ന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനാപ്രേമികളായ രണ്ട് ഭരണാധികാരികളുടെ പതനം ഇന്ത്യയ്ക്ക് ശുഭസൂചകമായിരിക്കുന്നു. മാലദ്വീപില്‍ ഏകാധിപതിയായി ഭരണംനടത്തിയിരുന്ന അബ്ദുള്ള യമീന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം സോലിഹ്, ഇന്ത്യയെ ഏറ്റവും വലിയ സുഹൃത്തായി പ്രഖ്യാപിച്ചതും പെട്ടെന്നായിരുന്നു. ഇന്ത്യയുടെ ഇടപെടലില്ലാതെയാണ് ഈ മാറ്റമുണ്ടായതെങ്കിലും മാലദ്വീപിലെ ജനങ്ങള്‍ യമീന്റെ നയങ്ങളെ, വിശേഷിച്ചും അദ്ദേഹത്തിന്റെ ചൈനാനയത്തെ  നിരാകരിക്കുകയായിരുന്നെന്ന് വ്യക്തമാണ്. അതുകൊണ്ട് ഇന്ത്യയും ചൈനയുമായി ഉടലെടുത്തിരുന്ന വടംവലിയില്‍ ഇന്ത്യ വിജയിച്ചെന്നുവേണം കരുതാന്‍.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക്  ഇന്ത്യന്‍ പ്രധാനമന്ത്രി മുഖ്യാതിഥിയായതും ചൈനീസ് പ്രതിനിധി ഒരു മന്ത്രിമാത്രമായിരുന്നു എന്നുള്ളതും ഭരണമാറ്റത്തെ തന്ത്രപരമായ ഒരു മാറ്റമായി കണക്കാക്കാം. പ്രസിഡന്റ് സോലിഹിന്റെ ഇന്ത്യാസന്ദര്‍ശനം വിജയകരമായത് ഇരുരാജ്യവും ഒരു മാറ്റം ആഗ്രഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ്.ഇന്ത്യയും മാലദ്വീപുമായുള്ള രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സോലിഹിന്റെ സന്ദര്‍ശനം വഴിതെളിച്ചു. ജനങ്ങള്‍ തമ്മിലുള്ള സൗഹൃദം വര്‍ധിപ്പിക്കാനുള്ള സോലിഹിന്റെ ആഗ്രഹപ്രകാരമാണ് വിസയുടെ കാര്യത്തില്‍ ഒരു പുതിയ കരാര്‍ രൂപവത്കരിക്കപ്പെട്ടത്. ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ മാലദ്വീപില്‍നിന്ന് മാറ്റണമെന്ന് യമീന്‍ ആവശ്യപ്പെട്ടിരുന്നത് ചൈനയുടെ സൈനികസഹായം നേടിയെടുക്കാനായിരുന്നു.

എന്നാല്‍, ആ ഹെലികോപ്റ്ററുകള്‍ തന്റെ രാജ്യത്തെ സംരക്ഷിക്കാനുള്ളവയാണെന്ന് പുതിയ പ്രസിഡന്റ് പ്രഖ്യാപിക്കുകയുണ്ടായി.സാമ്പത്തികമായി ധാരാളം പ്രശ്‌നങ്ങളുള്ള  രാജ്യമാണ് മാലദ്വീപ്. യമീന്‍ 6.5 മില്യണ്‍ ഡോളര്‍ മോഷ്ടിച്ചതിന് അന്വേഷണം നേരിടുകയാണിപ്പോള്‍. ചൈനയുടെ സാമ്പത്തികസഹായം കുറയുമ്പോള്‍ ഇന്ത്യയില്‍നിന്ന് സഹായം പ്രസിഡന്റ്  സോലിഹ് പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യമായ സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാകുകയും ചെയ്തിരിക്കുന്നു. അങ്ങനെ, തന്ത്രപ്രധാനമായ  മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യം ചൈനയുടെയും പാകിസ്താന്റെയും സൗദിഅറേബ്യയുടെയും സ്വാധീനവലയത്തില്‍നിന്ന് അകന്ന് ഇന്ത്യയോട് സഹകരിക്കുന്നത് ഒരു വലിയ വിജയംതന്നെയാണ്. മാലദ്വീപിന്റെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശക്തിയും ഇന്ത്യയ്ക്കുണ്ട്.

മാലദ്വീപ് ചൈനയെ മുഴുവനായി മാറ്റിനിര്‍ത്താന്‍ സാധ്യതയില്ല.  സന്തുലിതമായ ഒരു സമീപനമായിരിക്കും ആ രാജ്യം സ്വീകരിക്കുക.  ചൈന സ്ഥാപിച്ചിട്ടുള്ള സൗകര്യങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമൊക്കെ അവിടെ തുടരുകതന്നെ ചെയ്യും. എന്നാലും ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കെതിരായി മാലദ്വീപ് പ്രവര്‍ത്തിക്കുകയില്ലെന്നുവേണം കരുതാന്‍.  പുതിയ സര്‍ക്കാറിന് പഴയ പ്രസിഡന്റുമാരായ നഷിദിന്റെയും ഗയൂമിന്റെയും പിന്തുണ ലഭിക്കുമെന്നുള്ളതും ഇന്ത്യയ്ക്ക് സഹായകമായിരിക്കും. 

ശ്രീലങ്കയിലെ സംഭവങ്ങള്‍

ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങളും ഇന്ത്യയ്ക്ക്  അനുകൂലമായി ഭവിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുമാസമായി അവിടെനടന്ന ഭരണഘടനാവിരുദ്ധമായ സംഭവങ്ങള്‍ പാര്‍ലമെന്റിന്റെയും കോടതിയുടെയും പ്രവര്‍ത്തനംകൊണ്ട് അവസാനിച്ചിരിക്കയാണ്. പ്രസിഡന്റ് സിരിസേന അദ്ദേഹത്തിന്റെ പ്രധാന ശത്രുവായിരുന്ന രാജപക്‌സെയെ  പ്രധാനമന്ത്രിയായി നിയമിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്ക്ക് പാര്‍ലമെന്റില്‍ കൂടുതല്‍ പിന്തുണയുള്ള സമയത്താണ് സിരിസേന അദ്ദേഹത്തെ പുറത്താക്കിയത്.  പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ കഴിയാത്തതുകൊണ്ട് പാര്‍ലമെന്റ് പിരിച്ചുവിടുകയുംചെയ്തു സിരിസേന. എന്നാല്‍, പാര്‍ലമെന്റില്‍ വിക്രമസിംഗെയുടെ ശക്തി തെളിയിക്കപ്പെട്ടതോടെ സിരിസേന, രാജപക്‌സെയോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയും വിക്രമസിംഗയെ പ്രധാനമന്ത്രിയായി തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഒരു ആഭ്യന്തരയുദ്ധത്തിന് വഴിതെളിക്കാവുന്ന കുറ്റകൃത്യമായിരുന്നു സിരിസേനയുടേത്. ഭരണഘടനയനുസരിച്ച് സര്‍ക്കാര്‍ സ്ഥാപിക്കുകയും രാജപക്‌സെ പിന്‍വാങ്ങുകയുംചെയ്തതോടെ ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. 

സിരിസേന പ്രസിഡന്റായി തുടരുകയും രാജപക്‌സെ അദ്ദേഹത്തിന്റെ പ്രധാന ഉപദേഷ്ടാവാകുകയും ചെയ്തതുകൊണ്ട് സിരിസേനയുടെ ചൈനീസ് പക്ഷപാതം ഉടനെ മാറില്ല. ചൈനയുമായുള്ള സാമ്പത്തികകരാറുകളും സൈനികസഹായവുമെല്ലാം വര്‍ധിക്കാനാണ് സാധ്യത.   എന്നാല്‍, സിരിസേനയുടെയും രാജപക്‌സെയുടെയും രാഷ്ട്രീയഭാവിയെ അടുത്ത കാലത്തെ സംഭവങ്ങള്‍ ബാധിക്കാതിരിക്കില്ല. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ വിക്രമസിംഗെ വിജയംവരിക്കാന്‍ സാധ്യതയുണ്ട്. ഈ കാരണങ്ങളാല്‍ പ്രതിസന്ധി അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ സ്വീകരിച്ച നിലപാട് തന്ത്രപരമായിരുന്നു.

'ഒരു അയല്‍രാജ്യവും യഥാര്‍ഥസുഹൃത്തും എന്നനിലയില്‍ ശ്രീലങ്കയിലെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനെ ഇന്ത്യ സ്വാഗതംചെയ്യുന്നു' എന്നും 'ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിച്ചത് അവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പക്വതയുടെയും ഉത്പതിഷ്ണുത്വത്തിന്റെയും പ്രതിഫലനമാണ്' എന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.  ശ്രീലങ്കയിലെ ജനങ്ങള്‍ക്കുവേണ്ടി ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ശ്രീലങ്കയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുമെന്നും ഇന്ത്യ വിശ്വാസംപ്രകടിപ്പിച്ചു. ശ്രീലങ്കയിലെ സംഭവവികാസങ്ങളെ ഒരു ഭരണഘടനാപ്രതിസന്ധിയായി വിശേഷിപ്പിക്കാത്തത് സിരിസേനയോടുള്ള  മൃദുസമീപനത്തിന്റെ ഭാഗമായിരുന്നു. ശ്രീലങ്കയിലെ തിരഞ്ഞെടുപ്പിനുമുമ്പ് ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുള്ളതും ഇന്ത്യന്‍ പ്രതികരണത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു. 

ശ്രീലങ്കയിലെ അസ്ഥിരത അടുത്ത തിരഞ്ഞെടുപ്പുവരെയും അതിനുശേഷവും തുടരാനാണ് സാധ്യത. രാജപക്‌സെ ഇപ്പോള്‍ ക്ഷീണിതനാണെങ്കിലും അദ്ദേഹമോ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരിലൊരാളോ പ്രസിഡന്റായിക്കൂടെന്നില്ല. പ്രധാനമന്ത്രിയായശേഷം ഭരണഘടന മാറ്റി പ്രസിഡന്റാകാനാണ് രാജപക്‌സെ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ ഭരണഘടന അനുസരിച്ച് അദ്ദേഹത്തിന് മൂന്നാംവട്ടം പ്രസിഡന്റാകാന്‍ സാധ്യമല്ല. വിക്രമസിംഗെയ്ക്ക് പ്രസിഡന്റാകാനുള്ള സാധ്യത അനിശ്ചിതമായി തുടരും. ഇന്ത്യ ആഗ്രഹിക്കുന്നതുപോലെ തമിഴ് വംശജരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോള്‍ വിക്രമസിംഗെയ്ക്കും ശക്തിയില്ലാത്തതുകൊണ്ട് തമിഴ്വംശജരുടെ പൂര്‍ണപിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല എന്നുവരാം.  

ശ്രീലങ്കയിലും മാലദ്വീപിലുമുണ്ടായ പ്രതിസന്ധി സമയത്ത് ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ത്യ ഇടപെടണമെന്നുള്ള അഭിപ്രായം ഇന്ത്യയില്‍ മാത്രമല്ല പുറത്തും ഉണ്ടായിരുന്നു. ഇന്ത്യയുടെ ഇടപെടല്‍ ഉടന്‍തന്നെ ചൈനയെയും ആ രാജ്യങ്ങളെയും പ്രകോപിക്കുമായിരുന്നു. അതില്ലാതെത്തന്നെ രണ്ടിടത്തും ഇന്ത്യയ്ക്ക് സഹായകമായ ഒരു അന്തരീക്ഷം രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രണ്ടുരാജ്യങ്ങളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും ചൈനയുടെ സ്വാധീനം വര്‍ധിക്കാതെ സൂക്ഷിക്കുകയും നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യാന്‍ ഇന്ത്യ പ്രയത്‌നിക്കേണ്ടതുണ്ട്. 

(വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകന്‍)

content highlights: India ,Srilanka, Indepth ,T.P.Srinivasan,Maldives