1986 മാര്‍ച്ച് 26-ാം തീയതിയാണ് നിയമസഭയില്‍ ധനകാര്യമന്ത്രി കെ.എം.മാണി ചരിത്രപ്രസിദ്ധമായ മിച്ച ബജറ്റ് അവതരിപ്പിച്ചത്. പൊതുവെ സംസ്ഥാനങ്ങള്‍ക്ക് മിച്ച ബജറ്റ് അവതരിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ മാണിയുടെ മിച്ച ബജറ്റ് വലിയ രാഷ്ട്രീയ വിവാദമായി. സാമ്പത്തിക സ്ഥിതി ഒരു കാലത്തും മെച്ചപ്പെടാത്ത കേരളത്തില്‍ ഇതാ ഒരു മിച്ച ബജറ്റ് താന്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നു മേനി പറഞ്ഞ് കെ.എം. മാണി പ്രസംഗമവസാനിപ്പിച്ച് തല ഉയര്‍ത്തിത്തന്നെ സഭ വിട്ടിറങ്ങി. പത്രപ്രവര്‍ത്തകരുടെയിടയിൽ വലിയൊരു വിവാദത്തിന് തിരികൊളുത്തുകയായിരുന്നു മാണിയുടെ മിച്ച ബജറ്റ്.

കെ. കരുണാകരനാണ് അന്നു മുഖ്യമന്ത്രി. ഇ.കെ.നായനാര്‍ പ്രതിപക്ഷ നേതാവും. നിയമസഭാ റിപ്പോര്‍ട്ടിങ്ങ് ഏതൊരു ദിനപത്രത്തിനും വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ബജറ്റ് റിപ്പോര്‍ട്ടിങ്. സാമ്പത്തികശാസ്ത്രവും വരവുചെലവു കണക്കും രാഷ്ട്രീയവുമൊക്കെ കൂടിക്കുഴഞ്ഞ ഒരു മേഖല. ചാനലുകളുടെ വരവിനു വളരെ മുമ്പാണ് അതെന്നും ഓര്‍ക്കണം. പി.ആര്‍. വാര്യരും പി.സി. സുകുമാരന്‍ നായരും എം.എം. വര്‍ഗീസുമാണ് അന്ന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയുടെ തലപ്പത്ത്. കെ. പ്രഭാകരന്‍ ചീഫ് റിപ്പോര്‍ട്ടര്‍. ഞാന്‍ താഴെ റിപ്പോര്‍ട്ടറും. ഒപ്പം ജി. ശേഖരന്‍ നായരും മലയിന്‍കീഴ് ഗോപാലകൃഷ്ണനും. നിയമസഭയില്‍ ചോദ്യോത്തരം, ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷനുകള്‍ എന്നിവയാണ് റിപ്പോര്‍ട്ടര്‍മാര്‍ക്കു മാറ്റി വെച്ചിരുന്നത്. ബില്ലുകളും ബജറ്റും മറ്റും മുതിര്‍ന്നവര്‍ക്കും.

മാണി മിച്ച ബജറ്റ് അവതരിപ്പിച്ചതിനു പിറ്റേന്ന് വൈകീട്ട് ഞാന്‍ സെക്രട്ടറിയേറ്റിലൂടെ കറങ്ങുകയായിരുന്നു. ചീഫ് സെക്രട്ടറിയെ ഒന്നു കയറി കണ്ടാലോ എന്നായി ചിന്ത. വി രാമചന്ദ്രനാണ് അന്ന് ചീഫ് സെക്രട്ടറി. സര്‍വാദരണീയനായ ഉദ്യോഗസ്ഥന്‍. കേരളത്തിന്റെ ബ്യൂറോക്രസിയുടെ ചരിത്രത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ചുരുക്കം ചില പ്രഗത്ഭരില്‍ ഒരാള്‍. ഏതു സമയത്തും അദ്ദേഹത്തിന്റെ മുറിയില്‍ കയറാന്‍ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. തലസ്ഥാനത്തെ പ്രധാന പത്രപ്രവര്‍ത്തകര്‍ ചീഫ് സെക്രട്ടറിയില്‍നിന്നു വാര്‍ത്ത കിട്ടുമെന്നു പ്രതീക്ഷിക്കാത്ത കാലമായിരുന്നു. കിറുകൃത്യമായ ബ്യൂറോക്രാറ്റിക് രീതികളുടെയും വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു വി. രാമചന്ദ്രന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണുക എപ്പോഴും സന്തോഷമായിരുന്നു.

പ്രതീക്ഷിച്ചതു പോലെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. ഔദ്യോഗിക ഇരിപ്പിടത്തില്‍നിന്ന് അദ്ദേഹം സെറ്റിയിലേക്കു വന്നിരുന്നു. സുഹൃദ് സംഭാഷണങ്ങള്‍ക്ക് എപ്പോഴും ഈ ഇരിപ്പിടമായിരുന്നു അദ്ദേഹത്തിന് പ്രിയം. ഇരുന്ന പാടേ അദ്ദേഹം മാണിയുടെ മിച്ച ബജറ്റിനെക്കുറിച്ചു പറഞ്ഞു തുടങ്ങി. ബജറ്റിലെ കണക്കൊന്നും ശിരയല്ലെന്നായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം വിശദീകരിച്ചത്. ഒടുവിലദ്ദേഹം പറഞ്ഞു പൂര്‍ത്തിയാക്കിയതിങ്ങനെ: 'We have advised him not to do this. It is a fraud on the budget...'

തലേന്ന് നിയമസഭയില്‍ സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പറയുകയാണ്! കാര്യങ്ങള്‍ കേട്ട് ഞാന്‍ തരിച്ചിരുന്നു. വാക്കുകളോരോന്നും ചെവിയില്‍ മുഴങ്ങുകയാണ്. കുറിപ്പൊന്നും എഴുതിയെടുത്തില്ല. സംസാരം തീര്‍ന്നുവെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ എഴുന്നേറ്റു. നേരെ താഴേക്കിറങ്ങി എന്റെ എസ്ഡി മോട്ടോര്‍ സൈക്കിളിനടുത്തേയ്ക്ക്. വലിയ ശബ്ദത്തോടെ ഇരമ്പിയാര്‍ത്ത് പുക തുപ്പി അത് എന്നെയും കൊണ്ടു കുതിച്ചു. 

മാതൃഭൂമി ഓഫീസിലേയ്ക്ക്. നേരെ എഡിറ്റര്‍ എം.ഡി നാലാപ്പാടിനു മുമ്പില്‍. ഉടനെഴുതെന്ന് ആവേശത്തോടെ പത്രാധിപര്‍. ഉത്സാഹത്തിമിര്‍പ്പോടെ പൂര്‍ണ പിന്തുണയുമായി ന്യൂസ് എഡിറ്റര്‍ വേണുവേട്ടന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ടി.വേണുഗോപാല്‍. പിറ്റേന്ന് മാതൃഭൂമിയുടെ മെയിന്‍ സ്റ്റോറിയായതോടെ മിച്ച ബജറ്റിനെക്കുറിച്ചുള്ള വിവാദങ്ങള്‍ തീയും പുകയും പടര്‍ത്തി വളര്‍ന്നു. ചീഫ് സെക്രട്ടറിയുടെ പേരു പരാമര്‍ശിക്കാതെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നു മാത്രമേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നുള്ളൂ. പത്രലേഖകനെന്ന നിലയ്ക്ക് കോളിളക്കം സൃഷ്ടിച്ച എന്റെ ആദ്യ മെയിന്‍ സ്റ്റോറി.

മിച്ച ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയത് വിവാദം കൊഴുപ്പിച്ചു. കേരളത്തിലെ ബജറ്റ് മിച്ച ബജറ്റല്ല കമ്മി ബജറ്റ് തന്നെയാണെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി ജനാര്‍ദനന്‍ പൂജാരി ലോക്സഭയില്‍ പ്രസ്താവിച്ചു. മാണിയുടെ ബജറ്റ് ഒരേ സമയം മിച്ചവും കമ്മിയുമാണെന്നായിരുന്നു മുഖ്യമന്ത്രി കരുണാകരന്റെ വിചിത്രമായ സിദ്ധാന്തം. ബജറ്റിനെക്കുറിച്ചുള്ള വിവാദം ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാാക്കിയിരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് (ഐ) പ്രസിഡന്റ് ജി. കാര്‍ത്തികേയന്‍ ആരോപിച്ചു. 'മന്ത്രി മാണി പറയുന്നതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ, ഏതാണ് ജനം വിശ്വസിക്കേണ്ടത്?' കാര്‍ത്തികേയന്‍ ചോദിച്ചു.

പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ഡോ. പി.കെ. ഗോപാലകൃഷ്ണന്‍, പ്രശസ്ത സാമ്പത്തിക വിദഗ്ദനായ ഡോ.കെ.എന്‍. രാജ് എന്നിവരും മാണിയുടെ മിച്ച ബജറ്റിനെതിരെ ശക്തമായി രംഗത്തു വന്നു. ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ.എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ത്ഥമാണെന്നു മാത്രമല്ല തട്ടിപ്പു കൂടിയാണെന്നായിരുന്നു ഡോ.കെ.എന്‍. രാജിന്റെ ആക്ഷേപം. 'ഗവണ്‍മെന്റിന് ഇപ്പോള്‍ 140 കോടി മിച്ചമുണ്ടെന്ന മാണിയുടെ വാദം തികച്ചും അപഹാസ്യമാണ്. മാണിയുടെ വാദങ്ങള്‍ തികച്ചും തെറ്റാണ്.' ഡോ.രാജ് പറഞ്ഞു.

മാണിയുടെ 1986 ബജറ്റില്‍നിന്ന് ഡോ.തോമസ് ഐസക്കിന്റെ 2020 ബജറ്റിലെത്തുമ്പോള്‍ സാങ്കേതികമായി കാര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ തന്നെയാണ്. 1986 മാര്‍ച്ച് 26-ന് ധനകാര്യമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ നിന്ന്: 'പുതുക്കിയ അടങ്കലുകളനുസരിച്ച് നമുക്ക് 1985-86 സാമ്പത്തിക വര്‍ഷത്തിന്റെ കമ്മി ഒട്ടും ഉണ്ടാകില്ലെന്നു മാത്രമല്ല, 82.13 കോടി രൂപയുടെ മിച്ചം ഉണ്ടാവുകയും ചെയ്യുമെന്ന് കൃതാര്‍ത്ഥതയോടെ, അഭിമാനത്തോടെ ഞാന്‍ ബഹുമാനപ്പെട്ട സഭാംഗങ്ങളെ അറിയിക്കട്ടെ. 48 കോടിരൂപ കമ്മി ഉണ്ടാവുമായിരുന്ന ചുറ്റുപാടിലാണ് ഇത്ര മിച്ചം നാം ഉണ്ടാക്കുക. ഒക്ടോബര്‍ 17-ാം തീയതി നമ്മുടെ മിച്ചം 97 കോടി രൂപയായിരുന്നു. നവംബര്‍ 13-ാംതീയതി 113 കോടിരൂപയും ഡിസംബര്‍ 16-ാം തീയതി 121 കോടിരൂപയും. 1986 മാര്‍ച്ച് 15-ാം തീയതി കേരള ഗവണ്‍മെന്റിന്റെ മിച്ചം 98 കോടി രൂപയാണ്.'

മാണിയുടെ ഈ മിച്ചക്കണക്കുകളെ ആധികാരികമായിത്തന്നെ പൊളിക്കാന്‍ ശ്രമിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്. 2011-ല്‍ ഐസക് പ്രസിദ്ധീകരിച്ച 'കള്ളം പച്ചക്കള്ളം, പിന്നെ കെ.എം. മാണിയുടെ കണക്കുകളും' എന്ന പുസ്തകം മാണിയുടെ കണക്കുകളെയും സാമ്പത്തിക നിലപാടുകളെയും നിശിതമായി വിമര്‍ശിക്കുന്നതാണ്. 

ചില പ്രത്യേക ദിവസങ്ങളില്‍ റിസര്‍വ് ബാങ്കിലെ കേരളത്തിന്റെ അക്കൗണ്ടില്‍ മിച്ചം വരുന്ന തുകയുടെ പെരുമ്പറമുഴക്കിയാണ് അന്നു മാണി തന്റെ മിച്ചക്കണക്കിനെ ന്യായീകരിച്ചതെന്ന് ഐസക്ക് തന്റെ ഗ്രന്ഥത്തില്‍ പറയുന്നു. കേരളത്തിന്റെ ആദ്യ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന കിരീടം ചൂടാനുള്ള ആര്‍ത്തിയില്‍ കണക്കു ചമച്ച് കെ.എം. മാണിയെ കോണ്‍ഗ്രസുകാര്‍ തന്നെയാണു തുറന്നു കാണിച്ചതെന്ന് കരുണാകരന്റെയും  കാര്‍ത്തികേയന്റെയും ഡോ.പി.കെ ഗോപാലകൃഷ്ണന്റെയും ജനാര്‍ദനന്‍ പൂജാരിയുടെയുമൊക്കെ പ്രസ്താവനകള്‍ നിരത്തിവെച്ച് ഐസക് ആക്ഷേപിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് ഐസക്കിന്റെ 2020 ബജറ്റ് മിച്ച ബജറ്റ് തന്നെയാണെന്ന പത്രറിപ്പോര്‍ട്ടുകള്‍ പ്രസക്തമാവുന്നത്. പദ്ധതിച്ചെലവുകള്‍ക്കായി 1000 കോടി രൂപ കൂടി കടമെടുക്കുകയും ആ തുക ബജറ്റില്‍ വരവായി മാറുകയും ചെയ്യുമ്പോഴത്തെ ചിത്രമാണ് ഈ റിപ്പോര്‍ട്ടുകളില്‍ വിശദമായി ചിത്രീകരിച്ചിരിക്കുന്നത്. സാങ്കേതികമായി ഈ കണക്കു ശരി തന്നെയാണു താനും. 

അതായത് സാങ്കേതികമായി ഐസക്കിന്റെ ഈ വര്‍ഷത്തെ ബജറ്റ് മിച്ച ബജറ്റാണ്. പക്ഷെ ഇത് മിച്ച ബജറ്റാണെന്ന് അവകാശപ്പെടാന്‍ ഐസക്ക് ശ്രമിക്കുന്നതേയില്ല. കേരളത്തിലെ ആദ്യത്തെ മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം.മാണി കാണിച്ച അത്യുത്സാഹം ഐസക്ക് കാണിക്കുന്നില്ല. വര്‍ഷാവസാനം ബാക്കി നോക്കി ബജറ്റ് മിച്ചമാണോ കമ്മിയാണോ എന്ന് ആരും വിലയിരുത്താറില്ലെന്നാണ് ഐസക്ക് പറയുന്നത്. 

സര്‍ക്കാറിന്റെ വരവും ചെലവും തമ്മിലുള്ള വിടവാണ് റവന്യൂ കമ്മി. ആ കമ്മി നികത്തുന്നത് വായ്പയെടുത്താണ്. ധനക്കമ്മി എന്നതുകൊണ്ട് എത്ര വായ്പ എടുക്കേണ്ടി വരും എന്നതാണ് ഉദ്ദേശിക്കുന്നത്. ഇക്കൊല്ലം, വായ്പയെടുത്തും അധികമായി സമാഹരിക്കുന്ന പണം കൊണ്ടും റവന്യൂ കമ്മി നികത്തിയ ശേഷം  98 കോടി രൂപ ബാക്കിവരുമെന്നാണ് നിയമസഭയില്‍ അവതരിപ്പിച്ച കണക്ക്. സാങ്കേതികമായി നോക്കിയാല്‍ മിച്ചമാണെങ്കിലും അത് കടമെടുത്ത് വരുമാനത്തിലെ വിടവ് നികത്തിയ ശേഷമുള്ള ബാക്കിയാണ്,' ഐസക്ക് പറഞ്ഞു. (മാതൃഭൂമി ഫെബ്രുവരി 9, 2020).

മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയുടെ സ്മാരകത്തിനായി അഞ്ച് കോടി രൂപ ബജറ്റില്‍ വക കൊള്ളിച്ച് പഴയ ധനകാര്യമന്ത്രിയുടെ സ്മരണയുമായി രഞ്ജിപ്പിലെത്താന്‍ ശ്രമിക്കുകയും ചെയ്തു ഐസക്ക്. എങ്കിലും കെ.എം. മാണിയുടെ മിച്ച ബജറ്റ് എന്ന കെണിയില്‍ വീഴാന്‍ അദ്ദേഹം തയ്യാറായതുമില്ല. സാങ്കേതികമായി മിച്ച ബജറ്റെങ്കിലും അതു തുറന്നുപറയാന്‍ നില്‍ക്കാതെ കണക്കു പറഞ്ഞു മുന്നേറുന്ന തോമസ് ഐസക്ക് 35 വര്‍ഷം മുമ്പ് മാണി സ്വയം ചൂടിയ കിരീടം ദൂരേയ്ക്ക് മാറ്റിവെക്കുകയാണ്. അതിന്റെ പേരില്‍ ഒരു വിവാദമുണ്ടാക്കി ബജറ്റിനെ കുരുക്കിലാക്കാന്‍ ഐസക്കിനു മനസ്സില്ലെന്നര്‍ത്ഥം.

Content Highlights: Comparison between KM Mani and Thomas Isac over Surplus budget