മൂന്നുദിവസം മുന്‍പാണ്  മാലദ്വീപിലെ ഗാഫ്ധാല്‍  അറ്റോളിലെ ദ്വീപില്‍നിന്ന് ഒരു അധ്യാപിക എന്നെ വിളിച്ചത്. ഫെയ്‌സ്ബുക്ക് ഫ്രണ്ട് ലിസ്റ്റിലെ  ഒരാളെന്നതല്ലാതെ കൂടുതല്‍ സൗഹൃദം അവരുമായി എനിക്കുണ്ടായിരുന്നില്ല. എന്നിട്ടും ആ ടീച്ചര്‍ പറഞ്ഞകാര്യം എന്നെ അസ്വസ്ഥനാക്കി. മെസഞ്ചര്‍ വഴി വന്നെത്തിയ ടീച്ചറുടെ ശബ്ദത്തില്‍ നേര്‍ത്ത ഭീതി നിഴലിച്ചുകിടപ്പുണ്ട്. ''മാഷേ നിങ്ങളുടെ പുസ്തകം 'തക്കിജ്ജ' വായിച്ച പരിചയത്തിലാണ് ഞാന്‍ വിളിക്കുന്നത്. നിങ്ങള്‍  നേരിട്ട അതേ ദുരനുഭവം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരധ്യാപകന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നു. ദ്വീപില്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായമാണയാളെക്കുറിച്ച്. പക്ഷേ, ഒരു കുട്ടിയുടെ വ്യാജപരാതിയില്‍ പോലീസ് അയാളെ അറസ്റ്റുചെയ്ത് കൊണ്ടുപോയി. കൂടാതെ കുട്ടിയുടെ ബന്ധുക്കളെന്ന പേരില്‍ വന്ന ചില മയക്കുമരുന്ന് സംഘങ്ങള്‍ അയാളെ പൊതിരെ തല്ലുകയും ചെയ്തിരിക്കുന്നു. അയാള്‍ ഇക്കാര്യത്തില്‍ നൂറു ശതമാനം നിരപരാധിയാണ്. അക്കാര്യം ഇവിടെ എല്ലാവര്‍ക്കുമറിയാം. മാത്രമല്ല  ഹൃദയസംബന്ധമായ അസുഖമുള്ള അന്‍പത്തെട്ട് വയസ്സ് പ്രായമുള്ളയാളും. എന്നിട്ടും കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞങ്ങള്‍ ഇനി എന്തുചെയ്യണം സാര്‍?''  

മാലദ്വീപ് വെറും ഓര്‍മ മാത്രമായിട്ട് നാലുവര്‍ഷം പിന്നിട്ടു. ഇപ്പോള്‍ ദ്വീപുമായുള്ള ഏക ബന്ധം ഇതേപോലുള്ള ചിലരുടെ നിസ്സഹായാവസ്ഥയിലെ  ഫോണ്‍വിളികളാണ്. പിന്നിട്ട നാലുവര്‍ഷത്തിനുള്ളില്‍ പലതവണ പലദ്വീപുകളില്‍ നിന്നും അതുണ്ടായി. ചെയ്യേണ്ട കാര്യങ്ങളെല്ലാം വിളിക്കുന്നവരോട് പറയുന്നതിനോടൊപ്പം തലസ്ഥാന നഗരിയായ മാലെയില്‍ ജോലിചെയ്യുന്ന, അവിടത്തെ ഇന്ത്യ ക്ലബ്ബിലെ എക്‌സിക്യുട്ടീവ് മെമ്പര്‍ കൂടിയായ കരുനാഗപ്പള്ളിക്കാരന്‍ പ്രഭയോട് ആ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുകയും ചെയ്യും. പ്രഭയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കേസിലകപ്പെട്ട പലര്‍ക്കും തുണയാകും. ഗാഫ്ധാല്‍  അറ്റോളിലെ അധ്യാപകന്റെ കാര്യത്തിലും അതേ ഇടപെടല്‍ പ്രഭ തുടരുന്നു. 

ഈ വിഷയം ഇവിടെ അവതരിപ്പിച്ചതിനുപിന്നില്‍ മറ്റൊരു സവിശേഷതയുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ഏഴിനും എട്ടിനും മാലദ്വീപില്‍ നടത്തിയ സന്ദര്‍ശനമാണ്. രണ്ടാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഭരണമേറ്റെടുത്ത ശേഷം മോദി ആദ്യം പോകുന്ന വിദേശരാജ്യം മാലദ്വീപാണെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ടായിരുന്നു. കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത്  ഇന്ത്യയുടെ 'മൂക്കിന് താഴെ'  എന്ന് പറയാവുന്നത്ര  ഭൂമിശാസ്ത്രപരമായി അടുപ്പമുള്ള മാലദ്വീപില്‍ മോദിക്ക് സന്ദര്‍ശനം അപ്രാപ്യമായിരുന്നു. അതിനുകാരണം ചൈനയോടും പാകിസ്താനോടും വളരെയടുപ്പം പുലര്‍ത്തിയ അന്നത്തെ മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഇന്ത്യാവിരുദ്ധ നയങ്ങളായിരുന്നു. അന്നത്തെ ആ അവസ്ഥമാറുകയും അങ്ങേയറ്റം സ്വേച്ഛാധിപത്യ നിലപാടുകളുമായി രാജ്യം ഭരിച്ച യമീന്‍ പ്രസിഡന്റ് പദത്തില്‍നിന്ന്  തൂത്തെറിയപ്പെടുകയും ചെയ്ത ഇന്നത്തെ പുതിയ അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയെ പരിപൂര്‍ണമായി അനുകൂലിച്ചിരുന്ന  മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ മാലദ്വീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി( എം.ഡി.പി.)ക്കാരനാണെന്നതും ഒരു നേട്ടമാണ്. മാലദ്വീപ് വീണ്ടും ഇന്ത്യയുടെ നല്ല അയല്‍പക്കമാകുന്നുവെന്നതാണ് മറ്റൊരു കാര്യം.    

ചരിത്രപരമായി ഇന്ത്യയോട് ചേര്‍ന്നും അങ്ങേയറ്റം സഹകരിച്ചും നിലനിന്നിരുന്ന ഈ ദ്വീപസമൂഹം അബ്ദുള്ള യമീന്‍ പ്രസിഡന്റായതോടെയാണ് നമ്മുടെ ശത്രുപക്ഷത്തേക്ക് വ്യതിചലിച്ചത്. ഇന്ത്യയുടെ ഏറ്റവും ഗൗരവമേറിയ അതിര്‍ത്തിമേഖലയില്‍ സ്ഥിതിചെയ്യുന്ന രാജ്യമെന്ന നിലയില്‍ മാലദ്വീപിന്റെ അത്തരം ഇടപെടല്‍ ആപത്കരമായി മാറാന്‍ ഇടയാകുന്ന ഘട്ടത്തിലാണ് നമുക്ക് അനുകൂലമാകുന്ന ഭരണമാറ്റം അവിടെയുണ്ടാകുന്നത്. എങ്കിലും ഇപ്പോഴും ദ്വീപുകാരില്‍ വലിയ പങ്കിനും ഇന്ത്യക്കാരോടുള്ള മനോഭാവം അത്ര സുഖകരമല്ല. ''ഇന്ത്യ സക്കര'' (ഇന്ത്യ മോശം) എന്നവര്‍ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരോട് ആവര്‍ത്തിക്കാറുള്ളത് ഞാനോര്‍ക്കുന്നു. ആ മനോഭാവം മാലദ്വീപില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരോട്  പുലര്‍ത്തുന്നതിന്റെ ദൃഷ്ടാന്തമാണ് ഒരു കുറ്റവും ചെയ്യാതെ തന്നെ പല ഇന്ത്യന്‍ അധ്യാപകരും നഴ്‌സുമാരും ജയിലില്‍ അടയ്ക്കപ്പെടുന്ന വേദനാജനകമായ കാഴ്ച. ദ്വീപില്‍ ജോലിചെയ്യാന്‍ വന്ന  മറ്റേതെങ്കിലും രാജ്യത്തെ പൗരനോട് ദ്വീപിലുള്ളവര്‍ നീചമായി പെരുമാറിയാല്‍ ഉണ്ടാകാവുന്ന അതത് രാജ്യത്തെ നയതന്ത്രകാര്യാലയത്തിലെ പ്രതികരണം ഇന്ത്യക്കാരുടെ കാര്യത്തിലുണ്ടാവില്ലെന്ന്  ദ്വീപുകാര്‍ക്കറിയാം. 'തക്കി ജ്ജ- എന്റെ ജയില്‍ ജീവിതം' എന്ന പുസ്തകത്തില്‍ ഞാന്‍ സൂചിപ്പിച്ച, മാലദ്വീപിലെ നമ്മുടെ എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കെടുകാര്യസ്ഥത  ഇന്നും തുടരുന്നു. മാലദ്വീപില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കുനേരെ നിന്ദ്യമായ മനുഷ്യാവകാശലംഘനം നടക്കുമ്പോള്‍ ഇന്ത്യന്‍ എംബസി അവിടെ നോക്കുകുത്തിയാവുന്നത് എത്ര ദുഃഖകരമാണ്!

മുമ്പ് വിദേശകാര്യമന്ത്രാലയം സുഷമാ സ്വരാജിന്റെ കാര്യക്ഷമത കൊണ്ട് ഏറെ പ്രശംസനീയമായിരുന്നു. സുഷമാ സ്വരാജ് അവരുടെ വകുപ്പില്‍ പുലര്‍ത്തിയ ആത്മാര്‍ഥതയ്ക്ക് അതേ തുടര്‍ച്ചയുണ്ടാകുമോയെന്നറിയില്ല. എങ്കിലും  ലോകത്തെ മുഴുവന്‍ പ്രവാസി മലയാളികളും  പുതിയ മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പില്‍ സഹമന്ത്രിയായ വി. മുരളീധരനില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. എന്റെ മോചനശ്രമങ്ങളില്‍ ഉള്‍പ്പെട്ട ആളെന്ന നിലയ്ക്ക് മുരളീധരന് മാലദ്വീപില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കുനേരെ നിരന്തരം തുടരുന്ന ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇതിനകം മനസ്സിലായിട്ടുണ്ടാകാം. അത്  ഇക്കാര്യത്തില്‍ ഗുണകരമായി മാറട്ടെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ നേരത്തേ ഇന്ത്യ നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ മാലദ്വീപിന് ഗുണകരമാകുന്ന ഒട്ടേറെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. പ്രധാനമന്ത്രി അവിടത്തെ പാര്‍ലമെന്റിനെ അഭിമുഖീകരിച്ച് സംസാരിക്കുകയും ചെയ്തു. 

അതേസമയം,  മോദിയുടെ ഈ സന്ദര്‍ശനത്തിലൂടെ മാലദ്വീപില്‍ ജോലിചെയ്യുന്ന അയ്യായിരത്തോളം വരുന്ന മലയാളികള്‍ക്കും  മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്കും എന്ത് നേട്ടമാണുണ്ടാക്കുക? അവര്‍ക്ക് നിര്‍ഭയമായും സുരക്ഷിതമായും ജോലി ചെയ്യാനുള്ള അവസ്ഥ ദ്വീപുകളില്‍ തുടര്‍ന്നുണ്ടാകുമോ? നഴ്‌സിങ്, ടീച്ചിങ് മേഖലയില്‍ ഇവിടെ റിക്രൂട്ട്‌മെന്റ് നടക്കുമ്പോള്‍  വലിയതോതില്‍  വഞ്ചിതരാകുന്ന ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകുമോ? നിര്‍ഭയമായും സുരക്ഷിതമായും ജോലിചെയ്യാന്‍ പ്രവാസികള്‍ക്കുവേണ്ട പശ്ചാത്തലമൊരുക്കേണ്ടത് അതത് രാജ്യത്തെ ഭരണാധികാരിയും അവിടത്തെ എംബസിയുമല്ലേ? 
തൊഴിലില്ലായ്മകൊണ്ട് പൊറുതിമുട്ടുന്ന രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് പുറത്ത് ജോലിചെയ്യുന്നവരുടെ ക്ഷേമം ഒരു സുപ്രധാന അജന്‍ഡയായി നമ്മുടെ ഭരണകൂടം എന്നാണ് കാണുക? അതതുരാജ്യങ്ങളിലെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയം എന്നാണ് കൂടുതല്‍ കാര്യക്ഷമമാകുക? ഇതിലൊക്കെ ശ്രദ്ധേയമായ മാറ്റം മാലദ്വീപിലും ഇപ്പോള്‍ അനിവാര്യമാണ്. എങ്കിലേ മോദിയുടെ ആദ്യത്തെ മാലദ്വീപ് സന്ദര്‍ശനത്തിന് അര്‍ഥവത്തായ പരിപൂര്‍ണവിജയം കൈവരിക്കാനാവുകയുള്ളൂവെന്നത് തര്‍ക്കമില്ലാത്ത  വസ്തുതയാണ്.

(എഴുത്തുകാരനും മാലദ്വീപില്‍ അധ്യാപകനുമായിരുന്നു ലേഖകന്‍. അദ്ദേഹത്തിന്റെ 'തക്കി ജ്ജ' എന്ന പുസ്തകം മാലദ്വീപ് ജയിലില്‍ കഴിഞ്ഞ നേരനുഭവങ്ങള്‍ പങ്കുവെക്കുന്നു)

Content Highlights: Jayachandran Mokeri About PM Narendra Modi Maldives Visit