രിക്കല്‍ ഒരു പണ്ഡിതന്‍ നദിയുടെ ഒരു കരയില്‍ നിന്നും മറുകരയിലേയ്ക്ക് ഒരു തോണിയില്‍ സഞ്ചരിക്കുകയായിരുന്നു. 'നിങ്ങള്‍ മതഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ടാ?' യാത്രയ്ക്കിടയില്‍ തോണിക്കാരനോട് പണ്ഡിതന്‍ ചോദിച്ചു. 'ഇല്ല' എന്ന് തോണിക്കാരന്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ ജീവന്റെ പകുതി നഷ്ടപ്പെട്ടെന്ന് പണ്ഡിതന്‍ പ്രതിവചിച്ചു. യാത്ര തുടരവേ തോണിയിലെ ദ്വാരത്തിലൂടെ വെള്ളം തോണിയില്‍ കയറുന്നത് തോണിക്കാരന്‍ കണ്ടു. തോണിക്കാരന്‍ പണ്ഡിതനോട് ചോദിച്ചു. 'അങ്ങേയ്ക്ക് നീന്തല്‍ അറിയാമോ?' 'ഇല്ല' പണ്ഡിതന്‍ പറഞ്ഞു. 'എങ്കില്‍ താങ്കളുടെ ജീവന്‍ മുഴുവനും നഷ്ടപ്പെടാന്‍ പോവുന്നു.' തോണിക്കാരന്‍ പറഞ്ഞു.  

കോവിഡെന്ന മഹാവ്യാധിക്കൊപ്പം തന്നെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള വലിയ ദുരിതങ്ങള്‍ ഒരേസമയം നേരിടുകയാണ് കേരളം. ഈ സാഹചര്യത്തില്‍ പണ്ഡിതന്റേയും, തോണിക്കാരന്റേയും കഥയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ ജീവനത്തിനും, അതിജീവനത്തിനും അത്യന്താപേക്ഷിതമായ കഴിവുകളാണ് കൊഗ്‌നിറ്റീവ് സ്‌ക്കില്‍സ്, ആശയവിനിമയ പാടവം, അതിജീവനത്തിനുള്ള കഴിവുകള്‍ എന്നിവ.  ഇന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കീഴില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ അതിജീവനത്തിനുള്ള നൈപുണ്യം ഉള്‍പ്പെടുന്നില്ലാ എന്ന വസ്തുത നമ്മള്‍ വളരെ ഗൗരവകരമായി കാണേണ്ട കാര്യമാണ്. തോണിക്കാരന്റെ കഥ അത് വളരെ ലളിതമായി ചൂണ്ടിക്കാണിക്കുന്നു. 

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, പകര്‍ച്ചവ്യാധികള്‍, ഭൂചലനങ്ങള്‍, ചുഴലിക്കാറ്റ് തുടങ്ങിയ ചെറുതും, വലുതുമായ വിവിധതരം ദുരന്തങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി തീരുകയാണെന്ന് തോന്നുന്നു. നിരവധി ജീവനുകളാണ് ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ കാരണം നമുക്ക് നഷ്ടമാകുന്നത്. ഇവയെല്ലാം പെട്ടന്നുള്ളതും സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്നതുമായ ദുരന്തങ്ങളാണെങ്കില്‍, റോഡപകടങ്ങള്‍, ബോംബ് സ്‌ഫോടനങ്ങള്‍, വരള്‍ച്ച, ജലവും, വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍, തീപിടുത്തം പോലുള്ള ചെറിയ ദുരന്തങ്ങളും ലക്ഷക്കണക്കിന് ജീവനുകളെയാണ് പ്രതിവര്‍ഷം അപഹരിക്കുന്നത്. ശരിയായ പ്രാഥമിക ചികിത്സ കിട്ടാത്തതും, യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ വൈകുന്നതുമാണ് പലപ്പോഴും മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. അപകടത്തില്‍ പെട്ടവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവില്ലായ്മയും, ധൈര്യമില്ലായ്മയുയാണ് പൊതുവില്‍ പൊതുജനത്തെ ഇത്തരം സാഹചര്യങ്ങളില്‍ നിഷ്‌ക്രിയരാക്കുന്നത്. നിലവില്‍ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനോടൊപ്പം തന്നെ ഭാവിയില്‍ അവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് നമ്മുടെ സമൂഹം ഇന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. 

നാല് പ്രധാന ഘടകങ്ങളാണ് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ വ്യക്തികളേയും, സമൂഹത്തെയും പ്രാപ്തമാക്കുന്നത്. അതിലൊന്നാമത്തേത് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളാണ്. ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ നല്ല റോഡുകളും, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയടക്കമുള്ള സുരക്ഷാ ഗിയറുകളും, റോഡ് നിയമങ്ങള്‍ അനുസരിക്കുന്ന യാത്രക്കാരും തീര്‍ച്ചയായും റോഡപകടങ്ങളുടെ എണ്ണവും, തീവ്രതയും തീര്‍ച്ചയായും കുറയ്ക്കും. സര്‍ക്കാരുകളും, വിവിധ ഏജന്‍സികളും, ബിസിനസ് ലോകവും റോഡ് സുരക്ഷയും, വൈദ്യുതി സുരക്ഷയുമെല്ലാം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ കണ്ടുപിടിത്തങ്ങളും, ഗുണനിലവാര സംവിധാനങ്ങളുമെല്ലാം വികസിപ്പിച്ചെടുക്കുന്നത് വളരെ നല്ല കാര്യമാണ്. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ സ്വീകരിക്കുന്ന ലോക്ഡൗണ്‍, സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങളും ഈ സുരക്ഷാ സംവിധാനങ്ങള്‍ക്കു കീഴില്‍ വരും.

നമ്മുടെ അനുഭവങ്ങളില്‍ നിന്നും, മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് നമ്മുടെ സമൂഹത്തില്‍ അപകട സാധ്യതകളൊഴിവാക്കുന്നതിനുള്ള സുരക്ഷാസംവിധാനങ്ങളൊരുക്കുകയും, അത് പിന്തുടരാന്‍ ജനത്തെ പ്രേരിപ്പിക്കുകയും വേണം. 

രണ്ടാമത്തെ ഘടകം വ്യക്തികളുടെ അതിജീവന നൈപുണ്യമാണ്. വിവിധ തരത്തിലുള്ള അപകട സാഹചര്യങ്ങളില്‍ നിന്നും സ്വയം രക്ഷപ്പെടാനോ, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതു വരേയ്ക്കും അപകട സാഹചര്യത്തെ അതിജീവിക്കുന്നതിനുമുള്ള അറിവ് എല്ലാ വ്യക്തികള്‍ക്കും ലഭിക്കേണ്ടതുണ്ട്. 2018 ല്‍ തായ്‌ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ കളിക്കാരായ കുട്ടികളുടേയും, അവരുടെ കോച്ചിന്റേയും അതിജീവനത്തിന്റെ കഥ നമ്മള്‍ മാതൃകയാക്കേണ്ടതാണ്. ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ ആ ഗുഹയ്ക്കുള്ളില്‍ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ കൈക്കൊണ്ട സമീപനങ്ങള്‍ നമ്മുടെ പുതിയ തലമുറയെ നമ്മള്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. അപകട സാഹചര്യങ്ങളില്‍ സ്വയം രക്ഷപ്പെടാനുള്ള കഴിവും, തങ്ങളുടെ അപകടസ്ഥിതി മറ്റുള്ളവരെ അറിയിക്കാനുള്ള കഴിവും, രക്ഷാപ്രവര്‍ത്തനത്തോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള കഴിവും നമുടെ കുട്ടികളെ സ്‌കൂള്‍ തലത്തില്‍ തന്നെ നിര്‍ബന്ധമായും ആഭ്യസിപ്പിക്കണം. നീന്തല്‍ മാത്രമല്ല പകര്‍ച്ച വ്യാധികള്‍, തീവ്രവാദികളുടെ ആക്രമണം, സാമ്പത്തിക പ്രതിസന്ധികള്‍, തട്ടിക്കാണ്ടു പോകല്‍ എന്നിങ്ങനെയുള്ള വിവിധ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന അറിവും, കഴിവും സ്‌ക്കൂള്‍ തലത്തില്‍ അഭ്യസിപ്പിച്ചാല്‍ സാമൂഹികവും, വ്യക്തിപരവുമായ ദുരന്തങ്ങളുടെ വ്യാപ്തി വളരെയധികം കുറയ്ക്കാന്‍ സാധിക്കും. ദുരന്ത സാഹചര്യങ്ങളില്‍ ജനം സ്വയം നിയന്ത്രണം പാലിക്കുകയും ചെയ്യും. അത് രക്ഷാപ്രവര്‍ത്തകരുടെ ദൗത്യത്തെ എളുപ്പാക്കുകയും ചെയ്യും.

ഇത് പഠിപ്പിക്കുന്നത് കുറച്ചു മണിക്കൂറുകളിലെ അവബോധന ക്ലാസുകളിലൂടെ ആവരുത്. മറിച്ച് പാഠ്യ സമ്പ്രദായത്തിലുള്‍പ്പെടുത്തി തുടര്‍ച്ചയായ നിര്‍ബന്ധിത പരിശീലനം തന്നെ നല്‍കണം. നിരന്തരം ദുരിതം നേരിടുന്ന സമൂഹങ്ങള്‍ക്കും നിര്‍ബന്ധിത പരിശീലനം നല്‍കണം. മറ്റുള്ളവര്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് അതിജീവന നൈപുണ്യം പഠിക്കുന്നതിനുള്ള സംവിധാനവും വേണം. 

മൂന്നാമത്തെ ഘടകമാണ് ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം. നിലവിലെ സാഹചര്യത്തില്‍ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്‌സ്, പോലീസ്, സൈന്യം, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ദുരന്തമുഖത്ത് ഇവര്‍ എത്തിച്ചേരാനെടുക്കുന്ന സമയവും, ഇവരുടെ പരിമിതമായ അംഗസംഖ്യയും പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത കുറയ്ക്കാറുണ്ട്. ദുരന്തമുഖത്ത് പെട്ടന്നെത്താന്‍ പറ്റുകയും, രക്ഷാപ്രവര്‍ത്തനത്തില്‍ ഇവരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യത്തിന് ലഭ്യമാവുകയും ചെയ്താല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ജീവനുകളെ രക്ഷിക്കാന്‍ സാധിക്കും. ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഒരേ സമയം പലയിടത്തും വിവിധ തരത്തിലുള്ള ദുരന്തങ്ങള്‍. അതിനിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തന്നെ ദുരന്തത്തില്‍പ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ സമൂഹത്തിന്റെ രക്ഷാപ്രവര്‍ത്തന പാടവം നമ്മള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ചുമട്ടു തൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് പ്രഥമ ശുശ്രൂക്ഷ അടക്കമുള്ള പ്രാഥമിക രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കിയാല്‍ ദുരന്തമുഖങ്ങളില്‍ ഇവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനും കഴിയും. അതുപോലെ തന്നെ ആവശ്യമെങ്കില്‍ മറ്റു സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ഇവരെ ഉപയോഗിക്കാന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ എല്ലാ കവലകളിലും ഓട്ടോറിക്ഷാക്കാരുടേയും, ചുമടുതൊഴിലാളികളുടേയും സാന്നിദ്ധ്യമുള്ളതും, ഇവരുടെ മാനസികവും, ശാരീരികവുമായ കരുത്തുമാണ് ഇവരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണം. പരിശീലനം ലഭിച്ച ഓട്ടോ ഡ്രൈവര്‍മാരുടേയും, ചുമട്ടുതൊഴിലാളികളുടേയും ലഭ്യത റോഡ പകടങ്ങളിലെ മരണ നിരക്ക് കുറയ്ക്കാനും കാരണമാവും. മാത്രമല്ല തീപിടിത്തം, ജലവും, വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എന്നിങ്ങനെയുള്ള മറ്റ് അപകടങ്ങളിലും എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇവര്‍ക്ക് സാധിക്കും. 

നാലാമത്തെ ഘടകമാണ് ആധുനികമായ റെസ്‌ക്യൂ എഞ്ചനീയറിംഗ് രീതികളും ഉപകരണങ്ങളും. ഭൂമിയ്ക്കടിയിലും, തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിപ്പോവുന്ന മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ചവയാണ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ നായകള്‍. ഇത്തരത്തില്‍ പരിശീലനം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നായ്ക്കളെ പെട്ടിമുടിയില്‍ രക്ഷപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ശുഭലക്ഷണമാണ്. എന്നാല്‍ ദുരന്തസ്ഥലത്ത് ഉടന്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇത്തരത്തില്‍ പരിശീലനം ലഭിച്ച കൂടുതല്‍ നായ്ക്കള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാകണം. അതുപോലെ തന്നെ തെര്‍മല്‍ ക്യാമറകളും, ഡ്രോണുകളുമടക്കമുള്ള ആധുനിക ഉപകരണങ്ങള്‍ ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ദുരന്ത സ്ഥലത്ത് ലഭ്യമാക്കണം. കൂടാതെ ഇരുപത്തിനാല് മണിക്കൂറും, ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന വിവിധോദ്ദേശ വാഹനങ്ങളും, ഉപകരണങ്ങളും നമ്മള്‍ രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കേണ്ടതുണ്ട്. 

ബിരുദ-ബിരുദാനന്തര തലത്തില്‍ റെസ്‌ക്യൂ എഞ്ചനീയറിംഗ് കോഴ്‌സുകള്‍ വ്യാപകമായി ആരംഭിക്കണം. റെസ്‌ക്യൂ എഞ്ചനീയറിംഗില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതോടൊപ്പം തന്നെ പുതിയ റെസ്‌ക്യൂ ഉപകരണങ്ങളും, രീതികളും കണ്ടെത്തുന്നതിനുള്ള ഗവേഷണവും നടക്കണം. നിലവില്‍ നമ്മുടെ രക്ഷാപ്രവര്‍ത്തകര്‍ സ്വയരക്ഷയ്ക്ക് ഉപയോഗിക്കുന്നതും, രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതുമായ വിവിധ ഉപകരണങ്ങളുടെ കാര്യക്ഷമത കാലാനുസൃതമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പൂര്‍ണ്ണമായും സുരക്ഷാ മുന്‍കരുതലുകളെടുത്തും, പി പി ഇ കിറ്റ് ധരിച്ചും ജോലി നോക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും കോവിഡ് ബാധിക്കുന്ന സംഭവങ്ങള്‍ ഓര്‍മിക്കുക. കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പി.പി.ഇ കിറ്റ്  ധരിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നോക്കുക. നമ്മുടെ ചൂടു കാലാവസ്ഥയിലും സൗകര്യപ്രദമായി ധരിക്കാവുന്ന പി.പി.ഇ കിറ്റുകള്‍ വികസിപ്പിക്കേണ്ടത് റെസ്‌ക്യൂ എഞ്ചനീയറിംഗിന്റെ ലക്ഷ്യമാവണം. പണ്ട് അപകടങ്ങളും മരണങ്ങളും കൂടുതലായിരുന്ന ഫോര്‍മുല വണ്‍ റേസിംഗ് ഇന്ന് അപകടങ്ങളും, മരണങ്ങളും കുറച്ചത് മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കിയ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്.

വിവിധ ദുരന്ത സാഹചര്യങ്ങളില്‍ സ്വീകരിക്കുന്ന നടപടികളെ വിലയിരുത്തി അവയെ കാര്യക്ഷമമാക്കുന്നതുള്ള നടപടികളും റെസ്‌ക്യൂ എഞ്ചനീയറിംഗ് ഗവേഷണത്തിന്റെ ഭാഗമായി ഉണ്ടാവണം. അഴുക്കു ചാലുകളിലും, സെപ്റ്റിക്ക് ടാങ്കുകളിലും, കിണറുകളിലും ജോലി നോക്കുന്നവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനനുയോജ്യമായ സുരക്ഷാ കവചങ്ങളും, ഉപകരണങ്ങളും റെസ്‌ക്യൂ എഞ്ചനീയറിംഗ് വികസിപ്പിക്കണം. എല്ലാവര്‍ക്കും പ്രാപ്യമായ അതിജീവന, സുരക്ഷാ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാനും റെസ്‌ക്യൂ എഞ്ചനീയറിംഗിന് കഴിയണം. 
 
നമ്മുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ തലത്തില്‍ തന്നെ നീന്തലും, ധ്യാനവുമടക്കമുള്ള അതിജീവന നൈപുണ്യ പരിശീലനവും ഇന്ന് തന്നെ ആരംഭിക്കണം. കൂടാതെ സമ്പൂര്‍ണ്ണ അതിജീവന നൈപുണ്യ സാക്ഷരത നമ്മുടെ ലക്ഷ്യമാവുകയും വേണം.  അതുപോലെ രക്ഷാ പ്രവര്‍ത്തനത്തിന് മികച്ച പരിശീലനവും, ഉപകരണങ്ങളും ലഭിച്ച പ്രൊഫഷണലുകളും, സന്നദ്ധ പ്രവര്‍ത്തകരും നമുക്കുണ്ടാവണം. എങ്കില്‍ മാത്രമേ തുടര്‍ച്ചയായി നമ്മുടെ സമൂഹത്തെ വേട്ടയാടുന്ന ദുരന്തങ്ങളെ നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. 


  • സിജിന്‍ ബി ടി, ഡയറക്ടര്‍( സ്‌പോര്‍ട്‌സ് & മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. )
  • ഡോ. ഇന്ദുലേഖ. (ആര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് & ടെക്‌നോളജി, ആലപ്പുഴ)