ഡോ. ടി.എം.തോമസ് ഐസക് മാതൃഭൂമി പത്രത്തില്‍ എഴുതിയ പബ്ലിക് ഫിനാന്‍സ് സംബന്ധിച്ച ലേഖനമാണ് ഈ കുറിപ്പിന് ആധാരം. തോമസ് ഐസക് വാദിക്കുന്നത് നമ്മുടെ പൊതുകടം വലിയ കുഴപ്പമില്ലാത്ത നിലയിലാണെന്നാണ്. കാരണം കേരളത്തിന്റെ ജിഎസ്ഡിപിയുടെ(ദേശീയവരുമാനം)30-35 ശതമാനം മാത്രമേ ഇപ്പോഴും കടമായി നാം വാങ്ങിയിട്ടുളളൂ. കേന്ദ്രസര്‍ക്കാര്‍ ദേശീയവരുമാനത്തിന്റെ 83 ശതമാനത്തിലധികം ഇതിനകം കടം വാങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ പൊതുകടത്തെ കുറിച്ച് വേവലാതി വേണ്ട എന്നതാണ് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ കാതല്‍ മാത്രമല്ല, നിരവധി വിദഗ്ധന്മാരെ അധ്യാപകരെ ഉദ്ധരിച്ചുകൊണ്ട് ഇത്തരത്തിലുളള കടമെടുപ്പുകള്‍ ഭാവിയില്‍ ഗുണമേ ഉണ്ടാക്കൂ എന്നദ്ദേഹം ഒരു അധ്യാപകന് ചേര്‍ന്ന കൗതുകത്തോടെ വൈദഗ്ധ്യത്തോടെ വിശദീകരിക്കുന്നുമുണ്ട്, നല്ലകാര്യം. പക്ഷേ അതിനിടയില്‍ അദ്ദേഹം പറഞ്ഞുവെക്കുന്ന ഒരു വിഷയത്തിലേക്കാണ് ഞാന്‍ എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നത്. റവന്യൂവരുമാനം നല്ലതുപോലെയുളള ഒരു സംസ്ഥാനത്തിന് നല്ല വരുമാനമുളള ഒരു വ്യക്തി വരുമാനത്തിന്റെ തോത് അനുസരിച്ച് കടം വാങ്ങുന്നതുപോലെ കടമെടുക്കുന്നതില്‍ തെറ്റില്ല എന്നത് യുക്തിസഹമാണ്. എന്നാല്‍, എന്താണ് കേരളത്തിന്റെ റവന്യൂ വരുമാനവര്‍ധനവിന്റെ തോത് എന്നാണ് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. 

ഡോ.തോമസ് ഐസക് ധനമന്ത്രി ആയിരുന്ന കാലത്ത് 2018-19 വര്‍ഷത്തില്‍ കേരളത്തിന്റെ റവന്യൂവരുമാനം 1,00,006 കോടി രൂപയായിരുന്നു. ആ കാലഘട്ടത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളും മറ്റുമാകാം ആ റവന്യൂവരുമാനത്തെ കുത്തനെ ഇടിച്ചു. അത് കഴിഞ്ഞ വര്‍ഷം 93,115 കോടിയായി കുറഞ്ഞു. എന്നുപറഞ്ഞാല്‍ റവന്യൂവരുമാനം പത്തുപതിനഞ്ച് ശതമാനത്തോളം വളര്‍ന്നിരുന്ന കേരളത്തില്‍, ആ വരുമാനവര്‍ധന നിരക്ക് കുറയുമ്പോള്‍ പോലും അതിനെ കഠിനമായി വിമര്‍ശിച്ചിരുന്ന ഡോ.തോമസ് ഐസകിനെ പോലുളളവര്‍ ഭരിച്ച കാലഘട്ടത്തില്‍ (അത് അദ്ദേഹത്തിന്റെ കുഴപ്പംകൊണ്ടായിരിക്കണമെന്നില്ല) റവന്യൂവരുമാനത്തിന്റെ വളര്‍ച്ച നെഗറ്റീവായി.

1,00,006 കോടിയില്‍ നിന്ന് 99,042 കോടിയായി, പിന്നീട് 93,115 കോടിയായി കുറഞ്ഞു. ഇതാണ് നമ്മുടെ  അവസാനത്തെ റവന്യൂവരുമാനത്തിന്റെ കണക്ക്. ആ കണക്ക് ടി.എം.തോമസ് ഐസക് 2021 ജനുവരി 15-ന് അവതരിപ്പിച്ച ബജറ്റില്‍ സത്യസന്ധമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം റവന്യൂകമ്മി കണക്കാക്കിയത് 24,206 കോടി രൂപയാണ്. 1,17,321 കോടി രൂപ റവന്യൂചെലവും ഉണ്ടായി.

തോമസ് ഐസക്കിന്റെ ലേഖനം വായിക്കാം: കടത്തെ അങ്ങനെ പേടിക്കണോ? 

പക്ഷേ നമ്മുടെ വിമര്‍ശന വിഷയം അതല്ല. അദ്ദേഹത്തിന്റെ ബജറ്റില്‍ തന്നെ ബജറ്റ് എസ്റ്റിമേറ്റ് എന്ന പേജില്‍ (197ാമത്തെ പേജ്) അദ്ദേഹം വളരെ യാന്ത്രികമായി 93,115 കോടിയില്‍ നിന്നും 1,28,375കോടി രൂപയായി റവന്യൂവരുമാനം ഉയരും എന്ന് പ്രതീക്ഷിച്ചു, അതായിരുന്നു എസ്റ്റിമേറ്റ്. അങ്ങനെ ഉയരുകയും 1,45,286 കോടി രൂപയും ചെലവാക്കുകയും ചെയ്താല്‍ 16,911 കോടിരൂപയുടെ റവന്യൂകമ്മി ഉണ്ടാകുമെന്നാണ് ഡോ.തോമസ് ഐസക് പ്രതീക്ഷിച്ചത്. 1,28,375കോടി രൂപ വരവും 1,45,286 കോടി റവന്യൂചെലവുമുളള ഒരു ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചത്. കടത്തിന്റെ ഭാഗത്തേക്ക് ഞാന്‍ തല്‍ക്കാലം കടക്കുന്നില്ല. പക്ഷേ ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച കണക്കാകട്ടെ, തന്റെ മുന്‍ഗാമിയേക്കാള്‍ മോശമാകരുത് എന്ന നിലയില്‍ റവന്യൂവരുമാനത്തെ 1,30,981 കോടി രൂപയായി ഉയര്‍ത്തുകയും ചെലവ് കുറയരുതല്ലോ എന്ന് കരുതിയതുകൊണ്ടാകാം 1,45,286-ല്‍ നിന്ന് 1,47,891 ലേക്ക് ഉയര്‍ത്തിക്കൊണ്ട് ഒരു അത്ഭുത സംഖ്യ അദ്ദേഹം നിലനിര്‍ത്തി, 16,910. അതിലെ ഡെസിമല്‍ സ്ഥാനങ്ങള്‍ കൂടി ചേര്‍ത്താല്‍ 16,910.12 എന്ന കൃത്യമായ കണക്ക് അദ്ദേഹം ഉണ്ടാക്കി. ഇതിനെ വാസ്തവത്തില്‍ കോപ്പിയടി എന്ന് ഞാന്‍ പറയുന്നില്ല എങ്കില്‍പോലും ഒരു വളച്ചുകെട്ടിയ, വികൃതമാക്കിയ കണക്കുപുസ്തകം എന്ന് വിളിക്കുന്നതില്‍ തെററില്ല.

എങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ, അല്ലെങ്കില്‍ ഡോ.തോമസ് ഐസക് അവതരിപ്പിച്ച കണക്കിന്റെ അതേ റവന്യൂക്കമ്മി ദശാംശങ്ങള്‍ പോലും വ്യത്യാസമില്ലാതെ ഉണ്ടായത് എന്നത് രസകരമായ ചോദ്യമായി അവിടെ നില്‍ക്കട്ടെ, അതുമാത്രമല്ല വിഷയം.

ഈ വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ പ്രതീക്ഷിത വരുമാനം 1,30,981 കോടിരൂപയാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ യഥാര്‍ഥ വരുമാനം 93,115 കോടി രൂപമാത്രമാണ്. ചെലവുകള്‍ കുറയുന്ന ചരിത്രം നമുക്കില്ല. 1,47,891 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. ഇവിടെയാണ് ഡോ.തോമസ് ഐസക്കിനോട് ഒരുകാര്യം ചോദിക്കുന്നത്. 93,115 കോടി രൂപയെങ്കിലും ഈ വര്‍ഷം എത്തുമോ? ഈ കഴിഞ്ഞ ആറുമാസത്തെ(ഏപ്രില്‍ മുതല്‍ ആറുമാസത്തെ)വരുമാനത്തിന്റെ സ്ഥിതി എന്താണ്? നിങ്ങള്‍ പ്രതീക്ഷിച്ച വരുമാനം ലഭിച്ചോ? ഇതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സത്യസന്ധമായി ജനങ്ങളോട് പറയേണ്ടത്. അതിന്റെ കാരണം നിങ്ങളാണ് എന്ന് ഞാന്‍ പറയുന്നില്ലെങ്കില്‍ പോലും സത്യസന്ധമായും സുതാര്യമായും ജനങ്ങളോട് കാര്യം പറയാനുളള വേദിയാണ് നിയമസഭ. ആ നിയമസഭയില്‍ വ്യക്തമാക്കപ്പെടേണ്ടതായിട്ടുണ്ട് ഈ ആറുമാസത്തെ കണക്കുപുസ്തകം എന്നതാണ് കാര്യം. കാരണങ്ങള്‍ പലതുമുണ്ടാകാം. ഇരിക്കട്ടെ, അടുത്ത ആറുമാസം കൊണ്ട് ഒരുലക്ഷംകോടിരൂപയിലേക്കെങ്കിലും നമ്മള്‍ വളര്‍ന്നാല്‍ പോലും നമ്മുടെ ചെലവുകള്‍ 1,47,891കോടി ആകുമ്പോള്‍ 47,000കോടി രൂപയുടെ റവന്യൂകമ്മിയാണ് നമ്മെ കാത്തിരിക്കുന്നത് എന്ന കാര്യം ഡോ. തോമസ് ഐസക് മറന്നാല്‍ പോലും കേരളം മറന്നുപോകരുത്.

അതുകൊണ്ട് കടം വാങ്ങുക എന്നതിലേക്കല്ല, കടംവാങ്ങാനുളള കരുത്ത് നമുക്കുണ്ടോ എന്നതിലേക്കാണ് നാം ഗൗരവമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. ധാരാളം ശമ്പളമുളള ഒരു വ്യക്തിക്ക് അതിന്റെ ഏതാനും ഇരട്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ എടുക്കാന്‍ സാധിക്കും. 10,000 രൂപ വരുമാനമുളള ഒരാള്‍ക്ക് പത്തുവര്‍ഷകാലയളവില്‍ ഒരുലക്ഷം രൂപ എടുക്കാമെങ്കില്‍ ഒരുലക്ഷം രൂപ പ്രതിമാസവരുമാനം ഉളള ആള്‍ക്ക് തീര്‍ച്ചയായും പത്തുലക്ഷം എടുക്കാവുന്നതാണ്. അതുകൊണ്ട് ഇതിന്റെയെല്ലാം കാരണം ഇപ്പോഴത്തെ മന്ത്രിയോ, മുന്‍മന്ത്രിയോ ആണെന്നൊന്നും വാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ സത്യം പറയണം. കേരളത്തിന്റെ റവന്യുകമ്മി എന്തായിരിക്കും ഈ വര്‍ഷം? അരലക്ഷം കോടിയോട് അടുക്കുന്ന ഒരു റവന്യൂകമ്മി ഉണ്ടാകാനുളള സാധ്യതയുളളപ്പോഴാണ് 16,910 കോടിയേ വരൂ എന്ന് കൃത്രിമമായി പുതിയ ബജറ്റിന്റെ 63-ാമത്തെ പേജില്‍ ബാലഗോപാല്‍ എഴുതി വെച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് പരാമര്‍ശിക്കാതെ താത്വികമായ വിശദീകരണങ്ങള്‍, കടംവാങ്ങാനുളള സമൂഹത്തിന്റെ ശക്തി തുടങ്ങിയിട്ടുളള കാര്യങ്ങളെക്കുറിച്ച് സ്റ്റഡി ക്ലാസ് എടുക്കുന്നത് നല്ലതാണെങ്കിലും അത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഡോ.തോമസ് ഐസക്കിനെ ഞാന്‍ ഓര്‍മപ്പെടുത്തുന്നു.


സിഎംപി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍