പി.എഫ്. പെന്‍ഷന്‍ പദ്ധതിയിലെ തൊഴിലാളിവിരുദ്ധ ഭേദഗതികള്‍ക്കെതിരായ കോടതിവിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഉപായം തേടുകയാണ് കേന്ദ്രതൊഴില്‍ വകുപ്പ്. 2011-ല്‍ കേരള ഹൈക്കോടതിയാണ് പി.എഫ്. ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കുന്നതിനെതിരേ ആദ്യം താക്കീത് നല്‍കിയത്. അതിനുശേഷം കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, ഹിമാചല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, തെലങ്കാന-ആന്ധ്ര ഹൈക്കോടതി, ഒടുവില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധികളെല്ലാം പി.എഫ്. പെന്‍ഷന്‍ അട്ടിമറിക്കരുതെന്ന താക്കീതോടെയായിരുന്നു.

ആകെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് മാത്രമാണ് ഇ.പി.എഫ്. ഓര്‍ഗനൈസേഷന്റെ ഭേദഗതികളെ ന്യായീകരിച്ചത്. എന്നാല്‍, 2016 ഒക്ടോബര്‍ നാലിന് ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ പി.എഫ്. ഓര്‍ഗനൈസേഷന്‍ അനുകൂല വിധിയെ സുപ്രീംകോടതി പൂര്‍ണമായും നിരാകരിച്ചു. തൊഴിലാളിക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ ശക്തമായ താക്കീതായിത്തീര്‍ന്ന ആ വിധിയും യഥാരൂപത്തില്‍ നടപ്പാക്കാതെ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് ആയിരക്കണക്കിന് കേസുകള്‍ പിന്നീട് വിവിധ ഹൈക്കോടതികളില്‍ വന്നത്. അതിലാണ് 507 കേസുകളില്‍ തീര്‍പ്പുകല്പിച്ച് കേരള ഹൈക്കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. 

പുതിയ ഉപായങ്ങള്‍

epf

കേരളഹൈക്കോടതിയുടെ വിധി രാജ്യത്താകെ ബാധകമാണ്. 2014 സെപ്റ്റംബര്‍ ഒന്നിന് നിലവില്‍വന്ന ഭേദഗതി അപ്പടി റദ്ദാക്കുകയും ഓപ്ഷന്‍ നല്‍കുന്നതിന് കട്ട് ഓഫ് ഡേറ്റ് നിശ്ചയിക്കുന്നത് നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചുവെന്നതുമാണ് ഹൈക്കോടതിവിധിയുടെ കാതല്‍. ഇത് നടപ്പാക്കാന്‍ പ്രതിമാസം ആയിരംകോടി രൂപ അധികം വേണ്ടിവരുമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രിയുടെ വാദം. 

ഇ.പി.എഫ്. പെന്‍ഷന്‍ ഫണ്ട് പാപ്പരാകുമെന്ന വാദമുയര്‍ത്തി കോടതിവിധികളെ മറികടക്കാനുള്ള ഉപായം തേടുകയാണ് ഇ.പി.എഫ്. ഓര്‍ഗനൈസേഷനും കേന്ദ്രസര്‍ക്കാരുമെന്നാണ് തൊഴില്‍മന്ത്രിയുടെ പ്രസ്താവനയിലെ സൂചന. എന്നാല്‍, ഇത് തെറ്റായ കണക്കും തെറ്റായ വ്യാഖ്യാനവുമാണെന്നതാണ് വസ്തുത. നിലവിലുള്ള പെന്‍ഷന്‍ ഫണ്ടിലെ തുകയില്‍നിന്ന് മാത്രം പണമെടുത്ത് നല്‍കണമെന്നല്ല ഹൈക്കോടതി നിര്‍ദേശിച്ചത്. തൊഴിലാളി പി.എഫിലേക്കടച്ച 12 ശതമാനം തുക പി.എഫ്. ഓര്‍ഗനൈസേഷന്റെ പക്കലുണ്ട്. പി.എഫിന് ബാധകമായ ശമ്പളത്തിന്റെ 8.33 ശതമാനമെന്ന തോതില്‍ ബുക്ക് അഡ്ജസ്റ്റ്മെന്റ് നടത്താവുന്നതാണ്. പിരിഞ്ഞുപോയവരാണെങ്കില്‍ അവര്‍ നേരത്തേയടച്ച തുക പി.എഫിനടിസ്ഥാനമായ ആകെ ശമ്പളത്തിന്റെ 8.33 ശതമാനത്തില്‍ കുറവാണെങ്കില്‍ ബാക്കിത്തുക പലിശ സഹിതം തിരിച്ചുവാങ്ങാം. ഇങ്ങനെ വരിക്കാരനില്‍നിന്ന് ആനുപാതികമായ തുക ഈടാക്കിയാണ് വര്‍ധിച്ച പെന്‍ഷന്‍ നല്‍കേണ്ടത്. 

മുതല്‍ എവിടെ പോകുന്നു

pf

വരിക്കാരന്‍ നല്‍കുന്ന തുകയുടെ പലിശയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും വര്‍ധിച്ച തുക പെന്‍ഷനായി നല്‍കാന്‍ പലിശത്തുക പോരെന്നുമാണ് വാദമെങ്കില്‍ മുതല്‍ എവിടെപ്പോകുന്നുവെന്ന ചോദ്യം പ്രസക്തമാണ്. പെന്‍ഷന്‍ ഫണ്ടിലെ അംഗം അടയ്ക്കുന്ന തുക ഒരിക്കലും തിരിച്ചുനല്‍കുന്നില്ല. പെന്‍ഷനായ ആള്‍ മരിച്ചാല്‍ ഭാര്യയ്ക്ക്( അഥവാ ഭര്‍ത്താവിന്)  പെന്‍ഷന്‍ തുകയുടെ പകുതി കുടുംബപെന്‍ഷനായി നല്‍കുന്നുണ്ട്. പങ്കാളിയും കൂടി മരിച്ചാല്‍ അന്ന് നില്‍ക്കുന്നതാണ് പെന്‍ഷന്‍. ആയിരക്കണക്കിനാളുകളുടെ പെന്‍ഷന്‍ഫണ്ടിലെ നിക്ഷേപം ഇങ്ങനെ ഫണ്ടിന് മുതല്‍ക്കൂട്ടാകുന്നു. 

എന്നാല്‍, 2008 വരെ ഇങ്ങനെയായിരുന്നില്ല. ഇ.പി.എഫ്. പെന്‍ഷന്‍ പദ്ധതിയിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്യാമായിരുന്നു. പ്രതിമാസ പെന്‍ഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് ആദ്യം വാങ്ങാം. പിന്നീട് മൂന്നിലൊന്ന് തുക കുറച്ച് പെന്‍ഷനും. പെന്‍ഷനായി 20 വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ തുകയുടെ 90 മടങ്ങ് തുക ഒന്നിച്ചുവാങ്ങി പദ്ധതിയില്‍നിന്നൊഴിയാനുള്ള അവകാശം, പെന്‍ഷനര്‍ മരിച്ചാല്‍ പങ്കാളിക്ക് പെന്‍ഷന്‍ തുകയുടെ 90 മടങ്ങ് ഒന്നിച്ചുവാങ്ങാനുള്ള അവകാശം, ഇത്തരത്തിലുള്ള അവകാശങ്ങളെല്ലാം 2008-ല്‍ റദ്ദാക്കുകയായിരുന്നു. 

പദ്ധതി തകര്‍ക്കാന്‍ ശ്രമം

epf

അതിനു മേലെയാണ് 2014-ലെ ഇരുട്ടടി. ഓപ്ഷന് കട്ട് ഓഫ് ഡേറ്റ് വെക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തില്‍ പദ്ധതിയെ പരോക്ഷമായി തകര്‍ക്കാനുള്ള ശ്രമമാണ് 2014 സെപ്റ്റംബര്‍ ഒന്നിന് നിലവില്‍വന്ന ഭേദഗതിയിലൂടെയുണ്ടായത്. പെന്‍ഷന്‍ പദ്ധതിയില്‍ ഓരോരുത്തരുടെയും വിഹിതത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ 1.16 ശതമാനം കൂടി അടയ്ക്കുന്നത് സ്റ്റാറ്റിയൂട്ടറിയായിരുന്നു. 2014-ലെ ഭേദഗതിയോടെ 15000-ല്‍ അധികം ശമ്പളമുള്ളവരുടെ കാര്യത്തില്‍ ആ 1.16 ശതമാനം, അതായത് പദ്ധതിയുടെ നിര്‍വഹണച്ചെലവ് അതത് വ്യക്തി, അഥവാ തൊഴിലുടമ  അടയ്ക്കണം എന്നായി.

പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 1995-ല്‍ പി.എഫ്. പെന്‍ഷന്‍ പദ്ധതി നിലവില്‍വന്നത്. 1971- മുതലുണ്ടായിരുന്ന ഫാമിലി പെന്‍ഷന്‍ സ്‌കീം ഇല്ലാതാക്കിയാണ് അത് വന്നത്. 1952-ലെ പി.എഫ്. നിയമത്തില്‍ വിപ്ലവകരമായ മാറ്റമാണ് പി.എ. സാംഗ്മ തൊഴില്‍മന്ത്രിയായിരിക്കെ 1995-ല്‍ ഉണ്ടായത്. അങ്ങനെ നിലവില്‍വന്ന പദ്ധതിയില്‍ 2008-ലെയും 2014-ലെയും ഭേദഗതികള്‍ പി.എഫ്. ഓര്‍ഗനൈസേഷന്‍ തന്നിഷ്ടപ്രകാരം വരുത്തുകയായിരുന്നു. 

പാര്‍ലമെന്റിനെയോ പദ്ധതിയില്‍ അംഗങ്ങളായ നാലരക്കോടി തൊഴിലാളികളെയോ വിശ്വാസത്തിലെടുക്കാതെ വരുത്തിയ  ഭേദഗതികള്‍ വഞ്ചനാപരമാണെന്ന് വ്യക്തമാക്കുകയാണ് നീതിപീഠം ചെയ്തത്. തൊഴിലാളികളുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പദ്ധതിയെ നേരെ വിപരീതമായി വ്യാഖ്യാനിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. 2014-ലെ ഭേദഗതിക്ക് ഒരു നിയമത്തിന്റെയും പിന്‍ബലമില്ല, ആ ഭേദഗതിയും അതിനെത്തുടര്‍ന്ന് പലതവണയായി പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ കവരാനായി ഇറക്കിയ സര്‍ക്കുലറുകളും കീറി വലിച്ചെറിയുകയാണ് ഫലത്തില്‍ കേരള ഹൈക്കോടതി ചെയ്തത്. 2016-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതിയുടെ വിധിയുമുണ്ടായിരിക്കുന്നത്. എന്നിട്ടും അപ്പീലിനെക്കുറിച്ച് സംസാരിക്കുകയാണ് തൊഴില്‍മന്ത്രാലയം. 

വൈകിക്കുന്നത് നീതി

ക്ഷേമപദ്ധതിയെ ക്ഷേമപദ്ധതിയല്ലാതാക്കുന്ന മനോഭാവമാണിതിന് പിന്നിലെന്നുപറഞ്ഞാല്‍ കുറ്റം പറയാവതല്ല. കോടതിവിധി നടപ്പാക്കാന്‍ ആയിരംകോടി അധികം വേണ്ടിവരുമെന്ന ഒഴികഴിവിന് ഒരടിസ്ഥാനവുമില്ല. അവകാശികളില്ലാത്ത അരലക്ഷം കോടിയോളം രൂപയാണ് ഇ.പി.എഫില്‍ ഉള്ളത്. പലതരം ക്ഷേമപെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാരിന് ഇ.പി.എഫ്. പെന്‍ഷന്‍ പദ്ധതിയിലേക്ക് കാലാനുസൃതമായ തുക നല്‍കാന്‍ കഴിയേണ്ടതാണ്. എന്നാല്‍, നിയമത്തില്‍ മാറ്റം വരുത്താതെതന്നെ ആ ബാധ്യതയില്‍നിന്ന് ഭാഗികമായി ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍ 2014-ല്‍ ചെയ്തത്. 

2008-ലും 2014-ലും കൊണ്ടുവന്ന ഭേദഗതികള്‍ ഒഴിവാക്കി പി.എഫ്. പെന്‍ഷന്‍ പദ്ധതി ആകര്‍ഷകമാക്കണമെന്നത് കോടിക്കണക്കായ പി.എഫ്. അംഗങ്ങളുടെ താത്പര്യമാണ്. നിലവിലെ ഫണ്ട് ശരിയായി ഉപയോഗിക്കുക, കേന്ദ്രസര്‍ക്കാര്‍  കാലാനുസൃതമായ തുക വിഹിതമായി നല്‍കുക. അതിനൊപ്പം അംഗങ്ങളില്‍നിന്ന് ശമ്പളത്തിനാനുപാതികമായ തുകയ്ക്ക് ഓപ്ഷന്‍ സ്വീകരിക്കുമ്പോള്‍ കിട്ടുന്ന കുടിശ്ശിക സംഖ്യയും കൂടിയാകുമ്പോള്‍ പരമോന്നത നീതിപീഠം നിര്‍ദേശിച്ചതുപോലെ നീതിപൂര്‍വകമായ പെന്‍ഷന്‍ നല്‍കാനാവും. മന്ത്രി ആയിരംകോടി അധികമെന്ന ആശങ്ക പ്രകടിപ്പിച്ച് നീതി വീണ്ടും വൈകിക്കുകയാണ്. ആയിരക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് അവരുടെ കണ്ണടയുന്നതിനുമുമ്പ് നീതി ലഭ്യമാകാതിരിക്കുക എന്നത് വലിയൊരു പാപഭാരമായി ഭരണകൂടത്തിനുമേല്‍ പതിക്കാതിരിക്കാനാണ് കേന്ദ്ര തൊഴില്‍ വകുപ്പ് ശ്രദ്ധിക്കേണ്ടത്.