ചൊവ്വാഴ്ച അമേരിക്കക്കാര്‍ പോളിങ് ബൂത്തിലേക്കു പോകുമ്പോള്‍ നിര്‍ണയിക്കപ്പെടുക രാജ്യത്തിന്റെ മാത്രല്ല, അവര്‍ വോട്ടു ചെയ്യുന്ന ബാലറ്റ് പേപ്പറിലൊരിടത്തും പേരില്ലാത്ത ഒരാളുടെ കൂടി ഭാവിയാകും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ പൊതുവേ അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനോടുള്ള പ്രതിപത്തിയുടെ ഉരകല്ലാണ്. ആ മാറ്റുരയ്ക്കലിലാകട്ടെ, മിക്ക പ്രസിഡന്റുമാരും പിന്‍തള്ളപ്പെട്ടുപോയിട്ടേയുള്ളൂ. 1934-നുശേഷം നടന്നിട്ടുള്ള 21 ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ, ഭരിക്കുന്ന പാര്‍ട്ടിക്ക് ജനപ്രതിനിധി സഭയുടെ നിയന്ത്രണം കൈയാളാന്‍ കഴിഞ്ഞിട്ടുള്ളൂ. 

ഇടക്കാല തിരഞ്ഞെടുപ്പെന്നാല്‍

പ്രസിഡന്റിന്റെ കാലാവധിയായ നാലുവര്‍ഷത്തില്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ യു.എസ്. കോണ്‍ഗ്രസിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ജനപ്രതിനിധി സഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും (435) നൂറു സീറ്റുള്ള സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും (35) രണ്ടുവര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കും. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയിലേക്കും ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 

സെനറ്റിലും ജനപ്രതിനിധി സഭയിലും നിലവില്‍ ഭൂരിപക്ഷം ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്. ആ മേല്‍ക്കൈ ഇല്ലാതാക്കാന്‍ ലഭിച്ച അവസരമായി ഡെമോക്രാറ്റുകളും തോല്‍ക്കില്ലെന്ന വാശിയില്‍ റിപ്പബ്ലിക്കന്‍മാരും തിരഞ്ഞെടുപ്പിനെ നേരിടുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടാല്‍ അത് ആത്യന്തികമായി ബാധിക്കുക ട്രംപ് നടപ്പാക്കാനുദ്ദേശിക്കുന്ന തീരുമാനങ്ങളെയും ഭരണപരിഷ്‌കാരങ്ങളെയുമായിരിക്കും. പ്രസിഡന്റ് പദവിയില്‍ നിന്നുള്ള ട്രംപിന്റെ പുറത്താകലിനുപോലും ഇത് ഇടയാക്കിയേക്കാം. 

ആരു നേടും

ജനപ്രതിനിധിസഭയിലെ 435 സീറ്റില്‍ 235-ഉം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈയിലാണ്. 193 എണ്ണം ഡെമോക്രാറ്റുകളുടെ പക്കലും. പ്രതിനിധികള്‍ രാജിവെക്കുകയോ വിരമിക്കുകയോ ചെയ്തതിനാല്‍ ഏഴു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. സെനറ്റിലെ നൂറു സീറ്റില്‍ 51-ലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ ജനപ്രതിനിധിസഭയുടെ നിയന്ത്രണം കൈക്കലാക്കാന്‍ ഡെമോക്രാറ്റുകള്‍ക്കാവും എന്നാണ് ഫൈവ്തേര്‍ട്ടിഎയ്റ്റ് ഡോട്ട് കോം പോലുള്ള പോളിങ് വെബ്സൈറ്റുകള്‍ പറയുന്നത്. 

സെനറ്റിലെ ഒഴിവുവരുന്ന 35 സീറ്റുകളില്‍ 26-ലും ഇപ്പോഴുള്ളത് ഡെമോക്രാറ്റുകളാണ്. എങ്കിലും, സെനറ്റിലെ ഒഴിവുവരുന്ന സീറ്റുകളിലേറെയും ട്രംപിനോട് താത്പര്യമുള്ള സംസ്ഥാനങ്ങളിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 10 സീറ്റുകളില്‍ മാത്രമേ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ജയം ഒപ്പം നില്‍ക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹവും പാര്‍ട്ടിയും. 

എന്നാല്‍, ട്രംപിനുള്ള ജനപ്രീതി കുറഞ്ഞുവരുകയാണ്. അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയെ അനുകൂലിക്കുന്നവര്‍ 42 ശതമാനമായി കുറഞ്ഞെന്നാണ് ഫൈവ്തേര്‍ട്ടിഎയ്റ്റും 40 ശതമാനമായെന്ന് ഗാലപ്പും പറയുന്നു. ഇടക്കാലതിരഞ്ഞെടുപ്പിനോടടുത്ത് പുറത്തുവരുന്ന ഇത്തരം സര്‍വേ ഫലങ്ങള്‍ പൊതുവേ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കാറുണ്ട്. 

ആവര്‍ത്തനങ്ങള്‍

തന്റെ കീഴില്‍ രാജ്യത്ത് സാമ്പത്തിക ഉന്നമനമുണ്ടായെന്നും തൊഴിലില്ലായ്മ കുറഞ്ഞെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യനാളുകളില്‍ പറഞ്ഞിരുന്ന ട്രംപ് അവസാനമായപ്പോള്‍ പതിവ് തുറുപ്പ് ചീട്ടിറക്കി. അമേരിക്കയിലുള്ള പരദേശികളാണ് രാജ്യപുരോഗതിക്ക് തടസ്സമെന്ന വാദമുയര്‍ത്തി. ദാരിദ്ര്യവും അക്രമങ്ങളും സഹിക്കവയ്യാതെ മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയെ ലക്ഷ്യമാക്കി നീങ്ങുന്ന ജനക്കൂട്ടത്തെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തി. ഇവരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 15,000 സൈനികരെ വിന്യസിച്ചു. അതിര്‍ത്തിയില്‍ മതില്‍കെട്ടി കുടിയേറ്റക്കാരില്‍നിന്ന് രാജ്യത്തെ കാക്കുമെന്നു പറഞ്ഞു. ഡെമോക്രാറ്റുകള്‍ തുറന്ന അതിര്‍ത്തി ആഗ്രഹിക്കുന്നവരും കുടിയേറ്റക്കാരുടെ കൂട്ടത്തെ സ്വാഗതം ചെയ്യുന്നവരുമാണെന്നും ആവര്‍ത്തിച്ചു. ഇതിനുപുറമേയാണ്, മാതാപിതാക്കള്‍ അന്നാട്ടുകാരല്ലെങ്കിലും അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അവിടത്തെ പൗരത്വം ജന്‍മാവകാശമാക്കിയിട്ടുള്ള നിയമം റദ്ദാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. 

ഡെമോക്രാറ്റുകള്‍ നേടിയാല്‍

കോണ്‍ഗ്രസിന്റെ നിയന്ത്രണം കൈയാളാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായാല്‍ ട്രംപിന്റെ സ്വേച്ഛാനടപടികള്‍ക്ക് പൂട്ടുവീഴും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ റഷ്യയുമായി ഗൂഢാലോചന നടത്തി എന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണം വേഗത്തിലാവും. ലൈംഗികാതിക്രമ ആരോപണമുയര്‍ന്നിട്ടും സുപ്രീം കോടതി ജഡ്ജിയായി ബ്രെറ്റ് കവനോയെ നിയമിച്ചതില്‍ അന്വേഷണമുണ്ടാകും. സര്‍വോപരി, ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടിവരും. സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍മാര്‍ക്കും ജനപ്രതിനിധിസഭയുടേത് ഡെമോക്രാറ്റുകള്‍ക്കുമാണെങ്കില്‍, ഇംപീച്ച്മെന്റ് നടപടി പൂര്‍ത്തിയാവുക പ്രയാസമാകും. കാരണം, ജനപ്രതിനിധിസഭ ഇതിനുള്ള പ്രമേയം പാസാക്കിയാല്‍ ഉപരിസഭയായ സെനറ്റ് അതംഗീകരിക്കണം. വെറുതെ അംഗീകരിച്ചാല്‍ പോരാ, മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. 

സെനറ്റില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് ഭൂരിപക്ഷമെങ്കില്‍ ഇതുനടക്കാനുള്ള സാധ്യത കുറവാണ്. എന്തുതന്നെ സംഭവിച്ചാലും, ഇടക്കാലതിരഞ്ഞെടുപ്പിനു ശേഷമുള്ള ട്രംപിന്റെ ഭരണകാലം അതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ സുഗമമാവില്ല എന്നുറപ്പ്.