ട്ടും ഫൈനല്ലായിരുന്നു ജോസഫൈന്റെ വാക്കും പ്രകൃതവും. 'സ്ഫടികം' സിനിമയിലെ ചാക്കോ മാഷെ പോലെ, ഗേള്‍സ് സ്‌കൂളിലെ ചില വനിത പ്രിന്‍സിപ്പല്‍മാരെ പോലെ വാക്കിലും നോക്കിലും കാര്‍ക്കശ്യവും ദേഷ്യവും മാത്രം. സ്ത്രീകളുടെ നീതിക്കും അവകാശത്തിനും വേണ്ടി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട വനിത കമ്മിഷന്‍ അധ്യക്ഷ സ്ത്രീകളോട് അനുഭാവത്തോടെ സംസാരിക്കുകയോ അവരെ പരിഗണിക്കുകയോ പോയിട്ട് അല്പം ക്ഷമയോടെയോ മനഃസാക്ഷിയോടെയോ മനുഷ്യത്വത്തോടെയോ പെരുമാറുന്നതായി കണ്ട ചരിത്രമില്ല.

പരാതിയുമായി ചെന്നതുതന്നെ കുറ്റമായിപ്പോയെന്ന മട്ടിലാണ് പ്രതികരണം. ഒടുവില്‍ അനുഭവിക്കാന്‍ കല്‍പിച്ച് ശിക്ഷ കിട്ടി സ്വയം അനുഭവിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. ആശ്രയവും അഭയവുമായി എത്തുന്നവരോട് ക്ഷമയോടെ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിന് പകരം സ്വയം പ്രകോപിതയായി പെരുമാറുന്ന ഈ സമീപനത്തെ എങ്ങനെ വെച്ചുപൊറുപ്പിക്കാനാണ്?  അനിവാര്യമായ നടപടി അവര്‍ ചോദിച്ചുവാങ്ങുകയായിരുന്നു. അതും കാലാവധി തീരാന്‍ ഒമ്പത് മാസം ശേഷിക്കെ.

നാക്കുപിഴ ഇതാദ്യമല്ല. വനിത കമ്മിഷന്‍ അധ്യക്ഷയായി ചുമതലയേറ്റെടുത്തതു മുതല്‍ വിവാദപരാമര്‍ശങ്ങളുടെ തോഴിയായിരുന്നു കര്‍ക്കശക്കാരിയായ അധ്യക്ഷ വിശദീകരിച്ചും ന്യായീകരിച്ചും പല തവണ രക്ഷപെട്ടു. വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്ക് ചവിട്ടിക്കയറുകയായിരുന്നു ഓരോ തവണയും. തെറ്റുതിരുത്തല്‍ രേഖ അവതരിപ്പിച്ച് നവീകരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണ് പിന്നെയും പിന്നെയും തെറ്റ് ആവര്‍ത്തിച്ചത്. വനിതകള്‍ക്ക് താങ്ങും തണലുമാകാന്‍ ഉണ്ടാക്കിയ കമ്മീഷന്റെ തലപ്പത്തിരുന്ന് ചോദ്യം ചോദിക്കുന്നവരെ കടിച്ചുകീറാന്‍ വരുന്ന ജോസഫൈനെ പല തവണ കേരളം കണ്ടതാണ്. 

ഒരു വശത്ത് സ്ത്രീധനത്തിന്റെ പേരിലും ഗാര്‍ഹിക പീഡനത്തിലും മനംനൊന്ത് സ്ത്രീകളുടെ തുടര്‍ ആത്മഹത്യകള്‍. അതിനിടയില്‍ തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിളിക്കുന്ന ഒരു സ്ത്രീയോട് എന്നാപ്പിന്നെ അനുഭവിച്ചോ ട്ടോ എന്ന് പരസ്യമായി പറയാന്‍ ഇവര്‍ക്കെങ്ങനെ കഴിഞ്ഞു? ക്യാമറയ്ക്ക് മുന്നിലാണെന്നറിഞ്ഞിട്ടും നിരവധി പേര്‍ കാണുമെന്ന ബോധ്യത്തിനിടയിലും, ഇത്തരമൊരു പെരുമാറ്റമാണ് അധ്യക്ഷയുടെ ഭാഗത്ത് നിന്നുണ്ടായതെങ്കില്‍, അല്ലാത്ത സാഹചര്യങ്ങളില്‍ ഇവരുടെ അടുത്ത് പരാതിയുമായെത്തുന്നവരെ ഇവര്‍ കൈകാര്യം ചെയ്തിരുന്നത് എങ്ങനെയായിരിക്കും?

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിരോധിച്ച നാട്ടില്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇടണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ തന്നെ ഉപദേശിക്കുന്നു!സ്ത്രീധനം കൊടുക്കാം പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇട്ടാല്‍ മതിയെന്നോ? 

സി.പി.എം. നേതാവ് പി.കെ. ശശിക്കെതിരേ ഡി.വൈ.എഫ്‌.ഐ. വനിതാ പ്രവര്‍ത്തക പരാതി നല്‍കിയതിനെ കുറിച്ച് ജോസഫൈന്‍ നടത്തിയ പരാമര്‍ശമാണ് സമാനമായ രീതിയില്‍ കേരളം ചര്‍ച്ച ചെയ്തതും വിമര്‍ശിച്ചതും.  പി.കെ. ശശിക്കെതിരായ നടപടികളെ കുറിച്ചുളള ചോദ്യത്തോട് അവര്‍ പ്രതികരിച്ചത് 'പാര്‍ട്ടി തന്നെയാണ് പോലീസും കോടതിയും' എന്നാണ്. സ്ത്രീകളുടെ നീതിക്കും അവകാശത്തിനും വേണ്ടി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട വനിത കമ്മിഷന്‍ അധ്യക്ഷ അന്ന് സംസാരിച്ചത് പാര്‍ട്ടിയുടെ 'മൗത്ത്പീസായിട്ടാണ്.

ഇക്കാര്യങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കര്‍ശന നിലപാടെടുക്കുംപോലെ മറ്റൊരുപാര്‍ട്ടിയും നിലപാടെടുക്കില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം പോലും സംഘടനാപരമായ നടപടിയാണ് ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടതെന്നും അതിനാല്‍ കമ്മിഷന്റെ അന്വേഷണം വേണ്ടെന്നുകൂടി അവര്‍ പറഞ്ഞുവെച്ചു. വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ദേശീയ വനിത കമ്മിഷന്‍ ഇടപെട്ടപ്പോഴും കേരള വനിത കമ്മിഷന്‍ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്. 

വനിത കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തിരിക്കാന്‍ ജോസഫൈന് ഒരു അര്‍ഹതയുമില്ലെന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചു. സ്ത്രീ സുരക്ഷക്കായി രൂപീകരിച്ച വനിത കമ്മിഷന്‍ അധ്യക്ഷ തന്നെ സ്ത്രീപീഡകരെ ന്യായീകരിക്കുന്നു.നിയമവിരുദ്ധവും  ഭരണഘടനാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നു ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മഹിള കോണ്‍ഗ്രസ് നേതാവായിരുന്ന ലതിക സുഭാഷ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വരെ ഫയല്‍ ചെയ്തു. എന്നാല്‍, നിയമിക്കുന്ന സമയത്ത് അയോഗ്യതയുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ തുടരാന്‍ കോടതി അന്ന് അനുവദിച്ചത്. 

രമ്യ ഹരിദാസിനെതിരേ എ. വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തേയും ജോസഫൈന്‍ പ്രതിരോധിച്ചത് പാര്‍ട്ടി പ്രവര്‍ത്തകയായി നിന്നായിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് പ്രതികരിക്കാന്‍ പോലും വനിത കമ്മിഷന്‍ സ്ഥാനത്ത് നിഷ്പക്ഷയായിരിക്കേണ്ട അധ്യക്ഷ തയ്യാറായില്ല. എസ്.പി. ചൈത്ര തേരസ ജോണ്‍ സി.പി.എം. ഓഫീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലും കണ്ടത് ജോസഫൈന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകയെയാണ്. ചൈത്ര തെറ്റ് ചെയ്‌തോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്നായിരുന്നു ജോസഫൈന്റെ പ്രതികരണം

വീട് കയറി ആക്രമിച്ചതിനെ കുറിച്ച് പരാതിപറയാന്‍ വിളിച്ചവരോടുളള രൂക്ഷപ്രതികരണമായിരുന്നു. പരാതിക്കാരി 87 വയസ്സുളള സ്ത്രീയാണെന്നും കിടപ്പുരോഗിയാണെന്നും അതിനാല്‍ നേരിട്ടല്ലാതെ പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്നാരാഞ്ഞ ബന്ധുവിനായിരുന്നു അന്ന് ജോസഫൈന്റെ ശകാരവര്‍ഷം. '87 വയസ്സുളള അമ്മയെ കൊണ്ട് വനിത കമ്മിഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്. 87 വയസ്സുളള തളളയൈാണ്ട് പരാതി കൊടുപ്പിക്കാന്‍ ആര് പറഞ്ഞു' എന്നായിരുന്നു അവരുടെ പ്രതികരണം.

ഈ പ്രതികരണത്തോടും സാംസ്‌കാരിക കേരളം രൂക്ഷമായാണ് പ്രതികരിച്ചത്. എഴുത്തുകാരന്‍ ടി. പദ്മനാഭാന്‍ പോലും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 87 വയസ്സുള്ള വയോധികയെ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അധിക്ഷേപിച്ചത് ക്രൂരതയെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും അന്ന് ടി. പത്മനാഭന്‍ ചോദിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം. നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി. ജയരാജനോടായിരുന്നു പദ്മനാഭന്റെ ചോദ്യം. ടി. പദ്മനാഭന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയില്‍പ്പെടുത്താമെന്ന് ഉറപ്പുനല്‍കിയാണ് അന്ന് പി. ജയരാജന്‍ പദ്മനാഭനോട് യാത്രപറഞ്ഞിറങ്ങിയത്. 

ഒടുവില്‍ ഒന്നും ചിന്തിക്കാതെ, ഇരുണ്ട ഭാഷയില്‍ ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വനിത പരാതിക്കാരിയോട് അനുഭവിച്ചോ എന്ന് പറയുക. പാര്‍ട്ടിയുടെ പ്രതിച്ഛായയെ തന്നെ മങ്ങലേല്‍പ്പിക്കുന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ സി.പി.എം. സെക്രട്ടേറിയറ്റ് അതാവശ്യപ്പെട്ടിരിക്കുകയാണ്. മതി സേവനം, ഇറങ്ങിക്കൊളളൂവെന്ന്.

ജോസഫൈന്‍ ഒരൊറ്റ വ്യക്തിയല്ല. സ്‌കൂളുകളില്‍, സര്‍ക്കാര്‍ ആശുപത്രിയില്‍, ലേബര്‍ റൂമില്‍, പോലീസില്‍, എന്റെ കൂട് പോലെ സ്ത്രീകള്‍ക്കായുളള ഇടങ്ങളില്‍ ...അങ്ങനെ പലയിടത്തും സ്ത്രീയായിരുന്നിട്ട് കൂടി സ്ത്രീകളോട് യാതൊരുഅനുഭാവവുമില്ലാതെ പെരുമാറുന്ന ജോസഫൈന്‍ വകഭേദങ്ങളുണ്ട്.(അടച്ചാക്ഷേപമല്ല, എന്നാല്‍ ഇത്തരക്കാരുളളത് കണ്ടില്ലെന്ന് നടിക്കാനാകില്ല)ഇത് അവര്‍ക്ക്കൂടിയുളള മുന്നറിയിപ്പാവട്ടെ.

Content Highlights: M C Josephine resigns as women's commission Chairperson