അഹങ്കരിക്കാം:മനുഷ്യത്വം എന്ന വാക്കിനെ പ്രയോഗം കൊണ്ട്  മൃഗീയതക്ക് മുകളിലാക്കി ഒരുവനെക്കൂടെ നമ്മള്‍ തല്ലിക്കൊന്നിരിക്കുന്നു. 
അഭിമാനിക്കാം:ഭക്ഷണം മൗലീക അവകാശമായ രാജ്യത്ത് ഇനി അത് നടക്കില്ലെന്നും പശു നിങ്ങള്‍ക്ക് മുകളിലാണെന്നും വീണ്ടും നമ്മളവരെ ബോധ്യപെടുത്തിയിരിക്കുന്നു.

ലോകം നമ്മളില്‍ നോക്കി വിസ്മയിച്ച ഒന്നായിരുന്നല്ലോ ഗാന്ധിസം. എളുപ്പമാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടത്ത് ഇന്ത്യന്‍ ജനത എത്തിയിട്ടുണ്ടെങ്കില്‍ അത് മഹാത്മജിയുടെ അഹിംസ ധാരയില്‍ മാത്രമായിരുന്നു. ആ വഴിയുടെ വാതില്‍ മൂന്ന് ബുള്ളറ്റുകൊണ്ട് അടച്ചതിനൊപ്പം ഗോഡ്സെയിലൂടെ തുറക്കപെട്ട വഴിയിലൂടെയാണ് ഇന്ന് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. ആ വഴി ഇന്ന് ഏറെ വിശാലമായിരിക്കുന്നു. ഗോഡ്സെ പിന്‍ഗാമികളുടെ തിരക്കുകാരണം അനുദിനം ജനാധിപത്യ ഇന്ത്യക്ക് സമാന്തരമായി ഉണ്ടാക്കിയ മത വെറിയുടെ ആ വഴിയിലൂടെ കണ്ണോടിച്ചാല്‍ കാണാന്‍ സാധിക്കുന്നത് ഭയാനകമായ കാഴ്ച്ചകള്‍ മാത്രമാണ്. 

മരക്കൊമ്പുകളില്‍ തൂങ്ങിയാടുന്ന മനുഷ്യന്റെ ജഡം ഫാസിസ്റ്റുകള്‍ ജനാധിപത്യത്തെ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് കൂടി വ്യക്തമാക്കുന്നതാണ്.  14 വയസുള്ള ഇംതിയാസ് ഖാന്‍ എന്ന കുഞ്ഞിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ  ചെറുമരങ്ങള്‍ ഇന്ന് ഇന്ത്യയില്‍ വന്‍മരങ്ങളായിമാറി പടര്‍ന്നു പന്തലിച്ചിട്ടുണ്ട് .വ്യത്യസ്ത ചിന്തയും നിറവുമുള്ള ഓരോ ജനാധിപത്യവാദിയുടെയും തലക്കുമുകളില്‍ ഊഴം കാത്ത് കുരുക്കിടാനായി തയ്യാറായിരിക്കുന്നുണ്ട് അവ.

പശുവിന്റെ പേരില്‍ മതത്തെ കൂട്ടുപിടിച്ച് ഒരു വിഭാഗം നടത്തുന്ന ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ഭാഗത്തെങ്കില്‍, മനുഷ്യനെ  മനുഷ്യന്‍ വലിച്ചോടുന്ന നഗരങ്ങള്‍ മറ്റൊരു ഭാഗത്ത്, കൂട്ട മാനഭംഗം വിധിക്കുന്ന ഹരിയാനയിലെ ഘാപ്പ് പഞ്ചായത്ത് മറ്റൊരു ഭാഗത്ത്, കോഴിയെ കട്ടെന്നാരോപിച്ച് തല്ലിക്കൊന്ന മനുഷ്യന്റെയും വിശപ്പുമാറ്റാന്‍ കാടിറങ്ങി വന്നപ്പോള്‍ മനോരോഗികള്‍ക്കിടയില്‍ പെട്ട് പ്രാണന്‍ നഷ്ട്ടമായ മധുവിന്റെയും നിരാലംബമായ വിളറിയ മുഖങ്ങള്‍ ആ വഴിയില്‍ ഉടനീളം നമുക്ക് കാണാം. ഇരകളാക്കപ്പെട്ടവന്റെ രാഷ്ട്രീയവും മതവും ജാതിയും എല്ലാം ഒരേപോലെയിരിക്കുന്നതില്‍ നിന്ന് ബോധ്യപ്പെടേണ്ടത് ഇര ആരാണെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ്.

mob lynching

പൊള്ളുന്ന ജനാധിപത്യം

പശുസംരക്ഷകരുടെ അഴിഞ്ഞാട്ടങ്ങള്‍ക്കിടെ പ്രധാനമന്ത്രിക്ക് രണ്ടുതവണ മൗനം വെടിയേണ്ടി വന്നു. പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ നിന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുന്‍പെ വന്ന പുതിയ വാര്‍ത്ത ജാര്‍ഖണ്ഡില്‍ ഒരാള്‍ ഗോ സംരക്ഷകരുടെ അടിയേറ്റ് മരിച്ചു എന്നായിരുന്നു.  

മോദി അധികാരത്തിലെത്തിയ ശേഷം പശുവിന്റെ പേരില്‍ നടക്കുന്ന കൊലകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം വല്ലാതെ ഭീതി ഉളവാക്കുന്നു എന്നും ഇത്തരക്കാര്‍ക്ക് സംഘപരിവാര്‍ എല്ലാ വിധ പിന്തുണയും  നല്‍കുന്നു എന്നുമാണ് സ്വാമി അഗ്‌നിവേശ് മാതൃഭൂമിയോട് പറഞ്ഞത്. ഇതിനെതിരെ ആത്മാര്‍ത്ഥമായി അരുത് എന്ന് പറയാന്‍ പോലും കഴിയാത്ത മോദിക്ക് എങ്ങിനെ ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനാവും എന്നും അദ്ദേഹം വ്യാകുലപ്പെടുന്നു.

സംഘപരിവാര്‍ സംഘടനകളുടെ നിരുപാധിക പിന്തുണക്കൊപ്പം കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി. എം.പിമാരുടെയും പ്രത്യക്ഷമായുള്ള വിദ്വേഷ പ്രസംഗം കൂടെ വന്നപ്പോള്‍ തലതാഴ്‌ത്തേണ്ടി വന്ന ജനാധിപത്യത്തെയോര്‍ത്ത് തെരുവില്‍ അലയുന്ന പശുക്കിടാങ്ങള്‍ക്ക് പോലും ദയനീയത തോന്നിയിട്ടുണ്ടാകും. ഉത്തര്‍ പ്രദേശിലെ സംഘപരിവാറിന്റെ എസ്സെന്‍സ് ആയ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതോടുകൂടി ആദ്യം താഴുവീണ് തുടങ്ങിയത് അറവുശാലകള്‍ക്കാണ്. ഇതിന് കുട പിടിച്ച് രാജ്യവ്യാപകമായി കാലിച്ചന്തകളില്‍ കശാപ്പ് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കൂടി വന്നതോടെ തന്നില്‍ നിന്നും വ്യത്യസ്തനായവന്റെ അടുക്കളപുറങ്ങളില്‍ കയറിയുള്ള അട്ടഹാസങ്ങള്‍ മുര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയായിരുന്നല്ലോ.

വ്യത്യസ്തതകളെ അംഗീകരിക്കാന്‍ തയ്യാറല്ലാതെ മതത്തിന്റെ യാഥാസ്ഥിതിക ബോധത്തിനുള്ളില്‍നിന്ന് ഇന്ത്യന്‍ ദേശീയതയെ മതവെറിയന്മാര്‍ അട്ടിമറിച്ചുകൊണ്ടേയിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നതും വായിക്കുന്നതും ജാമ്യമില്ലാത്ത അനീതിയായി ഭരണകൂടം മാറ്റിയിരിക്കുന്നു.

2017 ജൂണ്‍ 25  വരെ നടന്ന രജിസ്റ്റര്‍ചെയ്ത അക്രമങ്ങളുടെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പശുവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ കണക്ക് അനുസരിച്ച് 63ല്‍ 32 എണ്ണവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നാണ് എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒരു പുതുമയല്ലാതായിരിക്കുന്നു. ഈ കൊലപാതകങ്ങളില്‍ ഇരയാക്കപ്പെട്ടവരില്‍ 86 % പേര്‍ മുസ്ലിങ്ങളാണ്. ഇതില്‍  97% മോദി അധികാരത്തിലെത്തിയ ശേഷം നടന്നതാണ്. ഏഴു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 28 പേരില്‍ 24 ഉം മുസ്‌ളീം വിഭാഗത്തില്‍ ഉള്ളവരാണ്. ആക്രമണങ്ങളില്‍ 124 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു.

mob lynching

അട്ടിമറിക്കപ്പെടുന്ന ദേശീയതയും മാധ്യമങ്ങളും

ദേശീയതയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി ജെ.എന്‍.യു. വിദ്യാര്‍ത്ഥികളോട് ചോദിച്ചത് 'നിങ്ങള്‍ രാജ്യ സ്നേഹിയോ?രാജ്യദ്രോഹിയോ?' എന്നാണ്. അതെ അല്ലെങ്കില്‍ അല്ല എന്ന ഉത്തരത്തിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സംജ്ഞ ചുരുക്കിക്കെട്ടാന്‍ മാത്രം വളര്‍ന്ന് മുരടിച്ചിരിക്കുന്നു നാലാം തൂണുകള്‍ എന്നതിന് നേര്‍സാക്ഷ്യമായിരുന്നു ആ ചോദ്യം.

ഇന്ത്യന്‍ ന്യുനപക്ഷങ്ങളുടെ സ്വത്വം തിരിച്ചറിയുന്നതില്‍ അമ്പേ പരാജയപ്പെട്ട സംവിധാനമായി ഭരണകൂടം മാറിയിരിക്കുന്നു. ഇന്ന് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വലിയ വാര്‍ത്ത ആകുന്നില്ല എന്നത് ഒരു പൊതു സമൂഹം ഇത് ഇവിടെ ആകാം എന്ന ധാരണയില്‍ മനസിനെ ബോധ്യപെടുത്തിയെടുത്തിരിക്കുന്നു എന്ന് കൂടെ ഉള്‍ക്കൊള്ളേണ്ടി വരും. ജാര്‍ഖണ്ഡില്‍ ഒരാഴ്ച്ചക്കാലം ഒരു കുഞ്ഞ് എനിക്കല്‍പ്പം ആഹാരം വേണം എന്ന് നേര്‍ത്ത തന്റെ ശബ്ദത്താല്‍ പറയുകയും ഒടുവില്‍ ആഹാരമെന്ന ലക്ഷ്വറി ആ കുട്ടിക്ക് ലഭിക്കാതെ കുഞ്ഞിന്റെ ശബ്ദം നേര്‍ത്ത് ഇല്ലാതാവുകയുമായിരുന്നു. അത്തരം ശബ്ദങ്ങള്‍ തെല്ലും ആലോസരപ്പെടുത്താത്ത ഇടങ്ങള്‍ കൂടി ഇവിടെ ഉണ്ട് എന്നത് തന്നെയാണ് ഇനി രാജ്യം നേരിടാന്‍ പോകുന്ന വെല്ലുവിളി.

42 % നിരക്ഷരരായ വിഭാഗത്തെ ഇന്നും സ്പര്‍ശിക്കാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഡിജിറ്റലാവാന്‍ പോകുന്നു എന്നത് ഒരു പക്ഷേ  കെട്ട കാലത്തിന്റെ കാട്ടുനീതിയാവാം. ജനാധിപത്യത്തെ അപ്പാടെ അട്ടിമറിച്ചുകൊണ്ട്, മത കേന്ദ്രീകൃതമായ ദേശീയവാദം ഉയര്‍ത്തി, ഇന്ത്യയുടെ ന്യുനപക്ഷ സ്വത്വത്തെ പ്രതിരോധിച്ചുകൊണ്ടേയിരിക്കുന്ന ആള്‍ക്കൂട്ടത്തിനൊപ്പം, മാധ്യമങ്ങളും ഓടിക്കൊണ്ടേയിരിക്കുന്നു എന്നത് ഏറെ ഗുരുതരമായ ഒന്നാണ്.

ഇന്ത്യയിലാകമാനം നടന്ന സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ ആകെ കുറുക്കിയെടുത്ത് സംയോജിപ്പിച്ചതിന്റെ അവസാന ലക്ഷ്യമായാണ് ദേശീയത രൂപപ്പെട്ട് വന്നത്. അത് എല്ലാ വ്യത്യസ്തതകള്‍ക്കും ഏറെക്കുറെ ഇടമുള്ള ഒന്നായി മാറിയെങ്കിലും, ഇന്ന് മഹാഭൂരിപക്ഷത്തിന് അസ്പര്‍ശ്യമായ ഒന്നായി രൂപാന്തരപെട്ടിരിക്കുന്നു. ഇവിടെയാണ് മതേതര ജനാധിപത്യ മൂല്ല്യങ്ങളുടെ സത്ത പകര്‍ന്നുകൊടുക്കപ്പെടേണ്ടത്. ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും എഴുതി തീര്‍ത്ത വരികളത്രയും ഫാസിസ്റ്റ് വെടിയുണ്ടകള്‍ക്ക് പാഞ്ഞു വരാനുള്ള വേഗം നല്കുകയായിരുന്നല്ലോ. പക്ഷെ ആ ശരീരങ്ങള്‍ക്കപ്പുറത്ത് അക്ഷരങ്ങളെ കീറി മുറിക്കാനുള്ള യാതൊന്നും തന്നെ സാധ്യമായില്ല, സാധ്യമാവുകയുമില്ല എന്നതാണ് ഇപ്പോഴും അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ പ്രതീക്ഷ.

ഉനയും ദാദ്രിയും ഇപ്പോഴും ഈ രാജ്യത്തിനൊപ്പമുണ്ടോ

അരക്ഷിതാവസ്ഥയുടെ നിഴല്‍ വീണുകിടക്കുന്ന ഉനയും ദാദ്രിയും മുസഫര്‍ നഗറുമെല്ലാം ഇപ്പോഴും നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനൊപ്പം ഉണ്ടോ എന്നത് പുനരാലോചനക്ക് വിധേയമാക്കേണ്ട ഒന്നാണ്. രാജ്യ തലസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന ഉത്തര്‍ പ്രദേശിലെ ദാദ്രിയിലാണ് മുഹമ്മദ് അഖ്ലാഖിനെ ഗോ രക്ഷകര്‍ അടിച്ചു കൊന്നത്. വീട്ടിനുള്ളില്‍ മാംസം സൂക്ഷിച്ചു എന്ന് പറഞ്ഞാണ് നൂറോളം പേരടങ്ങുന്ന സംഘം അഖ്ലാഖിന്റെ ജീവനെടുക്കുകയും 22  കാരനായ മകനെ ജീവച്ഛവമാക്കുകയും ചെയ്തത്. ഇതിന് സാക്ഷിയായ അഖ്ലാഖിന്റെ മകള്‍ സാജിത പറഞ്ഞത്, അക്രമിക്കരുത് എന്ന് കരഞ്ഞാര്‍ത്തു പറഞ്ഞപ്പോള്‍ അവര്‍ കടന്നു പിടിച്ച് മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ്. ഈ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പത്തുപേരില്‍ ആറുപേരും 20 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു എന്നത് നമ്മള്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന ദിവസങ്ങളെക്കൂടി ബോധ്യപെടുത്തുന്നു.

ഒരു പക്ഷെ, ഒരു തിരിച്ച്പോക്ക് ഇവിടങ്ങളിലേക്ക് നടത്തിയാല്‍ ജനാധിപത്യ ബോധമുള്ള മനുഷ്യനെ വല്ലാതെ അങ്കലാപ്പിലാക്കാന്‍ പോന്ന കരിന്തിരി ഇപ്പോഴും ദൃശ്യമാവാം. രാജ്യം മുഴുവന്‍ അരക്ഷിതരായ ഒരു ജനതയെ ഭരണകൂടം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് ഗോ രക്ഷകര്‍ തല്ലികൊന്ന രക്ബര്‍ ഖാന്റെ കുഞ്ഞുങ്ങള്‍ക്ക് ഈ രാജ്യം അവരുടേത് കൂടിയാണെന്ന് എന്നെങ്കിലും അനുഭവവേദ്യമാകുമോ?

ഭാരത് മാതാ കീ ജയ് എന്ന ഇന്നേറെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മുദ്രാവാക്യം അവര്‍ക്ക് എപ്പോഴെങ്കിലും ആത്മാര്‍ഥമായി വിളിക്കാന്‍ സാധിക്കുമോ? വിശപ്പുമാറ്റാന്‍ ചളി കലങ്ങിവരുന്ന ചവര്‍പ്പുള്ള പച്ചവെള്ളം ആ കുട്ടികള്‍ക്ക് എത്രനാള്‍ ഇനിയും കുടിക്കാന്‍ സാധിക്കും?  ഏതൊക്കെ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചാലും ചോദ്യങ്ങള്‍ ചോദിക്കാതെ നിശ്ശബ്ദരാകാന്‍ തയ്യാറല്ലാത്ത ചില തുരുത്തകളെങ്കിലും ഈ രാജ്യത്തുണ്ടെന്ന് പരമാധികാരികളെന്ന് സ്വയം കരുതുന്ന ബിംബങ്ങള്‍ക്ക്  മനസിലാക്കേണ്ടി വരുന്ന കാലം വിദൂരമാകില്ല.

വെളിച്ചംനഷ്ടപെട്ട് അന്യവത്കരിക്കപ്പെട്ട ഗ്രാമങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനുള്ള ആര്‍ജ്ജവം ഇനിയും ജനാധിപത്യ ബോധത്തിന്റെ ഉറവ വറ്റിതീരാത്ത ജനതക്കേ സാധ്യമാകു. ഇത്തരം ബോധ്യങ്ങള്‍ ഗ്രാമങ്ങളില്‍ കുരിശിലേറ്റപ്പെട്ട ഇന്ത്യന്‍ ആത്മാവിന്റെ ഉയരത്തെഴുന്നേല്പിന് അനിവാര്യമാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദം കൂടെ കേട്ട് പറയേണ്ടത് അത്യന്തം അനിവാര്യമായ ഒന്നാണെന്ന്, ഇന്നിന്റെ ദേശീയ സാഹചര്യം മുഹമ്മദ് അഖ്‌ലാക്കിലുടെയും ജുനൈദിലൂടെയും വീണ്ടും വീണ്ടും  ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

രാജ്യത്തിന് വേണ്ടി സൈനിക സേവനം നടത്തുന്ന ഞാനാണോ അതോ ഗോ വധം നടത്തിയെന്നും ഗോ മാംസം ഭക്ഷിച്ചു എന്നും പറഞ്ഞ് തന്റെ പിതാവിനെ അടിച്ചുകൊന്ന ജനക്കൂട്ടമാണോ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ എന്ന് ചോദിക്കേണ്ടി വന്ന മുഹമ്മദ് അഖ്ലാഖിന്റെ മകന്‍ സര്‍താജിന്റെ ചോദ്യം ഈ രാജ്യം ഇനിയുമൊരായിരം തവണ പരസ്പരം ചോദിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു ലോകരാജ്യങ്ങളില്‍ തന്നെ ജനാധിപത്യത്തിന് ഉത്തമ മാതൃകയായ രാജ്യമാണ് ഇന്ത്യ. പക്ഷേ ഇന്ന് പലവിധ ആധിപത്യങ്ങളുടെ ആധിക്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ജനതയായി നമ്മള്‍ മാറിയിരിക്കുന്നു.