educationകേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികൾ വീണ്ടും ചർച്ചാവിഷയമായിട്ടുള്ളത് സ്വാഗതാർഹമാണ്. നമ്മുടെ വിദ്യാഭ്യാസമേഖലയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള സാമൂഹികനീതി, ഗുണമേന്മ, തൊഴിൽസാധ്യത തുടങ്ങിയ എല്ലാതലങ്ങളിലും കേരളം ഇന്ന്‌ പിറകോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയുടെ വളർച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വർധനയും വ്യവസായകാർഷികശാസ്ത്ര സാങ്കേതിക മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കുമെന്നതാണ് വികസിതരാജ്യങ്ങളുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. വിദ്യാഭ്യാസമേഖല ഉത്‌പാദനമേഖലകളുടെയും അതുവഴി സാമ്പത്തികമേഖലയുടെയും വളർച്ചയ്ക്ക് പ്രേരകശക്തിയായിമാറുന്നു.

അതേയവസരത്തിൽ ഉത്‌പാദന, സേവന മേഖലകൾ തിരിച്ചും വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കും വൈവിധ്യവത്‌കരണത്തിനുമുള്ള ഉദ്ദീപനശക്തിയായിമാറുന്നു. എന്നാൽ, കേരളത്തിൽ സംഭവിച്ചത് മറിച്ചാണ്. നമ്മുടെ വിദ്യാഭ്യാസമേഖല വളർന്നു പന്തലിച്ചുവന്ന കാലത്താണ് ഉത്‌പാദനമേഖല മുരടിച്ചുപോയത്. കേരളത്തിന്റെ സമ്പദ്‌ഘടന നേരിടുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ പാകത്തിൽ വിദ്യാഭ്യാസ മേഖലയെ പരിവർത്തനം ചെയ്യാൻ നമുക്ക് കഴിഞ്ഞതുമില്ല.  അതിനിടെ കൂടുതൽ നൈപുണ്യങ്ങളും കഴിവുകളുമുള്ളവരെ മാത്രം ഉൾക്കൊള്ളാൻ കഴിയുംവിധം ഉത്‌പാദന, സേവന മേഖലകൾ അതിവേഗം മാറുകയും ചെയ്തു. 

വിദ്യാസമ്പന്നർ ബാധ്യത

ലോകം ഒരു വൈജ്ഞാനിക സമൂഹമായി മാറിക്കൊണ്ടിരിക്കുമ്പോൾ ഈ പരിവർത്തനം ഏറ്റവും പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടായിരുന്ന കേരള വിദ്യാഭ്യാസമേഖല അതിനോട് പ്രതികരിക്കാതെ വൈമുഖ്യംകാട്ടി മാറിനിൽക്കുകയാണുണ്ടായത്. കാലോചിതമായിമാറിയ ലോകസാഹചര്യങ്ങൾക്കാവശ്യമായ കൂടുതൽ നൈപുണ്യങ്ങളും കഴിവുകളും വിദ്യാർഥികൾക്ക് നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ശാരീരികാധ്വാനത്തോട് വിരക്തിജനിപ്പിക്കുകയും പരമ്പരാഗതമായി ലഭിച്ചിരുന്ന കഴിവുകൾകൂടി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിൽ വളർന്നുവന്നത്. 

പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന്‌ പുറത്തുവരുന്ന ബിരുദധാരികൾ നേരിടുന്ന പ്രധാന പ്രശ്നം പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്താൻ പര്യാപ്തമായ പരിശീലനം അവർക്ക് ലഭിക്കുന്നില്ല എന്നതാണ്. നമ്മുടെ ബിരുദധാരികളുടെ തൊഴിൽലഭ്യതാ സാധ്യത കുറഞ്ഞുവരുന്നു എന്നതാണ് കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം. സ്വാഭാവികമായും കേരളം നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയായി മാറിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും വിദ്യാസമ്പന്നർ സമൂഹത്തിന്റെ ആസ്തിയായിരിക്കുമ്പോൾ കേരളത്തിൽ മാത്രം അവർ ബാധ്യതയായിമാറുന്നു. കേവലം ആശയവിനിമയശേഷിയുടെ കുറവുകൊണ്ടുമാത്രം നിരവധി തൊഴിലവസരങ്ങൾ ബിരുദധാരികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

സ്വാശ്രയ കോളേജുകൾ തുറന്നുവിട്ട ഭൂതം

പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കുള്ള കാരണം കണ്ടെത്തി പരിഹരിക്കുന്നതിനു പകരം എൻജിനീയറിങ്‌, മെഡിക്കൽ തുടങ്ങിയ തൊഴിൽസാധ്യത കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കും മറ്റു തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും കേരളം തിരിഞ്ഞതിന്റെ ദുഷ്ഫലങ്ങൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വകാര്യ, സ്വാശ്രയ, പ്രൊഫഷണൽ കോളേജുകളുടെ കടന്നുവരവ് കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ നിലവിലുള്ള പ്രതിസന്ധികൾ രൂക്ഷമാക്കുകയും പുതിയ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. സ്വാശ്രയ മെഡിക്കൽ, എൻജിനീയറിങ്‌ കോളേജുകളാവട്ടെ സാമൂഹ്യനീതി അപകടത്തിലാക്കുന്നു എന്നുമാത്രമല്ല സവിശേഷനൗപുണ്യവും  സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ബിരുദധാരികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവോടെ കേരള സമൂഹത്തിന്റെ ശ്രദ്ധമുഴുവൻ മെഡിക്കൽ, എൻജിനീയറിങ്‌ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മാത്രമായി ചുരുങ്ങിനിൽക്കുന്നത് വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ചുള്ള ചർച്ച അസാധ്യമാക്കുന്നുണ്ട്. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന കുട്ടികളെക്കാൾ എത്രയോ അധികം കുട്ടികൾ അതും സാമൂഹിക പിന്നാക്കാവസ്ഥയിലും ദരിദ്രവിഭാഗത്തിലുംപെട്ടവർ പഠിക്കുന്ന ഐ.ടി.ഐ., പോളി ടെക്നിക്‌, വൊക്കേഷണൽ ഹയർ സെക്കൻഡറി, ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകൾ, സർവകലാശാല ഡിപ്പർട്ടുമെന്റുകൾ തുടങ്ങിയവ നേരിടുന്ന അക്കാദമിക്‌ ഭരണപ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താനും തൊഴിൽ മേഖലകളിൽ ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക്‌ ഒരിടം ഉറപ്പാക്കാനാവാശ്യമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവിഷ്കരിക്കാനും അടിയന്തരമായി ശ്രദ്ധിക്കേണ്ടതാണ്. 

(കേരള ആസൂത്രണ ബോർഡ്‌ അംഗമായ ലേഖകൻ കേരള സർവകലാശാല മുൻ വി.സി.യാണ്‌)

നിഷ്‌ക്രിയമാകുന്ന സർവകലാശാലകൾ 

ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് അക്കാദമിക്‌ നേതൃത്വം നൽകേണ്ട  സർവകലാശാലകൾ നിരവധി പ്രതിസന്ധികളിൽപ്പെട്ട് കേരളത്തിൽ ഫലത്തിൽ നിഷ്‌ക്രിയമായിക്കൊണ്ടിരിക്കുകയാണ്. സർവകലാശാലകളുടെ ഘടനയും പ്രവർത്തനരീതിയുമെല്ലാം സമഗ്രമായ പരിഷ്കരണത്തിനും നവീകരണത്തിനും  വിധേയമാക്കേണ്ടതാണ്. വിദ്യാഭ്യാസമേഖലയിൽ നമുക്കിതുവരെ സമുചിതമായ  വികസനപരിപ്രേക്ഷ്യമോ  നയരൂപവത്‌കരണമോ നടത്താൻ കഴിഞ്ഞിട്ടില്ല. ധനപരവും ഭരണപരവും അക്കാദമിക്കുമായ മേഖലകളിലെല്ലാം സർവകലാശാലകൾ പ്രതിസന്ധികളെ നേരിടുന്നുണ്ട്. ഓരോന്നും സവിശേഷ പരിശോധനയ്ക്ക് വിധേയമാക്കി സമുചിതമായ പരിഷ്കാരങ്ങൾ വരുത്തണം. പതിറ്റാണ്ടുകൾക്കുമുൻപ് തയ്യാറാക്കിയ സ്റ്റാറ്റ്യൂട്ടിന്റെയും ആക്ടിന്റെയും ബലത്തിലാണ് സർവകലാശാലകളുടെ ഭരണരീതികൾ ക്രമീകരിച്ചിട്ടുള്ളത്.  സർവകലാശാലകളിൽ നിക്ഷിപ്തമായിട്ടുള്ള അക്കാദമിക്‌ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഒട്ടും പ്രാപ്തമല്ലാത്ത ഭരണരീതികളാണ് പിന്തുടർന്നുവരുന്നത്.

ചട്ടങ്ങളിലും നിയമങ്ങളിലും ഉചിതമായ  മാറ്റങ്ങൾ വരുത്തിയും സുതാര്യതയും കാര്യക്ഷമതയും വേഗവും ഉറപ്പാക്കിക്കൊണ്ടുള്ള ആധുനികീകരണം നടപ്പാക്കിയും  സർവകലാശാലയിൽ നിക്ഷിപ്തമായ അക്കാദമിക്‌ അജൻഡ സാക്ഷാത്കരിക്കാൻ സഹായകരമായ ഭരണപരിഷ്‌കാരം നടപ്പാക്കിയേതീരൂ. സിൻഡിക്കേറ്റ്, അക്കാദമിക്‌ കൗൺസിൽ, സെനറ്റ് തുടങ്ങിയ  സർവകലാശാല ഭരണസമിതികളുടെ ഘടന, അധികാരപരിധി, അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവ നാളിതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കി അഭിപ്രായസമന്വയത്തോടെ ഉചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കണം. സർവകലാശാല ഭരണസമിതികൾ ജനാധിപത്യതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വേണം  രൂപവത്‌കരിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. എന്നാൽ, അക്കാദമിക്‌ ജനാധിപത്യമാണ് സർവകലാശാലയിൽ നിലനിൽക്കേണ്ടതെന്ന അടിസ്ഥാനപരമായ കാര്യം വിസ്മരിക്കരുത്. 

വൈജ്ഞാനികശാഖകളിൽ മുൻകാലങ്ങളേക്കാൾ വേഗത്തിൽ നടന്നുവരുന്ന മുന്നേറ്റങ്ങളെ സ്വാംശീകരിക്കുന്നതിനായി   നമ്മുടെ പാഠ്യപദ്ധതികളെ പ്രാപ്തമാക്കുന്നതിനും പഠനബോധനരീതികൾ അതിനനുസൃതമായി പരിഷ്കരിക്കുന്നതിനുമുള്ള അക്കാദമിക്‌ നേതൃത്വം കൊടുക്കുന്നതിനും  സർവകലാശാലകൾക്ക് കഴിയണം.    അക്കാദമിക്‌ സമിതികളായ ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി തുടങ്ങിയവ ആധുനികകാലത്തിന് യോജിച്ചവിധം ചടുലമായ പ്രവർത്തനശൈലി സ്വീകരിക്കേണ്ടതാണ്.