളുടെ സാമ്പത്തിക സഹായ സ്ഥാപനങ്ങളുടെ പണപ്പെട്ടി, നബാര്‍ഡിന്റെ പണപ്പെട്ടി, പ്രവാസികളുടെ പണപ്പെട്ടി, നാട്ടുകാരുടെ പണപ്പെട്ടി. ഇതൊക്കെ തുറക്കണമെന്ന് ഉണ്ടെങ്കില്‍ ശരിയായ താക്കോല്‍ ഉണ്ടാക്കി ഇടാന്‍ പഠിക്കണം. ശരിയായ രീതിയില്‍ താക്കോല്‍ ഇട്ട് തിരിക്കണം. ഇടുകുടുക്കേ ചോറും കറിയും എന്ന് പറഞ്ഞാല്‍ പണപ്പെട്ടികള്‍ ചുരത്തില്ല. നവകേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ് തെരുവിലെ പ്രഹസനങ്ങളിലൂടെ കണ്ടെത്താം എന്ന് കരുതേണ്ട.

കേരളത്തിലെ ജനങ്ങളെല്ലാം സ്വയം ചോദിക്കുകയും മറ്റുള്ളവരോട് ചോദിക്കുകയും ചെയ്യുന്ന ഒരു ചോദ്യം ഉണ്ട്. നാം കൊടുക്കുന്ന ഓരോ പൈസയും നവകേരള നിര്‍മിതിക്കായി പോകുമോ. അതോ വല്ലവരുടെയും പോക്കറ്റിലേക്ക് പോകുമോ. ഇത് ഒരു വലിയ ചോദ്യം തന്നെയാണ്. സര്‍ക്കാരില്‍ കാര്യം നടക്കണമെങ്കില്‍ കാണേണ്ടവരെ കാണേണ്ടത് പോലെ കാണണം എന്നതാണ് ജനങ്ങളുടെ അനുഭവം. അഴിമതി ഒരു ആഗോള പ്രതിഭാസമാണ് എന്നൊക്കെ പറഞ്ഞാലും ഇത് ഒരു തികഞ്ഞ ആഭാസമായിട്ടാണ് ജനങ്ങള്‍ കാണുക.

സര്‍ക്കാരിന്റെ ഓട്ടക്കീശയിലേക്ക് പോകുന്ന പണം വഴിയില്‍ എവിടയൊക്കെയോ തൂകി പോകുന്നു. നാണം കെട്ടും പണം നേടി കൊണ്ടാല്‍ നാണക്കേടാ പണം തീര്‍ത്തു കൊള്ളും എന്നതാണല്ലോ പലരുടെയും സത്യാന്വേഷണ പരീക്ഷണ പ്രമാണം. ഒരു സര്‍ക്കാര്‍ ഓഫീസിലേക്ക് കടന്ന് ചെല്ലുന്ന സാധാരണക്കാരന് താന്‍ പത്മവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെ പോലെയാണ് എന്ന് തോന്നിയാല്‍ അതിന് അവനെ പഴിചിട്ട് കാര്യമില്ല. നവകേരളനിര്‍മിതി ഒരു യാഥാര്‍ത്ഥ്യമാകണമെന്നുണ്ടെങ്കില്‍ ഇതില്‍ അഴിമതി ഉണ്ടാകില്ല എന്ന് ജനങ്ങള്‍ക്ക് ഉറപ്പ് വേണം. നമുക്ക് വേലുത്തമ്പിയെ തിരിച്ച് കൊണ്ട് വരാം. തന്റെ അമ്മയെ സഹായിക്കാന്‍ വേണ്ടി കള്ളക്കണക്കെഴുതിയ കണ്ടെഴുത്ത് പിള്ളയുടെ പെരുവിരല്‍ മുറിച്ച് കളഞ്ഞ വേലുത്തമ്പി ദളവ.

അഴിമതിയെ ഗളഹസ്തം ചെയ്യാതെ നവകേരള നിര്‍മിതി നടപ്പാകില്ല. എന്റെ എളിയ മനസ്സില്‍ ഒരു വലിയ വഴി കാണുന്നു. അഴിമതിക്കാരെ വെളിച്ചത്ത് കൊണ്ട് വരുന്ന ചുമതല നവതലമുറയെ ഏല്‍പ്പിക്കുക. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എപ്പോള്‍ ചെയ്യണം എന്നൊക്കെ അവര്‍ക്ക് അറിയാം. അവരെ വിശ്വസിക്കുക, അവര്‍ക്ക് വിട്ട് കൊടുക്കുക. ഓടരുതമ്മാവാ ആളറിയാം എന്ന് ഉറപ്പ് വന്നാലേ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്‍മാരുമായ വലിയമ്മാവന്‍മാര്‍ കളി നിര്‍ത്തൂ. എന്നിട്ടും ഓടുന്നവരെ പിടിച്ചിടാന്‍ നവകേരളത്തില്‍ നവജയിലുകളും ഉണ്ടാക്കണം.

നിയമം ചിലര്‍ക്കായി വഴിമാറ്റിവിടുന്ന ശൈലി മാറ്റണം. ത്രികോണത്തിന് മൂന്ന് കോണുകള്‍ ആണ്. എന്നാല്‍, ചിലരുടെ കാര്യത്തില്‍ നാലാമതൊരു കോണാകാം എന്ന പതിവ് ഭരണശൈലി നവകേരളത്തിലെങ്കിലും ഇല്ലാതാകണം. അഴിമതി ഇല്ലാതാക്കാന്‍ ഒരു എളുപ്പമാര്‍ഗമുണ്ടല്ലോ. കൈകൂലി കൊടുക്കാതിരിക്കുക, കൈകൂലി വാങ്ങാതിരിക്കുക. അതങ്ങ് നടപ്പാക്കിയാല്‍ പോരേ. എങ്ങനെ നടപ്പാക്കണം എന്ന് ഭരണകര്‍ത്താക്കള്‍ക്ക് അറിയാം. എന്തിന് നടപ്പാക്കണം എന്നതാണ് അവരുടെ ഭാവം. 

WhatsApp-Image-2018-08-17-at-18.00.35.jpg

വലിപ്പചെറുപ്പമില്ലാതെ ജനങ്ങള്‍ ഒന്നിച്ചത് കൊണ്ടാണല്ലോ പ്രളയം വിറപ്പിച്ചവരെ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞത്. തെരുവിലെ സാധാരണക്കാര്‍ കാട്ടിയ ഈ മാതൃക ഭരണ-പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ ഭരണാധികാരികള്‍ക്കും സ്വീകരിച്ച് കൂടേ. ഇതിന് പരസ്പര വിശ്വാസം വേണം. ഒരു കാട്ടില്‍ ഒരു സിംഹം ഉണ്ടായിരുന്നു. കണ്ണില്‍ കണ്ട മൃഗങ്ങളെയെല്ലാം വേട്ടയാടി കൊല്ലും. സാധാരണ മൃഗങ്ങളെല്ലാം ഒന്നിച്ച് നിന്ന് സിംഹത്തോട് അപേക്ഷിച്ചു. എന്തിനായി എല്ലാത്തിനേയും കൊല്ലുന്നു. എല്ലാവരും ഒന്നിച്ച് നിന്ന് ആവശ്യമുള്ളതിനെ കൊന്നാല്‍ മതിയല്ലോ എന്നിട്ട് വീതിച്ച് എടുക്കാമല്ലോ. സിംഹം സമ്മതിച്ചു. എല്ലാവരും ചേര്‍ന്നായി വേട്ട. ഒരു വലിയ മാനിനെ കൊന്നു. അതിനെ വീതം വെക്കുകയാണ്. നാലായി ഭാഗിച്ചു. പുതിയ കാടിന്റെ പുതിയ നിയമം അനുസരിച്ച് സിംഹം പറഞ്ഞു. നമുക്ക് ഇത് ന്യായമായി വീതിക്കാം. ഒന്നാം ഭാഗം വേട്ടയുടെ നേതാവിന് ഉള്ളതാണല്ലോ. എല്ലാവരും സമ്മതിച്ചു. ആരാണ് നേതാവ്. സിംഹം. രണ്ടാം ഭാഗം ഏറ്റവും കൂടുതല്‍ ഭക്ഷണം അര്‍ഹിക്കുന്ന മൃഗത്തിന്. ആരാണത്. സിംഹം. മൂന്നാം ഭാഗം കാട്ടിലെ രാജാവിനുള്ളതാണ്. ആരാണത്. സിംഹം. നാലാം ഭാഗം ചൂണ്ടി കാട്ടി സിംഹം ചോദിച്ചു. ബാക്കിയുള്ളത് ദ കിടക്കുന്നു. ധൈര്യം ഉള്ളവന്‍ വന്ന് എടുക്കെടാ.

ഇത് തന്നെ ആയിരിക്കില്ലേ പുതിയ കേരളത്തിലെ പഴയ ശൈലി എന്ന് ജനങ്ങള്‍ ചോദിക്കുന്നു. ഭരണ-പ്രതിപക്ഷ നേതാക്കളോട് ചോദിക്കുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കൈ പൊക്കട്ടെ. എന്തേ ഒരുകൈയും പൊങ്ങുന്നില്ല? 'കട്ടു മതിയാവാത്ത കാട്ടിലെ കള്ളനും നാട്ടിലെ കള്ളനും' എന്ന് കവി വിശേഷിപ്പിച്ചവരാണോ നവകേരളനിര്‍മിതിയുടെ ചുക്കാന്‍ പിടിക്കുക. അതിലും ഭേദം പ്രളയം ആണ് എന്ന് ജനങ്ങള്‍ പറഞ്ഞ് പോകും.

(ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ഒട്ടേറെ പദവികള്‍ വഹിച്ച ലേഖകന്‍ ഇപ്പോള്‍ മേഘാലയ സംസ്ഥാനത്തിന്റെ ഉപദേശകനാണ്.)