രാജ്യത്തെ 851  സർവകലാശാലകളിൽ   കേരളത്തിലെ 15 എണ്ണം ചരമഗതി അടയുന്നതിൽ മുൻപന്തിയിലാണ് എന്നതിൽ സംശയമില്ല. പൊതുവിദ്യാഭ്യാസത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലെ സർവകലാശാലകൾ നടത്തുന്ന മുന്നേറ്റങ്ങൾ പോലും പരീക്ഷിക്കാനാവാത്തവിധം ആന്തരികമായ മൂല്യച്യുതിയും നിർജീവത്വവും നമ്മുടെ പൊതു സർവകലാശാലകളെ ബാധിച്ചുകഴിഞ്ഞു. പ്രശ്നം സർവകലാശാലകളുടെ നേതൃത്വമാതൃക തന്നെയാണ്. മികവില്ലായ്മയ്ക്ക്‌ അമിതമൂല്യം കല്പിക്കുകയും മികവിനും അസാധാരണത്വത്തിനും വിലകല്പിക്കാതിരിക്കുകയുമാണ് ഇതിന്റെ മൂലകാരണം.

നയസമീപനം വേണം
 സർവകലാശാല എക്സിക്യുട്ടീവ് കമ്മിറ്റികൾ, അക്കാദമിക് ഗവേഷണ കൗൺസിലുകൾ എന്നിവയിലെ അംഗത്വം കൂടുതൽ സൂക്ഷ്മമായും മൂല്യവത്തായും തീരുമാനിക്കപ്പെടാനുണ്ട്. രാഷ്ട്രീയവും സാമൂഹികവും ഒക്കെ സർവകലാശാലകൾ കൈകാര്യം ചെയ്യേണ്ടതുണ്ടെങ്കിലും അതിന്റെ മാതൃകയും ഭാഷയും ശൈലിയും വ്യത്യസ്തമാകേണ്ടതുണ്ട്. നയരൂപവത്‌കരണ സ്ഥാനത്തുള്ളവർ കുറവുകൾ ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം എടുക്കേണ്ട നയസമീപനം കൂടി വ്യക്തമാക്കേണ്ടതുണ്ട്. സാധാരണക്കാരെപ്പോലെ വിലപിക്കുന്നതിൽ എന്തർഥം എന്ന് മനസ്സിലാവുന്നില്ല. നവ സർവകലാശാലാ നിർമിതിക്ക്‌ ചില ആശയങ്ങൾ മുന്നോട്ടുവെക്കാം, കാര്യകാരണ സഹിതം.

സർവകലാശാലകളെ പുനഃസംഘടിപ്പിക്കുക
സംസ്ഥാനത്തെ രണ്ടുലക്ഷം സർവകലാശാലാതല വിദ്യാർഥികളിൽ 80 ശതമാനവും സർവകലാശാലാപരിചയം ഇല്ലാതെയാണ് പുറത്തുവരുന്നത്. മികച്ചവർ നടപ്പാക്കുന്ന നല്ല നയങ്ങൾ കണ്ടു നടപ്പാക്കിയാൽ മതി നന്നാവാൻ.  സർവകലാശാലാ അനുഭവം നല്കാൻ നിലവിലുള്ള എല്ലാ സർവകലാശാലകളെയും പൊളിച്ചു വിളക്കിച്ചേർക്കണം, ഏതാണ്ട് 20,000  വിദ്യാർഥികൾക്ക്  ഒരു സർവകലാശാല എന്ന നിരക്കിൽ 30 എണ്ണമായി പുനഃസംഘടിപ്പിക്കണം. ഒരു ജില്ലയിൽ ശാസ്ത്ര സാങ്കേതിക പ്രൊഫഷണൽ വിഷയങ്ങൾക്ക് ഒന്നും മാനവിക ഭാഷാവിഷയങ്ങൾക്ക് ഒന്നുമായി പുനഃസംഘടിപ്പിച്ചാൽ അവയ്ക്ക്‌ സർവകലാശാലാ അനുഭവം 70 ശതമാനം വിദ്യാർഥികൾക്ക് നല്കാൻ കഴിയും.

ഭരണസമിതികൾ പുനഃക്രമീകരിക്കുക
പുനഃക്രമീകരിച്ച 30 സർവകലാശാലകളിലെയും ഭരണസമിതികൾ 15 അംഗ സമിതികളാക്കുക, അങ്ങനെ  450 ഭരണസമിതി അംഗങ്ങളിൽ ആറ്‌ സർവകലാശാലാ ഉന്നതോദ്യോഗസ്ഥർ (വി.സി., രജിസ്ട്രാർ-2  ഡീൻ-2  സീനിയർ െപ്രാഫസർ-1 ) അഞ്ച്‌ ദേശീയ അന്തർദേശീയ നിലവാരമുള്ള അക്കാദമിക്കുകൾ (കുറഞ്ഞത് മൂന്നുപേർ സംസ്ഥാനത്തിന് പുറത്തുനിന്ന്‌)  മികവുള്ള വ്യവസായ അറിവ് സ്ഥാപനങ്ങളിൽനിന്നുമുള്ളവർ അഞ്ചുപേർ എന്നിങ്ങനെ ക്രമീകരിക്കുക. ഒഴിവാക്കാനാവില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസമുള്ള രണ്ട്‌  ജനപ്രതിനിധികൾ കൂടി വരട്ടെ. ഒരു കാരണവശാലും സർവകലാശാലാ ജീവനക്കാരോ വിദ്യാർഥികളോ ഭരണസമിതിയിൽ ഉൾപ്പെടാൻ പാടില്ല. അത്തരം ക്ലിക്കുകളാണ് നമ്മുടെ സർവകലാശാലകളെ തകർക്കുന്നത്. പ്രൊഫഷണലായ, സാമൂഹികപ്രതിബദ്ധതയുള്ള, തൊഴിൽമാർക്കറ്റ്, ഗവേഷണപരിചയം എന്നിവ എന്ത് എന്ന് അറിയാവുന്ന ഒരു ഭരണസമിതിക്കു മാത്രമേ സർവകലാശാലയെ മുന്നോട്ടു നയിക്കാനാവൂ. ശരിയായ ഭരണസമിതിവന്നാൽ പകുതി ഭരണപ്രശ്നം തീർന്നു.

അക്കാദമിക് സമിതികൾ അന്തർദേശീയവത്കരിക്കുക
എല്ലാ സർവകലാശാലയിലും ദേശീയ അന്തർദേശീയ നിലവാരമുള്ള ഒരു അക്കാദമിക് മെന്റർ ഗ്രൂപ്പിനെ അക്കാദമിക് നവീകരണനേതൃത്വത്തിൽ കൊണ്ടുവരിക. നാക്‌ (NAAC)  മാത്രമല്ല എല്ലാ അക്രഡിറ്റേഷൻ റാങ്കിങ് സങ്കേതങ്ങളിലും മത്സരിക്കാനും സ്വന്തംനില മനസ്സിലാക്കാനും സർവകലാശാലാ വകുപ്പുകളെ പ്രേരിപ്പിക്കുക. അക്കാദമിക് സമിതികളെ  പുതിയ കോഴ്സുകളും  പാഠ്യക്രമങ്ങളും ആവിഷ്കരിക്കാൻ പ്രേരിപ്പിക്കുക. കോഴ്‌സ് ആവിഷ്കരിക്കാനും നേതൃത്വംനൽകാനും അധ്യാപകരെ സജ്ജമാക്കുക. അവർക്കു പരിശീലനം നൽകുക. ഓരോ സർവകലാശാലയും ഒരു വിദേശ സർവകലാശാലയെ അക്കാദമിക് പങ്കാളിയാക്കുക. നൂതന അധ്യയനഗവേഷണ സങ്കേതങ്ങൾ കൈമാറുക, പരിശീലിക്കുക.

ഗവേഷണത്തിന്‌ മത്സര ഗ്രാന്റുകൾ
ഗവേഷണത്തിന്‌ എല്ലാ സർവകലാശാലയും ചാൻസലേഴ്‌സ്‌ മത്സരഗ്രാന്റുകൾ നൽകുക. മികവുറ്റ ഗവേഷണ പ്രോജക്ടുകൾ ആകർഷിക്കാനായി പ്രോജക്ടുകൾക്ക്‌ ദേശീയ അടിസ്ഥാനത്തിൽ സർവകലാശാലകൾ ഫണ്ട് ചെയ്യുക. ഒരു വർഷം 50 ലക്ഷം തോതിൽ ഓരോ സർവകലാശാലയ്ക്കും ആരംഭഘട്ടത്തിൽ നൽകാം. ഇത് ക്രമേണ ഒരു കോടിയെങ്കിലും ആക്കാവുന്നതാണ്. 30-50 കോടി രൂപ ഒരു വർഷം ഗവേഷണസംവിധാനത്തിന് നൽകേണ്ടതാണ്. ഇത് മാനേജ് ചെയ്യാൻ വി.സി. തലത്തിൽ തന്നെ മോണിറ്ററിങ് സംവിധാനം ഉണ്ടാവണം. അന്തസ്സർവകലാശാലാസഹകരണവും വ്യവസായപങ്കാളിത്തവും വേണ്ടതാണ്. അന്തർദേശീയഗ്രാന്റുകൾ കൂടി ആകർഷിക്കാനുള്ള പരിസരം അങ്ങനെ ഒരുങ്ങിവരും.

മാനവിക വിഷയങ്ങളിൽ നൂതന സമീപനം
ബിരുദതലത്തിൽ ശാസ്ത്രം, കല, സാഹിത്യം എന്നിവയുടെയൊക്കെ അതിരുകൾനിർണയിക്കുന്നതിൽ മാറിയ സമീപനം വേണം. പുതിയ ലിബറൽ ആർട്‌സ് സർവകലാശാലകളുടെ  ബിരുദ ക്രമീകരണത്തിലെ നവീനതകൾ ശ്രദ്ധിക്കണം. യു.ജി.സി. യുടെ നിബന്ധനകളിൽ മാത്രം കുരുങ്ങാതെ മാനവിക വിഷയങ്ങളിൽ പുതിയ സമീപനം വേണം. എല്ലാ ബിരുദവും പ്രൊഫഷണൽ ബിരുദം ആണ്. ബിരുദശേഷം എല്ലാ വിദ്യാർഥിയും ഒരു പിടി പ്രൊഫഷണലായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാകേണ്ടതുണ്ട്. ഇതിന്റെ അപര്യാപ്തതയാണ് ഇന്ത്യയിലെ മികച്ച കമ്പനികൾ 99 ശതമാനം സി.വി.കളും  നേരെ ചവറ്റുകുട്ടയിൽ ഇടാൻ കാരണം. ബിരുദം ഒരു പിടി നൈപുണ്യങ്ങളുമായി ഘടിപ്പിക്കേണ്ടതുണ്ട്. ദേശീയ നൈപുണ്യ പരിപാടിയുമായി ബിരുദ മേഖലയെ വളരെയധികം ബന്ധിപ്പിക്കേണ്ടതുണ്ട്. 
കാലഹരണപ്പെട്ട 10 ശതമാനം ബിരുദബിരുദാനന്തര കോഴ്‌സുകൾ എല്ലാവർഷവും വിശകലനം ചെയ്തു നിർത്തലാക്കുക.

ഉന്നതവിദ്യാഭ്യാസ സഹായനിധി
ഉന്നതവിദ്യാഭ്യാസ സഹായനിധി രൂപവത്‌കരിച്ച്‌ ദരിദ്ര  വിദ്യാർഥികൾക്ക് സഹായം നൽകിക്കൊണ്ട് ഫീസ് കാലാനുസൃതമായി ഉയർത്തുക. വലിയ ശമ്പളങ്ങളിലേക്കും ഉയർച്ചയിലേക്കും നയിക്കുന്ന ഉന്നത ബിരുദങ്ങൾ ദരിദ്രർക്ക് പ്രാപ്യമായിരിക്കണം എന്നതുപോലെ പ്രധാനമാണ് പണമുള്ളവർ അത്യാവശ്യം സർവകലാശാലാ വികസനത്തിന് മുടക്കണം എന്നത്. ഇതും ഒരു സർവകലാശാലാ ധനകാര്യവിനിയോഗ മാതൃകയാണ്. പഠിക്കുന്നവരും പഠിച്ച്‌ ജോലിയിലുള്ളവരും സംരംഭകരും  ഒക്കെവേണം  സർവകലാശാലയെ വളർത്താൻ.

മികവുറ്റ ഫാക്കൽറ്റി
കേരളത്തിൽ വേരുകളുള്ള അന്തർദേശീയ അക്കാദമിക് കേന്ദ്രങ്ങളിൽ മികവ് പ്രദർശിപ്പിച്ച െപ്രാഫസർമാരെയും ഗവേഷകരെയും ആകർഷിച്ച്‌ വിസിറ്റിങ്‌ ഫാക്കൽറ്റി, കോൺട്രാക്ട് ഫാക്കൽറ്റി (3/5) വർഷം ആയി നിയമിക്കുക. അവർക്കായി ആകർഷകമായ സേവന-വേതനസംവിധാനം താമസസൗകര്യം അടക്കം ഒരുക്കുക. സർവീസ് പ്രൊഫസർമാരെ സർവീസിൽ ഒരു വിദേശ സബ്ബാട്ടിക്കലിനും വർഷത്തിൽ ഒരു ദേശീയ കോൺഫറൻസിനും സർവകലാശാലാ ചെലവിൽ അയക്കാൻ സംവിധാനം ഉണ്ടാക്കുക.

വൈജ്ഞാനിക മേളകൾ
എല്ലാവർഷവും ഒരു അന്തസ്സർവകലാശാലാ ഗവേഷണ വിജ്ഞാനവ്യാപന അന്താരാഷ്ട്ര വൈജ്ഞാനിക മേള സംഘടിപ്പിക്കുക, മികവ് ഗവേഷണം, സംരംഭങ്ങൾ എന്നിവയെ കണ്ടെത്തുക, ആദരിക്കുക. സംസ്ഥാനത്തേക്ക്‌ രാജ്യത്തെ മികച്ച സ്വകാര്യ സർവകലാശാലകളെയും സ്ഥാപനങ്ങളെയും ആകർഷിക്കുക. ഉന്നതവിദ്യാഭ്യാസനിക്ഷേപം വ്യവസായ നിക്ഷേപം പോലെ വിലമതിക്കുക.
 

(കൊച്ചിയിലെ ചിന്മയ കല്പിത സർവകലാശാല പ്രൊഫസറും രജിസ്ട്രാറുമാണ്‌ ലേഖകൻ)