രാജ്യത്തെ പൊതുസാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലും അത് ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്ന അഭിപ്രായസര്‍വേയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ. ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളില്‍ നടത്തി വന്ന ഈ സര്‍വേ അതിന്റെ അവസാനറൗണ്ടില്‍ 13 നഗരങ്ങളില്‍ നടത്തുകയുണ്ടായി. മൂന്നുമാസത്തില്‍ ഒരിക്കല്‍ നടത്തുന്ന സര്‍വേയില്‍ പൊതു സാമ്പത്തികസ്ഥിതി, തൊഴില്‍, വരുമാനം, ചെലവ്, വിലനിലവാരം എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം ലഭ്യമാണ്. ഒരു വര്‍ഷത്തിനുമുമ്പുള്ള സ്ഥിതിയുമായുള്ള താരതമ്യം, ഒരു വര്‍ഷം കഴിയുമ്പോള്‍ സാമ്പത്തികരംഗത്ത് പ്രതീക്ഷിക്കുന്ന മാറ്റം എന്നിവ ഈ അഭിപ്രായസര്‍വേയിലൂടെ ലഭിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ ഈ സര്‍വേയില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ട് ഇതിലെ നിഗമനങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ അഭിപ്രായമായി കാണാന്‍ കഴിയില്ലെങ്കിലും ഇത് നഗരപ്രദേശങ്ങളുടെ അഭിപ്രായം വ്യക്തമായി നല്‍കുന്നു. ഈ സര്‍വേ വരച്ചുകാട്ടുന്ന രാജ്യത്തെ മോശമാകുന്ന സാമ്പത്തികസ്ഥിതിയും അതില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയെയും അവ രാഷ്ട്രീയരംഗത്ത് ഉണ്ടാക്കാന്‍ ഇടയുള്ള മാറ്റങ്ങളെയും ചര്‍ച്ചചെയ്യുകയാണ് ഇവിടെ.

സാമ്പത്തികസ്ഥിതി മോശംതന്നെ

2014 മാര്‍ച്ചിനുശേഷമുള്ള കാലഘട്ടത്തെ ഈ അഭിപ്രായ സര്‍വേയുടെ നിഗമനങ്ങള്‍ പരിശോധിച്ചാല്‍ നോട്ടുനിരോധനം നടപ്പാക്കിയതിനു ശേഷമുള്ള കാലഘട്ടത്തിലാണ് പൊതുവില്‍ സാമ്പത്തികനില മോശമായി കാണപ്പെട്ടത്. അതിനാല്‍ 2016 സെപ്റ്റംബറിനുശേഷമുള്ള അഭിപ്രായസര്‍വേയുടെ പ്രധാന നിഗമനങ്ങള്‍ താഴെ പറയുന്നു. സര്‍വേയില്‍ സ്ഥിതി മെച്ചപ്പെട്ടു; മാറ്റമില്ലാതെ തുടരുന്നു; സ്ഥിതി മോശമായി എന്നീ അഭിപ്രായങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തവരോട് ആരാഞ്ഞിട്ടുള്ളത്. 

#മൊത്തം സര്‍വേയില്‍ പങ്കെടുത്തവരില്‍ പൊതു സാമ്പത്തികസ്ഥിതിമോശമായി എന്ന് പറഞ്ഞവരുടെ വിഹിതം, 2016 സെപ്റ്റംബറില്‍ 25 ശതമാനം ആയിരുന്നത് ഏതാണ്ട് തുടര്‍ച്ചയായി വര്‍ധിച്ച് 2018 സെപ്റ്റംബറില്‍ 43 ശതമാനമായി. 

#പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടവരുടെ വിഹിതം 45% ആയിരുന്നത് ഏതാണ്ട് തുടര്‍ച്ചയായി കുറഞ്ഞ് 34% ആയി. 

#തൊഴില്‍നില ഏതാണ്ട് തുടര്‍ച്ചയായി മോശപ്പെട്ടുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം പേരും അഭിപ്രായപ്പെട്ടത്. 2016 സെപ്റ്റംബറില്‍ ഇവരുടെ വിഹിതം 32% ആയിരുന്നത് 2018 സെപ്റ്റംബറില്‍ 46% ആയി വര്‍ധിച്ചു. 

rupees

#ഈ കാലയളവില്‍ പൊതുവില്‍ വില വര്‍ധിക്കുകയും ജനങ്ങളുടെ സാമ്പത്തികബാധ്യത കൂടുകയും ചെയ്തുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്നിലധികം പേരും അഭിപ്രായപ്പെട്ടത്. ഇവരുടെ വിഹിതം 2016 സെപ്റ്റംബറില്‍ 78% ആയിരുന്നത് 2018 സെപ്റ്റംബറില്‍ 88 ശതമാനമായി വര്‍ധിച്ചു. 

#വരുമാനത്തിന്റെ കാര്യത്തില്‍ ഈ കാലയളവില്‍ വരുമാനം കുറയുന്നവരുടെ വിഹിതം വര്‍ധിക്കുകയും വരുമാന വര്‍ധന ഉണ്ടായവരുടെ വിഹിതം കുറയുകയുമാണ് ഉണ്ടായിട്ടുള്ളത്. 

#വരുമാനത്തിന്റെ കാര്യത്തില്‍ ഇടിവ് അനുഭവപ്പെടുമ്പോഴും ചെലവിന്റെ കാര്യത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. മുകളില്‍ വിവരിച്ചതില്‍നിന്ന് രാജ്യത്തിന്റെ നഗര പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നുവെന്നും തൊഴിലും വരുമാനവും ഇടിയുന്നുവെന്നും വിലക്കയറ്റവും മറ്റും കാരണമുള്ള സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കുന്നു എന്ന സ്ഥിതിയാണ് ഈ സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ഉള്‍പ്പെടാത്ത ഗ്രാമീണജനതയുടെ സ്ഥിതിയും മോശമായിരിക്കും. 
ഇന്ത്യയിലെ മൊത്തം ജനസംഖ്യയായ 121 കോടിയില്‍ 83 കോടിയിലധികം ജനങ്ങളും ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക സ്ഥിതി ഇതിനെക്കാള്‍ മോശമാണെന്നാണ് ഏതാണ്ട് എല്ലാ മാധ്യമറിപ്പോര്‍ട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. 

സര്‍ക്കാര്‍ പറയുന്നത്

എന്നാല്‍, സാമ്പത്തിക സ്ഥിതിയെപ്പറ്റി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം വ്യത്യസ്തമാണ്. ഇന്ത്യ ലോകത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയുള്ള രാജ്യമായി മാറിയിരിക്കുന്നു. 
ലോകത്തെ ആറാം വലിയ സാമ്പദ്ഘടനയാണ് ഇന്ത്യ. ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയ്ക്കുവേണ്ടിവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 'വികസനം, അതിവേഗ വികസനം, എല്ലാവര്‍ക്കും വികസനം' എന്നതാണ് അടിസ്ഥാന വികസന ദര്‍ശനം. അഴിമതിയും കള്ളപ്പണവും കള്ളനോട്ടും തീവ്രവാദ സഹായധനവും ഇല്ലാതാക്കാന്‍വേണ്ടി രാജ്യത്ത് നിലവിലുണ്ടായിരുന്ന 86 ശതമാനത്തോളം 500, 1000 രൂപ  കറന്‍സികള്‍ നിരോധിച്ചു. ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ചരക്കു സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കി. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം പൂര്‍ണമായി മാറ്റി. ഡീസലിന്റെയും പെട്രോളിന്റെയും വില ദിവസംതോറും മാറ്റാനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികള്‍ക്ക് നല്‍കി. 

ഇന്ത്യയിലെ വ്യവസായ വളര്‍ച്ചയ്ക്ക് 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി നടപ്പാക്കി. ബിസിനസ് നടത്താനായിട്ടുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. വിദേശനിക്ഷേപം  ആകര്‍ഷിക്കാന്‍ കൂടുതല്‍ അനുകൂലമായ നടപടികള്‍ സ്വീകരിച്ചു. ഗ്യാസ് സബ്സിഡിയുടെ ചോര്‍ച്ച ഒഴിവാക്കാന്‍ നേരിട്ടുള്ള സബ്സിഡി വിതരണപദ്ധതി നടപ്പാക്കി. 
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ 'ആയുഷ്മാന്‍ ഭാരത്' നടപ്പാക്കിത്തുടങ്ങി. സ്വകാര്യ വ്യവസായ യൂണിറ്റുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ അവയുടെ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വായ്പകളെ എന്‍.പി.എ. ആക്കി മാറ്റി. ഇതുമൂലം പൊതുമേഖലാ ബാങ്കുകളുടെ എന്‍.പി.എ. 6.17 ലക്ഷം കോടിയായി വര്‍ധിച്ചു. ഇന്ത്യയിലെ ദാരിദ്ര്യം മാറ്റാന്‍ ഒട്ടനവധി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നതില്‍ റെക്കോഡ് നേട്ടം ഉണ്ടാക്കി. 2017-'18-ല്‍ ഇതുമൂലം ഒരുലക്ഷം കോടിയുടെ വരുമാനം നേടി. ഇതൊക്കെയാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേട്ടങ്ങള്‍.

തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും

voteമോശമായി തുടരുന്ന പൊതു സാമ്പത്തികസ്ഥിതിയും അത് സൃഷ്ടിക്കുന്ന ജനങ്ങളുടെ ദുരിതവും അതൃപ്തിയും രാഷ്ട്രീയരംഗത്ത് മാറ്റമുണ്ടാക്കുമെന്നാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചരിത്രം കാണിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഒരു  സര്‍ക്കാരിനെതിരേ ജനങ്ങളുടെ അതൃപ്തിയും രോഷവും പ്രതിഫലിക്കുന്നത് ആ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ആണ്. ഉയര്‍ന്നതോതിലുള്ള സാമ്പത്തികവളര്‍ച്ച, വികസനം, തൊഴിലവസരങ്ങളുടെ വര്‍ധന, ജനങ്ങളുടെ വര്‍ധിക്കുന്ന വരുമാനം, 

നിത്യോപയോഗ സാധനങ്ങളുടെ വിലസ്ഥിരത, പൊതുവിലെ സമൃദ്ധി തുടങ്ങി മെച്ചമായ സാമ്പത്തിക നിലയുള്ള സമയത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലുള്ള പാര്‍ട്ടിക്കോ മുന്നണിക്കോ  അനുകൂലമായ ജനവിധിയാണ് സാധാരണഗതിയില്‍ ഉണ്ടാകാറുള്ളത്. 

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളെക്കാള്‍ പാര്‍ട്ടിയുടെ തത്ത്വശാസ്ത്രം, പ്രകടന പത്രിക,മത്സരിക്കുന്ന വ്യക്തിയുടെ യോഗ്യത, അഴിമതിരഹിത ഭരണം, ജാതി മത പ്രാദേശിക താത്പര്യങ്ങള്‍, നേതാവിന്റെ വ്യക്തിപ്രഭാവം തുടങ്ങിയവയില്‍ പ്രാധാന്യം ഈ ഘടകത്തിനായിരിക്കും. ഈ തത്ത്വം വിരല്‍ചൂണ്ടുന്നത് നിലവിലെ മോശമായ സാമ്പത്തികസ്ഥിതി രാഷ്ട്രീയമാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ്. 
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിലും ഇതുമൂലം രാഷ്ട്രീയമാറ്റങ്ങളും ഭരണമാറ്റങ്ങളും ഉണ്ടാകുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യവും
 
സാമ്പത്തിക വികസന നേട്ടങ്ങളെക്കുറിച്ച് ഭരണത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ വന്‍ അന്തരമുണ്ട്. സാമ്പത്തികയാഥാര്‍ഥ്യങ്ങളെയും ജനങ്ങളുടെ അഭിപ്രായങ്ങളെയും കുറിച്ചുള്ള ഒരു ചിത്രമാണ് ആര്‍.ബി.ഐ. സര്‍വേ നല്‍കുന്നത്.  ഇത് ഒറ്റപ്പെട്ടതോ, ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് ഉണ്ടായതോ ആയ പ്രശ്‌നങ്ങളല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി സാമ്പത്തികനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് എന്ന് ആര്‍.ബി.ഐ. സര്‍വേ പറയുന്നു.
 
( അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ അധ്യക്ഷനായിരുന്നു ലേഖകന്‍)