കാര്‍ക്കശ്യക്കാരനും മുന്‍പിന്‍ നോക്കാതെ തീരുമാനങ്ങളെടുക്കുന്നയാളുമായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ത്തന്നെ മറ്റു ലോകരാജ്യങ്ങളുമായുള്ള യു.എസിന്റെ ബന്ധം വീണ്ടും വഷളാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇടക്കിടെ ചില നല്ല വാര്‍ത്തകള്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും യു.എസിന്റെ ലോകപോലീസ് കളി ഉഭയകക്ഷിബന്ധങ്ങളെ ഉലച്ചുകൊണ്ടേയിരിക്കുന്നു. ചൈനയുമായുള്ള വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലെത്തിയത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. ചൈനയ്ക്ക് പുറമേ തുര്‍ക്കി, ഇറാന്‍,റഷ്യ, പാകിസ്താന്‍, ഉത്തരകൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി യു.എസിനുള്ള തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും അതിന്റെ ഏറ്റവും മോശമായ ഘട്ടത്തിലാണിപ്പോള്‍. ഉപരോധമാണ് ശത്രുരാജ്യങ്ങള്‍ക്ക് നേരെ യു.എസ്. പ്രയോഗിക്കുന്ന കടുത്ത ആയുധം. ഉപരോധത്തിന്റെ രൂപത്തില്‍ യു.എസ്. ആഞ്ഞടിക്കുമ്പോള്‍ ആ കാറ്റില്‍ ഉലഞ്ഞ് തകര്‍ന്നുവീഴാതിരിക്കാന്‍ പാടുപെടുകയാണ് ഇറാനും തുര്‍ക്കിയും. പാകിസ്താനിലും യു.എസുമായുള്ള ഭിന്നത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത് ചൈനയാണ്.

ചൈനയെ പാഠം പഠിപ്പിക്കാന്‍

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 20,000 കോടി ഡോളറിന്റെ( (14 ലക്ഷം കോടി രൂപ) ഉത്പന്നങ്ങള്‍ക്ക് യു.എസ്. തീരുവയേര്‍പ്പെടുത്തുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. അരി, തുണിത്തരങ്ങള്‍, ഹാന്‍ഡ്ബാഗ് എന്നിവയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തുന്ന പത്ത് ശതമാനം ഇറക്കുമതിത്തീരുവ സെപ്റ്റംബര്‍ 24 മുതല്‍ നിലവില്‍ വരും. ചൈന യു.എസിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ 40 ശതമാനത്തിലേറെ വരുമിത്. (ഇതിനുള്ള തിരിച്ചടിയായി 6,000 കോടി ഡോളറിന്റെ (4.36 ലക്ഷം കോടി രൂപ) യു.എസ്. ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവയേര്‍പ്പെടുത്തി.)

USA-CHINA

യു.എസിന്റെ വിദേശവ്യാപാരം നീതിയുക്തമാക്കുമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അധികാരത്തിലേറിയതുമുതല്‍ തങ്ങളുടെ ഏറ്റവും പഴയ വ്യാപാരപങ്കാളികളോട് പോലും ട്രംപ് ഉടക്ക് തുടങ്ങി. ഇതില്‍ പ്രധാനമായിരുന്നു ചൈന.  നീതിരഹിതമായ വ്യാപാരനയമാണ് ചൈനയുടേതെന്നാണ് യു.എസിന്റെ പ്രധാന ആരോപണം. തങ്ങളുടെ സാങ്കേതികവിദ്യ മോഷ്ടിച്ച് ചൈന കൈമാറ്റം ചെയ്യുകയാണെന്നും ചൈനീസ് വിപണിയിലേക്ക് പ്രവേശനം നല്‍കണമെങ്കില്‍ തങ്ങളുടെ സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യണമെന്ന് വിദേശകമ്പനികള്‍ക്ക് മേല്‍ ചൈന സമ്മര്‍ദം ചെലുത്തുകയാണെന്നും പലതവണ ട്രംപ് ആരോപിച്ചു.ഉരുക്ക്, അലുമിനിയം ഇറക്കുമതിയ്ക്ക് തീരുവയേര്‍പ്പെടുത്താനുള്ള യു.എസ്. തീരുമാനമാണ് പ്രത്യക്ഷ വ്യാപാരയുദ്ധത്തിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്. അതിന് പിന്നാലെ ചൈനയ്ക്ക് നേരെയുള്ള നടപടികളുടെ ആദ്യപടിയെന്നോണം 5,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസും. അത്രതന്നെ യു.എസ്. ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവ ചുമത്തി.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവയേര്‍പ്പെടുത്തി അവരെ ചൊല്‍പടിയ്ക്ക് നിര്‍ത്താമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്ന് യു.എസിലെ വ്യാപാരസമൂഹത്തിന് തന്നെ അഭിപ്രായമുണ്ടെന്നതാണ് വാസ്തവം.  പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മൂന്നാംഘട്ടമായി 26,700 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക്  കൂടി തീരുവയേര്‍പ്പെടുത്തുമെന്നും 2019 ജനുവരി ഒന്നുമുതല്‍ പത്ത് ശതമാനം തീരുവയെന്നത് 25 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നും യു.എസ്. വ്യക്തമാക്കിക്കഴിഞ്ഞു.  വ്യാപാരത്തര്‍ക്കം പരിഹരിക്കാനായി ചര്‍ച്ചയ്ക്ക് സന്നദ്ധമായിരുന്ന ചൈന പുതിയ തീരുവയെത്തിയതോടെ ആ തീരുമാനം മാറ്റിയ സാഹചര്യത്തില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. അതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവയേര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ഉടന്‍ നടപ്പാകുകയും ചെയ്യും.
 
വാസ്തവത്തില്‍ യു.എസിനോ ചൈനയ്‌ക്കോ നേട്ടമൊന്നും ലഭിക്കാത്ത തര്‍ക്കമാണിത്. നീണ്ടു പോകുംതോറും ഇരുവര്‍ക്കും നഷ്ടം വര്‍ധിക്കുകയും ചെയ്യും. ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ സമ്മര്‍ദത്തിലാകുകയും ചെയ്യും. ഇവര്‍ക്ക് പുറമേ ആഗോളസമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെയും യു.എസ്.-ചൈന വ്യാപാരയുദ്ധം ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.) മുന്നറിയിപ്പ് നല്‍കുന്നു. 

Read More: വ്യാപാരയുദ്ധം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ആടിയുലഞ്ഞ് തുര്‍ക്കി

നാറ്റോയിലെ പ്രധാന സഖ്യകക്ഷികളായ തുര്‍ക്കിയുടെയും യു.എസിന്റെയും ബന്ധത്തില്‍ ഉലച്ചിലുണ്ടാകുന്നത് രണ്ടാം തവണയും രജപ് തയ്യിപ് ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ പ്രസിഡന്റായതിന് ശേഷമാണ്. ജൂണിലായിരുന്നു ഇത്. പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നുമാറി പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയ്ക്ക് ശേഷം കൂടുതല്‍ ശക്തനായെത്തിയ ഉര്‍ദുഗാനെ യു.എസ്. ഭയപ്പെട്ടു തുടങ്ങിയിരുന്നു. 

us-turkey

രണ്ട് വര്‍ഷമായി തുര്‍ക്കി തടവില്‍ വെച്ചിട്ടുള്ള യു.എസ്. പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സണിനെ യു.എസിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് യു.എസ്.-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാക്കിയത്. 2016-ല്‍ തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമം ആസൂത്രണം ചെയ്ത ഫെത്തുള്ള ഗുലന്റെ നേതൃത്വത്തിലുള്ള ഗുലന്‍ പ്രസ്ഥാനവുമായും നിരോധിത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായും ബ്രന്‍സണിന് ബന്ധമുണ്ടെന്നാരോപിച്ചാണ് തുര്‍ക്കി ജീവിക്കുന്ന ബ്രന്‍സണിനെ തടവിലാക്കിയത്. ബ്രന്‍സണിനെ വിട്ടുനല്‍കണമെങ്കില്‍ യു.എസില്‍ അഭയം തേടിയിട്ടുള്ള ഫെത്തുള്ള ഗുലനെ തുര്‍ക്കിയ്ക്ക് തിരികെ നല്‍കണമെന്ന ഉര്‍ദുഗാന്റെ ആവശ്യം പക്ഷേ യു.എസ്. നിരസിച്ചു. ഇതോടെ ബ്രന്‍സണിനെ തുര്‍ക്കി വീട്ടുതടങ്കലിലേക്ക് മാറ്റി. ഇതാണ് യു.എസിനെ പെട്ടെന്ന് ചൊടിപ്പിച്ചത്.
 
തുര്‍ക്കിയുടെ ആഭ്യന്തര,നിയമ മന്ത്രിമാര്‍ക്ക്  ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട് യു.എസ്. പ്രതികാരനടപടികള്‍ക്ക് തുടക്കമിട്ടു. തുര്‍ക്കിയും ഇതേ രീതിയില്‍ത്തന്നെ തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍ തുര്‍ക്കിയില്‍ നിന്നുള്ള ഉരുക്ക്, അലുമിനിയം ഇറക്കുമതിക്കുള്ള തീരുവ ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്ന് ഓഗസ്റ്റ് പത്തിന് ട്രംപ് നടത്തിയ പ്രസ്താവന തുര്‍ക്കിക്കേറ്റ കനത്ത പ്രഹരമായി. ഇതോടെ തുര്‍ക്കി കറന്‌സിയായ ലിറയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ചയാണുണ്ടായത്. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഒറ്റദിവസം കൊണ്ട് ലിറയുടെ മൂല്യത്തില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടായി. അതിനൊപ്പം ഓഹരിവിപണി കൂപ്പുകുത്തുകയും വിലക്കയറ്റം മുകളിലേക്ക് കുതിക്കുകയും ചെയ്തതോടെ തുര്‍ക്കിയുടെ സമ്പദ്വ്യവസ്ഥ തളരാന്‍ തുടങ്ങി. ലിറയുടെ മൂല്യത്തകര്‍ച്ച പരിഹരിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കേന്ദ്രബാങ്ക് ശ്രമം തുടങ്ങിയെങ്കിലും തുര്‍ക്കി സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചുതുടങ്ങിരിക്കുന്നു. ഇരുഭാഗത്ത് നിന്നും ഉടനെങ്ങും വിട്ടുവീഴ്ചയുണ്ടാകുമെന്ന് കരുതാനാകാത്ത സാഹചര്യത്തില്‍ തുര്‍ക്കിയുടെ നില പരുങ്ങലില്‍ത്തന്നെ തുടരും.

വിട്ടുവീഴ്ചയില്ലാതെ ഇറാന്‍

ഇറാന്‍ ആണവക്കരാറില്‍ നിന്ന് യു.എസ്. പിന്മാറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത്. 2015-ല്‍ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഒപ്പിട്ട ആണവക്കരാറില്‍ നിന്ന് പിന്മാറുകയും ഇറാനുമേലേര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും വീണ്ടും പോര്‍വിളികളുമായെത്തിയത്. യു.എസ്. ബാങ്ക്‌നോട്ടുകള്‍ ഇറാന്‍ വാങ്ങുന്നത്, സ്വര്‍ണമുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം, ഗ്രാഫൈറ്റ്, അലുമിനിയം,ഉരുക്ക്,കല്‍ക്കരി, വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള സോഫ്‌റ്റ്വേറുകള്‍, ഇറാനിയന്‍ റിയാലുമായി ബന്ധപ്പെട്ട വിനിമയങ്ങള്‍ക്ക്‌,കടപ്പത്ര വിനിമയം, മോട്ടോര്‍ വാഹനവ്യവസായം തുടങ്ങിയവയ്ക്ക് മേലാണ് യു.എസ്. ഓഗസ്റ്റില്‍ ഉപരോധം പ്രഖ്യാപിച്ചത്. ഊര്‍ജം, ഷിപ്പിങ്, പെട്രോളിയം,വിദേശവിനിമയം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ നവംബറിലെ  രണ്ടാംഘട്ടത്തിലേര്‍പ്പെടുത്തുമെന്നും യു.എസ്. വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള വ്യാപാരത്തില്‍ നിന്ന് പിന്മാറണമെന്ന് മറ്റ് സഖ്യരാജ്യങ്ങളെ യു.എസ്. ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

us iran

ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ സാമ്പത്തികമേഖല കടുത്ത പ്രതിസന്ധി നേരിടുന്നത്. അല്ലാതെ തന്നെ മോശം അവസ്ഥയിലായിരുന്ന ഇറാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് യു.എസ്. ഉപരോധം ഇരുട്ടടിയായി. തുര്‍ക്കിയ്ക്ക് സമാനമായ രീതിയില്‍ കൂടുതല്‍ തിരിച്ചടി നേരിട്ടത് ഇറാന്‍ കറന്‍സിയായ റിയാലാണ്. ഒരു ഘട്ടത്തില്‍ ഡോളറിനെതിരേ ഒരു ലക്ഷം റിയാലെന്ന നിലയിലേക്ക് അതിന്റെ മൂല്യം കൂപ്പുകുത്തിയിരുന്നു. നവംബറിലെ രണ്ടാം ഘട്ട ഉപരോധത്തില്‍ ഇറാന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണക്കയറ്റുമതി ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപരോധം വരുന്നതോടെ ഇറാന്‍ വീണ്ടും തകര്‍ച്ചയിലേക്ക് പോകും. 
ഇറാനുമായി ചര്‍ച്ചയില്ലെന്ന് ട്രംപും യു.എസുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടനൊന്നും ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ വിരാമമാകുമെന്ന് കരുതാനാവില്ല.

Read More: അവസരം കാത്ത് ഇന്ത്യ

സ്‌ക്രിപലില്‍ വീണ് റഷ്യ

ബ്രിട്ടനില്‍ വെച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കും നേരെയുണ്ടായ രാസായുധാക്രമണത്തില്‍ പ്രതിഷേധിച്ച് റഷ്യയ്ക്ക് നേരെ യു.എസ്. ഉപരോധം പ്രഖ്യാപിക്കുന്നത് ലോകം അത്ഭുതത്തോടെയാണ് കേട്ടത്. പ്രത്യേകിച്ചൊരു കാരണമില്ലെങ്കില്‍  കിട്ടിയതില്‍ കടിച്ചുതൂങ്ങുകയെന്ന ട്രംപിന്റെ ശൈലി തന്നെയാണ് ഇവിടെയും കണ്ടത്. സ്‌ക്രിപലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

us russia

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സൈനികാവശ്യങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നാണ് യു.എസിന്റെ ഭീഷണി. ആദ്യഘട്ടത്തിലെ ഉപരോധം റഷ്യയ്ക്ക് വലിയരീതിയിലുള്ള പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും റഷ്യയുമായുള്ള ഡോളര്‍ വിനിമയം, റഷ്യന്‍ ബാങ്കുകള്‍ എന്നിവയെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങള്‍ രണ്ടാം ഘട്ടത്തില്‍ കൊണ്ടുവന്നാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിലേക്കാകും നയിക്കുക. ആദ്യഘട്ട ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് റഷ്യന്‍ കറന്‍സിയായ റൂബിളിനും മൂല്യത്തകര്‍ച്ചയുണ്ടായി.

'ഭീകര'പ്രശ്‌നത്തില്‍ പാകിസ്താനുമായും...

'കോടിക്കണക്കിന് ഡോളറാണ് നമ്മള്‍ ഓരോവര്‍ഷവും പാകിസ്താന് സഹായമായി നല്‍കുന്നത്. എന്നാല്‍ പാകിസ്താനാകട്ടെ നമ്മള്‍ ആര്‍ക്കെതിരേ പോരാടുന്നോ അതേ തീവ്രവാദികള്‍ക്ക്‌ തന്നെ അഭയം നല്‍കുന്നു'-2017-ല്‍ പുതിയ അഫ്ഗാന് നയം പ്രഖ്യാപിക്കുമ്പോള്‍ ട്രംപ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണിത്. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.എസിലെ ട്രംപിന്റെ മുന്‍ഗാമികള്‍ പാകിസ്താനെതിരേ തെളിഞ്ഞും മറഞ്ഞും ഒളിയമ്പുകളെയ്തിട്ടുണ്ടെങ്കിലും പരസ്യമായ തുറ്ന്നുപറച്ചില്‍ നടത്തിയത് ട്രംപാണെന്ന് പറയാം.

us pak

ലഷ്‌കറെ ത്വയ്ബ, ഹഖാനി ശൃംഖല  തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പാകിസ്താന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ആ രാജ്യത്തിന് നല്‍കിവന്നിരുന്ന 30 കോടി ഡോളറിന്റെ (ഏകദേശം 2139 കോടി രൂപ) സൈനികസഹായം നിര്‍ത്തലാക്കിക്കൊണ്ട് യു.എസ്. സെപ്റ്റംബര്‍ രണ്ടിന് പ്രസ്താവനയിറക്കിയതോടെ യു.എസ്.-പാക് ബന്ധം കൂടുതല്‍ പ്രതിസന്ധിയിലായി. പാക് സൈനികര്‍ക്ക് നല്‍കുന്ന പരിശീലന പദ്ധതിയും യു.എസ്. റദ്ദാക്കി.

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റെടുത്തതോടെ പുതിയ സര്‍ക്കാരിന് കീഴില്‍ എങ്ങനെയാകും യു.എസ്-പാക് ബന്ധം മുന്നോട്ടുപോകുകയെന്ന് ലോകം ചിന്തിച്ചുതുടങ്ങുമ്പോഴാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയുടെ പാകിസ്താന്‍ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമമുണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും പാകിസ്താന് നേരെയുള്ള ട്രംപിന്റെ സമീപനത്തില്‍ മാറ്റം പ്രതിക്ഷിക്കാനാകാത്തിടത്തോളം പ്രകോപനം തുടര്‍ന്നുകൊണ്ടേയിരിക്കും. 

content highlights: China US Relation, Donald Trump