ന്ത്യയിലെ സാമ്രാജ്യത്വ-ഫാസിസ്റ്റ്വിരുദ്ധ ചിന്താഗതിക്കാരായ യുവതയെ ആവേശംകൊള്ളിക്കുന്നതിലും ആകര്‍ഷിക്കുന്നതിലും സമീപകാലത്തൊന്നും മറ്റൊരു യുവനേതാവും കനയ്യകുമാറിനെപ്പോലെ വിജയിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് ക്രമാനുഗതമായി അന്യംനിന്നുകൊണ്ടിരിക്കുന്ന സി.പി.ഐ.ക്ക് അപ്രതീക്ഷിതമായി ലഭിച്ച രാഷ്ട്രീയനിധിയായി കനയ്യയുടെ ദേശീയ മുഖ്യധാരയിലേക്കുള്ള വരവ് വിലയിരുത്തപ്പെട്ടു. കനയ്യയുടെ ഫാസിസ്റ്റ്വിരുദ്ധ ശബ്ദം ദേശീയതലത്തില്‍ സ്വീകാര്യത നേടിയിരുന്നുവെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, കനയ്യയുടെ സി.പി.ഐ.യില്‍നിന്നുള്ള പടിയിറക്കം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നുള്ള സി.പി. ഐ.യുടെ പടിയിറക്കത്തിന്റെ സൂചനകൂടിയാണോയെന്നും വിലയിരുത്തപ്പെടേണ്ടതാണ്.

സ്റ്റാലിനിസത്തിന്റെ ബലിയാട്

ജെ.എന്‍.യു. വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റായിരിക്കെ കനയ്യകുമാര്‍ നടത്തിയ ഫാസിസ്റ്റ്വിരുദ്ധ ഇടപെടലിലൂടെ നേടിയ അപ്രതീക്ഷിത ദേശീയശ്രദ്ധ യുവജനങ്ങളെ വലിയതോതില്‍ ആകര്‍ഷിക്കാനുള്ള ഉത്തേജകമായി സി.പി.ഐ. ദേശീയനേതൃത്വത്തിന് ഉപയോഗിക്കാമായിരുന്നു. നേതൃത്വത്തിന്റെ പരമ്പരാഗത സ്റ്റാലിനിസ്റ്റ് ശൈലിയോട് അതിവേഗം കനയ്യയെപ്പോലൊരു സമര്‍ഥനായ ചെറുപ്പക്കാരന് വിരക്തിതോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.

1970-കളില്‍ സി.പി.ഐ.യുടെ ഉന്നതനേതാക്കളില്‍പ്പെട്ട മോഹന്‍ കുമരമംഗലം, നന്ദിനിസത്പതി, കെ.ആര്‍. ഗണേഷ് എന്നിവര്‍ നേതൃത്വത്തിന്റെ സ്റ്റാലിനിസ്റ്റ് സമീപനം ഉള്‍ക്കൊള്ളാനാകാതെ രാജിവെച്ച് കോണ്‍ഗ്രസില്‍ച്ചേര്‍ന്ന സംഭവമാണിപ്പോള്‍ ഓര്‍മവരുന്നത്. കുമരമംഗലവും ഗണേഷും കേന്ദ്രമന്ത്രിമാരായി. നന്ദിനി സത്പതി ഒഡിഷ മുഖ്യമന്ത്രിയും. കനയ്യയുടെ കോണ്‍ഗ്രസിലേക്കുള്ള ചേക്കേറല്‍ ഉദ്ദേശിച്ച ഫലംചെയ്താല്‍, ഒരുപക്ഷേ, നാളെ കനയ്യ ബിഹാറില്‍ താക്കോല്‍സ്ഥാനം അലങ്കരിച്ചുകൂടെന്നില്ല. കര്‍പ്പൂരി ഠാക്കൂറിനെയും ലാലുപ്രസാദ് യാദവിനെയുംപോലുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍ അത്തരം സാധ്യതകള്‍ തെളിയിച്ച മണ്ണാണ് ബിഹാറിന്റേത്.

കുമരമംഗലമുള്‍?െപ്പടെയുള്ളവരുടെ സി.പി.ഐ.യില്‍നിന്നുള്ള രാജി 1970-കളില്‍ സംഭവിച്ചത് സി.പി. ഐ. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ മുന്നണിയുണ്ടാക്കിയതിനു ശേഷമായിരുന്നുവെന്ന് ഓര്‍ക്കണം. രാഷ്ട്രീയനയം സംബന്ധിച്ചുള്ള തര്‍ക്കമല്ല, മറിച്ച് നേതൃത്വത്തിന്റെ സ്റ്റാലിനിസ്റ്റ്-സെക്ടേറിയന്‍ സമീപനങ്ങളായിരുന്നു പരിണിതപ്രജ്ഞരായ മുതിര്‍ന്ന സഖാക്കളെ പടിയിറക്കിയത്. കനയ്യകുമാറിന്റെ ഇപ്പോഴത്തെ തീരുമാനം കാണിക്കുന്നതും പാര്‍ട്ടി നേതൃത്വത്തിന്റെ സ്റ്റാലിനിസ്റ്റ് സമീപനങ്ങളോടുള്ള പ്രതിഷേധമാണ്. കനയ്യകുമാറിലുള്ള സാധ്യതകണ്ട് തുറന്ന സമീപനമായിരുന്നു സി.പി.ഐ. നേതൃത്വത്തിനുണ്ടായിരുന്നതെങ്കില്‍ ചുരുങ്ങിയപക്ഷം കനയ്യകുമാര്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗമായി ഇതിനകം ഇന്ത്യന്‍ പാര്‍ലമെന്റില്‍ തിളങ്ങുമായിരുന്നു. എറിയാനറിയുന്നവന്റെ കൈയില്‍ വടികൊടുക്കാതെ മൂലയ്ക്കിരുത്തുന്ന സ്റ്റാലിനിസ്റ്റ് രീതി ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ എല്ലാകാലത്തും കുപ്രസിദ്ധിനേടിയിരുന്നു.

സി.പി.ഐ.: വളര്‍ച്ചയും തളര്‍ച്ചയും

1925-ലാണ് ആര്‍.എസ്.എസും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപവത്കൃതമായത്. ആര്‍.എസ്.എസ്. ബി.ജെ.പി.യിലൂടെ ഇന്ത്യയില്‍ ഏതാണ്ട് സമഗ്രാധിപത്യം ഉറപ്പിക്കുന്ന പ്രക്രിയയിലാണിന്ന്. എന്നാല്‍, സി. പി.ഐ.യുടെയും സി.പി.എമ്മിന്റെയും ഇന്നത്തെ അവസ്ഥയെന്താണ്? 1952-ല്‍ ഒന്നാം ലോക്സഭയില്‍ 52 സീറ്റോടെ മുഖ്യപ്രതിപക്ഷമായിരുന്നു സി.പി.ഐ. 1957-ലെ തിരഞ്ഞെടുപ്പില്‍ ഒമ്പത്ശതമാനത്തോളം വോട്ടുനേടി. ബൊംബെ സിറ്റി സെന്‍ട്രല്‍ പാര്‍ലമെന്റ് സീറ്റില്‍നിന്ന് വിജയിച്ച എസ്.എ. ഡാങ്കെക്ക് പണ്ഡിറ്റ് നെഹ്രുവിനെക്കാള്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. ഇതേ കാലയളവില്‍ ഡല്‍ഹി-ബോംബെ നഗരകോര്‍പ്പറേഷനുകളില്‍ യഥാക്രമം മേയര്‍മാര്‍ സി.പി. ഐ. യുടെ അരുണ അസഫലിയും എസ്.എസ്. മിറാജ്കറുമായിരുന്നു. എന്നാല്‍, ഇന്നോ?

1978-ലെ ഭട്ടിന്‍ഡാ കോണ്‍ഗ്രസിനുശേഷം പിന്നിട്ട ദശാബ്ദങ്ങളില്‍ സി.പി.ഐ.യുടെ വളര്‍ച്ചയുടെ ഗ്രാഫ് കുത്തനെ താഴേക്കാണ്. ഇപ്പോള്‍ നെല്ലിപ്പടികണ്ടുതുടങ്ങിയിരിക്കുന്നു. സി.പി.ഐ. ഇന്നറിയേണ്ട ഒരു വസ്തുത, ഭട്ടിന്‍ഡയില്‍വെച്ച് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച ആ പാര്‍ട്ടി ചരിത്രത്തില്‍ ഏറ്റവും വലിയ വളര്‍ച്ചനേടിയ കാലഘട്ടം കോണ്‍ഗ്രസുമായി സഹകരണം നിലനിന്നിരുന്ന 1975-'78 കാലഘട്ടത്തിലായിരുന്നുവെന്നതാണ്.

നേതാവ് പ്രസ്ഥാനത്തെയല്ല, പ്രസ്ഥാനം നേതാവിനെയാണ് സൃഷ്ടിക്കുകയെന്ന ലെനിനിസ്റ്റ് കാഴ്ചപ്പാട് ഇപ്പോഴും പ്രസക്തമാണ്. 1978-ല്‍ ഭട്ടിന്‍ഡയില്‍വെച്ച് സി.പി.ഐ. ചെയ്തത് ദേശീയ ജനാധിപത്യവിപ്‌ളവമെന്ന, കോണ്‍ഗ്രസിനെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരേ വിശാലമുന്നണിയെന്ന, സ്വന്തം നയം ഉപേക്ഷിച്ച് ജനകീയ ജനാധിപത്യ വിപ്ലവമെന്ന സി.പി.എം. നയത്തെ സ്വീകരിക്കുകയെന്ന വന്‍പാളിച്ചയാണ്. ഇതോടെ സി.പി.എമ്മാണ് ശരിയെന്നും 1964-ലെ പിളര്‍പ്പ് അനിവാര്യമായിരുന്നുവെന്നുമുള്ള സി.പി.എമ്മിന്റെ എക്കാലത്തെയും വാദത്തിന്റെ അംഗീകാരമായി സി.പി.ഐ.യുടെ ഭട്ടിന്‍ഡാ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു. അതുവഴി സി.പി.എം. രാഷ്ട്രീയനിലനില്‍പ്പുണ്ടാക്കുകയും ചെയ്തു. അടിയന്താരവസ്ഥയെ പിന്തുണച്ചതിന്റെ കുറ്റബോധം താഴെയിറക്കാന്‍ സി.പി.ഐ. കാട്ടിയ ആനമണ്ടത്തരം! എസ്.എ. ഡാങ്കെമുതല്‍ സി.കെ. ചന്ദ്രപ്പന്‍വരെ, അനവസരത്തിലുള്ള ഈ നയംമാറ്റത്തിലെ അപകടം ചൂണ്ടിക്കാട്ടിയതായിരുന്നു. 1978-ല്‍ ഭട്ടിന്‍ഡയില്‍ സി.പി.ഐ.ക്ക് സംഭവിച്ചത് സി.പി.എമ്മിനുമുന്നില്‍ സ്വന്തം അസ്തിത്വംതന്നെ അടിയറവെക്കലായിരുന്നു. അവിടന്നിങ്ങോട്ട് സി.പി.എമ്മിന്റെ 'ബി' ടീം മാത്രമായ ഒരു പ്രസ്ഥാനമെങ്ങനെ അപ്രസക്തമാകാതിരിക്കും? ആശയപരമായി ചലനമറ്റാല്‍ പിന്നെ എങ്ങനെ ആ പ്രസ്ഥാനം കാമ്പുള്ള പുതിയ നേതാക്കളെ സൃഷ്ടിക്കും?


പ്രമുഖ ഗാന്ധിയന്‍ കമ്യൂണിസ്റ്റ് കെ. മാധവന്റെ പുത്രനായ ലേഖകന്‍ ദീര്‍ഘകാലം സി.പി.ഐ. അംഗമായിരുന്നു