മേരിക്കയിലെ ജനങ്ങൾ മാലദ്വീപിനെപ്പറ്റി കേട്ടുപോലും കാണുകയില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, കഴിഞ്ഞ രണ്ടുദിവസമായി ആ രാജ്യത്തെപ്പറ്റിയുള്ള വാർത്തകൾ അമേരിക്കൻ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതിനു കാരണം മാലദ്വീപിനെ ഇന്ത്യ-ചൈന മത്സരത്തിന്റെ ഒരു കേന്ദ്രമായി അമേരിക്ക കാണുന്നു എന്നതാണ്. പോരെങ്കിൽ ഇസ്‌ലാമിക് മൗലികവാദത്തിന്റെ ഒരു അരങ്ങായും ആ രാജ്യം കണക്കാക്കപ്പെടുന്നു. 

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായ ഇബ്രാഹിം മുഹമ്മദ് സോലിയുടെ അപ്രതീക്ഷിതവും നിർണായകവുമായ വിജയം ജനാധിപത്യത്തിന്റെ മാത്രമല്ല ഇന്ത്യയുടെയും വിജയമായാണ് അമേരിക്ക കാണുന്നത്. എന്നാൽ, മാലദ്വീപിലെ ഇന്നത്തെ സാഹചര്യത്തിൽ ഈ വിജയം സ്ഥിരമായിരിക്കുമെന്നോ ഇന്ത്യയ്ക്ക്‌ സഹായകമായിരിക്കുമെന്നോ വിശ്വസിക്കാൻ സാധ്യമല്ല. ചൈനയുടെയും സൗദി അറേബ്യയുടെയും പിടിയിൽതന്നെയായിരിക്കും പുതിയ പ്രസിഡന്റ് എന്നാണ് അദ്ദേഹം നൽകുന്ന സൂചനകൾ. സമാധാനമായി തിരഞ്ഞെടുപ്പ് നടന്നുവെന്നും പ്രസിഡന്റ് ഗയൂം തോൽവിസമ്മതിച്ചു എന്നതുമാണ് ഇന്ത്യയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ജനാധിപത്യവാദികൾക്കും ലോകരാജ്യങ്ങൾക്കും ആശ്വാസം നൽകുന്നത്. സോലിയുടെ വിജയത്തേക്കാൾ ഗയൂമിന്റെ തോൽവിയാണ്‌ നാം കൊണ്ടാടേണ്ടത്. ഗയൂം അത്രമാത്രം ഏകാധിപതിയും ഇന്ത്യാവിരുദ്ധനും ചൈനാസ്നേഹിയുമായി മാറിയിരുന്നു, അടുത്തകാലത്ത്. ഇന്ത്യൻ ഹെലികോപ്റ്ററുകൾ പിൻവലിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഇന്ത്യയ്ക്കു ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

ഇപ്പോൾ സോലിയുടെ ഏറ്റവും പ്രധാനമായ പ്രശ്നങ്ങൾ ആഭ്യന്തരരംഗത്താണ്. നവംബർ മാസത്തിൽ അധികാരം ഏറ്റെടുക്കുന്നതിനുമുമ്പ് പലകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. ഗയൂം സമാധാനപരമായിതന്നെ സ്ഥാനമൊഴിയും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നീണ്ട കാത്തിരിപ്പ് പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നുവരാം. സൈന്യത്തെയും പോലീസ് സേനയെയും ജുഡീഷ്യറിയെയും സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ച പരിചയം അദ്ദേഹത്തിന് പ്രലോഭനമായേക്കാം. സോലിയെ പിന്താങ്ങിയ വിവിധ രാഷ്ട്രീയപ്പാർട്ടികളെ ഏകീകരിക്കുക എന്നതും ദുർഘടം തന്നെയായിരിക്കും. ഇതിൽ പ്രധാനമായ പങ്കുവഹിക്കേണ്ടത് ഇന്ന് വിദേശത്തുള്ള മുഹമ്മദ് നഷീദ്, ജാസിം ഇബ്രാഹിം മുതലായവരാണ്. അവർക്കും അബ്ദുൽ ഗയൂമിനും മറ്റും അവകാശങ്ങൾ തിരിച്ചുനൽകുകയും ഭരണത്തിൽ പങ്കാളികളാക്കുകയും ചെയ്യുക മറ്റൊരു പ്രശ്നമായിരിക്കും.
വിദേശരംഗത്ത്‌ സോലിയുടെ വെല്ലുവിളി ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ ആശങ്കകൾ അകറ്റുക എന്നതാണ്. ചൈനയും സൗദി അറേബ്യയും നൽകിയ ഉദാരമായ സഹായധനത്തിനു പകരം നൽകാൻ സൗഹൃദം മാത്രമേയുള്ളൂ. അവരിൽനിന്ന് അകന്നുപോകണമെങ്കിൽ അവർ നൽകിയ സഹായധനത്തെക്കാൾ കൂടുതൽ പണം മറ്റുള്ളവരിൽനിന്ന് ലഭിക്കേണ്ടിയിരിക്കുന്നു. അതിനുള്ള മനസ്സും കഴിവും ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും ഉണ്ടായേ മതിയാവൂ. ശ്രീലങ്കയിൽ ഭരണം മാറിയിട്ടും ചൈന നയം മാറ്റിയില്ല എന്നത് ഓർക്കേണ്ടതാണ്. തിരഞ്ഞെടുപ്പുകാലത്ത് സോലി പറഞ്ഞിരുന്നത് അദ്ദേഹം വിജയിച്ചാൽ ചൈനയോടും സൗദി അറേബ്യയോടും സൗഹൃദം പുലർത്തുമെന്നായിരുന്നു. വിജയിച്ചശേഷവും അദ്ദേഹം അത് ആവർത്തിക്കുകയും ചെയ്തു. സിറിയയിൽ ഐ.എസിൽ ചേർന്ന മാലദീപുകാർ തിരിച്ചുവരാനുള്ള സാധ്യതയും സർക്കാരിന്‌ തലവേദനയാകും.

ഇസ്‌ലാമിക് മൗലികവാദം തുടച്ചുമാറ്റാൻ പുതിയ സർക്കാരിന് കഴിയുകയില്ല. അതുകൊണ്ടാണ് സ്വന്തം പാർട്ടിയുടെ നയത്തിൽനിന്ന് വ്യതിചലിച്ച്  രാജ്യം ഇസ്‌ലാമികമായിരിക്കും എന്ന്  അ​േദ്ദഹം  പ്രഖ്യാപിച്ചത്. പക്ഷേ, അദ്ദേഹം മൗലികവാദികളെ പ്രോത്സാഹിപ്പിക്കുകയില്ല എന്ന പ്രതീക്ഷയാണുള്ളത്. അതുപോലെതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയ്ക്കുള്ള താത്‌പര്യങ്ങളെ മാനിക്കാൻ അദ്ദേഹം തയ്യാറാകാനാണ് സാധ്യത. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയ്ക്ക്‌ ഒരു ഞാണിന്മേൽക്കളിയായിരിക്കും ഇക്കാര്യത്തിൽ ഉണ്ടാകുക.

Read InDepth: മാലദ്വീപിന് പുതിയ 'കപ്പിത്താന്‍'; ചൈനയുടെ നഷ്ടം, ഇന്ത്യയുടെ സന്തോഷം

തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു എന്ന ആരോപണം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഓരോ ചലനവും ഇപ്പോൾ ശ്രദ്ധിക്കപ്പെടും. അതിനാൽ മാലദ്വീപിലെ നയങ്ങൾക്ക് മാറ്റം ഉടനെ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സുഹൃദ് രാജ്യമായി മാലദ്വീപ് മാറുമെന്നു മാത്രമാണ് നമുക്ക് ആഗ്രഹിക്കാൻ കഴിയുക. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ നേതാക്കന്മാരെയുംപോലെ സോലിയും എല്ലാവരുടെയും പ്രസിഡന്റായിരിക്കും എന്ന് വാഗ്ദാനം ചെയ്തു. പക്ഷേ, അദ്ദേഹത്തിൽ ഏറ്റവും കൂടുതൽ സമ്മർദം ചെലുത്തുക നഷീദിന്റെ നയങ്ങളും വാഗ്ദാനങ്ങളും ആയിരിക്കും. ഉദാഹരണത്തിന്, നഷീദ് മാലദ്വീപിനെ ഒരു പാർലമെന്ററി ജനാധിപത്യരാജ്യം ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നഷീദ് തന്നെ പ്രസിഡന്റാകണമെന്ന് ആഗ്രഹിക്കുന്നവരും ധാരാളമുണ്ട്. 42 ശതമാനം വോട്ടുനേടിയ ഗയൂമിനെ തിരസ്കരിക്കാനും പുതിയ പ്രസിഡന്റിനു സാധ്യമല്ല. ഇവരുമായെല്ലാം സമവായം സൃഷ്ടിക്കാനും അധികാരം നിലനിർത്താനും അത്ര ഭരണപരിചയമില്ലാത്ത പ്രസിഡന്റിന്‌ നിരന്തരം ശ്രമിക്കേണ്ടിവരും.

മാലദ്വീപിലെ മാറ്റത്തിന്‌ ലോകത്തു ലഭിക്കുന്ന പ്രാധാന്യം ആ രാജ്യത്തിന് ഒരു വെല്ലുവിളിയാണ്. പുതിയ നേതാവിന്റെ എല്ലാ നീക്കങ്ങളും സസൂക്ഷ്മമായി ലോകം നിരീക്ഷിക്കുകതന്നെ ചെയ്യും. എന്നാൽ, ജനാധിപത്യം പുനഃസ്ഥാപിക്കുകയും അധികാരമാറ്റം ഉണ്ടാകുകയും ചെയ്യുന്നതോടെ ആ രാജ്യം അംഗീകാരത്തിന്റെ ആദ്യപടികൾ കടന്നിരിക്കുകയാണ്.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ​േലഖകൻ)