1984 ഒക്ടോബര്‍ 31 ന് രാവിലെ ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ സഫ്ദര്‍ജങ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍നിന്ന് തൊട്ടടുത്തുള്ള അക്ബര്‍ റോഡിലെ ഒന്നാം നമ്പര്‍ വസതിയിലേക്ക് നടക്കാനിറങ്ങിയതിന്റെ പ്രധാനകാരണം ബ്രിട്ടീഷ് നാടകകൃത്ത് പീറ്റര്‍ ഉസ്തിനോവിന്റെ ടെലിവിഷന്‍ സംഘവുമായുള്ള അഭിമുഖമായിരുന്നു. അക്ബര്‍റോഡിലെ ഒന്നാം നമ്പര്‍ മന്ദിരത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അവിടെയുള്ള വിശാലമായ പുല്‍ത്തകിടിയില്‍ കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി പീറ്റര്‍ ഇന്ദിരയെ കാത്തിരുന്നു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഖലിസ്താന്‍ തീവ്രവാദവും ഇന്ദിരയുടെ ജീവന് ഭീഷണിയുയര്‍ത്തിയിരുന്നു അതുകൊണ്ടുതന്നെ ബ്ലൗസിനുള്ളില്‍ ബുള്ളറ്റ് പ്രഫ് ജാക്കറ്റ് ധരിക്കാതെ ആ ദിവസങ്ങളില്‍ ഇന്ദിര പുറത്തിറങ്ങുമായിരുന്നില്ല. പക്ഷേ, അന്ന് ടെലിവിഷന്‍ ഇന്റര്‍വ്യൂവിന് പോവുകയായിരുന്നതുകൊണ്ട് ഇന്ദിര ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണ്ടെന്നുവെച്ചു. വീട്ടിനുള്ളില്‍നിന്ന് ഇറങ്ങി ഒരു മിനിറ്റുകൊണ്ട് ഇന്ദിര വിക്കറ്റ് ഗേറ്റിനടുത്തെത്തി. അവിടെ സബ് ഇന്‍സ്പെക്ടര്‍ ബിയാന്ത്സിങ് നില്‍പ്പുണ്ടായിരുന്നു. 

കഴിഞ്ഞ ഒമ്പതുകൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്തിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. ബിയാന്തിന്റെ മറുപടി വെടിയുണ്ടകളുടെ രൂപത്തിലായിരുന്നു. തന്റെ റിവോള്‍വറില്‍നിന്ന് ബിയാന്ത് ഇന്ദിരയുടെ ഉദരത്തിനുനേര്‍ക്ക് നിറയൊഴിച്ചു. ഇന്ദിര നിലത്തു വീണപ്പോള്‍ സത്വന്ത് സിങ് എന്ന കോണ്‍സ്റ്റബിള്‍ തന്റെ സ്റ്റെണ്‍ഗണ്ണില്‍നിന്ന് ഇന്ദിരയുടെ നേര്‍ക്ക് വെടിയുണ്ടകള്‍ തുരുതുരാ ഉതിര്‍ത്തു.

ഇന്ദിരയെ അവസാനിപ്പിച്ചു എന്ന് ബോധ്യമായപ്പേള്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ബിയാന്ത് സിങ് പറഞ്ഞു. 'ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ക്ക് ചെയ്യേണ്ടത് നിങ്ങള്‍ക്ക് ചെയ്യാം.' അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ അയച്ചതിനുള്ള പ്രതികാരമായിരുന്നു ബിയാന്തും സത്വന്തും നിറവേറ്റിയത്. ഏകദേശം 78 മീറ്ററുകള്‍ മാത്രം അപ്പുറത്തുണ്ടായിരുന്ന പീറ്റര്‍ ഉസ്തീനോവ് വെടിയൊച്ച കൃത്യമായി കേട്ടു.

INDIRA GANDHI

1917 നവംബര്‍ 19 നു തുടങ്ങിയ ജീവിതമാണ് 67 വര്‍ഷങ്ങള്‍ക്കു ശേഷം സഫ്ദര്‍ജങ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ അവസാനിച്ചത്. ഇന്ത്യകണ്ട ഏറ്റവും ആരാധ്യനായ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ നെഹ്രു എന്നായിരിക്കും ഉത്തരം. എന്നാല്‍, ഒരുപോലെ ആരാധിക്കപ്പെടുകയും വെറുക്കപ്പെടുക യും ചെയ്ത പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാല്‍ അതിനുത്തരം ഇന്ദിരാഗാന്ധി എന്നായിരിക്കും.

വിസ്മയകരമായിരുന്നു ഇന്ദിരയുടെ ജീവിതം. അധികാരത്തിന്റെ ആസക്തികള്‍ക്കടിപ്പെടുകയും എന്നാല്‍, പലപ്പോഴും തീര്‍ത്തും ഏകാന്തമായ ദുഃഖത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത ഇന്ദിരയുടെ വൈവിധ്യമാര്‍ന്ന ജീവിതത്തിലൂടെയുള്ള യാത്രയാണ് ഇന്ദര്‍ മല്‍ഹോത്ര യുടെ 'ഇന്ദിരാഗാന്ധി: എ പേഴ്സ്സണല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ബയോഗ്രഫി' എന്ന ഗ്രന്ഥം. ദീര്‍ഘകാലം സ്റ്റേറ്റ്സ്മാനിലും ടൈംസ് ഒഫ് ഇന്ത്യയിലും പത്രപ്രവര്‍ത്തകനായിരുന്ന ഇന്ദറിന് ഇന്ദിരയുമായും നെഹ്രു കുടുംബത്തിലെ മറ്റ് അംഗങ്ങളുമായും അടുത്ത പരിചയമുണ്ടായിരുന്നു.

1960-കളുടെ മധ്യത്തിലാണ് ഇന്ദറിനെ ഫിറോസ് ഗാന്ധി ഇന്ദിരയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്നുതുടങ്ങിയ സുഹൃദ്ബന്ധം അടിയന്തരാവസ്ഥക്കാലമൊഴിച്ചാല്‍ ഇന്ദിരയുടെ അവസാനനാളുകള്‍ വരെ തുടര്‍ന്നുവെന്ന് ഇന്ദര്‍ മല്‍ഹോത്ര തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഇന്ദിരയുടെ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ ഗ്രന്ഥം എന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജോണ്‍ കെന്നത്ത് ഗാല്‍ബ്രിയത്ത് ഇന്ദര്‍ മല്‍ഹോത്രയുടെ രചനയെക്കുറിച്ച് പറഞ്ഞത്. ഒരിന്ത്യക്കാരനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദര മായ ഗ്രന്ഥങ്ങളില്‍ ഒന്നെന്ന് സണ്‍ഡെയും പുകഴ്ത്തിയത് വെറുതെയല്ലെന്ന് ഇന്ദറിന്റെ പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ നമ്മളറിയുന്നുണ്ട്. 1989-ല്‍ ആദ്യം പുറത്തുവന്ന ഈ ഗ്രന്ഥം പുതിയ അധ്യായ ങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നെഹ്രുവിന്റെയും കമലയുടെയും മകള്‍

ജവാഹര്‍ലാല്‍ നെഹ്രുവായിരുന്നു ഇന്ദിരയുടെ ജിവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്ന് വി ലയിരുത്തപ്പെടുന്നുണ്ട്. ഈ നിരീക്ഷണം, മല്‍ഹോത്ര നിഷേധിക്കുന്നില്ല. പക്ഷേ, ഇന്ദിരയുടെ വ്യക്തിത്വത്തിന്റെ അടിത്തറ രൂപപ്പെടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മുത്തച്ഛനായ മോത്തിലാലും അമ്മയായ കമലയുമാണെന്ന് മല്‍ഹോത്ര വ്യക്തമാക്കുന്നു. അലഹബാദിലെ ആനന്ദഭവനില്‍ മോത്തിലാലായിരുന്നു ആദ്യത്തെയും അവസാനത്തെയും വാക്ക്.

നെഹ്റുവിന് പെണ്‍കുട്ടിയാണ് പിറന്നതെന്നറിഞ്ഞ് സങ്കടപ്പെട്ട ഭാര്യ സ്വരൂപറാണിയോട് ഇവള്‍ ആണ്‍കുട്ടികളേക്കാള്‍ മിടുക്കിയാവും. എന്നാണ് മോത്തിലാല്‍ പറഞ്ഞത്. തന്റെ അമ്മയായ ഇന്ദ്രാണിയുടെ ഓര്‍ മയ്ക്കായാണ് മോത്തിലാല്‍ പേരക്കിടാവിന് ഇന്ദിര എന്ന് പേരിട്ടത്. ആരോടും എപ്പോള്‍ വേണമെങ്കിലും ദേഷ്യപ്പെടുമായിരുന്ന മോത്തിലാല്‍ പക്ഷേ, ഇന്ദിരയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന്‍ സദാസന്നദ്ധനായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാതെയാണ് ഇന്ദിര വളര്‍ന്നത്. തിരിച്ചടി കിട്ടിയാല്‍ അതിനെ മറികടക്കുകയെന്നുള്ളതാണ് ഇന്ദിരയുടെ സ്വഭാവം. മക്കള്‍ രാജീവും സഞ്ജയും ഇംഗ്ലണ്ടിലാണ് പഠിച്ചിരുന്നതെന്ന തിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ഒരുഘട്ടത്തില്‍ ഇന്ദിര ആലോചിച്ചിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സില്‍ തന്നെ ഒതുക്കാന്‍ ശ്രമംനടക്കുന്നുണ്ടെന്ന അറിവാണ് ഇന്ദിരയെ ഈ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് ഇന്ദര്‍ എഴുതുന്നുണ്ട്. 

INDIRAGANDHI

തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ തളരാതെ പോരാടുകയെന്ന ഈ സ്വഭാവസവിശേഷത ഇന്ദിരയ്ക്കുണ്ടായത് അമ്മ കമല നേരിട്ട ദുരനുഭവങ്ങളില്‍ നിന്നായിരുന്നു. കമലയുടെയും നെഹറുവിന്റെയും വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതായിരുന്നു. സമ്പത്തിലും പ്രൗഢിയിലും കമലയുടെ വിട്ടുകാര്‍ നെഹ്റുവിനൊപ്പ മായിരുന്നെങ്കിലും പടിഞ്ഞാറന്‍ വിദ്യാഭ്യാസം കമലയ്ക്ക് കുറവായിരുന്നു. എല്ലാ അര്‍ഥത്തിലും ഒരു നാടന്‍ പെണ്ണായിരുന്ന കലയെ നെഹ്രുവിന്റെ അമ്മ സ്വരൂപറാണിയും നെഹ്രുവിന്റെ സഹോദരിമാരായ കൃഷ്ണയും വിജയലക്ഷ്മിയും തീരെ ഗൗനിച്ചിരുന്നില്ല.

കമലയെ അപമാനിക്കുന്നതില്‍ വിജയലക്ഷ്മി പണ്ഡിറ്റ് അത്യുത്സാഹം കാണിച്ചിരുന്നതായാണ് ആരോപ ണമുള്ളത്. തന്റെ അമ്മയെ അപമാനിക്കുന്നതിനെതിരെയായിരുന്നു ആദ്യകാലങ്ങളില്‍ ഇന്ദിരയുടെ പോരാട്ടം എന്ന് മല്‍ഹോത്ര എഴുതുന്നുണ്ട്. വിജയലക്ഷ്മി പണ്ഡിറ്റും ഇന്ദിരയുമായുള്ള നിതാന്ത വഴക്കുകളുടെ ഉറവിടവും ഇവിടെയാണ്. അമ്മയും മകളുമായുള്ള ബന്ധം തീവ്രവും തീക്ഷ്ണവുമായിരുന്നു. ക്ഷയരോഗത്തിന് ചികിത്സയ്ക്കായി കമല സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോയപ്പോള്‍ ഇന്ദിരയാണ് കൂടെയുണ്ടായിരുന്നത്. രണ്ടാം വിദേശയാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസെയ്നില്‍വെച്ച് കമല മരിക്കുമ്പോഴും ഇന്ദിര ഒപ്പമുണ്ടായിരുന്നു. 1936 ഫെബ്രുവരിയില്‍ കമല മരിക്കുമ്പോള്‍ ഇന്ദിരയ്ക്ക് 19 വയസ്സായിരുന്നു. 

ഫിറോസിന്റെ ഇന്ദിര

കലയുടെ മരണശേഷം നെഹ്റുവാണ് ഇന്ദിരയെ ഇംഗ്ലണ്ടില്‍ പഠിക്കാനയച്ചത്. അമേരിക്കയായിരുന്നു ആദ്യം നെഹ്റുവിന്റെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ, ഇന്ദിര തിരഞ്ഞെടുത്തത് ലണ്ടനാണ്. അവിടെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഫിറോസ് ഗാന്ധിയെന്ന ചെറുപ്പക്കാരന്‍ പഠിക്കുന്നുണ്ടെന്നതായിരുന്നു കാരണം. ഫിറോസ് അലഹബാദില്‍ നെഹ്രു കുടുംബത്തിലെ പതിവുകാരനായിരുന്നു. കമല നെഹ്റു അസുഖബാധിതയായപ്പോള്‍ ഫിറോസ് എപ്പോഴും അവരെ ശുശ്രുഷിക്കാനുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ദിരയും ഫിറോസും പരിചയത്തിലാവുന്നത. പഠനം പൂര്‍ത്തിയാക്കാതെ ഇന്ദിര ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചപ്പോള്‍ കപ്പലില്‍ കൂടെ ഫിറോസുമുണ്ടായിരുന്നു. 

ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹത്തിന് നെഹ്റു ആദ്യം അനുകൂലമായിരുന്നില്ല. പ്രായോഗിക ജീവിതത്തില്‍ ഇവര്‍ക്കിടയില്‍ ഉയര്‍ന്നു വന്നേക്കാവുന്ന വൈഷമ്യങ്ങളെ കുറിച്ച് നെഹ്റുവിന് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ ഇന്ദിരയ്ക്ക് ഫിറോസിനെ അത്രകണ്ട് ഇഷ്ടമാണെന്ന് കണ്ടപ്പോള്‍ നെഹ്റു ഇന്ദിരയ്ക്കൊപ്പം നിന്നു.

പക്ഷെ ഒരു പാഴ്സി യുവാവുമായുള്ള വിവാഹം കശ്മീരി ബ്രാഹ്മണരായ നെഹ്റു കുടുംബത്തിന് അഭികാമ്യമായിരുന്നില്ല. കുടുംബത്തില്‍നിന്നുള്ള എതിര്‍പ്പ് കടുത്തപ്പോള്‍ നെഹ്റുവാണ് മകളുടെ തുണയ്ക്കെത്തിയത്. 1942 മാര്‍ച്ച് 26നായിരുന്നു ഇന്ദിരയുടെയും ഫിറോസിന്റെയും വിവാഹം. കൈ കൊണ്ട് തുന്നിയ പിങ്ക് നിറത്തിലുള്ള കോട്ടന്‍ സാരിയായിരുന്നു വധുവിന്റെ വേഷം. തന്റെ ജയില്‍വാസത്തിനിടെ നെഹ്റു തന്നെ തുന്നിയെടുത്ത നൂലാണ് ഇതിനുപയോഗിച്ചത്. അമ്മയുടെ ആഭരണങ്ങള്‍ പെട്ടിയിലുണ്ടായിരുന്നെങ്കിലും ഇന്ദിര ഒരാഭരണവും ധരിച്ചിട്ടില്ല. 

INDIRA GANDHI WITH FIROZ GANDHI
ഫിറോസ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും വിവാഹവേളയില്‍.
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്സ്

ഹണിമൂണ്‍ കശ്മീരിലെ മലനിരകളിലായിരുന്നു. മലകളും താഴ്വരകളും ഇന്ദിരയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. തന്റെ ചിതാഭസ്മം ഹിമാലയസാനുക്കളില്‍ വിതറണമെന്ന ആഗ്രഹം ഇന്ദിര എഴുതിവെച്ചതും ഇതുകൊണ്ടായിരുന്നു. രണ്ടുകൊല്ലത്തിനുശേഷമായിരുന്നു രാജീവിന്റെ പിറവി. ഒരു ടോസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജിവിനെ പ്രസവിച്ചതെന്നും വേദന, ഒട്ടുമില്ലാത്ത പ്രസവമായിരുന്നു അതെന്നും ഇന്ദിരതന്നെ പറഞ്ഞിട്ടുണ്ട്. ഇതേസമയം സഞ്ജയിന്റെ പ്രസവം അതീവ വേദനാജനകമായിരുന്നെന്നും ഇന്ദിര വ്യക്തമാക്കിയിട്ടുണ്ട്.

ഫിറോസുമായി ഇന്ദര്‍ മല്‍ഹോത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫിറോസ്-ഇന്ദിര ബന്ധത്തിലെ താളപ്പിഴകള്‍ മല്‍ഹോത്ര വളെര അടുത്തുനിന്നാണ് കണ്ടത്. നെഹ്റുവും ഇന്ദിരയും തന്നെ അവഗണിക്കുകയാണെന്നത് ഫിറോ സിനെ മാനസികമായി തളര്‍ത്തിയി രുന്നു. നെഹ്റു പ്രധാനമന്ത്രിയായതി നുശേഷം ഇന്ദിര കൂടുതല്‍ സമയവും അച്ഛനെ സഹായിക്കാനായി കൂടെയുണ്ടായിരുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയും ഇന്ദിരയും

1959-ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണി സ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ നെഹ്രു വിന്മേല്‍ സമ്മര്‍ദം ചെലുത്തിയത് ഇന്ദിരയായിരുന്നു. കോണ്‍ഗ്രസ്സിനു ള്ളിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ഇതില്‍ ഇന്ദിരയ്ക്കുണ്ടാ യിരുന്നു. എന്നാല്‍, ലണ്ടന്‍ ജീവിത കാലം മുതല്‍ കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഫിറോസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിനെ ശക്തമായി എതിര്‍ത്തു. ഇന്ദിരയുടെയും ഫിറോസിന്റെയും കോമണ്‍ ഫ്രണ്ടായിരുന്ന  കൃഷ്ണമേനോനും ഇക്കാര്യത്തില്‍ ഇന്ദിരയുടെ എതിര്‍ഭാഗത്തായിരുന്നു. പക്ഷേ, ഇന്ദിര തന്റെ അജന്‍ഡയുമായി മുന്നോട്ടുപോയി. ഇ എം എസ് മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു.

ഇന്ദിരയുടെ ഈ നടപടി ഫിറോസിനെ വല്ലാതെ വേദനിപ്പിച്ചതായി മല്‍ഹോത്ര എഴുതുന്നുണ്ട്. പാര്‍ലമെന്റില്‍ ഒന്നിനുപിറകെ ഒന്നായി പല കുംഭകോണങ്ങളും പുറത്തുകൊണ്ടുവന്ന മിടുക്കനായ പാര്‍ലമെന്ററിയനായിരുന്നു ഫിറോസ്. പക്ഷേ, ഇന്ദിരയുമായുള്ള ബന്ധം തകര്‍ന്നതോടെ ഫിറോസ് മദ്യപാനത്തിലേക്കും പുകവലിയിലേക്കും നീങ്ങി.

ഒരിക്കല്‍ മല്‍ഹോത്രക്കെഴുതിയ കത്തില്‍ താന്‍ പ്രധാനമന്ത്രി നെഹ്റുവിന്റെ വീട്ടിലേക്കുള്ള യാത്ര അവസാനിപ്പിച്ചതായി എഴുതി, ആ കത്തില്‍ ഫിറോസ് ഇന്ദിരയെ വിശേഷിപ്പിച്ചത് ശ്രീമതി ഇന്ദിര എന്നായിരുന്നു. 1960 സെപ്തംബറില്‍ ഹൃദ്രോഗംമൂലം ഫിറോസ് മരിക്കുമ്പോള്‍  കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയിലായിരുന്നു ഇന്ദിര. 

48-ാമത്തെ വയസ്സില്‍ ഫിറോസിന്റെ മരണം ഇന്ദിരയെ വല്ലാതെ ഉലച്ചു കളഞ്ഞു. മകന്‍ സഞ്ജയ് കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പ് ഒരു കൂടിക്കാഴ്ചയില്‍ ഇന്ദിര പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ മരണം ഫിറോസിന്റേതായിരുന്നുവെന്നാണ്. 

ഒന്നുമറിയാത്ത 'പാവ'യില്‍നിന്ന് ദുര്‍ഗയിലേക്ക്

1966 ജനുവരി 24-ന് ലാല്‍ബഹാദുര്‍ ശാസ്ത്രിക്കുശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇന്ദിരയ്ക്ക് സാധിച്ചത് കോണ്‍ഗ്രസ്സിനുള്ളില്‍ സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട സംഘത്തിന്റെ പിന്തുണകൊണ്ടാണ്. നിജലിംഗപ്പയും അതുല്യഘോഷും എസ്.കെ. പാട്ടിലും അടങ്ങിയ ഈ സംഘത്തിന്റെ തലവന്‍ പ്രസിഡന്റ് കാമരാജായിരുന്നു. എസ്.കെ. പാട്ടിലിന്റെ നിര്‍ദേശം കാമരാജ് തന്നെ പ്രധാനമന്ത്രിയാവണമെന്നായി രുന്നു. എന്നാല്‍, ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത താന്‍ പ്രധാനമന്ത്രിയാവാനില്ലെന്ന് കാമരാജ് പറഞ്ഞു. മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കാനായാണ് കാമരാജും കൂട്ടരും ഇന്ദിരയെ പിന്തുണച്ചത്.

INDIRAGANDHI WITH HER SONS

ഇന്ദിര തങ്ങളുടെ നിയന്ത്രണ ത്തില്‍ തുടരുമെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പൊട്ടിക്കാളി എന്ന അര്‍ഥത്തില്‍ ഗൂംഗി ഗുഡിയ എന്ന് ഇന്ദിരയെ പരിഹസിച്ചത് റാം മനോഹര്‍ ലോഹ്യയാണ്. നെഹ്റുവിന്റെ നിഴലില്‍ വളര്‍ന്ന് കുടുംബാധിപത്യത്തിന്റെ തുണയില്‍ പ്രധാനമന്ത്രിയായ ഇന്ദിര വന്‍പരാജയമാവും. എന്നതായിരുന്നു പൊതുവെയുള്ള ധാരണ. ഇന്ദിരയുടെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ പരിശോധിച്ച പ്രശസ്ത കവി ഡോം മൊറെയ്ന്സ് ഒരിക്കല്‍ പറഞ്ഞത് ഇന്ദിരയുടെ ലൈബ്രറിയില്‍ നിരവധി പുസ്തകങ്ങളുണ്ടെന്നും എന്നാല്‍, പലതിന്റെയും ഉള്ളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന പേജുകള്‍ വേര്‍പെടുത്തിയിട്ടില്ലെന്നുമാണ്.

ഇന്ദിര പക്ഷേ, പുസ്തകങ്ങള്‍ വായിച്ചിരുന്നുവെന്ന് തന്നെയാണ് മല്‍ഹോത്ര പറയുന്നത്. ചെറുപ്പത്തില്‍ ജോന്‍ ഓഫ് ആര്‍ക്കായിരുന്നു ഇന്ദിരയുടെ പ്രചോദനമെങ്കില്‍ മുതിര്‍ന്നപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡീഗോളായിരുന്നു ഇന്ദിരയ്ക്ക് ആരാധനയുണ്ടായിരുന്നവരില്‍ ഒരാള്‍. ഫ്രഞ്ച് സന്ദര്‍ശനവേളയില്‍ ഡിഗോളിനോട് സുന്ദരമായ ഫ്രഞ്ചില്‍ തന്നെയാണ് ഇന്ദിര സംസാരിച്ചതും.

തന്റെ സൗന്ദര്യത്തെക്കുറിച്ച് ഇന്ദിര ബോധവത്തിയായിരുന്നു. ഏതാള്‍ക്കുട്ടത്തിലും ഇന്ദിര വേറിട്ടു നിന്നതില്‍ ഈ സൗന്ദര്യത്തിന് വലിയ പങ്കുമുണ്ടായിരുന്നു. തന്റെ മൂക്ക് കുറച്ച് വലുതാണോയെന്ന ചിന്ത ഇന്ദിരയെ ഇടയ്ക്ക് അലട്ടിയിരുന്നു. ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍വെച്ച് കല്ലേറുകൊണ്ട് മൂക്കിന് പരിക്കുപറ്റി ആസ്പത്രിയിലായപ്പോള്‍ മൂക്ക് പ്ലാസ്റ്റിക്സ് സര്‍ജറിയിലൂടെ ചെറുതാക്കാന്‍ ഇന്ദിര ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയില്ല. 

ഇന്ദിര നെഹ്റുവിന്റെ തണലിലാണ് വളര്‍ന്നത്. പക്ഷെ നെഹ്റുവിന്റെ മരണശേഷം ഇന്ദിരയുടെ യാത്രയത്രയും തനിച്ചായിരുന്നു. 1971-ല്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ദിരയുടെ നീക്കങ്ങള്‍ ലോകരാഷ്ട്രത്തലവന്മാരെതന്നെ വിസ്മയിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും ഇടപെടുംമുമ്പ് യുദ്ധം ജയിക്കാനും ഇന്ദിരയ്ക്കായി, ബംഗ്ലാദേശ് യുദ്ധവിജയത്തോടെയാണ് ഇന്ദിര 'ദുര്‍ഗ'യാവുന്നത്. 'ഒരാള്‍ക്കും ഒരു രാഷ്ട്രത്തിനും എന്നെ സമ്മര്‍ദത്തിലാക്കാനാവില്ല' എന്നാണ് ഇന്ദിര ബംഗ്ലാദേശ് യുദ്ധത്തിനുശേഷം 
ടൈം വാരികയോട് പറഞ്ഞത്. 

അടിയന്തരാവസ്ഥ എന്ന മഹാപാപം 

ഇന്ദിര ചെയ്ത മഹാപാപമായിരുന്നു അടിയന്തരാവസ്ഥ എന്ന് മല്‍ഹോത്ര നിരീക്ഷിക്കുന്നത് വ്യക്തമായ നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണ്. തന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരയ്ക്ക് സുപ്രീംകോടതിയില്‍ പോകാമായിരുന്നു. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ഇന്ദിര ഒരുങ്ങിയത്. അടിയന്ത രാവസ്ഥയുടെ കറ ഇന്ദിരയുടെ ജീവിതത്തില്‍ വീഴ്ചയ കരിനിഴല്‍ വളരെ വലുതായിരുന്നു. ഇന്ദിരയുടെ ജീവിതത്തിന്റെ നല്ല വശങ്ങളൊക്കെതന്നെ ഈ നിഴലിന്റെ മറയിലായി.

ബാങ്ക് ദേശസാത്കരണവും മതേതരത്വത്തിന്റെ സംരക്ഷണത്തിനായി ഇന്ദിര എടുത്ത കര്‍ശന നിലപാടുകളും സൈലന്റ്വാലി പോലെ പരിസ്ഥിതി സൗഹാര്‍ദ നടപടികളുമൊക്കെ തന്നെ അടിയന്തരാവസ്ഥയുടെ കറയില്‍ മുങ്ങിപ്പോയി. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ ജനത ഇന്ദിരയെ തിരസ്‌കരിച്ചു. രക്തം കുടിക്കുന്ന കാളിയാണ് ഇന്ദിരയെന്ന് വിധിയെഴുതി. ജീവിതത്തില്‍ ഇന്ദിര ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത് ആ കറുത്തനാളുകളില്‍ സഞ്ജയ് മാത്രമാണ് ഇന്ദിരയുടെ കൂടെയുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് സഞ്ജയ് ഗാന്ധി അവരുടെ ദൗര്‍ബല്യമായി മാറിയതെന്നും നിരീക്ഷിച്ചത് ഇന്ദിരയുടെ അടുത്ത സുഹൃത്തായിരുന്ന പുപുല്‍ ജയ്ക്കറാണ്.

ജനതാ ഭരണത്തിനുശേഷം പക്ഷേ, ഇന്ത്യന്‍ ജനത ഇന്ദിരയെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, പഞ്ചാബില്‍ ഇന്ദിരയ്ക്ക് ചുവടുകള്‍ പിഴച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നതിനുശേഷം ഇന്ദിരയുടെ സുരക്ഷാസന്നാ ത്തില്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇന്ദിരയോട് അടുത്തുനില്‍ക്കുന്ന സുരക്ഷാഭടന്മാരില്‍ സിക്കുകാര്‍ വേണ്ടെന്ന നിര്‍ദേശം വന്നത് അങ്ങനെയാണ്. ഈ നിര്‍ദേശം നടപ്പാക്കുന്നതിനുപകരം ഇതേക്കുറിച്ച് ഇന്ദിരയുടെ അഭിപ്രായമാരായുകയാണ് ഐ.ബി. മേധാവി ചെയ്തത്. സുരക്ഷ വേണ്ടയാളോട് ചോദിച്ചിട്ടല്ല സുരക്ഷ ഒരുക്കേണ്ടതെന്ന പ്രാഥമിക തത്ത്വമാണ് ഐ.ബി. ചീഫ് മറന്നത്. ഈ നിര്‍ദേശമടങ്ങിയ ഫയല്‍ ഇന്ദിരയുടെ അടുത്തെത്തിയപ്പോള്‍ ഇന്ദിര ഫയലില്‍ കുറിച്ചത് are we secular .

ബിയാന്ത് സിങ് ഇന്ദിരയുടെ സുരക്ഷാ സേനയില്‍ തുടര്‍ന്നതങ്ങനെയാണ്. വീടിന് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കിയ പ്പോള്‍ റാംജി നാഥ് കാവുവിനോട് ഇന്ദിര പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 'ഒന്നുകൊണ്ടും കാര്യമില്ല. എന്റെ കൊലയാളികള്‍ വരുമ്പോള്‍ എന്നെ രക്ഷിക്കാനുള്ളവരായിരിക്കും ആദ്യം ഓടിപ്പോവുക.' 1984 ഒക്ടോബര് 31 ന് ഇന്ദിര വെടിയേറ്റു വീണപ്പോള്‍  പിന്നിലായുണ്ടായിരുന്ന സുരക്ഷാ സൈനികരില്‍ പലരും ആദ്യംചെയ്തത് രക്ഷപ്പെടാന്‍ ഓടുകയായിരുന്നു.

(ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ചത്)

Read InDepth: ഇന്ത്യയുടെ ഇന്ദിര