ഗാല്‍വനിലെ ചൈനീസ് കടന്നുകയറ്റത്തില്‍ രാജ്യത്ത് രോഷം പുകയുകയാണ്. നമ്മുടെ പട്ടാളക്കാര്‍ വീരമൃത്യുവരിച്ചതിന് തക്ക തിരിച്ചടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിനല്‍കുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചുകഴിഞ്ഞു. 1962-ല്‍ തീര്‍ത്തും സജ്ജമല്ലാത്ത ഇന്ത്യന്‍ സൈന്യത്തെ പരാജയപ്പെടുത്തിയത് ഇപ്പോഴും പാടിനടക്കുകയാണ് ചൈന. പക്ഷേ, അവര്‍ക്കു തെറ്റി. 2020-ലെ ഇന്ത്യ പാടേ മാറിയ ഇന്ത്യയാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികശക്തികളില്‍ ഒന്നാണ്.

ലഡാക്കില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്. കൂടുതല്‍ സൈന്യത്തെയും യുദ്ധോപകരണങ്ങളും എത്തിക്കാന്‍ ഇന്ത്യക്കായാല്‍ അത് തങ്ങള്‍ക്ക് മേല്‍ക്കൈ നഷ്ടപ്പെടുത്തുമെന്ന് അവര്‍ ന്യായമായും സംശയിക്കുന്നു. ഒരു യുദ്ധമുണ്ടായാല്‍ മേഖലയിലെ വ്യോമമേധാവിത്വം ഇന്ത്യക്കായിരിക്കും. അത്യാധുനികവും ലക്ഷ്യവേധിയുമായ സുഖോയും റഫാലും വ്യോമത്താവളങ്ങളില്‍നിന്ന് എളുപ്പത്തില്‍ ഇന്ത്യക്ക് വിനിയോഗിക്കാനാവുമ്പോള്‍, ടിബറ്റ് ഉയരങ്ങള്‍ മറികടന്ന് ആയുധവുമായുള്ള പറന്നെത്തല്‍ ചൈനീസ് വിമാനങ്ങള്‍ക്ക് അത്ര എളുപ്പമാവില്ല. ഇത് യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കും.

എന്നാല്‍, യുദ്ധമല്ലാതെതന്നെ ചൈനയെ കശക്കുകയാണ് നല്ലത്. അതിന് നല്ല മാര്‍ഗങ്ങളുമുണ്ട്. സ്വദേശി ജാഗരണ്‍ മഞ്ചും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേസും ആഹ്വാനം ചെയ്യുന്നപോലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയാല്‍ അതവര്‍ക്ക് വലിയ തിരിച്ചടിയാകും. സര്‍ക്കാരിനും ഇതില്‍ വലിയ പങ്കുവഹിക്കാനാവും. ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണി ഭരിക്കുന്നത് നിയന്ത്രിച്ചാല്‍ ചൈന കൊണ്ടുപോകുന്ന എണ്ണായിരത്തി ഇരുനൂറു കോടി ഡോളറിന് തടയിടാന്‍ പറ്റും. ഇത് സാമ്പത്തികമായി ചൈനയെ ശ്വാസംമുട്ടിക്കും, പ്രത്യേകിച്ചും ഈ കോവിഡനന്തര കാലത്ത്. ആറു ശതമാനമായി ഉയര്‍ന്ന ചൈനയിലെ തൊഴിലില്ലായ്മ ഉത്പാദനമേഖല കൂപ്പുകുത്തുമ്പോള്‍ കുതിച്ചുയരും.

ചൈനീസ് നിയന്ത്രണത്തിലുള്ള കമ്പനികള്‍ ഇന്ത്യന്‍ ഐ.ടി., വാര്‍ത്താവിനിമയം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ അടക്കമുള്ള സംവിധാനങ്ങളവതരിപ്പിക്കുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാരിനാവും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക കരങ്ങളായ ഈ കമ്പനികള്‍ സൈബര്‍ ഭീഷണിയുടെയും ചാരപ്രവര്‍ത്തനങ്ങളുടെയുമൊക്കെ പേരില്‍ കുപ്രസിദ്ധി നേടിയവയാണ്.

നേപ്പാളിലെ ഊര്‍ജപദ്ധതികളില്‍ ചൈനീസ് കമ്പനികള്‍ മുപ്പതിനായിരം കോടിയോളം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. നേപ്പാളില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ ഇന്ത്യ ഈ ചൈനീസ് കമ്പനികളെ സഹായിക്കുകയാണ് ചെയ്യുന്നത്.

ഇത് നിര്‍ത്തിയാല്‍ ഒരു പരിധിവരെ ഈ കമ്പനികളെ പ്രതിസന്ധിയിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ചൈനീസ് അടിസ്ഥാനസൗകര്യ വികസന കമ്പനികളെ നിരോധിക്കുകയെന്നതാണ് മോദി സര്‍ക്കാരിന് എളുപ്പത്തിലെടുക്കാന്‍ കഴിയുന്ന നടപടികളിലൊന്ന്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്ന ഈ കമ്പനികള്‍ക്ക് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തണം. ഡല്‍ഹി-മീററ്റ് പ്രാദേശിക റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം നിര്‍മിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കിയ തീരുമാനം സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമേറ്റുവാങ്ങുകയാണ്. ഇതേത്തുടര്‍ന്ന് ടെന്‍ഡര്‍ പുരോഗമിക്കുന്നേയുള്ളൂവെന്നും ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ സമീപിച്ച അഞ്ചു കമ്പനികളില്‍ ആര്‍ക്ക് കരാര്‍ നല്‍കണമെന്ന് അന്തിമതീരുമാനമായിട്ടില്ലെന്നും വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു.

(ഡല്‍ഹി ആസ്ഥാനമാക്കിയ ലോ ആന്‍ഡ് സൊസൈറ്റി അലയന്‍സ് എന്ന തിങ്ക്ടാങ്കിന്റെ ചെയര്‍മാനും ഡിഫന്‍സ് കാപിറ്റല്‍ എന്ന സൈനിക മാഗസിന്റെ എഡിറ്ററുമാണ് ലേഖകന്‍)

Content Highlights: India should boycott chinese products