സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മയോടും സി.ബി.ഐ.യിലെ രണ്ടാമനായ രാകേഷ് അസ്താനയോടും കേന്ദ്രനിയമനക്കമ്മിഷന്‍ (എ.സി.സി.) അവധിയില്‍ പോകാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്. ഈ സംഭവങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലുണ്ടെന്ന സംശയം ജനിപ്പിക്കുന്നതാണ് ഡല്‍ഹി പോലീസിനെ ഉപയോഗിച്ചുകൊണ്ട് അര്‍ധരാത്രിയില്‍ നടത്തിയ നീക്കങ്ങള്‍. സി.ബി.ഐ.യിലെ ഒന്നാമനും രണ്ടാമനും നേര്‍ക്കുനേര്‍ നിന്ന് പൊരുതാനാരംഭിച്ചത് സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും ഇതില്‍നിന്ന് സി.ബി.ഐ.യെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്നും സര്‍ക്കാര്‍ ന്യായീകരിക്കുന്നു. എന്നാല്‍, റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കുന്നതില്‍  നിന്ന് അലോക് വര്‍മയെ തടയുന്നതിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള ഈ നീക്കമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആരോപണം.

അട്ടിമറിക്ക് പിന്നില്‍

അട്ടിമറി നടക്കുന്നതിനുമുമ്പ് (ഒക്ടോബര്‍ 23-ന് രാത്രി) പ്രധാനമന്ത്രിയുടെ ഓഫീസും ചീഫ് വിജിലന്‍സ് കമ്മിഷണര്‍ (സി.വി.സി.) കെ.വി. ചൗധരിയും ഉത്തരവാദിത്വമേറ്റെടുക്കാതെ ഒഴിഞ്ഞുമാറിയ ഈ പ്രവൃത്തിയുടെ കെട്ടഴിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ഞാന്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നു. കെ.വി. ചൗധരി വളരെ താമസിച്ച് സമര്‍പ്പിച്ച (അതോ കെട്ടിച്ചമച്ചതോ?) റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് സര്‍ക്കാര്‍ വക്താവ് സി.ബി.ഐ. നടപടിയെ ന്യായീകരിച്ചതെന്ന് ഓര്‍ക്കുക. 

സി.ബി.ഐ.യില്‍ മോദിസര്‍ക്കാര്‍ നടത്തുന്ന സംശയകരമായ ഇടപെടലുകളുടെ ഉറവിടം 2016-ലാണ്. അന്നത്തെ സി.ബി.ഐ. ഡയറക്ടറായിരുന്ന അനില്‍ സിന്‍ഹ 2016 ഡിസംബര്‍ രണ്ടിന് വിരമിക്കാനിരിക്കുന്നതിന് തൊട്ടുമുമ്പ് അന്നത്തെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന ആര്‍.കെ. ദത്തയെ പെട്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതുമുതലാണ് ഇതിന്റെ തുടക്കം. സി.ബി.ഐ. യിലെ അഡീഷണല്‍ ഡയറക്ടറായ അസ്താനയ്ക്ക് 2016 ഡിസംബര്‍ മൂന്നുമുതല്‍ 2017 ജനുവരി 31-വരെ സി.ബി. ഐ.യുടെ ഇടക്കാല ചുമതല വഹിക്കാനുള്ള അവസരമുണ്ടായത് ഈ നീക്കത്തിലൂടെയാണ്. 2ജി, കല്‍ക്കരി അഴിമതി കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്ന ദത്തയെ കോടതിയെ അനുമതിയില്ലാതെ പെട്ടെന്ന് മാറ്റിയതെന്തിനെന്ന് 2016 ഡിസംബറില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. സി.ബി.ഐ.യെ രാഷ്ട്രീയനേട്ടങ്ങള്‍ക്കുള്ള ഉപകരണമാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണിതെന്ന് പ്രതിപക്ഷവും ആരോപിച്ചു. സി.ബി. ഐ.യുടെ മേല്‍നോട്ടച്ചുമതലുള്ള സി.വി.സി. രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങിയെന്നും അന്വേഷണ ഏജന്‍സിയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്ന നിയമനടപടികളില്‍ കൃത്രിമം കാട്ടുന്നുവെന്നും ദത്ത തന്നെ 2018-ല്‍ ആരോപിച്ചു. 

Read InDepth: അര്‍ധരാത്രി സിബിഐയില്‍ അഴിച്ചുപണി, തലവന്മാര്‍ പടിക്ക് പുറത്ത്; നേരറിയാന്‍ ജനങ്ങളും

മൂപ്പിളമത്തര്‍ക്കം

പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ.എസ്. ഖേഹറും അനുമതി നല്‍കിയതോടെയാണ് 2017 ഫെബ്രുവരിയില്‍ അലോക് വര്‍മ സി.ബി.ഐ. ഡയറക്ടറായി സ്ഥാനമേല്‍ക്കുന്നത്. അലോക് വര്‍മയും അസ്താനയും തമ്മിലുള്ള ഭിന്നത ആദ്യം മറനീക്കി പുറത്തുവരുന്നത് 2018 ജൂലായിലാണ്. തന്റെ അസാന്നിധ്യത്തില്‍ സി.ബി. ഐ.യെ പ്രതിനിധീകരിക്കാനുള്ള അധികാരങ്ങളൊന്നും ഡയറക്ടറായ അലോക് വര്‍മ അസ്താനയ്ക്ക് നല്‍കിയിട്ടില്ലെന്ന് സി.ബി.ഐ., സി.വി.സി.യെ അറിയിച്ചതോടെയാണിത്. സി.ബി.ഐ.യിലേക്ക് പുതിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സമയത്തായിരുന്നു ഇത്. അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ നീക്കത്തെയും അദ്ദേഹത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ഏതാനും അഴിമതിക്കേസുകള്‍ ചൂണ്ടിക്കാട്ടി അലോക് വര്‍മ എതിര്‍ത്തിരുന്നുവെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി. എന്നാല്‍, അലോക് വര്‍മ എതിര്‍ത്തിട്ടും അസ്താനയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
ഇപ്പോള്‍ ഈ അട്ടിമറിക്ക് നേതൃത്വം നല്‍കിയ കേന്ദ്രനിയമനക്കമ്മിഷന്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന് സി.ബി.ഐ.യുടെ ഇടക്കാലച്ചുമതല നല്‍കണമെന്ന പതിവ് തെറ്റിച്ചാണ് മുന്നോട്ടുപോകുന്നത്. അഡീഷണല്‍ ഡയറക്ടര്‍ എ.കെ. ശര്‍മയെ തഴഞ്ഞ് ജോയന്റ് ഡയറക്ടര്‍ മാത്രമായ എം. നാഗേശ്വര റാവുവിനാണ് ചുമതല കൈമാറിയത്. ശര്‍മയെ സി.ബി.ഐ.യുടെ തന്നെ പ്രാധാന്യമില്ലാത്ത മറ്റൊരു വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. അസ്താനയോട് അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഏജന്‍സിയുടെ നിയന്ത്രണം കൈയാളുന്ന തരത്തിലാണ് സി.ബി.ഐ. പുനഃസംഘടിപ്പിച്ചിട്ടുള്ളതെന്നാണ് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തത്. 

കോടതി ഇക്കാര്യങ്ങള്‍ പരിഗണിക്കണം 

ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ( 1946) സെക്ഷന്‍ 4എ(1) ഭേദഗതി ചെയ്ത്, 2013-ലെ ലോക്പാല്‍ ആന്‍ഡ് ലോകായുക്ത നിയമപ്രകാരം പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേര്‍ന്നുള്ള ഉന്നതതല സമിതി തിരഞ്ഞെടുക്കുന്ന സി.ബി.ഐ. ഡയറക്ടറെ ഏകപക്ഷീയമായി പുറത്താക്കാന്‍ എ.സി.സി.ക്ക് അധികാരമുണ്ടോ?

തന്റെ അധികാരങ്ങള്‍ക്ക് വിരുദ്ധമായി സി.ബി.ഐ. ഡയറക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രവൃത്തികളുണ്ടായിട്ടുണ്ടെങ്കില്‍പ്പോലും അദ്ദേഹം അധികാരമേറ്റെടുത്ത തീയതി മുതല്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ആ സ്ഥാനത്ത് തുടരാമെന്ന ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് (1946) നിയമത്തിലെ സെക്ഷന്‍ 4ബിയുടെ ലംഘനമല്ലേ എ.സി.സി. നടപടി?

സമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡയറക്ടറെ മാറ്റാനാവില്ലെന്ന സെക്ഷന്‍ 4 എ(1)ന്റെ ലംഘനമല്ലേയിത്?
 
അലോക് വര്‍മയോട് അവധിയില്‍ പ്രവേശിക്കാന്‍ എ.സി.സി. ആവശ്യപ്പെട്ടത് സി.ബി.ഐ. ഡയറക്ടറുടെ എല്ലാ ചുമതലകളില്‍ നിന്നും അലോക് വര്‍മയെ നീക്കിയെന്ന സി.വി.സി.യുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്. സി.ബി.ഐ.ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും മേല്‍നോട്ടം വഹിക്കാനും സി.വി.സി.ക്ക് അധികാരം നല്‍കുന്ന സി.വി.സി. നിയമം (2003)ലെ സെക്ഷന്‍ 8(1)(മ) ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഈ നടപടിയെ സാധൂകരിക്കുന്നത്. എന്നാല്‍, ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന് (1946) കീഴില്‍ വരുന്ന സി.ബി. ഐ. ഡയറക്ടറുടെ ചുമതലകള്‍ എടുത്തുമാറ്റാന്‍ സി.വി.സി.ക്ക് അധികാരമുണ്ടോ?

അസ്താനയ്‌ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന തന്റെ ഉത്തരവ് അലോക് വര്‍മ നിരാകരിച്ചുവെന്ന് സി.വി.സി. ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിമിനല്‍ക്കേസ് അന്വേഷണങ്ങളില്‍ സ്വതന്ത്ര തീരുമാനമെടുക്കാനുള്ള അന്വേഷണോദ്യോഗസ്ഥന്റെ സ്വയംഭരണാധികാരത്തില്‍ ഇടപെടാന്‍ സി.വി.സി.ക്ക് ഏതെങ്കിലും നിയമം അധികാരം നല്‍കുന്നുണ്ടോ?

(കാബിനറ്റ് സെക്രട്ടേറിയറ്റിലെ മുന്‍ പ്രത്യേക സെക്രട്ടറിയാണ് ലേഖകന്‍)