ബി.ജെ.പി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ താരമെങ്കിലും ഗോവ രാഷ്ട്രീയം ചലിക്കുന്നത് മനോഹര്‍ പരീക്കറെന്ന ഒറ്റ വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചാണ്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ മനോഹര്‍ പരീക്കറെ മാറ്റുമെന്ന് ശക്തമായ പ്രചാരണമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുതന്നെ നിലനിര്‍ത്തി, സംഖ്യാബലമുള്ള കോണ്‍ഗ്രസിലെ രണ്ടുപേരെ കൂടി അടര്‍ത്തിയെടുത്താണ് ബി.ജെ.പി. ഗോവയില്‍ വീണ്ടും കളം പിടിച്ചത്. പരീക്കര്‍ അസുഖബാധിതനായതോടെ സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയാണുള്ളതെന്നും ഗോവയിലെ ബി.ജെ.പി. സര്‍ക്കാരിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു.

പരീക്കര്‍ രോഗബാധിതനായി ചികിത്സയ്ക്കു പോയപ്പോള്‍ പകരക്കാരനില്ലാതെ ഗോവയില്‍ ഭരണസ്തംഭനമുണ്ടായി എന്നത് സത്യമായിരുന്നു. ആ സമയത്താണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസ്, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശമുന്നയിച്ചത്. നിര്‍ണായക സന്ദര്‍ഭത്തില്‍ ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര്‍ എന്നീ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. അതോടെ 40 അംഗ നിയമസഭയില്‍ ബി.ജെ.പി. കക്ഷിനില കോണ്‍ഗ്രസിനൊപ്പമായി. കോണ്‍ഗ്രസ് പ്രതിരോധത്തിലുമായി.

GAO CONGRESS
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്‌ക്കൊപ്പം

രോഗബാധിതരായ നഗരവികസന മന്ത്രിയായ ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതമന്ത്രി പാണ്ഡുരംഗ് മഡ്കൈകര്‍ എന്നിവരെ ഗോവ മന്ത്രിസഭയില്‍നിന്ന് മാറ്റിയിട്ടുണ്ട്. രോഗബാധിതരായ ഇരുവര്‍ക്കും സംസ്ഥാനത്തെ ഭരണകാര്യങ്ങളില്‍ സജീവമാകുന്നതിന് സമയം വേണ്ടിവരുമെന്നതിനാലാണ് പുതിയ മന്ത്രിമാരെ നിയമിക്കാന്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചത്.

ഡെപ്യൂട്ടി സ്പീക്കര്‍ ലോബോ മനോഹര്‍ പരീക്കര്‍ ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്ന സമയത്ത് നേരില്‍ പോയി കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നും ബി.ജെ.പി. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോഡാന്‍കര്‍ ഉന്നയിച്ചു. ഇതിനുശേഷമാണ് പരീക്കറെ വൈദ്യസഹായത്തോടെ ഗോവയിലെ വീട്ടിലേക്ക് മാറ്റിയത്. സ്ഥിരമായി ഡല്‍ഹിയിലെ എയിംസില്‍ നിലനിര്‍ത്തുന്നത് കോണ്‍ഗ്രസിന് പുതിയ ആയുധം നല്‍കുമെന്ന ബി.ജെ.പി. നേതൃത്വത്തിന്റെ തിരിച്ചറിവാണ് പരീക്കറുടെ വീട്ടിലേക്കുള്ള മാറ്റം. പരീക്കര്‍ ഗോവയിലെ വീട്ടില്‍ എത്തിയതോടെ മന്ത്രിമാര്‍ സ്ഥിരമായി വീട്ടിലെത്തി, ഭരണകാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ഭരണത്തില്‍ പുതിയ ചലനം ഉണ്ടാവുകയും ചെയ്തു.

 ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി.), മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി.) എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബി.ജെ.പി. നേരത്തെ ഭരണത്തിലേറിയത്. മൂന്ന് സ്വതന്ത്രരും ശരദ്പവാറിന്റെ എന്‍.സി.പിയുടെ ഒരംഗവും ബി.ജെ.പിയെയാണ് പിന്തുണയ്ക്കുന്നത്.

2017-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിത നീക്കത്തിലൂടെ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.ജെ.പി. സര്‍ക്കാരുണ്ടാക്കി. കോണ്‍ഗ്രസിന്റെ ഒരംഗമായ വിശ്വജിത് റാണെയെകൂടി അടര്‍ത്തിയെടുത്തുകൊണ്ടാണ് ബി.ജെ.പി. കോണ്‍ഗ്രസിനെ വെല്ലുവിളിച്ചത്. ഗോവയിലെ കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രിയായിരുന്ന പ്രതാപ്സിങ് റാവുജി റാണെയുടെ മകന്‍ കൂടിയാണ് വിശ്വജിത്.  ഡിസംബറോടെ നാലോളം കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ കൂടി ബി.ജെ.പിയില്‍ എത്തുമെന്നാണ് അണിയറ സംസാരം. അതോടെ ഗോവയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ബി.ജെ.പി. തോണ്ടും.

MANOHAR PARIKKAR

മനോഹര്‍ പരീക്കര്‍ കഴിഞ്ഞാല്‍ ഗോവയില്‍ നല്ലൊരു നേതാവ് ഇല്ല എന്നതാണ് ബി.ജെ.പിയെ അലട്ടുന്ന പ്രശ്‌നം. പരീക്കറെ മാറ്റി പുതിയ ആളെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുമെന്ന്  ബി.ജെ.പി. കേന്ദ്ര നേതൃത്വം സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. അതോടെ ഗോവരാഷ്ട്രീയം കലങ്ങി മറിഞ്ഞു.

ഭരണസ്തംഭനം ഒഴിവാക്കാന്‍ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനാണ് മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടതെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇതനുസരിച്ച് എം.ജി.പി.യിലെ ദീപക് ധവാലികര്‍ ആണ് മന്ത്രിസഭയിലെ ഇപ്പോഴുള്ള മുതിര്‍ന്ന ആള്‍. പരീക്കറിന് ശേഷം ആര് എന്ന ചോദ്യത്തിന് ഘടകകക്ഷിയിലെ എം.ജി.പി. നല്‍കുന്ന ഉത്തരം ഇതായിരുന്നു. എന്നാല്‍ ഘടകകക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് ആത്മഹത്യാപരമായിരുന്നു. ഈ പ്രതിസന്ധിക്കിടയിലാണ് പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിര്‍ത്തി താത്കാലിക പരിഹാരം ബി.ജെ.പി. കണ്ടെത്തിയത്.

മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ നിലനിര്‍ത്തി സമീപഭാവിയില്‍ ഉപമുഖ്യമന്ത്രിയെ കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യവും ബി.ജെ.പി. നോക്കുന്നുണ്ട്. ഉപമുഖ്യമന്ത്രിയിലൂടെ ഘടകകക്ഷികളുടെ വിശ്വാസം വീണ്ടെടുത്ത്, പരീക്കറെ സാവധാനം ഒഴിവാക്കുന്ന കരുതല്‍ നയമാവും ബി.ജെ.പി. ഗോവയില്‍ പരീക്ഷിക്കാന്‍ പോവുന്നത്.